വരിഞ്ഞുമുറുകുന്നെന്തോ നെഞ്ചിൽ
പറഞ്ഞറിയിക്കുവതു വയ്യാ.
അലഞ്ഞു അകമേ തിരഞ്ഞു ഞാനതു
കാരണമെന്തതു നോവിൻ.
സൗഹൃദവലയം തേടി പിന്നെ കുടുംബനാഥർക്കു കാതോർത്തു.
ദൂരിഹരിക്കിതു വയ്യാ ആർക്കും
ചങ്ങല വീണ്ടും മുറുകുന്നു.
ചരിക്കാൻ വയ്യ കരയാൻ വയ്യ
മനസ്സിനെന്തിതു ചാഞ്ചാട്ടം.
സ്തബ്ധമായതു പോലെ തോന്നും
ഉൾവലിയുന്നൊരു മൗനം.
ഒന്നിനുപിറകെ ഒന്നൊന്നായി
കെഞ്ചിപ്പറഞ്ഞു കണ്ടുപിടിക്കാൻ,
തോറ്റ് തുന്നംപാടിയാ തലയിതാ
വീണ്ടുമതോതി അവസാനമായി ,
ക്ഷമയുടെ നെല്ലിപലകയിതെത്തി
എത്ര തവണയിതുരുവിടുന്നു ഞാൻ ,
ചുറ്റിപ്പിണഞ്ഞു കിടക്കും ചിന്തകളല്ലോ
മനസ്സിനീ ഭാരം കൂട്ടീടുന്നു.
മത്സരയോട്ടം കുറയ്‌ക്കൂനീ
ജയവും തോൽവിയും ഒരുപോലെ
പോകാം പയ്യെ പകലും രാവും
കയറാം പടവുകൾ ഓരോന്നായി.
എല്ലാറ്റിനും പൂർണത വേണ്ടെന്നു ഓർക്കൂ നീ
തോൽവികൾ ഇല്ലാതില്ലൊരു ജന്മവും.
പ്രതീക്ഷകൾ തെറ്റേണ്ടത് തെറ്റട്ടെ
നിൻ മനസ്സുഖം ഒന്നിനും ബദലല്ലല്ലൊ
ചുറ്റുമുള്ളത് പാഞ്ഞുപോകട്ടെ വേഗം
ആസ്വദിക്കൂ നിൻ കുഞ്ഞു ജീവിതം.
തോന്നി എനിക്ക് ചെറിയൊരു ഉൾനനവ്
ചങ്ങല ചെറുതായ് അയയും പോലെ
പൊട്ടുന്നല്ലോ ചിതറുന്നല്ലോ
ഉള്ളിലലിഞ്ഞു മായചങ്ങല.