വരണ്ടുണങ്ങിയ വേനലിൽ നിന്നെനിക്കു നീ
നനവിൻ്റെ നാമ്പുകൾ തീർത്തു തന്നു
നിതാന്ത വിസ്മയ വാതായനങ്ങൾ
എനിക്കായി നീ തുറന്നു തന്നു
ഏകാന്ത മനസ്സിൻ്റെ പേകോല കൂത്തുകൾ
പേടിപ്പെടുത്തിയ വേളകളിൽ
ചേർത്തു പിടിച്ചു നീ തന്നരോർമ്മകൾ
നിലക്കാതെ നിറയുന്നു നിത്യമെന്നിൽ
പാതിവിരിഞ്ഞൊരു പൂവിൻ്റെ മാറിൽ
തിങ്കൾ പൊഴിയുന്ന നീലയാമം
പിണക്കം പടർത്തി കൺപീലികൾ
തമ്മിൽ കലഹിച്ചകലുന്ന നേരം
ആശകൾ മുരടിച്ച ഹൃദയതാളുകൾ
പ്രണയത്താൽ ചാലിച്ചു നീ നിറച്ചു
അണയുവാൻ കഴിയില്ലെനിക്കൊരിക്കലും
ഏത് തീരം മാടി വിളിച്ചാലും
നീയാം പുഴയിൽ ഹൃദയമാം തോണിയിൽ
നിലക്കാതെ ഒഴുകുവാനാണെനിക്കെന്നുമിഷ്ടം