ചിലപ്പോൾ ഉള്ളിൽ നിറയെ മീനുകൾ ഉള്ള ഒരു കടലാണ്,
ആ കടലിൽ ദിക്കറിയാത്ത ഒരു പായ്ക്കപ്പൽ ഒരു കപ്പിത്താനെ അന്വേഷിക്കുന്നുണ്ടാവും,
ആ കപ്പലിൻ അടിത്തട്ടിൽ മീനുകൾ കൊത്തിയ കണ്ണുമായി ഞാൻ ഒഴുകി നടക്കുന്നു
എൻ്റെ ഹൃദയത്തിന് അപ്പോഴും ചുവപ്പുനിറം മങ്ങിയിട്ടുണ്ടാവില്ല,
ഞാൻ തീരത്തണയുപോൽ കാടായി മാറിയിരിക്കുന്നു
വസന്തം കാലം തെറ്റി വന്നതാണ്.
വെയിൽ വീണ സൂര്യകാന്തി പൂക്കളുടെയിടയിലൂടെ ഞാൻ വാൻഗോഗിനെ അന്വേഷിച്ചു നടന്നു
ഞാനൊരു സൂര്യകാന്തി പൂ പറിച്ചെടുത്ത് എൻ്റെ ഹൃദയത്തിൽ കൊരുത്തി വെച്ചു ,
പിന്നെ ഒരു വെടിയൊച്ച കേട്ട് ഉണരുമ്പോൾ ഞാൻ ഒരു മരുഭൂമിയിലാണ്
കണ്ണുകളോളം മണ്ണ് നിറഞ്ഞ് പൊടിക്കാറ്റ് ഏറ്റ് ഒരു ഉറക്കം
സാൻറ്റിയാഗോയെയും ആട്ടിൻകുട്ടിയെയും പിരമിഡിനെയും സ്വപ്നം കണ്ടു,
പിന്നെ ഞാൻ എടുത്തെറിയപ്പെട്ടത് മകൊണ്ടായിലെ മഞ്ഞ ചിത്രശലഭങ്ങൾക്കിടയിലേക്ക് ആയിരുന്നു
വീണ്ടും ഏകാന്തതയുടെ നൂറു വർഷങ്ങൾ കഴിഞ്ഞ് അൽഷിമേഴ്സ് പിടിച്ച ഒരു പാറ്റയായി ബഷീറിൻ്റെ വീട് അന്വേഷിച്ചു പറന്ന്.......