നീ മഴയാവുക, പുഴയാവുക,
മുടി അഴിച്ചിട്ടാടുക,
ആ കറുകറുത്തവൻ
നിന്നെ തേടിവരട്ടെ.
നീ തീയാവുക, ജ്വലിക്കുക
സൂര്യനായെരിയുക,
അവന്റെ കള്ളക്കണ്ണുകൾ
നിന്നെ കണ്ടൊരു മാത്ര ചിമ്മട്ടെ.
നീ ശിലയാവുക, ഉറയുക,
അവനെക്കാൾ കറുത്തവളാകുക,
അവന്റെ കരിങ്കൽഹൃദയം
നിന്നെ അലിയിക്കാനായുരുകട്ടെ.
നീ ഗന്ധമാവുക, കാറ്റാവുക,
കൊടുങ്കാറ്റായാടുക,
അവന്റെ പീലിച്ചാർത്തുകൾ
നിന്റെ കാറ്റിൽ ഉലഞ്ഞകലട്ടെ.
ഒടുവിൽ നീ ആകാശമാവുക,
ആഴമാർന്ന നീലാകാശം,
അപ്പോൾ അവൻ നീലമേഘമായ് വരട്ടെ,
ആരാരെന്നറിയാതെയാവട്ടെ.
# അഞ്ചായി മാറുന്ന അവസ്ഥ അഥവാ പഞ്ചത എന്നാൽ മരണം. ശരീരം പഞ്ച ഭൂതങ്ങളായി വിഘടിച്ചു അതതിൽ ലയിക്കുന്നതിനെ സൂചിപ്പിക്കുന്നു.