ഒരുകൂട്ടർ തങ്ങളുടെ ചിന്തകളെയും ആലോചനകളെയും അമിതമായി ഉൾവാങ്ങി അവയിൽ ജീവിതം കണ്ടെത്തുന്നവർ. യാഥാർഥ്യത്തിൽ ജീവിക്കുന്നത് സ്വപ്നമായി കൊണ്ടുനടക്കുന്നവർ.
ചിന്തകൾ പടർന്നൊരു വ്യാധിയായവർ.
കണ്ണുകൾ വറ്റാത്ത ഓർമ്മച്ചാൽ ആക്കിയവർ.
അസ്വാഭാവികതയുടെയും സ്വാഭാവികതയുടെയും നേർത്ത ഞാണിന്മേൽ നിൽക്കുന്ന ഒന്നാണത്.
ഓർമകളിൽ വസന്തവും വേനലും മാരിയും പൊഴിക്കുമാവ്യാധി.
കൂരിരുട്ടും നിശബ്ദതയും ചിന്തകൾക്ക് എണ്ണപകരുമ്പോൾ ആളിക്കത്തുമത്.
ഇക്കൂട്ടർ ഭൂതകാലത്തെ പൊട്ടുംപൊടികളാലും സൃഷ്ടിക്കപ്പെട്ടവരാണ്.
ഭാവിയിലെ ഓർമകൾക്ക് വേണ്ടി കൂടുകൂട്ടുകയാണവർ ഇന്ന്.
ചിന്തകൾ വ്യാധിയാകുമ്പോൾ ഓർമ്മകൾ ആശ്വാസമായേക്കാം
അവ കാടുകയറുമ്പോൾ ഓർമ്മകൾ ഇരുട്ടായേക്കാം.
മൂർച്ചയേറിയ മുൾപ്പടർപ്പാവുമ്പോൾ ഓർമ്മകൾ രക്തം പൊടിച്ചേക്കാം.
ചിലപ്പോൾ ഉള്ള് കവിഞ്ഞൊഴും ചില ചിന്തകൾ
ഹൃദയത്തോടടുത്ത് നിൽക്കുന്ന നാമ്പുകൾക്ക് ജീവനേകി ഓർമകളാൽ ബന്ധിക്കപ്പെട്ട് വേരുകളാൽ പുണർന്ന് ഒരു പടുവൃക്ഷമായ് വളരുമത്.
വരുംകാല വ്യാധികളെ മുന്നിൽകണ്ട് അവയിൽ നിന്ന് തണലായ്, തുണയായ്കാക്കുമത്.
യാഥാർഥ്യത്തിലേക്കുള്ള ദൂരമാണ് അവയുടെ ചില്ലകൾ എത്തിപ്പിടിക്കുന്നത് .