പെണ്ണൊരുത്തിയൊരുമ്പെട്ടിറങ്ങീ
മിന്നലൊത്തചിരി ചുണ്ടിലേന്തി!
അന്തിയായെന്നതോർക്കാതെ; നീളേ
അന്തിച്ചു നിൽപ്പാണു താരാപഥം.
ഒറ്റയ്ക്കു രാത്രിയിൽ പെണ്ണിതെങ്ങോട്ടെന്നു
പായാരം ചൊല്ലി, പൂങ്കാറ്റും.
പാർവണചന്ദ്രനും ഒളികണ്ണിട്ടങ്ങു
നോക്കുന്നു മാനത്തുനിന്നും.
നായും നരിയും ഭയം കൊണ്ടു രാത്രിയിൽ
ഓരിയിട്ടു തളരുന്നു.
പേടിയില്ലേ പെണ്ണേ? നിനക്കെന്നു
പാതിരാക്കുയിലും തെരക്കുന്നു.
പേടിച്ചു പേടിച്ചു, ഞാനെന്നേ മരിച്ചു.
ഇതെൻെറ തിരിച്ചു വരവ്!
മെല്ലെപ്പറഞ്ഞവൾ മുന്നോട്ടു നീങ്ങവേ
ദിക്കുകൾ ചിന്തയിലാണ്ടു!
പെണ്ണാളു പോകും വഴിയിൽ
കുളിരായി, പാലപ്പൂമണമൊഴുകി.