നിറയെ പൂക്കളുള്ള എന്റെ അമ്മായിയുടെ വീട്ടുമുറ്റത്തിന്
ഒരു പൂന്തോട്ടത്തിന്റെ ഛായയുണ്ടായിരുന്നു.
വീൽചെയറിലിരുന്നു മാത്രം ലോകം കണ്ടിരുന്ന എന്റെ മുറപ്പെണ്ണിന്
അവിടത്തെ പൂക്കളോടെല്ലാം പ്രണയമായിരുന്നു.
എന്റെ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് അവളുടെ കാലുകളൊഴിച്ച്,
പരിപൂര്‍ണ്ണ സാദൃശ്യവുണ്ടായിരുന്നു.
ഇന്ന് വെയിലിന്റെ അവസാന ഇതളും അടരാന്‍ തുടങ്ങവെ
അടുത്തുണ്ടായിരുന്ന അവളുടെ കണ്ണുകളെ മാത്രം നോക്കി
ഞാന്‍ പറഞ്ഞു പോയിരിക്കുകയാണ്.
“എന്റെ പ്രണയം നീ സ്വീകരിക്കണമെന്ന്. ”
വൈകിട്ടു വാടുന്ന പൂക്കളെപ്പോലെ മാത്രം
സ്വപ്നങ്ങളുണ്ടായിരുന്ന അവള്‍
കരയാന്‍ തുടങ്ങുമ്പാഴെക്കും ഞാ൯ പറഞ്ഞു
“രണ്ടു പേർക്കും കൂടി നടക്കാന്‍ എന്റെ കാലുകള്‍ മതിയാകുമെന്ന് ”
ചെറു പുഞ്ചിരിയുടെ ചിറകുകളെടുത്ത് മുഖമുയർത്തിയ അവളോട്
ആനന്ദം നിശബ്ദമാക്കിയ എന്റെ ചുണ്ടുകള്‍ക്കുവേണ്ടി
ഒരു, നിറഞ്ഞ മഴയാണ്
ഇപ്പോൾ കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്.