ചട്ടികൾ പൊട്ടുന്ന ശബ്ദം,
മുറ്റത്ത്, ചട്ടികൾ പൊട്ടുന്ന ശബ്ദം!
റോസാച്ചെടി നിന്ന ചട്ടി,
പിച്ചകപ്പൂ നിന്ന ചട്ടി!
ചട്ടിയിൽ ജീവനുണ്ടുണ്ണീ,
പ്രാണികൾ, മുട്ടകൾ, വിരകൾ!
ചേച്ചിക്കു പ്രാണനാം ചെടികൾ,
തച്ചു തകർക്കല്ലേ എല്ലാം!
അമ്മ പറഞ്ഞതു സത്യം,
അമ്മയറിയുന്ന സത്യം!
ഞാനും പറയുന്നു സത്യം,
കുട്ടനറിയുന്ന സത്യം!
ചെടികൾക്കുടമകൾ,
വേരുകൾക്കതിരുകൾ!
വ്യാജ വളങ്ങൾ,
ചട്ടികൾ തടവറ!
എല്ലാരുമുഴറുന്ന ലോകം,
ചട്ടിയിൽ കോരിവയ്ക്കാനോ ?
ചേച്ചിടെയല്ലെങ്കിലെന്താ,
പൂക്കൾ ചിരിക്കുകയില്ലേ?
അരുമയെന്നോതി വളർത്തും,
അടിമയായ് ചൊല്ലിൽ നടത്തും!
മതിലുകൾ വരിയുന്ന ഭൂമി,
കുതറുവാൻ വെമ്പി നിൽക്കുന്നു!
അതിരുകൾ കരുതുവാനെത്ര,
കുരുതി നടത്തുന്നു മർത്യൻ!
ചട്ടികൾ അതിരുകളമ്മേ,
പൊട്ടിച്ചെറിയുക നമ്മൾ!