ഹേ റാം
മഹാത്മാവേ അങ്ങയോട് മാപ്പ്
വീഴുന്നു അവസാനത്തെ വാക്ക്
വാഴുന്നു ഘാതകന്‍റെ തോക്ക്
പരീക്ഷണങ്ങളിൽ അന്വേഷിച്ച
സത്യത്തിന് പോളിഗ്രാഫ് ടെസ്റ്റ്
ഫ്യൂഡലിസത്തിന്‍റെ ഫാക്ടറികളിൽ
ചരിത്രത്തിന്‍റെ മെറ്റമോർഫോസിസ്
അടിമത്തത്തിന് വഴങ്ങാത്ത
ചിന്തക്ക് വക്കീൽ നോട്ടീസ്
ഉപ്പ് സത്യാഗ്രഹത്തിന്‍റെ വാർഷികത്തിന്
പ്യൂറോയുടെ സ്പോണ‍്സർഷിപ്പ്
അഹിംസയുടെ തീരത്ത്
ഹിംസയുടെ വേലിയേറ്റം
അഞ്ജാത ഘാതകന് പൂമാല
വെടികൊണ്ട ഗൌരിക്ക് ചുടല
കോടതിലൊരു കടുവാക്കളി
അക്ബറിനും സീതയ്ക്കും ജ്ഞാനസ്നാനം
അങ്ങനെ കടുവകൾക്കും മതമായി
ആനയ്ക്ക് മതവും മദപ്പാടുമായി
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും
മതം മനുജന് കൌതുകമായി
രാമനും, കൃഷ്ണനും
ജയ് ജയ് വിളിച്ചാട്ടെ
പിതാവിനും, പുത്രനും
സ്തുതിയായിരിക്കട്ടെ
മക്കയും മദീനയും
പരിശുദ്ധമാകട്ടെ
ദിവ്യക്ഷേത്രത്തിന് ശിലയായി
മതസൌഹാർദ്ദം ശിഥിലമായി
ലഹളയുണ്ടാക്കിയവന്
കോടതിയിൽ മാപ്പ്
ആസൂത്രണം ചെയ്തവന്
ഗാന്ധി പീസ് പ്രൈസ്
നാലാമത്തെ വെടിയുണ്ട തറച്ചത്
അങ്ങയുടെ ഹൃദയത്തിലല്ല
മതസൌഹാർദ്ദത്തിന്‍റെ നെഞ്ചിൽ
ഭാരതാംബയുടെ മാറിൽ
സ്നേഹത്തിന്‍റെ നെറ്റിയില്‍
കരുണയുടെ കണ്ണിൽ
രഘുപതി രാഘവ കേൾക്കുന്നില്ല
മണിയൊച്ച മുഴങ്ങുന്നു
നേരമല്ലാത്ത നേരത്ത്
ദിവ്യക്ഷേത്രത്തിൽനിന്നാണ്
പൂജ തുടങ്ങാൻ സമയമായി.
യമുനാകല്യാണി രാഗത്തിൽ
ഭക്തിഗാനം കേൾക്കുന്നു
“കൂജന്തം രാമരാമേതി
മധുരം മധുരാക്ഷരം”
നക്ഷത്രക്കണ്ണുപൂട്ടി,മെലിഞ്ഞ കൈകൂപ്പി
പല്ലില്ലാ മോണകാട്ടി ചിരിക്കുന്നു
അർദ്ധനഗ്നൻ,നിരാമയൻ,നിഷ്കാമൻ
ഹേ റാം