എൻ്റെ ഉറക്കം പൂർണമായി നഷ്ടപ്പെട്ടിരിക്കുന്നു.
എത്രയോ നാളുകളായി ഉറക്കം നഷ്ടപെട്ടിട്ട്.
കണ്ണുകളടയ്ക്കാൻ ഇപ്പോൾ ഭയമാണ്
ഓരോ തവണ കണ്ണുകൾ അടയ്ക്കുമ്പോഴും
കുറ്റബോധത്തിന്റെ മുനകൊണ്ട് സ്വയം
കുത്തിനോവിക്കാൻ തോന്നുന്നത് എന്ത് കൊണ്ടാണ്?
വായുവിനും ചെറുപ്രാണികൾക്കും
മാത്രം പ്രവേശിക്കാനാവുന്ന ഇരുമ്പഴിക്കുള്ളിൽ,
ദുഖഭാരവും പേറി രക്തം പുരണ്ട കൈകളുമായി
ഞാനെന്റെ മരണത്തെ കാത്തുകഴിയുന്നു.
എൻ്റെ ചുറ്റും അവരാണ്.
അവർ സംസാരിക്കുന്നു കലഹിക്കുന്നു ചിരിക്കുന്നു
നാളുകൾ ചെല്ലുംതോറും അവരുടെ ആധിക്യം
കൂടി കൂടി വരുന്നു.
അവർ.
എന്റെ ചെയ്തികൾ കാരണം ജീവൻ നഷ്ടപ്പെട്ടവർ.
അനേകം സ്വപ്നങ്ങളും ആഗ്രഹങ്ങളും ബാക്കിയാക്കി
സ്‌മൃതിയിലാണ്ട നിരപരാധികളായ മനുഷ്യർ.
ഫാസിസ ഭരണ സമ്പ്രദായത്തിന്റെ കാവലാളായി
പകയും പ്രതികാരവും തലയ്ക്കു പിടിച്ച
ഉന്മാദാവസ്ഥയിൽ കൂടെപ്പിറപ്പുകൾക്ക് നേരെ
പോരാട്ടത്തിനിറങ്ങിയ ഒരു പമ്പരവിഡ്ഢി.
ഇന്നീ ലോക്കപ്പ് മുറിയുടെ ഇരുണ്ട കോണിൽ
പശ്ചാത്താപത്തിന്റെ പടുകുഴിയിൽ
ചൊല്ലിപഠിപ്പിച്ച ആശയവും, ആദർശവും,
മൂല്യങ്ങളും കൂട്ടിനില്ല പകരം പേടിപ്പെടുത്തുന്ന
നിസഹായരായ കുഞ്ഞു മുഖങ്ങളുടെ നൊമ്പരവും,
തീനാളങ്ങൾക്കും പുകപടലങ്ങൾക്കുമൊപ്പം
രക്ഷനേടാൻ പുറത്തേക്കുയർന്ന
പിഞ്ചു പൈതങ്ങളുടെ നിലവിളിയും മാത്രമാണ്.
ചെയ്തുകൂട്ടിയ പാപങ്ങളുടെ പ്രതിഫലമായി
അങ്ങേത്തലക്കൽ വിഷസർപ്പങ്ങൾ
കൊണ്ടലങ്കരിച്ച ശവമഞ്ചം ഞാൻ കാണുന്നു.
അവസാനമില്ലാത്ത പേടിപ്പെടുത്തുന്ന
നിലവിളികളിൽ നിന്നും എനിക്ക് രക്ഷനേടണം.
പൊലീസ് വിലങ്ങുകൾക്കു പകരം
എന്റെ കൈകൾക്ക് ആഭരണമായത്
അറ്റുപോയ പിഞ്ചു കൈകാലുകളാണ്,
അവരെന്നെ വീർപ്പുമുട്ടിക്കുന്നു,
അവരുടെ പൂർത്തിയാക്കപ്പെടാതെ പോയ
തിരിച്ചറിയാൻ കഴിയാത്ത നിരവധി
കുഞ്ഞു സ്വപ്നങ്ങളും, ആഗ്രഹങ്ങളും
എന്നെ വല്ലാതെ വീർപ്പുമുട്ടിക്കുന്നു.
കുഞ്ഞു നാവിൽ നിന്നും ഉയരുന്ന നിലവിളികൾ
എനിക്കിപ്പോൾ ഭയമാണ്.
എനിക്ക് സ്വസ്ഥമായി ഒന്നുറങ്ങണം
എനിക്ക് സ്വസ്ഥമായി ഒന്നുറങ്ങണം.