അനുവും പാത്തുവും കൂട്ടരുമൊത്ത്
സ്കൂളിൽ പോകും പാതയതിൽ
പതിവായെന്നും അടഞ്ഞുകിടന്നാ-
നൊരുനെടുനീളൻ വമ്പൻ ഗേറ്റ്.
ഗേറ്റിൽ ചിത്രപ്പണികൾ പലവിധം
നരിയും പുലിയും ചെറുകലമാനും;
അങ്ങനെയൊരുചെറു കാട് വരച്ചിട്ടു-
ണ്ടൊരുവീരൻ ആ ഗേറ്റിൽ.
മിനുവിന്നച്ഛൻ മനുവിന്നമ്മ
പാറൂൻറ്റാങ്ങളയെല്ലാരും,
ഒരേ സ്വരത്തിൽ ഒരേ തരത്തിൽ,
കല്ലൻ നുണകളടിക്കുന്നു!
"അരുതരുതിതുവരെ ഗേറ്റ് കടന്നവരാ-
രുമ്മടങ്ങിയ കഥയില്ല!
ഗേറ്റിന്നപ്പുറമാണി പതിച്ചൊരു വാരികുഴികൾ രണ്ടെണ്ണം;
അതുകടന്നപ്പുറം കാവൽ നിൽക്കും വേട്ടപ്പട്ടികൾ നാലെണ്ണം!”
അങ്ങനെയൊരുനാൾ പാതി തുറന്നോരാ-
ഗൈറ്റിനുൾവശം കാൺമാറായി,
പച്ചകുലകളിൽ നട്ടന്തിരിയും
മാവിൻ കൊമ്പും കാണ്മാറായി.
മണ്ടിനടക്കും വികൃതിക്കൂട്ടങ്ങൾക്കില്ലി-
തു കണ്ടാൽ തെല്ലു ക്ഷമ.
തുരുതുരെ പാഞ്ഞൊരു കല്ലുകളൊന്നായ്
ഗേറ്റു കടന്നൂ അന്നാനാൾ.
പൊടുന്നനെ ചുമട്‌പോൽ കാണായിവന്നൊരു
ഭീകര സത്വം ദൂരത്തിൽ!
"ആരാണെന്തെൻ മാവിനു നേരെ
കൂട്ടം കൂടി കല്ലേറ്?"
ഓടാനൊക്കാദിക്കുവും മക്കുവും
അന്തിച്ചങ്ങനെ നിൽക്കുമ്പോൾ,
"അടയെടാ ഗേറ്റേ" എന്നായ് സത്വം
ഇരുകരിപാളിയുമടഞ്ഞേ പോയി!
ഉള്ളതിലിത്തിരി മീശമുളച്ചവന-
ന്തോണിച്ചൻ മറുപടിയായ്
"മാവിൽ മാമ്പഴമുണ്ടാവുന്നതു
എറിഞ്ഞു വീഴ്ത്തി തിന്നാനായ്!"
ഒരുചെറു പൊട്ടിചിരിയൊടുകൂടെ
വന്നൂ സത്വം കണ്മുന്നിൽ
സത്വവുമല്ലൊരുഭൂതവുമല്ലതൊരു
പാവം പാവം 'ജെനറ്റിൽമാൻ'
"മാങ്ങ പറിക്കാൻ കല്ലേറെന്തിന്
'കൂളൻ' റോബോയുള്ളപ്പോൾ!
വരികെടാ റോബോ നിൽക്കടയിവിടെ
പറികെട മാമ്പഴം പത്തെണ്ണം"
മാമ്പഴം ചപ്പി നടന്നാപ്പിള്ളേർ
പോകും വഴിയേ കഥ ചൊല്ലി,
ഗേറ്റിന് പിന്നിൽ മാവും പ്ലാവും
മാമരം വേറേ പലപലതും!
തൊട്ടിയേ താനേ കോരും കപ്പിയും
കൈ നീളുന്നൊരു റോബോയും!
പിന്നീസൂത്രപ്പണിയുടെയെല്ലാംഉസ്താദ്
നമ്മുടെ സ്വന്തം സയൻസ് അങ്കിളുമാണല്ലൊ!