സ്നേഹമാണ് ഉലകിനാധാരം
അതുകൂടാതുള്ളോരു ജീവിതം
ഈ ഭൂവിലസ്ഥിരം .
കുഞ്ഞായിരുന്നപ്പോൾ തായതൻ
സ്നേഹ വാത്സല്യത്തിൻ തേൻ നുകർന്നു
ബാല്യത്തിൽ താതൻ്റെ സ്നേഹ -ശാസനകൾ ഏറ്റു വാങ്ങി ...
ആദ്യമായ് അക്ഷരമുറ്റത്തെത്തിയപ്പോൾ
ചുറ്റും അപരിചിതമുഖങ്ങൾക്കണ്ടു
ഞാൻ വാവിട്ടു കരഞ്ഞുപോയ് ...
ചുറ്റിലും എന്നെ നോക്കി കളിയാക്കിച്ചിരിക്കുന്ന രൂപങ്ങൾ മാത്രം ...
ആ കളിയക്കലുകൾക്കിടയിൽ ,പരിഹാസങ്ങൾക്കിടയിൽ
അമ്മയുടെ സാരിത്തുമ്പിൻ്റെ മറവിൽ നിന്ന്
എന്നെ നോക്കി പാൽപ്പല്ലുകാട്ടി
പുഞ്ചിരിതൂകുന്ന
ഒരു കൊച്ചു ദേവതയെ ഞാൻ കണ്ടു ...
അവളുടെ നീലക്കണ്ണുകൾ കരയരുതെന്ന്
എന്നോടു മന്ത്രിക്കുന്നുണ്ടായിരുന്നു ...
പിന്നീടങ്ങോട്ട്, ആ വിദ്യാലയമുറ്റത്ത്
കൈ കോർത്തു നടക്കാനും ,
ഗുരുനാഥൻറെ ചൂരലിൻ
കയ്പ്പുനുണയുമ്പോൾ
തലോടി ആശ്വസിപ്പിക്കാനും,
പൊതിച്ചൊരിൻ്റെ രുചി നുകരനും
നാം ഒന്നിച്ചായിരുന്നു
മഴയും വെയിലും മഞ്ഞും
മാറി മാറി വന്നുകൊണ്ടിരുന്നു
കാലമാം വൃക്ഷം അതിൻ ഇലകൾ
പൊഴിച്ചു കൊണ്ടേയിരുന്നു ...
അന്നൊരിക്കൽ
കൊല്ല പ്പരീക്ഷയ്ക്ക് ഫീസടയ്ക്കനാവാതെ
കലാലയമുറ്റത്തെവാകമരച്ചോട്ടിൽ
ഒറ്റയ്ക്കിരുന്നു ഞാൻ പൊട്ടിക്കരഞ്ഞപ്പോൾ
നിനക്കേറ്റം പ്രീയപ്പെട്ട
ചുവന്ന കല്ലുപതിപ്പിച്ച
പൊന്നിൻ
മൂക്കുത്തി എനിക്കു നീ ഊരി നൽകി ...
ഇണങ്ങിയും പിണങ്ങിയും ,
തല്ലിയും തലോടിയും നാം വളർന്നു.
അന്നൊരു നാൾ വഴിവക്കത്തുകൂടെ കളിവാക്കുപറഞ്ഞ്
ചിരിച്ചു ല്ല സിച്ചു
കൈ കോർത്ത് നടന്ന നമുക്കിടയിലേയ്ക്ക്
മരണ ദൂതനായ്, ഒരു ദയയുമില്ലാതെ
ഒരു ടിപ്പർ ഇടിച്ചുകയറി.
ഇടിയുടെ ആഘാതത്തിൽ
പാതയോരത്തെ കരിങ്കൽക്കൂനയിൽ ചെന്നുവീഴുമ്പോഴും
നിൻ കൈകൾ എന്നെ നിന്നോടു ചേർത്തുപിടിച്ചു ...
ഇന്ന് ഈ ആശുപത്രിക്കിടക്കയിൽ
നാലു ചുവരുകൾക്കുള്ളിൽ കിടക്കുമ്പോൾ
എൻ്റെ കരങ്ങൾ ചേർത്തു പിടിയ്ക്കാൻ
നീ ഇല്ലെന്ന സത്യം
തെല്ലും എന്നെ നൊമ്പരപ്പെടുത്തുന്നില്ല .
കാരണം ,എൻ്റെ ഉള്ളിൽ,
എൻ്റെ ഹൃദയമായ് നീ ഇന്നു ജീവിക്കുന്നു .
മരിക്കുന്നില്ല നമ്മുടെ സൗഹൃദം
നീ എന്നിൽ നിലയ്ക്കാത്തിടത്തോളം...