നോക്കൂ,
ശൈത്യകാലത്തിൻ്റെ ഒടുവിലെത്താറുള്ള
ശീതക്കൊടുങ്കാറ്റ് ഇത്തവണയുമെത്തിയെങ്കിലും
നമ്മൾ ഭയന്നതുപോലെ
മേൽക്കൂര പറന്നു പോയിട്ടില്ല.
ചാന്നു നിന്ന മരം
വേരറ്റു വീണില്ല.
മഞ്ഞു മൂടിയെങ്കിലും
മുന്നിലെ വഴി തീരെ കാണാതെയായില്ല.
കഴിഞ്ഞ കൊല്ലത്തെപ്പോലെ
തണുപ്പേറ്റ് അടുപ്പ് കത്താൻ മടിച്ചില്ല.
നോക്കൂ,
കെട്ടുറപ്പ് കൂട്ടാൻ
നമ്മൾ നാട്ടിയ തൂണുകളൊന്നും
വെറുതെയായില്ല!
മെല്ലെ മെല്ലെയിറങ്ങിയിറങ്ങി
വേര്,
മരത്തെ താങ്ങിനിർത്തിയിരിക്കുന്നു.
ചരിഞ്ഞ് ചരിഞ്ഞെങ്കിലും
സൂര്യൻ
അധികമധികം വെളിച്ചം തരുന്ന
പകലുകൾ തുടങ്ങിയിരിക്കുന്നു!