ജനാധിപത്യത്തിൻ്റെ വെളിച്ചമെത്താത്ത അടുക്കളപ്പുറങ്ങൾ

posted in: Article - Malayalam | 0

” ചരിത്രത്തിലെ ആദ്യത്തെ വർഗ്ഗവൈരുദ്ധ്യം സ്ത്രീയും പുരുഷനും തമ്മിലുള്ള വർഗ്ഗ വൈരുദ്ധ്യമായും വർഗ്ഗപരമായ ആദ്യത്തെ മർദ്ദനം പുരുഷൻ സ്ത്രീയുടെ മേൽ നടത്തുന്ന മർദ്ദനവുമായും ഒത്തുപോകുന്നതാണ്.” (എംഗൽസ്)
പുലർകാലെ എഴുന്നേറ്റ് അടുക്കളയിൽ തീപിടിപ്പിച്ച് ദിവസം തുടങ്ങുകയും, രാത്രി എല്ലാവരുടെയും അത്താഴo കഴിച്ച പാത്രങ്ങൾ കഴുകി, അടുക്കള അടിച്ച് വൃത്തിയാക്കി അടുപ്പിലെ കനലില്ലാതാക്കുകയെന്നതിൽ അന്നത്തെ ദിവസം അവസാനിക്കുകയും ചെയ്യുന്നു. ഈയൊരു ജീവിത ചിത്രം നമ്മുടെ ചുറ്റുമുള്ള  സ്ത്രീകളുടെ ശരാശരി ജീവിതമാണ്. വർഗ്ഗ ലിംഗ ജാതി മത ഭേദമെന്യേ എല്ലാവരും തുല്യമാണ്,  എന്നതാണ് ജനാധിപത്യം എന്ന വാക്കിൻ്റെ അടിസ്ഥാനതത്വം, പക്ഷെ അതെ വിശ്വാസത്തെ മുറുകെ പിടിച്ച് മുന്നോട്ട് പോകുന്ന രാജ്യങ്ങളിൽ, അടുക്കള എന്ന സ്ഥലത്ത് എത്തുമ്പോൾ അവിടെയുള്ള എല്ലാ ഉത്തരവാദിത്ത്വവും സ്ത്രീയുടേതു മാത്രമായി മാറ്റപ്പെടുന്നു.   പാചകത്തിൻ്റെ സ്ഥലം എന്നതിലുപരി ഒരു പെണ്ണിടമായിട്ടാണ് പൊതുവെ അടുക്കളയെ അടയാളപ്പെടുതുന്നത്. അതുകൊണ്ടാണലോ ഒരു കുടുംബത്തിൽ അതിഥികൾ വന്നാൽ ആണുങ്ങൾ പൂമുഖത്തും പെണ്ണുങ്ങൾക്ക് അടുക്കളപ്പുറത്തും ഇരിപ്പിടമിടുന്നത്. ഇത്തരം വേർതിരിവ് ബാല്യകാലം  മുതൽക്കുതന്നെ നമ്മുടെ മനസ്സിൽ വേരോടുന്ന വയാണ്. അതിനുദാഹരണമാണ്, ആൺകുട്ടികൾക്ക് തോക്കും, കാറും പോലുള്ള കളിപ്പാട്ടങ്ങളും, പെൺകുട്ടികൾക്ക് കിച്ചൺ സെറ്റ് പോലുള്ള കളി സാധനങ്ങളും. ഈയൊരു വേർതിരിവിൽ തന്നെ പെണ്ണുങ്ങൾ അടുക്കളയുടെ ദത്തുപുത്രിയാണെന്ന് മുദ്ര കുത്തുന്നു. ഇത്തരമൊരു മുദ്രകുത്തലുകൾ സിനിമകളിലും, പരസ്യങ്ങളിലും തന്നെ നമുക്ക് കാണാൻ പറ്റും.
 ” അഹങ്കാരിയായ ഭാര്യ അടുക്കളയിൽ കയറാതെ തൻ്റെ മക്കളെ നോക്കാതെ ജോലിക്കു പോകുകയും, അതൊക്കെ സഹിച്ച് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്ന ഭർത്താവും. അവസാനം ഭർത്താവ് ഭാര്യയെ കരണക്കുറ്റി നോക്കി ഒന്നു പൊട്ടിക്കുമ്പോൾ, അവൾ സർവ്വം സഹയായ  ഒരുത്തുമ ഭാര്യയായി  അടുക്കളയിലെ ജോലികൾ ചെയ്യുകയും ചെയ്യുന്നു. ശുഭം “!!!
കുടുംബ സിനിമയെന്ന ലേബലിൽ വരുന്ന ഒട്ടുമിക്ക ചിത്രങ്ങളുടെയും ഒരു ക്ലൈമാക്സ് സീൻ ആണ് മുകളിൽ വിവരിച്ചത്. ഇത്തരമൊരു ചിത്രങ്ങൾ പലരുടെയും മനസ്സിലുണ്ടാക്കുന്ന രൂപം എന്താണ് ? പെണ്ണുങ്ങൾക്ക് മാത്രമുള്ള ഒരിടമാണ് അടുക്കള എന്നതുപോലുള്ള സന്ദേശങ്ങൾ തന്നെയല്ലേ? ഇതേ ബോധത്തിൻ്റെ മറ്റൊരു ചിത്രം തന്നെയല്ലേ ഗ്യാസ് വിലകയറ്റത്തിനെതിരെയുണ്ടായ സുമരമുഖങ്ങളിൽ സ്ത്രീ മുൻ നിരയിലും, പുരുഷൻ പിൻനിരയിലായതും ?
പെണ്ണുങ്ങൾ എല്ലാ മേഖലയിലും മുന്നേറി വരുന്നുണ്ടെങ്കിലും, അതിൻ്റെ അളവ് തുലോം ചെറുതാണ്. അതു കൊണ്ടു തന്നെയാണലോ സ്ത്രീ സംവരണം പോലെയുള്ള സംവിധാനം ഏർപ്പെടുതേണ്ടി വന്നത്. കല്ല്യാണം, യുവജനോത്സവം പോലെയുള്ള പൊതു സമൂഹത്തിൽ പാചകകാരനായി പുരുഷൻ വരികയും, എന്നാൽ അടുക്കള എന്ന സംവിധാനത്തിൽ എത്തുമ്പോൾ, അത് മോശപ്പെട്ട ഒരിടമാണെന്നും, പെണ്ണുങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണെന്നും ഉള്ള മിഥ്യാബോധം വെച്ചു പുലർത്തുന്നവരാണേറയും.ജീവിതകാലo മുഴുവൻ അടുക്കളയിലെ കരിയും പുകയുമേറ്റ് പാചകം ചെയ്താലും, പാചക കലയിലെ വിദഗ്ധയായി സ്ത്രീയെ അംഗീകരിക്കാൻ നമുക്ക് മടിയാണ്. അതുകൊണ്ടാണല്ലോ പാചകകലയിലെ മികവിനെ നളപാചകമെന്ന പുല്ലിംഗത്തിൽ മാത്രമൊതുങ്ങിയത്. വലിയൊരു സമൂഹത്തിൻ്റെ നളപാചകകാരനായി ആൺ സമൂഹo മാറിയപ്പോൾ, അവരുടെ പൈദാഹങ്ങൾ മാറ്റുന്ന  സ്ത്രീ ജന്മങ്ങൾ അടുക്കളയിലെ നാലു ചുമരുകളിൽ അംഗീകരിക്കപ്പെടാതെ പോകുന്നു. ആണ്ണുങ്ങൾ അടുക്കളയിൽ കയറിയാൽ ആണത്വമില്ലാത്തവനാണെന്നും, അവൻ പെൺകോന്തനാണെന്നുമുള്ള മിഥ്യാധാരണങ്ങൾ എന്നാണ് നാം കാറ്റിൽ പറത്തുന്നത്? ഭാര്യയെ അടുക്കളയിൽ സഹായിക്കാറുണ്ടെന്ന് പറയുന്ന ഭർത്താവിനെയല്ല, മറിച്ച് അത് തൻ്റെയും ഉത്തരവാദിത്വമാണ് എന്ന് തിരിച്ചറിയുന്ന ഒരു പുരുഷസമൂഹമാണ് നമുക്ക് വേണ്ടത്. ഇത്തരമൊരു തിരിച്ചറിവ് ആൺ സമൂഹത്തിന് മാത്രമല്ല, അടുക്കളയെന്നാൽ സ്ത്രീകൾക്ക് മാത്രമാണെന്ന് വിശ്വസിക്കുന്ന പെൺ മനസ്സിനു മുണ്ടാകണം. ഉന്നത വിദ്യാഭ്യാസം നേടിയ സ്ത്രീകളിലേറിയ പങ്കും ഇപ്പോഴും അടുക്കള പെണ്ണിടമാണെന്ന് വിശ്വസിച്ചു പോരുന്നവരാണ് എന്നുള്ളത് വളരെ കൗതുകകരമാണ്. “കല്ല്യാണപ്രായമായി, ഇപ്പോഴും ഒരു ചായ വെയ്ക്കാൻപോലുമറിയില്ല, മറ്റൊരു വീടിലേക്ക് പോകേണ്ട പെണ്ണാണ് “. തലമുറ തലമുറകളായി മുതിർന്ന സ്ത്രീകൾ തന്നെ കൈമാറുന്ന ഒരിടമത്വബോധത്തിൻ്റെ വചനങ്ങളാണിത്. അടുക്കളപണി പെണ്ണ് മാത്രം അറിയേണ്ടതാണോ ?പെണ്ണായത് കൊണ്ട് മാത്രം അവൾ അടുക്കളയിൽ തളച്ചിടണമെന്നുണ്ടോ? വി.ടി ഭട്ടതിരിപ്പാടിൻ്റെ “അടുക്കളയിൽ നിന്നരങ്ങത്തേക്ക് ” എന്ന നാടകം ഉന്നയിക്കുന്ന ചോദ്യശരങ്ങളുടെ മൂർച്ച, അതെഴുതി ഏകദേശം തൊണ്ണൂറ് കൊല്ലം കഴിഞ്ഞിട്ടും, ഈ ഇരുപതാം നൂറ്റാണ്ടിലും അതേ പോലെ നിലനിൽക്കുന്നു എന്നത് വളരെവേദനാജനകമാണ്.
ജനാധിപത്യം ഒരു രാഷ്ട്രത്തിൻ്റെ നട്ടെല്ല് ആകുന്നപ്പോലെ, രാജ്യത്തിൻ്റെ ഏറ്റവും താഴെക്കിടയിലുള്ള ഘടകമായ കുടുംബം എന്നതിൻ്റെയും ജീവകോശമാകണം ജനാധിപത്യ ബോധം. അടുക്കളയെന്നത് പെണ്ണിടമല്ല മറിച്ച്, ആണിൻ്റെയും പെണ്ണിൻ്റെയും ഇടമാണെന്നും, അവിടെ എല്ലാവർക്കും തുല്യ പങ്കാളിത്തമാണെന്നുമുള്ള തിരച്ചറിവ് ഒരോ വ്യക്തിയും മനസ്സിലാക്കട്ടെ. അതിന് “കതിരിൽ വളം” വെയ്ക്കാതെ, ചെറുപ്രായത്തിൽ തന്നെ നമ്മുടെ കുട്ടികൾക്ക് അത്തരം അറിവുകൾ നമുക്ക് പകർന്നുകൊടുക്കാം. പെണ്ണായാൽ അടുക്കള പണിയൊക്കെ അറിയണമെന്നു പറയാതെ, ആണായാലും പെണ്ണായാലും അതൊക്കെ അറിയണമെന്ന ബോധം നമ്മുക്ക് പകർന്ന്കൊടുക്കാം.
മറക്കാത്ത രുചിയോർമ്മകളിൽ അമ്മയുണ്ടാകുന്ന സാമ്പാറും, ചമ്മന്തിയുമല്ലാതെ, അച്ഛനുണ്ടാക്കുന്ന ചോറും, ചമ്മന്തിയും നമ്മുടെ ഓർമ്മകളിലുണ്ടാകട്ടെ.

Name : Sreepathi K P

Company : UST Global, Bhavani

Click Here To Login | Register Now