ചെറുപ്പത്തിൽ 'ഋ' വിഴുങ്ങിയപ്പോൾ
ഋഷിയെയും ഋഷഭത്തെയും കൂടെ വിഴുങ്ങി
മരത്തിൽ കേറിയതിനും,
പുഴയിൽ നീന്തിയതിനും
തല്ലു കൊണ്ടപ്പോൾ
അറിയാവുന്ന തറയും പറയും കൂടെ വിഴുങ്ങി.
കറുത്തവർ പഠിച്ചിട്ടെന്തിനാ?
വാക്കുകൾ വന്ന് പിന്നിൽ കുത്തിയപ്പോൾ
ചുറ്റും കണ്ട വാക്കുകളെയൊക്കെയും
ആർത്തിയോടെ വിഴുങ്ങി ഓടിയൊളിച്ചു.
സ്വപ്നങ്ങൾ ഓടിയെത്തി,
വാക്കുകളെ ചേർത്ത് കിടത്തി.
വാക്കുകൾ പരസ്പരം കലഹിച്ചു
വാക്കുകൾ സ്വപ്നങ്ങളെ ചേർത്തു പിടിച്ചു
വാക്കുകൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി
വാക്കുകൾ ഉള്ളിൽക്കിടന്ന് പെറ്റുപെരുകി
എത്രയൊളിപ്പിച്ചിട്ടും
വാക്കുകളുടെ മണം പുറത്തു വന്നു.
കുഞ്ഞുവാക്കുകൾ പുറത്തിറങ്ങാൻ തിടുക്കം കൂട്ടി
മൂർച്ചയുള്ള വാക്കുകൾ ആദ്യമിറങ്ങി
കനത്ത വാക്കുകൾ പിറകെയിറങ്ങി
ആഴമുള്ള വാക്കുകൾ കൂട്ടത്തോടെയിറങ്ങി
വിഴുങ്ങിയ വാക്കുകളെല്ലാം പുറത്തു ചാടി
തിളക്കമുള്ള വാക്കുകൾ വഴി കാട്ടി
മരത്തിൽ കേറി, പുഴയിൽ നീന്തി
സിനിമ കണ്ടു, പാട്ട് കേട്ടു, പൊട്ടിച്ചിരിച്ചു
പുസ്തകങ്ങളിൽ കേറി, അഭിമാനത്തോടെ നിന്നു.
ശേഷം അവളെ കടലു കാണിക്കാൻ കൂട്ടിക്കൊണ്ടു പോയി.