നിറമുള്ള കനവുകൾ ഏറെ ഇല്ലെങ്കിലും
നിറവാർന്ന ഭൂമിയിൽ തുടരുന്നു ജീവിതം
അലയുന്ന കാറ്റിനൊപ്പം ചലിക്കുന്ന
കരിയിലപ്പോലുള്ളൊരീ ജീവിതം.
അലയുന്ന കാറ്റിനൊപ്പം ചലിക്കുന്ന
കരിയിലപ്പോലുള്ളൊരീ ജീവിതം.
നിലയ്ക്കാത്ത ചുഴിയിൽപ്പെട്ടുഴലുമ്പോഴും
വിശപ്പാൽ കരയുന്ന വയറാണ് പ്രശ്നം.
എങ്കിലും പൂക്കാതിരുന്നില്ല
പ്രണയതരുവാം എൻ മനം.
എങ്കിലും തുടിക്കാതിരുന്നില്ല
താളപ്പൊലിമയിൽ എൻ ഹൃദയം.
പ്രണയതരുവിൽ മൊട്ടിട്ടതെല്ലാം
നിറമുള്ള സ്വപ്നങ്ങളായിരുന്നു.
കാലമാം ചൂളയിൽ വെന്തുരുകുംനേരം
സ്വപനങ്ങൾ ഓർമ്മകളായിടുന്നു.
കാലമാം ചൂളയിൽ വെന്തുരുകുംനേരം
സ്വപനങ്ങൾ ഓർമ്മകളായിടുന്നു.
നിറം മങ്ങിയ ഓർമ്മകളായിടുന്നു.
തുടികൊട്ടിയ താളം
കനമുള്ള നോവായി മാറിടുന്നു.
എങ്കിലും എങ്കിലും വിശപ്പാണ് പ്രശനം
അന്നനാളത്തിൻ നോവാണ് പ്രശ്നം
അന്നനാളത്തിൻ നോവാണ് പ്രശ്നം.
പ്രണയ ലിഖിതങ്ങൾ ഉള്ളിലൊളിപ്പിച്ചു
നോവറിഞ്ഞന്നനാളങ്ങളെ പോറ്റുവാൻ
പ്രണയതരുവിൻ ചില്ലകൾ വെട്ടിമാറ്റി
കനമുള്ള നോവുകൾ പുറത്തെറിയാൻ
ചിരിയുടെ മൂടുപടം എടുത്തണിഞ്ഞു
തോറ്റവൻ എന്ന വാക്കു മറച്ചുവയ്ക്കാൻ
കാലം ഉഴുതിട്ട പാതയിൽ ഇങ്ങനെയും
നീങ്ങുന്ന പഥികരേ
നിങ്ങളിലൊരുവൻ ഞാൻ.
നിങ്ങളിലൊരുവൻ ഞാൻ.
നമ്മുടെ ചില്ലകൾ പിന്നെയും പൂക്കുമോ
നമ്മുടെ തുടികൾക്കിനിയും താളം ലഭിക്കുമോ
നീങ്ങിടാം ഉത്തരം തേടി.
നീങ്ങിടാം മൗനമായ് ..................