തൂവെള്ളിക്കസവിൽ കറ പുരളുന്നു
വദനങ്ങളിൽ ദുഃഖത്തിൻ തീക്കനലെരിയുന്നു...
ഉള്ളുപൊള്ളിക്കും ലാവയെ കണ്ണിലൊതുക്കിയവൾ
സഹനത്തിൻ വൻ മതിലുകൾ പൊട്ടിച്ചെറിയുന്നു..
കാണാക്കാഴ്ചകൾക്കുമേൽ നീതിതൻ പടവാളു-
വീശിയൊരുവൾക്കു മുന്നിലായ്ന
തിളച്ചുമറിയും സങ്കടക്കടലിനെ ശാന്തമാക്കുവാനാകാതെ
വിഷണ്ണയായ്-വിരൂപയായി വിവസ്ത്രയായൊരു
പെണ്ണവൾ, ഭൂമിദേവി...
ആരു നീയെൻ കോട്ടതൻ വാതിൽ-
തകർത്തകത്തു കടക്കുവാൻ ധൈര്യമുള്ളവൾ?"
എന്നോരാ ചോദ്യത്തിൽ വിതുമ്പിപ്പോയ് ധരിത്രിതന്നധരങ്ങളും...
പരിചിതമായൊരാ തേങ്ങലിൽ വിറച്ചുപോയ് നീതിദേവതയും...
ധരണി തൻ ദുഃഖങ്ങളൊക്കെയും,
നീതിതൻ പുതപ്പിനാലവൾ ആകർഷിച്ചിതാ...
"എങ്ങുപോയ് നിൻ നൽ ചര്യകളെല്ലാം?
അകന്നേ പോയി നിൻ നന്മകളെല്ലാം...
മലീമസമാം മേനിയും,
ചേതനയൊറ്റൊരാ മനസ്സും
ശോഷിച്ചൊരാകാരവും കാണേണ്ടി -
വരുമെന്നു നിനച്ചതില്ലീ ജന്മം!"
"പറയുവാനേറെയുണ്ടെന്നാകിലും
നിസ്സംഗയായ് മാറി ഞാൻ!
എന്നിലെ ജീവസത്ത വലിച്ചൂറ്റിക്കുടിച്ചു
ആ രാക്ഷസന്മാർ..
വറ്റി വറുതിയായ് പോയെന്നുടലുമാത്മാവും...
വെന്തു വെണ്ണീറായെന്നുള്ളവും.
തണലുകൾ വെട്ടി സൗധങ്ങൾ പണിയുവോർ,
തണ്ണീർത്തടങ്ങളിൽ വിഷം കലർത്തുവോർ
തടയണ കെട്ടി തടഞ്ഞുവെൻ ഒഴുക്കുമുടയാടയും.
ഒരിറ്റു ദയയ്ക്കായ് കേണപേക്ഷിക്കവേ -
വെട്ടിവീഴ്ത്തിയവരെൻ മക്കളേയും..
മ്ലേച്ഛമാക്കിയതെൻ സ്ത്രീത്വത്തെയും.
വന്യജാലങ്ങളില്ലാതനാഥമായെൻ തലമുറയും..!
പൊള്ളുന്നൊരീ മണ്ഡലവും പേറി മരീചികയായി,
സ്വയമെരിയുന്നൊരാത്മാവു ഞാൻ!!
ഇനിയെന്നിൽ ജീവൻ സ്‌ഫുരിക്കുകില്ല...
എൻ ശ്വാസമൊന്നിലും പടരുകില്ല...
എൻ നിഴൽപോലുമൊരിടവും പതിയുകില്ല...
എന്റെ സ്മൃതികളും മൃതിയായി ലയിച്ചുകൊൾക.!"
ധരണിതൻ വാക്കുകൾ
ഉറുമിയായ്, മാറ്റൊലിയായ് -
പടരുന്നിതവളുടെ നെഞ്ചിൽ.. സത്യത്തിനുമേൽ അന്ധയായ്ർ
നീതി നടപ്പാക്കുന്നവൾ... കോപത്താൽ ശാന്തത വെടിഞ്ഞിതാ ഉഗ്രരൂപിണിയായ് തപസ്വിനി, തപോനിധി നീതി തൻ ദീപ്ത പാഠങ്ങൾ -
തന്നധിപയാമവൾ...
നീതിതൻ പടവാളുമായ് സ്നേഹ-തീർത്ഥങ്ങളിലെ -
വെളിച്ചത്തിന്നു കാവലായി!!
തീവിഷം തുപ്പുന്ന രാക്ഷസപ്രവരർക്കും,
താണ്ഡവമാടുന്ന ഘോര സർപ്പങ്ങൾക്കും
നാശത്തിൻ തീക്കനലായ്....
സംഹാരരുദ്രയായ് മാറിടുന്നു.... ഭൂമിതൻ മിഴിനീർക്കണങ്ങൾക്കു മീതെയായ്-മേഘവിസ്ഫോടനം നടത്തി...
സഖിക്കായ് സ്നേഹക്കരങ്ങളൊരുക്കി
പ്രതികാരത്തിൻ ജ്വാലയുയർത്തി
ധരണിതൻ സിരകളിലൊഴുക്കി -
പകതൻ വിഷപ്പച്ചകൾ....
ദേഹിയായി മാറിയൊരാ സോദരിതൻ സാമീപ്യത്താൽ
ജ്വലിച്ചുയർന്നു ധരിത്രിതൻ അന്തരാത്മാവിലെ -
പ്രതികാരദുർഗയും...
പട പൊരുതുവാൻ ശേഷിയില്ലാതെ,
പകച്ചു പോയ് മാനവരും...
കരകവിഞ്ഞു ജലാശയങ്ങൾ,
തകർന്നുവീണു കൈവരികൾ,
നിലം പതിച്ചു മാനവ സൃഷ്ടികൾ....
വന്നടിഞ്ഞു അവശിഷ്ടങ്ങൾ സമുദ്രത്തിലും...
ശവങ്ങളായ് മാറിയ
മക്കളെക്കണ്ടുതേങ്ങി ധരണിതൻ മാതൃഹൃദയവും...
പാലൂട്ടിയ കൈകളാൽ ജീവനെടുത്തൊരാ ജന്മത്തെ
ശപിച്ചവൾ പേറ്റുനോവിൻ പാരമ്യതയിൽ വിണ്ടുകീറി സ്വദേഹിയെയും-
തന്നകക്കാമ്പിലേക്കാകർഷിച്ചൊരാ -
ആത്മഹൂതിയിൽ പുനർജനിച്ചു പുതിയൊരു ജനനിയും!
നീതിതൻ കാവലാളായ് നീതിദേവതയും
നന്മതന്നമ്മയായി ധരണിയും...
പിറന്നു പുതുപ്രതീക്ഷയിൽ വീണ്ടുമൊരു പൊൻപുലരിയും...