ഭഗവാന്റെ പുണ്യസ്പർശനങ്ങൾ
അവളെ മോചിപ്പിച്ചു,
സൗന്ദര്യം ശാപമായി മാറിയ
പഴങ്കഥയെ തിരുത്തി
അവൾ പുറത്തുവന്നു,
നീതിമാനായ ആ അവതാരപുരുഷന്റെ
അനുഗ്രഹത്താൽ പുളകിതയായി,
കല്ലായി മാറാൻ ശപിച്ച
ഗൗതമമുനിയെക്കുറിച്ചു
ഓർത്തെടുക്കാൻ നൊമ്പരപ്പെട്ട
മനസ്സിന്റെ ഹ്രിദയവ്യഥകളും
നനവാർന്ന സ്വപനങ്ങളും
കണ്ണുനീർകണങ്ങളായി
ഇറ്റിറ്റുവീണു
പുണ്യവും ക്ഷമയും നിറഞ്ഞ
പഴയ ജീവിതത്തിന്റെ
ഓർമ്മകളുടെ തിരുശേഷിപ്പുകളിൽ
നിന്നു പുനർജ്ജനിച്ച മധുരസ്വപ്നങ്ങളും
പാതിവൃത്യത്തിന്റെ പ്രദക്ഷിണവഴികളും
അവരെ വീണ്ടും ഒന്നിപ്പിച്ചു,
ഋതുഭേദങ്ങൾ താരാട്ടുപാടിയ
അസുലഭനിമിഷങ്ങളിൽ
അവർ വീണ്ടും കണ്ടുമുട്ടി,
ദേവരാജാവിന്റെ അതിമോഹത്താൽ
കല്ലായിമാറിയ അഹല്യാകഥയിലെ
കണ്ണുനീർത്തുള്ളികൾക്കൊരു
ഭാവഭേദം നൽകി,
അചഞ്ചലമായൊരു മനോഗതത്തിന്റെ
ആത്മനിർവൃതിപോലൊരു
പുനസംഗമം.