മഷിയിൽ കോർത്തിണക്കിയ
മയിൽപീലി തണ്ടുകൾ,
കണ്ണ് ചിമ്മാതെ എന്നെ
നോക്കി ഇരുന്നു..
എന്നോട് എന്തൊക്കെയോ പറയുവാൻ
ആഗ്രഹിക്കുന്നു എന്ന് തോന്നി..
ഞാൻ ആ മയിൽപീലി തണ്ടുകൾ
പതിയെ എന്‍റെ താളുകളിലേക്ക് പതിപ്പിച്ചു..
അത് എന്‍റെ ഹൃദയം വരക്കുവാൻ
പോകുന്നു എന്ന് ഞാൻ കരുതി..!
എന്നാൽ അത് എന്‍റെ ഹൃദയത്തിന്‍റെ
ചിത്രം ആയിരുന്നില്ല..
പിന്നെയോ,
എന്‍റെ ഹൃദയത്തിന്റെ
ഓരോ തുടിപ്പിക്കളും,
പറയുവാൻ ആഗ്രഹിക്കുന്ന
നിന്‍റെ പേരായിരുന്നു..
നീയെന്നെ തേടി വരുമ്പോൾ
മഴയുടെ തുള്ളികൾ പോലെ
എന്‍റെ മനസ്സിൽ തട്ടി ഒരു പാട്ടായി മാറി..
നിന്‍റെ നിഴലിൽ ഞാൻ
എന്‍റെ സ്വപ്നങ്ങൾ തൂക്കി വെച്ചു..
എന്‍റെ ശ്വാസത്തിന്‍റെ ഇടവേളകളിൽ
നിന്‍റെ സ്മരണകൾ നിറഞ്ഞു..
എന്‍റെ നിശ്വാസത്തിന്‍റെ ഓരോ തുള്ളിയും
നിന്‍റെ പേര് ചൊല്ലി നടന്നു..
എന്‍റെ ജീവിതത്തിന്‍റെ
താളത്തിൽ നീയലിഞ്ഞു കൂടിയപ്പോൾ
ഞാൻ കണ്ടു, എന്‍റെ ഹൃദയം
നിന്‍റെ പേരിലെഴുതിയ ഒരു കവിതയായി..
നിന്‍റെ മൗനങ്ങൾ എന്നെ തൊട്ടപ്പോൾ
ഞാൻ മനസ്സിലാക്കി,
നീയില്ലാത്ത നിമിഷങ്ങൾ പോലും
നിന്‍റെ പേരിലൂടെ ജീവിക്കുന്നു..
നിന്‍റെ മൗനം,
എന്‍റെ ആത്മാവിനെ തൊട്ടപ്പോൾ,
ഞാൻ മനസ്സിലാക്കി,
എന്‍റെ സ്വപ്നങ്ങൾ നിന്‍റെ
പേരിലെഴുതിയൊരു ശൂന്യതയായി മാറി..
എന്നിട്ടും,
ഞാൻ നിന്നെ തേടുന്നു,
എന്‍റെ ഹൃദയത്തിന്റെ ഓരോ തുടിപ്പിലും..
മിഴികളുടെ കോണിൽ തടഞ്ഞുനിൽക്കുന്ന
ഒരൊറ്റ തുള്ളി കണ്ണുനീർ പോലെ,
നിന്‍റെ ഓർമ്മകൾ..!
എന്‍റെ ഹൃദയത്തിൽ
നിശ്ശബ്ദമായി തളിർക്കുന്നു..
നീ എന്റെ ജീവിതത്തിന്റെ
ഒരു ഭാഗമെന്നു വിചാരിച്ചപ്പോൾ,
നിഴലായി മാറിയിരുന്നതാണ്
സത്യമെന്നു മനസ്സിലായി..
നിനക്കൊപ്പം തണലെന്നു കരുതിയ ഇളവുകൾ,
ഒടുവിൽ ശൂന്യമായ വേദനയായി മാറി..
നിന്‍റെ മൗനം ഒരു ശിലപോലെയായിരുന്നു,
എന്‍റെ നിലവിളികളൊക്കെ
അതിൽ അടിച്ചു തകർന്ന്പോയി.. !
പക്ഷേ,
അതിന്‍റെ തകർച്ചയിൽ നിന്ന് ഉയർന്ന
ഓരോ തുള്ളിയും,
ഇന്നും എന്‍റെ ഹൃദയത്തിൽ
നിന്നെ തേടിക്കൊണ്ടിരിക്കുന്നു..!