ഇതുവരെയുള്ള കണ്ടെത്തലുകൾ പ്രകാരം വിശാലമായ പ്രപഞ്ചത്തിൽ ഭൂമിയിൽ മാത്രമാണ് ജീവൻറെ സാന്നിധ്യമുള്ളത്. ഭൂമിയെ ഏറ്റവും ഉത്കൃഷ്ടമാക്കുന്നത്, ഭൂപ്രകൃതിയുടെ 14 ശതമാനത്തോളം ഭാഗത്ത് മാത്രം വസിക്കുന്ന മനുഷ്യൻ്റെ സാന്നിധ്യമാണ്. 

ഭൂമിയെയും ഭൂമിയിലെ ജീവജാലങ്ങളെയും സംരക്ഷിക്കാനും സംഹരിക്കാനും മനുഷ്യനും മനുഷ്യൻറെ ഇടപെടലുകൾക്കും സാധിക്കും. 

വരും തലമുറയുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ നിലവിലുള്ള വിഭവങ്ങളെയും സാഹചര്യങ്ങളെയും ഉപയോഗപ്പെടുത്തേണ്ടത് സംസ്കാര സമ്പന്നമായ ജനതയുടെ കടമയാണ്. സുസ്ഥിര വികസന സൂചികകളുമായി ഐക്യരാഷ്ട്രസഭ ലക്ഷ്യം വെക്കുന്നതും അതുതന്നെ!

അടിസ്ഥാന സേവനങ്ങളിലേക്കുള്ള സാർവത്രിക പ്രവേശനം ഉറപ്പാക്കൽ (SDG11.1), സുസ്ഥിര നഗരവൽക്കരണം പ്രോത്സാഹിപ്പിക്കൽ (SDG11.3), വായു നിലവാരവും മാലിന്യ സംസ്കരണവും മുൻനിർത്തികൊണ്ട് പാരിസ്ഥിതിക ആഘാതം പരിഹരിക്കൽ (SDG11.6) എന്നിവ സുസ്ഥിര ഭാവിയിലേക്കുള്ള നിർദ്ദേശങ്ങളിൽ ചിലതാണ്. 

ശുദ്ധമായ വായു, ജലം, യോജ്യമായ ആവാസ വ്യവസ്ഥ തുടങ്ങിയവ മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്.  

വർദ്ധിച്ചുവരുന്ന ജനസംഖ്യയും അതോടൊപ്പമുള്ള നഗരവൽക്കരണവും ഇതര ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടം വരുത്തുന്നതിനോടൊപ്പം പല രീതിയിലും മനുഷ്യവാസത്തിന് തന്നെ ഭീഷണി ഉയർത്തുന്നു.

ഓരോ വർഷവും സമുദ്രങ്ങളിൽ നിക്ഷേപിക്കപ്പെടുന്നത് 13 മില്യൺ ടൺ പ്ലാസ്റ്റിക് അവശിഷ്ടങ്ങളാണ്. 250 ബില്യൺ ടൺ ഭൂഗർഭ ജലം വർഷാവർഷം മലിനമാക്കപ്പെടുന്നു. അപകടകരമായ രാസവസ്തുക്കൾ കൃത്യതയില്ലാതെ ഉപേക്ഷിക്കുന്നത് മണ്ണിനും മണ്ണിലൂടെ ഭക്ഷണപദാർത്ഥങ്ങളും വിഷമയമാകാൻ ഇടയാക്കുന്നു. 

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള വസ്തുക്കൾ കത്തിക്കുന്നത് വായു മലിനീകരണത്തിൻ്റെ തോത് വർദ്ധിപ്പിക്കുന്നു. 

‘ഗ്ലോബൽ ഫൂട്ട് പ്രിന്റ് നെറ്റ് വർക്ക് ‘ നടത്തിയ പഠനങ്ങൾ പ്രകാരം ഭൂമിക്ക് താങ്ങാവുന്നതിലും 75 ശതമാനത്തിലധികം മാലിന്യങ്ങൾ ഇതുവരെ ഉത്പാദിപ്പിക്കപ്പെട്ട് കഴിഞ്ഞു. 

നമ്മുടെ രാജ്യത്തിലും സ്ഥിതി പരിതാപകരമാണ്.ആഗോള മാലിന്യത്തിന്റെ മൂന്നിലൊന്ന് ഇന്ത്യയിൽ നിന്നാണ്. ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങളുടെ 70% മാത്രമേ ശേഖരിക്കപ്പെടുന്നുള്ളൂ. സംസ്കരിക്കപ്പെടുന്നതോ 20% ത്തിൽ താഴെയും. 

 അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് മാലിന്യ സംസ്കരണത്തിലെ പ്രധാന പോരായ്മ. ദ്രുതഗതിയിലുള്ള നഗര വളർച്ച പുറന്തള്ളപ്പെടുന്ന മാലിന്യങ്ങളുടെ സിംഹഭാഗവും സംഭാവന ചെയ്യുന്നു. ഇലക്ട്രോണിക് വേസ്റ്റുകൾ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള സാഹചര്യം നമുക്കില്ല. കേന്ദ്ര ഗവൺമെൻറ് നേരിട്ട് നടത്തുന്ന പ്രവർത്തനങ്ങൾ പോലും ഫലപ്രാപ്തിയിലെത്തുന്നില്ല. ‘നമാമി ഗംഗ ‘ ഒരുദാഹരണം മാത്രം.

കേരളത്തി ലേക്ക് വരാം

മാലിന്യ വിമുക്തമായ ജീവിതമെന്നത് കേരള പരിസ്ഥിതിയിൽ ജീവിക്കുന്നവർക്ക് ദിനംതോറും സ്വപ്നം മാത്രമായി മാറിക്കൊണ്ടിരിക്കുന്നു. പ്രതിവർഷം 25 ലക്ഷം ടണ്ണിലധികം മാലിന്യം പുറന്തള്ളപ്പെടുന്ന കേരളത്തിൽ കൃത്യമായ മാലിന്യ സംസ്കരണം നടത്താത്തതിന്റെ പ്രത്യാഘാതം പല രീതിയിലാണ് നമ്മൾ അഭിമുഖീകരിക്കുന്നത്.

തെരുവുനായകളുടെ എണ്ണത്തിലുള്ള വർദ്ധനവും അവയുടെ ആക്രമണങ്ങളുമൊക്കെ വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങളുടെ ബാക്കിപത്രങ്ങളാണ്. പകർച്ചപ്പനിയില്ലാത്ത വർഷങ്ങൾ മലയാളിക്ക് അന്യമായി. അറവ് മാലിന്യവും ശുചിമുറി മാലിന്യങ്ങളും  ജലാശയങ്ങളിലേക്ക് യാതൊരു മടിയുമില്ലാതെ തള്ളാൻ മലയാളി തയ്യാറാണ്. 2018ലെ വെള്ളപ്പൊക്കത്തിൽ നദികളിൽ നിക്ഷേപിക്കപ്പെട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കരയിലേക്കെത്തിയപ്പോൾ അത് വീണ്ടും നദിയിലേക്ക് തന്നെ ഒഴുക്കി നാം കൃതാർത്ഥരായി. ‘ബ്രഹ്മപുരം ദുരന്തം’ ആഴ്ചകളോളം ജനജീവിതം ദുസഹമാക്കിയെങ്കിലും പിന്നീടത് വിസ്മൃതിയിലാണ്ടു.  

_എന്താണ് ഒരു പ്രതിവിധി എങ്ങനെ മാലിന്യ സംസ്കരണം കുറ്റമറ്റതാക്കാം._ 

മാലിന്യ സംസ്കരണത്തിൽ ഇറ്റലിയെ ലോകരാജ്യങ്ങൾക്ക് മാതൃകയാക്കാവുന്നതാണ്. മാലിന്യങ്ങളുടെ സ്വഭാവം അനുസരിച്ച് ശേഖരിക്കപ്പെടാൻ അവിടെ പ്രത്യേക സ്ഥലം അനുവദിച്ചിരിക്കുന്നു. അല്ലാതെയുള്ള സ്ഥലങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിച്ചാൽ കനത്ത പിഴയൊടുക്കേണ്ടി വരും. 

റീസൈക്ലിംഗ് മുതൽ ഊർജ്ജ ഉത്പാദനം വരെ ഓരോ രീതിയിലാണ്, ശേഖരിക്കപ്പെടുന്ന മാലിന്യങ്ങൾ സംസ്കരിക്കുന്നത് . 

ജൈവമാലിന്യങ്ങൾ കമ്പോസ്റ്റ്, ബയോഗ്യാസ് എന്നിവയ്ക്ക് ഉപയോഗിക്കുന്നു. കുപ്പി, ചില്ല് തുടങ്ങിയ വസ്തുക്കൾ റീസൈക്ലിങ് ചെയ്യപ്പെടുന്നു. ഇറ്റലിയിൽ പ്രതിവർഷം എഴുപത് ശതമാനത്തിനുമേൽ ഗ്ലാസ് റീസൈക്കിൾ ചെയ്യുന്നുണ്ടെന്നാണ് കണക്ക്. 

90കളുടെ അവസാനം വരെ നോർത്ത് യൂറോപ്പിൽ നിന്നും പേപ്പർ ഇറക്കുമതി ചെയ്തിരുന്ന ഇറ്റലി, ഇന്ന് റീസൈക്കിൾ വഴി പേപ്പർ കയറ്റുമതി രാജ്യമായി മാറിയിരിക്കുന്നു. വീടുകളിലും ഓഫീസുകളിലും ഉപയോഗിക്കുന്ന ഫർണിച്ചർ പ്രാദേശികമായി ശേഖരിച്ച് അറ്റകുറ്റപ്പണി ചെയ്തു പുതിയ രൂപത്തിൽ വിൽക്കുന്നു.  

എത്ര തവണ റീസൈക്കിൾ ചെയ്താലും സ്വാഭാവിക ഗുണങ്ങൾ നഷ്ടപ്പെടാത്ത അലൂമിനിയം റീസൈക്കിൾ ചെയ്യുന്നതു വഴി 95% ഊർജ്ജവും 100% അലുമിനിയവും സംരക്ഷിക്കപ്പെടുന്നു. സാധാരണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കൾ നിറങ്ങൾ അനുസരിച്ച് വേർതിരിച്ച്, മാലിന്യങ്ങൾ നീക്കി കഷ്ണങ്ങളാക്കിയ ശേഷം കഴുകി ഉണക്കി ശുദ്ധമായ പ്ലാസ്റ്റിക് ഗ്രാന്യൂളുകളാക്കി വീണ്ടും ഉപയോഗിക്കുന്നു. ഇതിന് പുറമേ പ്ലാസ്റ്റിക്കും റബ്ബറും മറ്റ് പെട്രോളിയം ഉൽപ്പന്നങ്ങളും ഇൻസിനറേറ്ററിൽ കത്തിച്ച് വൈദ്യുതിയും താപോർജ്ജവും ഉല്പാദിപ്പിക്കുന്നു.

ഇലക്ട്രോണിക് മാലിന്യങ്ങൾ വീടുകളിൽ വന്നു ശേഖരിക്കുന്ന രീതിയും കടകളിൽ ശേഖരിക്കുന്ന രീതിയും നിലവിലുണ്ട്. റീസൈക്കിൾഡ് ഇലക്ട്രോണിക് വസ്തുക്കളുടെ നല്ല വിപണിയാണ് ഇറ്റലി.  

 ഈ മികച്ച മാലിന്യ സംസ്ക്കരണ രീതികൾ ഒരു രാത്രികൊണ്ട് നേടിയെടുക്കാൻ പറ്റുന്നതല്ല. നാളുകൾ നീണ്ട ബോധവൽക്കരണവും പോലീസിന്റെയും അധികൃതരുടെയും ഇടപെടലുകളും പിഴകൾ ചുമത്തലുകളും എല്ലാം വഴി ഒരു സംവിധാനമായി രൂപപ്പെടുത്തിയെടുക്കേണ്ടതാണ്. 

നമ്മുടെ നാട്ടിൽ മാലിന്യ സംസ്കരണത്തിന്റെ പ്രധാന ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. പക്ഷേ അത്തരം സ്ഥാപനങ്ങൾ എത്രത്തോളം കാര്യക്ഷമമായ രീതിയിൽ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടുപോകുന്നുണ്ട് എന്നത് സംശയമാണ്. ഹരിത കർമ്മ സേന കൃത്യമായി വീടുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ യൂസർ ഫീ വാങ്ങി ശേഖരിക്കുന്നുണ്ടെങ്കിലും അവ ശരിയായ രീതിയിൽ സംസ്കരിക്കാനുള്ള സാഹചര്യങ്ങൾ നിലവിലില്ല എന്നതാണ് യാഥാർത്ഥ്യം. പ്ലാസ്റ്റിക് കൂനകൾക്ക് പലപ്പോഴും തീപിടിക്കുന്നത്,  ആവശ്യമായ അഗ്നി നിയന്ത്രണ സംവിധാനങ്ങളുടെ അഭാവത്തിലേക്ക് വിരൽ ചൂണ്ടുന്നു. 

തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് വ്യാപകമായ അധികാരങ്ങൾ നൽകിക്കൊണ്ട് 2024 ലെ കേരള പഞ്ചായത്ത് രാജ് ഭേദഗതി, 2024ലെ കേരള മുൻസിപ്പാലിറ്റി ഭേദഗതി ബില്ലുകൾ അടുത്തിടെ നിയമസഭ പാസാക്കിയത് പ്രതീക്ഷയ്ക്ക് വക നൽകുന്നു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങൾക്ക് പുതിയ ഭേദഗതി പ്രകാരം ശക്തമായ നടപടികളാണ് ശുപാർശ ചെയ്യുന്നത്.

നിയമപരമായ ചട്ടക്കൂടുകൾ ഗവൺമെന്റുകൾ ഉണ്ടാക്കുമ്പോൾ തന്നെ ശാസ്ത്രീയമായ പഠനങ്ങളും കൃത്യമായ ആസൂത്രണവും മാലിന്യ സംസ്കരണത്തിന് അത്യാവശ്യമാണ്.

നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് മികച്ച രീതിയിൽ റീസൈക്ലിംഗ് നടത്താനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തണം. മാലിന്യങ്ങളെ ഊർജ്ജമായി മാറ്റാനുള്ള സാധ്യതകൾ പഠിക്കുകയും അത് നടപ്പിലാക്കുകയും വേണം.വയനാട്ടിലെ ബത്തേരി നഗരസഭയുടേത് പോലുള്ള അനുകരണീയ മാതൃകകൾ മറ്റു തദ്ദേശസ്ഥാപനങ്ങൾക്ക് മാതൃകയാക്കാവുന്നതാണ്.

ഏറ്റവും പ്രധാനം പൊതുജനങ്ങളിലുള്ള അവബോധമാണ്.ജനങ്ങൾ മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയും മാലിന്യ സംസ്കരണ നിയമങ്ങളോട് ചേർന്ന് പോകുകയും വേണം. 

‘reduce, re-use and recycle ‘ ൻ്റെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കണം. “എൻറെ മാലിന്യം എൻറെ ഉത്തരവാദിത്വം ” എന്ന ബോധം ഓരോരുത്തരിലും ഉണ്ടാകേണ്ടിയിരിക്കുന്നു.വായുവിനെയും ജലത്തെയും മണ്ണിനെയും ഒരേപോലെ ബാധിക്കുന്നതാണ് മാലിന്യവിപത്ത് എന്ന പാഠം നമ്മൾ മനസ്സിലാക്കി പ്രവർത്തിക്കണം. ഒരു ബ്രഹ്മപുരത്തെ തീ അണയ്ക്കാൻ നമുക്ക് സാധിച്ചെങ്കിലും കത്താൻ തയ്യാറായി മാലിന്യമലകൾ കേരളത്തിൽ ഇനിയുമൊരുപാടുണ്ട് എന്നുള്ളത് അധികൃതരോടൊപ്പം തന്നെ നമ്മളോരോരുത്തരുടെയും ഉറക്കം കെടുത്തുക തന്നെ വേണം.