കാണാതെ പോയി നീ,
നിനക്കായി ചിതലഴിച്ച പുസ്തകങ്ങൾക്കിടയിൽ
ഞാനൊളിപ്പിച്ചുവെച്ച പ്രണയമന്ത്രങ്ങൾ;
കേൾക്കാതെ പോയി നീ,
നിനക്കായി മനസ്സിന്റെ മണിവർണ്ണച്ചെപ്പിനുള്ളിൽ
ഞാൻ നെയ്തുതീർത്ത പ്രണയഗാഥകൾ.
ഓല മേഞ്ഞോരെൻ വീടും,
പൂജ്യം കൊണ്ടമ്മാനമാടിയ കടലാസ്സുകെട്ടുകളും,
കാലിയായൊരു ഖജനാവും
ഒരജ്ഞാത ചരടുപോലെന്നെ വലിച്ചു...
ഇഷ്ടങ്ങളൊക്കെയും നഷ്ടങ്ങളായെങ്കിലും,
ഈ ഇളകിയാടുന്ന നെഞ്ചിൽ
ഇന്നലെകളിലെ നീയും നിന്റെ ഓർമ്മകളുമുണ്ട്;
പക്ഷേ എനിക്ക് വേണ്ടിയിരുന്നത്
ഓർമ്മകളായിരുന്നില്ലലോ... നിന്നെയായിരുന്നില്ലേ?
പറയാതെ പോയ പ്രണയവും,
ഒന്ന് പറഞ്ഞിരുന്നേൽ കിട്ടുമായിരുന്നെന്ന ദു:സ്വപ്നവും
ജീവിതം തന്നെ സങ്കീർണമാക്കുന്നു;
ഒരുപക്ഷേ ഞാനിന്നും ഒരു കാത്തിരിപ്പിലായിരിക്കും!