ള്ളേ..ള്ളേ..പിറന്നു വീണൊരു ശിശു സാഹിത്യലോകത്ത്..
പിറന്നപടി, പാതിമിഴിവാതിലിലൂടെ വിശാലമാം
സാഹിത്യലോകത്തെയും ആദ്യമായ് കാണുന്ന തൻ
നിരൂപകരെയും അത്ഭുതംകൂറിക്കൊണ്ട് നോക്കിയപ്പോൾ
വൃത്തമെന്തിങ്ങനെ? പ്രാസമെന്തിങ്ങനെ? അലങ്കാരശോഷിപ്പിന്
താളത്തിൽ ചാലിച്ച വായന കേമമെന്നിങ്ങനെ ചെറുബാണ-
ങ്ങളാ പിഞ്ചുസൃഷ്ടിയെ അറഞ്ചംപുറഞ്ചം കുത്തിനോവിച്ചു
പിച്ചവെച്ച് നടന്നു തുടങ്ങിയ ആ ‘വലതുകാൽ’ തന്നെ
ലക്ഷ്യമിട്ട് നിരൂപകവേടന്മാർ തൊടുത്തു വിട്ടൊരു
ശരം തറച്ചു - തുറിച്ചുകൊണ്ടിങ്ങനെയോതി,
എഴുത്ത് ഭൂമിയിൽ മൂന്ന് ചില്വാനം ആണ്ടായില്ലേ,
ശിശു ആയിട്ട്..വായിക്കണം, പഠിക്കണം..
വളർന്നു തുടങ്ങിയ ശിശുവിനെ പുച്ഛിച്ചുതള്ളിയ നിരൂപകർ
‘തല’ ലക്ഷ്യം കണ്ടെയ്‌ത ശരത്തിലിങ്ങനെ കൊത്തിയിരുന്നു;
വായിച്ചു നടന്നാൽ മാത്രം മതിയോ,
വായിച്ചതും പഠിച്ചതും ഉടനീളം പ്രയോഗിക്കണ്ടെ?
കഷ്ടിച്ച് രക്ഷപ്പെട്ടു, തലനാരിഴയ്ക്ക്!
ആ ശരം തലനാരിഴയിൽ തറച്ചു തൂങ്ങി കിടന്നു..
ചോരത്തിളപ്പിൻ ബലത്തിൽ തൂലികത്തുമ്പിനെ ഢാലവും
പടവാളുമാക്കി, വളരാനിച്ഛിച്ച് ചെറു അവാർഡുകളുമായ്
പൊടിമീശ പിരിച്ചുകൊണ്ട് പ്രോത്സാഹനമാശിച്ചപ്പോഴതാ
തൂലികത്തുമ്പിൻ മുനയൊടിച്ചുകൊണ്ട് പാഞ്ഞടുത്ത് പൊടി-
മീശയുൾപ്പടെ തുളച്ചൊരു ശരം, ശൂലമായ് ‘നാവിൽ’ തറച്ചു..
ഹല്ലേയ്! ഈ ചെറു പരീക്ഷകളിൽ എന്തിരിക്കുന്നു?
വായിച്ചത് പ്രയോഗിക്കുന്നുവെന്ന് സ്ഥാപിക്കേണ്ടതൊരു
പുസ്തകലോകം അടിത്തറകെട്ടി പണിതുയർത്തിക്കൊണ്ടാവണം
കഥയ്ക്കും കവിതയ്ക്കും ഊടും പാവും നെയ്തുകൊണ്ട്
എഴുത്തുകുത്തുകളുടെ ഒരു പർണ്ണശാല തന്നെ തീർത്തു
ഇതിലല്പമെങ്കിലും തൃപ്തരായി കൈ തരുമെന്ന് കരുതി
നീട്ടിയ ‘വലതു കൈ’യ്ക്കിട്ടു തന്നെയവർ ശരം പായിച്ചു;
കഥയും കവിതയും മാത്രമായാൽ സാഹിത്യഭൂവിനെന്തർത്ഥം?
ഉടനീളം തുണയായ് ഒരു തിരക്കഥ കൂടി വേണ്ടേ?
കൂടെകൂട്ടിയങ്ങനെ സഖിയായി തിരക്കഥയെ..
ഝടാന്ന് അടുത്തൊരു അമ്പെയ്ത്ത്-‘വയർ’ ലക്ഷ്യമാക്കി!
ഇങ്ങനെയൊക്കെ മതിയോ,ഒരു വല്ല്യഅവാർഡ് കൂടി വേണ്ടേ?!
അഃ! ഈശ്വരാനുഗ്രഹത്താലതാ സംസ്ഥാന അവാർഡ്!
അല്പം ആത്മനിർവൃതിയെ പുൽകാനാഞ്ഞപ്പോൾ-നിരൂപകർ
കണ്ടഭാവം നടിക്കാതെ, ‘നട്ടെല്ലിലേക്ക്’ പായിച്ച ഋഷ്ടി പരിഹസിച്ചു;
വല്ല്യ കഴമ്പില്ലിതിൽ, ഏതൊരു സാഹിത്യകാരനുമൊന്ന്
ശ്രമിച്ചാലൊക്കുന്നവാർഡ്! കേന്ദ്രഅവാർഡ് കൂടിയായാൽ ഭേഷ്..
ഇവയ്ക്ക് കൂട്ടിനൊരു നോവലും കേന്ദ്രഅവാർഡും വേണം!
അങ്ങിനെ കഥയും കവിതയും തിരക്കഥയും
നോവലും വീണ്ടും മിനുക്കി കേന്ദ്രഅവാർഡും വാങ്ങി
പർണ്ണശാലയുടെ മുന്നിൽ ചില്ലിട്ടുവയ്ക്കുമ്പോഴേക്കും
ഓടി തളർന്നു വീണ് ശരശയ്യയിൽ കിടപ്പായപ്പോൾ
വീണ്ടും നിറച്ച ആവനാഴിയുമേന്തി നിരൂപകർ കാണാൻ വന്നു
ഹേ, ആദ്യത്തെ അവാർഡ്-കഥ, സിനിമ ആകുന്നുവെന്ന് കേട്ടു..
വായിക്കണം., പഠിക്കണം…
ഈ ശരം തെക്കോട്ട് ലക്ഷ്യമാക്കി കൃത്യം ‘നെഞ്ചിൽ’ തറച്ചു!
അപ്പോഴും അവർ പിറുപിറുത്തു കൊണ്ടിരുന്നു..
ഹാ, കഷ്ടം! വലിയോരു ജന്മം ആയിരിയുന്നു.. മഹത്ജന്മം!
ഈവണ്ണം ശരശയ്യയിൽ നരകിച്ചായല്ലോ മടക്കം.
എന്നിരുന്നാലുമൊരു ആത്മകഥയും യാത്രാവിവരണവും കൂടി
ആവാമായിരുന്നു.. ആഹ്, ഇനി സിനിമ വരെ കാക്കാം..
സിനിമ അരങ്ങിൽ തകർത്തു,വിജയാരവങ്ങളെങ്ങും പ്രതിധ്വനിച്ചു
തെല്ല് കൂസാതെ, ഇപ്രകാരം വിലയിരുത്തി നിരൂപകർ;
എന്തിനധികം പറയേണ്ടൂ, അത്പിന്നെ അങ്ങിനെയല്ലേ വരൂ..
സ്വന്തം വ്യക്തിത്വം ആ പുണ്യാത്മാവ്, സംസ്ഥാന അവാർഡിൽ
സ്വർണ്ണ ലിപിയിൽ കോറിയിട്ട ആ കഥയുടെ സിനിമയല്ലേ….!
എന്താ, ല്ലേ...!!