കൂട് 1: പ്രണയം
--------------------------
പഞ്ചേന്ദ്രിയങ്ങൾക്കദൃശ്യമാമൊരുകല
പഞ്ചസായകൻ ചെയ്തുവയ്ക്കുന്നു ഭൂമിയിൽ,
ഏകകങ്ങൾക്കൊട്ടു മാറ്റു നോക്കുവാൻ പറ്റാത്ത
മനസ്സാഴങ്ങളിൽ മാത്രം അറിയുന്ന പവിത്രത..
കൂട് 2: ഓർമ്മയും മറവിയും
---------------------------------------
ജീവകോശത്തിൻ്റെ തുഞ്ചത്തുതൂങ്ങുന്ന
നീഹാരബിന്ദുവാണോർമ്മ
പ്രതിദിനം ശുഷ്‌ക സ്മരണകൾ
ബാഷ്പമായ് മറവിക്കു വഴിമാറിടുന്നു.
കൂട് 3: കിനാവ്
-----------------------
മഴവില്ലിൻ ചായം കൊണ്ട് മന്മഥനൊരു ചിത്രം തീർത്തു,
മായികമാം സങ്കൽപ്പങ്ങളെ ആവോളം വാരിനിറച്ചു
മനസ്സെന്നൊരു ചുവരിൻ നെറുകയിൽ
തെളിയുന്നാക്കരവിരുതൊക്കെ
കനവെന്നോ, കൽപ്പനയെന്നോ
പറയും നാം മാനുഷരതിനെ
കൂട് 4: നിലാവ്
------------------------
പനിമതി ഒരു നല്ല ചേലനെയ്തു,
ഭൂമിക്കിടാത്തിക്കു നൽകുവാനായ്,
പതിന്നാലുരാവുകൾ അൽപ്പാൽപ്പമായ് നെയ്തു
പൗർണമി രാവിലായ് അണിയിച്ചിടാൻ.