ഓർമ്മകൾ കൊഴിഞ്ഞു തീരുന്നിടത്ത്
ആകാശത്തെ ചുംബിച്ചു നിൽക്കുന്ന
മന്ദാരത്തിലെ നക്ഷത്രകണക്കിനുള്ള ചുവന്ന മുട്ടുകളെ -
കുറിച്ചായിരുന്നു ശില്പ പറഞ്ഞത്
മനുഷ്യത്വത്തിലേക്കു വേരുകളാഴ്ത്തിനിൽക്കുന്ന,
മുട്ടുകൾ വിരിയുകയും കൂമ്പുകയും ചെയ്യുന്ന
എല്ലായിപ്പോഴും പൂത്തുലഞ്ഞു നിൽക്കുന്ന
ഈ മരം മൊണാലിസയെ ഓർമിപ്പിക്കും
ശില്പ പിന്നെ പറഞ്ഞത് അമേരിക്കയിലെ
കാല്പന്തിന്റെ രാജകുമാരികൾ അടക്കിപിടിക്കുന്ന
നെടുവീർപ്പുകളെ കുറിച്ചായിരുന്നു
കളിക്കളത്തിനും മാതൃത്വത്തിനും ഇടയ്ക്കു
കുടുങ്ങി കിടക്കുന്ന നെടുവീർപ്പുകൾ
വിംബിൾഡണിലെ വെള്ള പറവകൾ
തലകുനിച്ചു നടന്നുപോയ ചുവപ്പ് വീണ
വഴിത്താരകളുടെ ഇന്നും നിലക്കാത്ത-
മർമരങ്ങളെ കുറിച്ചു പറഞ്ഞപ്പോൾ
ശിൽപയുടെ കണ്ണുകളിൽ പ്രതീക്ഷയുടെ
നിഴലാട്ടമുണ്ടായിരുന്നു
പന്ത്രണ്ട് ആഴ്ചകളെ കുറിച്ച് ഉറക്കെ ഉറക്കെ വിളിച്ചുപറഞ്ഞ ജാപ്പനീസ് മത്സ്യകന്യകയെ
കുറിച്ച് പറഞ്ഞപ്പോൾ ശിൽപയുടെ മുഖം
ഉദയസൂര്യനെ ഓർമിപ്പിച്ചു
ശില്പ പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരുന്നു
കറുപ്പിനെയും വെളുപ്പിനെയും ചുവപ്പിനെയും കുറിച്ച് ...
"പറ്റില്ലെങ്കിൽ ഒഴിവാക്കുക" എന്ന ആക്രോശങ്ങളെ കുറിച്ച് ...
മൂടിവെക്കപ്പെടുന്ന മുറിവുകളെ കുറിച്ച് ...
ഉർവ്വശിക്കു കിട്ടിയ ശാപവും അനുഗ്രഹവും
ഒന്നായിരിക്കുന്നത്തിൻ്റെ ദൈവനീതിയെ
മനസ്സിൽ ചോദ്യം ചെയ്തുകൊണ്ട്
ഞാൻ അവളുടെ വിറയാർന്ന കയ്യുകളിൽ കയ്യുകളമർത്തി.
ഒരു ആലിംഗനത്തിൻ്റെ തിരശീലയിൽ
അസ്തമയ സൂര്യൻ ചുവപ്പ് രാശി പടർത്തി...