“ഇരുപത് വർഷങ്ങൾക്കിപ്പുറം കടലിൽ ഞാനൊരു വല വീശി. കിട്ടിയെനിക്ക് ചാകര – പിടയ്ക്കാത്ത, നെയ്യില്ലാത്ത ഒരു പ്ലാസ്റ്റിക് കൂമ്പാരം!.”

“സർ ഒരു ബിസ്ക്കറ്റ് ഫാക്ടറിയിൽ എന്ത് വേസ്റ്റ് വരാനാണ്? പാൽപ്പൊടി, മാവ്, പഞ്ചസാര, സുഗന്ധ ദ്രവ്യങ്ങളായ ഏലക്ക, ഗ്രാമ്പു തുടങ്ങിവയാണ് ഇവിടത്തെ വേസ്റ്റ്. ഇത് ഞങ്ങൾ ഓടകീറി പുഴയിലേക്ക് ഒഴുക്കും!” മിഥുനം എന്ന സിനിമയിലെ ഫാക്ടറി ഇൻസ്‌പെക്ഷൻ സീനിലെ ഒരു ഡയലോഗ് ആണിത്. ഇത് കേട്ട് ഞാനും ചിരിച്ചിരുന്നു. കാക്കനാട്ടിലെ വീട്ടിലിരുന്നു. മുറിയെല്ലാം പൂട്ടി എ സി ഓൺ ചെയ്തതിനു ശേഷം. കാരണം ബ്രഹ്മപുരത്തിലെ മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടുത്തം അതിന്റെ പുകച്ചുരുളുകൾ 5 കിലോമീറ്ററും താണ്ടിയെത്തിരിക്കുന്നു. ഇത് പ്രമാണിച്ചു 2 ദിവസത്തേക്ക് വർക്ക് ഫ്രം ഹോം. 2  ദിവസം കൊണ്ട് തീരാവുന്ന പ്രശ്നമാണോ ബ്രഹ്മപുരത്തു? അല്ലെങ്കിൽ വിളപ്പിൽശാലയിൽ? മാലിന്യ സംസ്കരണം എന്ന ചോദ്യം നമ്മുടെ വ്യക്തിജീവിതത്തെയും സാമൂഹ്യരീതികളെയും മാറ്റിക്കളയുന്നു. അതിനുള്ള ഉത്തരം ഇന്നിന്റെ ആവശ്യമായി മാറിയിരിക്കുന്നു.

വികസനം എന്ന നഗര / നരക വത്കരണം

വികസനം എന്നാൽ നഗരങ്ങളുടെ എണ്ണത്തിലുള്ള വർധന എന്നൊരു മിഥ്യാധാരണ നമ്മൾ വെച്ച് പുലർത്താറുണ്ട്. എന്നാൽ അതിന്റെ ഇരട്ട തലയുള്ള മൂർച്ചയുള്ള വാൾതല നമ്മൾ പലപ്പോഴും കണ്ടില്ലെന്നു നടിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം 2022ഇൽ നഗര ജനസംഖ്യ 56.9 ശതമാനമാണ്. ഇന്ത്യയിൽ ഇത് 35.87 ശതമാനവും. നഗര ജനസംഖ്യ വർധന തോത് 1.34 ശതമാനം ആണെന്നുള്ളത് ഇതിനു ആക്കം കൂട്ടുന്നു. അതിവേഗത്തിലുള്ള നഗരവൽകരണം ഉയർന്ന ഉപഭോക്ത സംസ്കാരത്തിലേക്കും ഒറ്റത്തവണ-ഉപയോഗ അസംസ്കൃത പദാര്ഥത്തിന്റെ അനുസ്യൂതമായ വേലിയേറ്റത്തിനും കാരണമാകുന്നു. ഇങ്ങനെ മുളച്ചു പൊങ്ങുന്ന നഗരങ്ങളിൽ ആവശ്യമായ മാലിന്യ സംസ്കരണ രീതികളോ, ശേഖരണ പ്രക്രിയകളോ, അടിസ്ഥാന സൗകര്യങ്ങളോ, നിർമാർജന സ്ഥലങ്ങളോ തികച്ചും അന്യമാണ്. ഇന്നും നമുക്ക് കാണാവുന്ന കാഴ്ച അതിരാവിലെ ഒരു ഉന്തുവണ്ടിയിൽ വന്നു മാലിന്യ ശേഖരിക്കുകയും അത് ഏതെങ്കിലും പൊതുയിടത്തിൽ നിക്ഷേപിക്കുന്ന അനൗപചാരിക മേഖലയിൽ പ്രവർത്തിക്കുന്ന സാധാരണക്കാരെയാണ്. ഇത് നമ്മുടെ സംസ്കാരത്തിന് ഏൽക്കുന്ന ഹാനി മാത്രമല്ല പൊതു ആരോഗ്യത്തിനു ഭീഷണിയും കൂടിയാണ്. കോളറ, മലേറിയ, ലാസ്സ ഫീവർ തുടങ്ങിയ വ്യാതികളിലേക്കും ഇത് നയിച്ചേക്കാം. ഭാരതത്തെ പോലെ ജനസാന്ദ്രത (ഒരു ചതുരശ്ര കിലോമീറ്റരിൽ 438 പേര്) കൂടുതലുള്ള രാജ്യങ്ങളിൽ ആവശ്യമായ സംസ്കരണ നിലയങ്ങൾക്കുള്ള സംവിധാനം അപര്യാപ്തവും കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടുള്ളതുമാണ്.

സംസ്കാര ഉന്നമനത്തിന്റെ ഇര, അധഃപതനത്തിന്റെ സാക്ഷ്യം 

മനുഷ്യ സംസ്കാരത്തിന് അല്ലെങ്കിൽ മലയാളി സംസ്കാരത്തിന് ഒരു സവിശേഷതയുണ്ട്. ‘സ്വന്ത’മായ ഇടങ്ങളെ സ്വന്തം എന്നറിഞ്ഞു പ്രവർത്തിക്കുകയും ‘നമ്മുടെ’ എന്ന ഇടങ്ങളെ അന്യമായ ഒരു ബോധത്തോടെ ദുരുപയോഗം ചെയുക എന്നുള്ളതാണത്. ട്രെയിനിലോ മറ്റോ യാത്ര ചെയുമ്പോൾ ഇവിടം നമ്മുടേതല്ല എന്ന ഈ മിഥ്യാധാരണ പലപ്പോഴും വൃത്തിയില്ലാ പൊതുയിടം സമ്മാനിക്കുന്നു. സ്വയം പ്രബുദ്ധത നടിക്കുന്ന നമ്മളിൽ പലരും മനഃപൂർവം ഒഴിവാക്കുന്ന സംസ്കാരത്തിന്റെ ചില അംശങ്ങൾ ഉണ്ട്. റോഡരുകിലെ മാലിന്യകൂമ്പാരവും തെരുവുകളിലെ വൃത്തിയില്ലായ്മയും അതിൽ ചിലത് മാത്രമാണ്. ജാതി വ്യവസ്ഥകൾക് കുറേയേറെ മാറ്റം സംഭവിച്ചിട്ടുണ്ടെങ്കിലും ഇന്നും മനുഷ്യ മാലിന്യം ഒരു പ്രേത്യക ജാതിയുടെ മാത്രം ഉത്തരവാദിത്തം ആണെന്ന് കരുതുന്ന ‘പ്രബുദ്ധർ’ ഇന്നും നമ്മുടെ ഭാരതത്തിൽ ജീവിക്കുന്നു. ഈ ചിന്താഗതികൾക്കു എതിരെ പ്രവർത്തിക്കുന്ന സമൂഹത്തിന്റെ നേര്കാഴ്ചയായി ‘കേരള മോഡൽ’ നമുക്ക് ഉയർത്തിക്കാട്ടാവുന്നതാണ്.മതപരമായ പല ചടങ്ങുകളും സാക്ഷ്യം വഹിക്കുന്ന നമ്മുടെ മഹാ ഗംഗ നദിയിലെ മലിനീകരണം ‘സ്റ്റേറ്റ് ഓഫ് നോ റിട്ടേൺ’ എന്ന തലത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. ഒരു ദിവസം ഗംഗാ തടത്തിലെ മാലിന്യം ഉദ്ദേശം 1200 കോടി ലിറ്റർ ആണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. വൃത്തിക്കും സാമുദായിക നന്മക്കും അടിസ്ഥാനമായ നമ്മുടെ മതപരമായ ആചാരങ്ങളും അനുഷ്ടാനങ്ങളും ഇന്നെവിടെ എത്തി നില്കുന്നു എന്നത് പ്രസക്തമാണ്.

ചുവപ്പ് നാടയിൽ തൂങ്ങുന്ന ആസൂത്രണം

ചുവപ്പു നാട അഥവാ ഉദ്ഗ്യോഗസ്ഥ ആലസ്യം നമ്മുടെ പല ആസൂത്രണ പ്രവർത്തനങ്ങൾക്കും കാര്യക്ഷമമായ നടപടികൾക്കും വിലങ്ങുതടിയാകുന്നു. നിരവധി അനുമതി പത്രങ്ങളും ലൈസന്സുകളും മാലിന്യ ശുദ്ധീകരണ പ്ലാന്റുകൾ, പുനരുപയോഗ കേന്ദ്രങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാൻ നേരിട്ട് തടസം സൃഷ്ടിക്കുന്നതിനോടൊപ്പം പല പദ്ധതികളും അനാവശ്യ കാലതാമസവും നേരിട്ടുകൊണ്ടിരിക്കുന്നു. പലപ്പോഴും കോൺട്രാക്ട് വഴിയുള്ള പദ്ധതി നടത്തിപ്പ് കാര്യക്ഷമമല്ലാത്ത അവസ്ഥയിലാണ് കൊണ്ടെത്തിക്കുന്നത്. ഉദ്യോഗസ്ഥ അഴിമതിയും നിസ്സംഗതയും ഇതിനു കൂട്ടുനിൽക്കുന്നു. മാലിന്യ സംസ്കരണത്തിന്, അതിന്റെ ശേഖരണം, സഞ്ചാരപഥം, നിർമ്മാജനം എന്നിവയ്ക്ക് തുല്യ പങ്കു കല്പിക്കപെടുന്നു. സർക്കാരിന്റെ പല ഏജൻസികൾ ഇവയോരോന്നും കൈകാര്യം ചെയ്യുന്നതിലെ കാര്യക്ഷമമില്ലായ്മയും, ഏകോപനത്തിന്റെ പാളിച്ചകളും സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ന്യുനതകളാണ്. ‘മിനിമം ഗവണ്മെന്റ്, മാക്സിമം ഗവേണൻസ്’ എന്നത് തത്വത്തിൽ മാത്രം നിലനിൽക്കുന്നിടത്തു നിന്ന് നമുക്ക് ഏറെ ദൂരം സഞ്ചരിക്കാനുണ്ട്. 

പകരക്കാരനില്ലാത്ത പ്ലാസ്റ്റിക് – ഒരു പുത്തൻ ഭൂമികയുടെ അവകാശി 

1950 കൾ മുതൽ ഇന്നുവരെ ഉദ്ദേശം 830 കോടി മെട്രിക് ടൺ പ്ലാസ്റ്റിക് മനുഷ്യരാശി സൃഷ്ടിച്ചതിൽ 60 ശതമാനം ഇന്നും പ്രകൃതിയിൽ അവശേഷിക്കുന്നു. ഇവ കൂടുതലും ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് എന്നതിൽ പെടുന്നവയാണ്. ഓരോ വർഷവും 80 ലക്ഷം മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ സമുദ്രത്തിലേക്ക് മനുഷ്യൻ തള്ളി വിടുന്നു. ഇത് സമുദ്രജീവനും ആവാസവ്യവസ്ഥകൾക്കും വളരെയധികം ദോഷകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.മൈക്രോ പ്ലാസ്റ്റിക് എന്ന കുഞ്ഞൻ പ്ലാസ്റ്റിക്കും (5 മില്ലി മീറ്ററിൽ താഴെ മാത്രം വലുപ്പം ഉള്ളവ) വായു-കര-ജലം വഴിയായി എല്ലാത്തരം ജീവികളിലേക്കും എത്തിക്കൊണ്ടിരിക്കുന്നു. പ്ലാസ്റ്റിക്കിൽ കണ്ടു വരുന്ന രാസ വിഷമായ ബിസ്‌ഫെനോൾ എ തുടങ്ങിയവ ജീവിജാലങ്ങളിൽ അടിഞ്ഞുകൂടുന്നതും ഭക്ഷ്യ സുരക്ഷയ്ക്കും ജീവന് തന്നെയും ഭീഷണി ആകുന്നു. സമുദ്ര ജല പ്രവാഹം മൂലം മാലിന്യ ഏകീകരണം ആർട്ടിക് സമുദ്രത്തിലും ആഴക്കടൽ ആവാസ വ്യവസ്ഥകളിലും ഘടനാപരമായ മാറ്റത്തിന് വഴിതെളിയിക്കുന്നു. 

ഇ – മാലിന്യം അഥവാ ഇലക്ട്രോണിക് മാലിന്യം പ്ലാസ്റ്റിക് മാലിന്യ വിഷയത്തിന്റെ കൂടെ നമുക്ക് ചേർത്ത് വയ്ക്കാവുന്നതാണ്. ഇലക്ട്രോണിക് ഗാഡ്ജറ്റുകളായ സ്മാർട്ഫോൺ, ടെലിവിഷൻ, കമ്പ്യൂട്ടർ മുതലായവയിൽ ഉപയോഗിക്കുന്ന വസ്തുക്കളായ സ്വർണം, വെള്ളി, ചെമ്പു കൂടാതെ വിഷമയമായ ഈയം(ലെഡ്), രസം(മെർക്കുറി) എന്നിവ ഉൾക്കൊള്ളുന്നതാണ് ഇ-മാലിന്യം. ഐക്യ രാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം 5.3 കോടി മെട്രിക് ടൺ ഇ- മാലിന്യം ഓരോ വർഷവും മനുഷ്യർ പുറന്തള്ളുന്നു. ഇവ ശ്വാസ- നാഡീ വ്യവസ്ഥകൾക് ഭീഷണിയും അർബുദം പോലെയുള്ള രോഗങ്ങൾക്കും കാരണമാകുന്നു.

ശാസ്ത്ര സാങ്കേതിക ഔന്നത്യം, മനുഷ്യന്റെയും

മനുഷ്യന്റെ ഒരു പരിധി വരെയുള്ള ഇന്നത്തെ പ്രശ്നങ്ങൾക്ക് പരിഹാരം നാളെത്തെ ശാസ്ത്രത്തിന്റെ ബാധ്യതയാണ്. മാലിന്യ സംസ്കരണത്തിന്റെ പല മേഖലകളിൽ ശാസ്ത്ര സാങ്കേതിക മുന്നേറ്റം നമ്മൾ കാത്തിരിക്കുകയാണ്. പ്രധാനമായും മാലിന്യ സ്രോതസിന്റെ അടിസ്ഥാന വിവരണ ശേഖരവും വിശകലനവും ഇന്നത്തെ ബിഗ് ഡാറ്റ അനാലിസിസ് ന്റെ പരിധിയിൽ കൊണ്ടുവരാവുന്നതാണ്. മാലിന്യ സംസ്കരണത്തിനും, ശേഖരണത്തിനും ‘എ ഐ’ മോഡലുകൾ ഇന്ന് ശാസ്ത്രത്തിനു സ്വന്തമാണ്. സ്പെക്ട്രോസ്കോപ്പി, ക്രോമടോഗ്രഫി,  മൈക്രോസ്കോപ്പി മുതലായവാ ശാസ്ത്രജ്ഞർക്കും നിരീക്ഷകർക്കും മാലിന്യ ഘടന, സ്വഭാവം, പ്രകൃതിയിൽ ചെലുത്തുന്ന സ്വാധീനം എന്നിവ തിരിച്ചറിയുവാൻ സഹായിക്കുന്നുണ്ട്. മാലിന്യ ഊർജ പരിവർത്തനത്തിനു ഇൻസിൻറേഷൻ, അനേറോബിക് ഡൈജഷൻ ,ലാൻഡ്‌ഫിൽ ഗ്യാസ്  റിക്കവറി എന്നിവയും പല സർക്കാർ ഏജൻസികൾ പ്രാവർത്തികമാക്കി കഴിഞ്ഞിരിക്കുന്നു.

ബയോറെമീഡിയേഷൻ പോലെയുള്ള ജൈവ സംസ്കരണ പദ്ധതിയും ഇതിന്റെ ഭാഗമായി മുന്നോട്ട് വരുന്നു. കേരളത്തിലെ ശുചിത്വ മിഷൻ ബയോറെമീഡിയേഷൻ തദ്ദേശസ്വയംഭരണ കേന്ദ്രങ്ങൾ വഴി നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ്. ഓരോ വീടുകളും അടിസ്ഥാനപ്പെടുത്തിയുളള മാലിന്യസംസ്കരണം ശാസ്ത്രത്തിന്റെ പ്രധാന വെല്ലുവിളികളിൽ ഒന്നാണ്. ഒരു പരിധി വരെ നമ്മുടെ പ്രശ്നങ്ങൾക്ക് പരിഹാരം സൃഷ്ടിക്കുവാൻ ഇതുപോലെ ചെലവുകുറഞ്ഞ വീടുകളിൽ സ്ഥാപിക്കാനാവുന്ന ഉപകരണങ്ങൾ സഹായിച്ചേക്കാം.

ഇച്ഛാശക്തിയുടെ ബലാബലം – രാഷ്ട്രീയം, സാമൂഹ്യം

നാടിന്റെ പുരോഗതിക്കും സംസ്കാര ഉന്നമനത്തിനും രാഷ്ട്രീയവും സാമൂഹ്യവുമായ ഇച്ഛാശക്തി അത്യന്താപേക്ഷികമാണ്. നയരൂപീകരണം മുതൽ നിയമരൂപീകരണം വരെയും നിക്ഷേപ ഘടന മുതൽ ധനസമാഹാരം വരെയും സർക്കാരിന്റെ കാര്യക്ഷമതയിൽ നിഴലിക്കുന്ന കാര്യങ്ങളാണ്. രാഷ്ട്രീയമായ ഏകോപനവും സഹകരണവും സഹപ്രവർത്തനവും മാലിന്യ ശേഖരണം തുടങ്ങി സംസ്കരണം വരെയുള്ളവ എളുപ്പത്തിലാക്കുന്നു. സ്കാന്ഡിനേവിയൻ രാജ്യങ്ങളായ നോർവേ, സ്വീഡൻ മുതലായവ രാജ്യങ്ങളെ മോഡലായി സ്വീകരിക്കുവാനും നമ്മൾ മടിക്കേണ്ടതില്ല. 

സാമൂഹ്യ നവോഥാനത്തിനു അവലംബിക്കാവുന്ന രീതി സ്കൂളുകളിൽ തന്നെ സിവിക് സെൻസ് അഥവാ പൗര മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുക എന്നതാണ്. പ്രൈമറി ക്ലാസുകൾ പൗര ബോധം ഉണർത്തുന്ന പാഠ്യപദ്ധതി ജപ്പാനിൽ വൻ വിപ്ലവം സൃഷ്ടിച്ചത് നമ്മൾ കണ്ടതാണ്. ഇന്നും ലോകത്തിലേക്കും വെച്ച് സംസ്കാര സമ്പന്നതയുടെ നാടായി ജപ്പാൻ മാറിയിരിക്കുന്നു.

പുനരുപയോഗം,പുനർനിർമാണം, ന്യുനീകരണം – പരിവർത്തനത്തിന്റെ ഉൾക്കാമ്പു 

റീസൈക്കിൾ, റീയൂസ്, റെഡ്യൂസ് എന്ന മൂന്ന് ‘ആർ’ ഫാക്ടർ ഐക്യരാഷ്ട്ര സഭ ഉന്നയിച്ച പ്രതിവിധിയിൽ പെടുന്നു. മാലിന്യത്തിന്റെ പ്രധാന സ്രോതസായ പ്ലാസ്റ്റിക് ന്റെ പ്രതീതി പ്രകൃതിയിൽ നിന്ന് ഒഴിവാക്കുവാൻ ഈ ‘ആർ’ ഫാക്ടറുകൾ നമ്മെ സഹായിക്കുന്നു. ലോഹം, പേപ്പർ, പ്ലാസ്റ്റിക് എന്നിവ പുനരുപയോഗിക്കാനും, ഊർജ-പ്രകൃതിവിഭവ ചൂഷണം ന്യുനീകരിക്കുവാനും അതുവഴി മലിനീകരണം നിയന്ത്രിക്കുവാനും ഈ തത്വം സഹായിക്കുന്നു. 

സുസ്ഥിരമായ ഭാവി ഒരു മരീചിക?

ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഓരോ രാജ്യങ്ങൾക്കും മനുഷ്യർക്കുമുള്ള പങ്കു വ്യക്തമാക്കുന്നു. എന്നാൽ ഈ സുസ്ഥിരമായ ഭാവിയിലേക്കുള്ള ദൂരം ഏറെ അകലെയാണ്. ഓരോ രാജ്യവും അവരുടെ സ്വന്തം സമ്പത് വ്യവസ്ഥയെ മാത്രം മുൻനിർത്തി നയരൂപീകരണം നടത്തുമ്പോൾ, അതിന്റെ ദൂഷ്യവശങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള മനുഷ്യരും മറ്റു ജീവജാലങ്ങളുമാണ്. 

ഇപ്പോൾ തന്നെ ഒരു ജീവിയുടെ ഏത് ജൈവ മേഖലയും – ശ്വാസം, ഭക്ഷണം, വെള്ളം – മലിനജടിലമാണ്. ഇതിൽ നിന്നൊരു ഉയർത്തെഴുനേൽപ് സാധ്യമാണ് എന്ന് വിശ്വസിക്കുവാൻ മനുഷ്യന് സാധിക്കുമോ? അതോ മനുഷ്യ പരിണാമത്തിന്റെ പുതിയൊരു എട് മനുഷ്യൻ സ്വയം സമ്മാനിക്കുന്നുവോ? ഒരു പ്ലാസ്റ്റിക് ഹ്യൂമനോയ്ഡ്?