നിന്റെ വന്യമായ ഏകാന്തതയെ ഞാൻ കാത്തിരിക്കുന്നു
തേടിവരും എന്നുറപ്പുള്ള നേരം നോക്കി ഞാൻ കാത്തിരിക്കുന്നു
നിനക്കു നിന്നെ തന്നെ നഷ്ടമാകുന്ന കാലക്കെടുതിയെ ഞാൻ കാത്തിരിക്കുന്നു
ഞാൻ ഇതാ എത്തി നിൽക്കുന്നു നിന്റെ
കയ്യിലെ സിറിഞ്ചിനുള്ളിൽ !!!
എന്നെ നിന്റെ ദേഹത്തുകുത്തി മുറിവേൽപ്പിച്ചു
നീ നിന്റെ ഉന്മാദത്തിലാരാടൂ ...
നിന്റെ രോമകൂപങ്ങൾക്കിടയിലൂടെ ,
നിന്റെ നാഡീഞരമ്പുകൾക്കിടയിലൂടെ,
ഞാൻ നിന്നിൽ നിറഞ്ഞു ആനന്ദ നൃത്തമാടട്ടെ മൂഢ !
നിന്റെ ബാല്യകൗമാരങ്ങൾ ഞാൻ കാർന്നെടുത്തോട്ടെ
നിന്റെ ചോരമണം ഞാൻ നുകർന്ന് തീർത്തോട്ടെ
നിന്റെ ഓജസ്സും തേജസ്സും ഞാൻ കരിച്ചെടുത്തോട്ടെ
നിന്നിലെ നന്മ വലിച്ചൂറ്റി തിന്മ നിറച്ചുവയ്ക്കട്ടെ ഞാൻ, വരൂ നീ..!
വരൂ നീ , എന്റെ കറുത്ത ദൃഢമാർന്ന കരവലയത്തിനുള്ളിൽ..
അവിടം നീ നിന്റെ നരകം പണിതു പണിപ്പെടുന്നത് കണ്ടു ഞാൻ ശാന്തി തേടട്ടെ!
സദ്ബുദ്ധി നശിപ്പിച്ചു ദുഷ്‌ട ബുദ്ധി ഞാൻ നിറയ്ക്കാം നിന്നിൽ.
പിന്നെ..
ജന്മം തന്ന അച്ഛനെ തലയ്ക്കടിച്ചു കൊന്നുകളയൂ !
നൊന്തു പ്രസവിച്ച അമ്മയെ നീ കഴുത്തറുത്തു നൃത്തം വെയ്ക്കൂ
'അമ്മ പെങ്ങളെ തിരിച്ചറിയാനാകാത്തവണ്ണം നീ നിന്നെ വാർത്തെടുക്കൂ
പിഞ്ചു കുഞ്ഞിനെ വരെ നിന്റെ ഉന്മാദത്തിന് ഇരയാക്കി ഭ്രാന്തനെപോൽ അട്ടഹസിക്കൂ
വരൂ നീ! നീ നിന്റെ അരുമ ഹൃദയം ചുട്ടെരിച്ചു കളയൂ
വരൂ നീ! നീ നിന്നെ സ്വയം നശിപ്പിച്ചു നിർവൃതി കൊള്ളൂ ...
ഹ ഹ .. എന്ന് ഞാൻ!
സ്വന്തം - മയക്കുമരുന്ന് .