കറുപ്പിനെ തൂക്കിലേറ്റാൻ
ആത്മാഹുതി ചെയ്തവൾ
വിലാപത്തിൻ്റെ
പേറ്റുനോവും ചുമന്ന്
ദയയില്ലാത്ത
കെട്ട കാലത്തെ
കൊല ചെയ്യാനൊരുങ്ങി
കരളു വെന്തു പോയൊരു
ഇരുണ്ട നിറക്കാരി
ഉടലുരിഞ്ഞു പോകുമാറു-
ച്ചത്തിൽ പുലഭ്യം
കേൾക്കേണ്ടി വന്ന,
ഉള്ളുലയ്ക്കുന്ന തീയൊച്ചകൾ
ഗതി നിലപ്പിച്ചൊരു
കറുപ്പു നിറക്കാരി
കറുപ്പിന് ഏഴഴകെന്ന്
ചട്ടം കെട്ടിയ
ഏതൊരുവനെയും
ത്രസിപ്പിക്കാൻ പോന്ന
ഒരു ഉടൽ വിന്യാസവും
എന്നിലില്ലെന്ന്
അന്തർമുഖിയായിപ്പോയ
നിറം കെട്ടുപോയൊരു
കറുത്തവൾ
ഒടുക്കം...
ആത്മാഹുതിക്കപ്പുറം -
പരിഹാസച്ചിരിയുടെ
തെറിച്ച വെയിലേറ്റ്
ഉള്ളം പൊള്ളിപ്പോയ
അവളിലേയ്ക്ക്
കനിവുള്ളൊരു
മഴപ്പെയ്ത്തിൻ്റെ
തെളിനീരു പടർത്താൻ
കണ്ണുകെട്ടിയ നീതിദേവതയുടെ
നീറ്റലിനായി.
കറുത്തതും,
തടിച്ചതും,
മെലിഞ്ഞതും,
കുറുകിയതും, നീണ്ടു പോയതും,
പല്ലുന്തിയതും...
ഒക്കെയും
ഉയിരൊടുക്കാൻ പാകത്തിന്
നെറികെട്ട
വ്യാഖ്യാനങ്ങളായി
മൂർച്ചയേറിയ താക്കീതായി
നീതിയിടങ്ങളിലെ
നിയമ പുസ്തകത്തിൻ്റെ
പുതിയൊരു താളിൽ
അടയാളപ്പെടുത്തി.
അങ്ങനെ -
കറുപ്പിനെ തൂക്കിലേറ്റാൻ
ആത്മാഹുതി ചെയ്തവൾ
സുഖമായുറങ്ങി.