ശൈശവത്തിൽ തൊടിയിൽ കളിക്കവേ,
ചന്തമുള്ളോരു ചെമന്ന പൂ കണ്ട്
പൊട്ടിച്ച് മുടിയിൽ തിരുകി, കണ്ണാടി നോക്കവെ,
"അയ്യേ, കളയൂ.. എൻ്റെ കുട്ടിക്ക് ഭ്രാന്തോ
എന്ന് ചൊല്ലുമെല്ലാരും" എന്നമ്മ പറഞ്ഞതും...
ബാല്യത്തിൽ സിനിമകൾ കാണവേ,
കാട്ടുപറമ്പൻ്റെ ചെവിയിലെ പൂ കണ്ട്
പൊട്ടി പൊട്ടി ചിരിച്ചു കുഴഞ്ഞതും...
കൗമാരത്തിൽ പുസ്തകം വായ്ക്കവേ,
ബഷീറിൻ ദേവിയുടെ മുടിയിലെ പൂ കണ്ട്
അത്ഭുതപ്പെട്ടതും, ആ ചന്തം കണ്ട്
നോക്കി നോക്കി ഇരുന്നതും...
യൗവനത്തിൽ യാത്രകൾ പോകവേ,
മാ കാമഖ്യായിലെ അർച്ചന പൂ കണ്ട്
ആ നൂറായിരം ചെമന്ന പൂമാലകൾ കണ്ട്
ആ ക്ഷേത്രത്തിൻ ചരിത്രം തിരഞ്ഞതും...
വീട്ടിൽ തിരികെ വന്നു കയറവേ,
മുറ്റത്തെ ചെമ്പരത്തി പൊട്ടിച്ച് ചൂടി.
പണ്ടത്തെ അതേ കണ്ണാടി നോക്കി അവളോർത്തു,
"ചന്തമുള്ളോരീ പൂവിന്, ഭ്രാന്തിൻ്റെ
ഭ്രഷ്ട് കൽപ്പിച്ച അവിവേകി ആരാവോ?!"