നിള ചൊല്ലിയതൊക്കെയും കവിതയായിരുന്നു
നിരാലംബയായ നിള
തന്ത്രവാദ്യങ്ങളുടെ തന്ത്രികൾ പോലെ
നേർത്തുപോയിരുന്നവൾ
കേട്ടത് സംഗീതമല്ലായിരുന്നത്രെ
മീട്ടാൻ ഞാൻ വീണയുമല്ലത്രെ
അവൾ പരിഭവിച്ചു
കെറുവിച്ചു
സ്നേഹത്തിന്റെ പരപ്പുകളിൽ
സംഗീതവും സാഹിത്യവും ചുരന്നവൾ
ജീവിതം തന്നവൾ
എങ്കിലും നീ ചുഴികളിലൊളിപ്പിച്ചതും
ഒഴുക്കിയെടുത്തതും
ജീവനുകളല്ലേയെന്നെന്റെ ചോദ്യം
സ്ത്രീകളല്ലേലുമങ്ങനെയെന്നെന്റെ അട്ടഹാസം
മേലാകെ ചുഴികളൊളിപ്പിച്ച,
പെണ്ണൊരു “മിസ്റ്ററി”യെന്നെന്റെ പ്രയോഗം
നൂറ്റാണ്ടിന്റെ പുരുഷായുധമെന്ന്, നീ..
നിളേ നിന്റെ പരിഹാസം
ചൂളിപ്പോയി ഞാൻ
നിനക്കറിയാമോ ആ രഹസ്യം
പെണ്ണൊരു, തീക്ക് മുന്നിലെ
ആണ് തോറ്റിട്ടുള്ളൂ
നിന്ദ്യനാകുമെന്ന ഭയത്താൽ
ആ തീ കെടുത്തിയവൻ
ഉടലാഴങ്ങളിലെ ചുഴികളും
ഉയിര്‌വരളുന്ന താപഭൂമികയും,
രണ്ടു ഭാവങ്ങളതു-
കണ്ടുവെങ്കിലും
നിന്നെ വിറ്റുതിന്നാൻ
ഞാനുമുണ്ടാകും
നിരാലംബയായ നിളേ..
നിനക്കറിയാമോ
നീ ചൊല്ലിയ കവിതയുമതിൽ
പെടും.