കേൾക്കണം സഖി നീ ഉൾക്കൊള്ളുക
ഞാനിതാ പറയുന്ന തീരുമാനം
ഞാനിതാ പറയുന്ന തീരുമാനം
പ്രണയിനി കേൾക്കൂ നീ
ഇനിയത് വിളിക്കുവാൻ
അവകാശമൊഴിയുന്നു.
മൊഴിയുന്നു ഞാനിതാ
അപകടക്കടലിൻ സങ്കടത്തിരയിതിൽ
നീന്തി തുടിച്ചു നിൻ കരതലം പിടിച്ചെന്റെ
നെഞ്ചിന്റെ പിടപിടച്ചിൽ
വിരഹത്തിൻ വിടപറച്ചിൽ....
കേൾക്കണം സഖി നീ ഉൾക്കൊള്ളുക
ഞാനിതാ പറയുന്ന തീരുമാനം
തടയാതെ തളരാതെ പിടയാതെ നീ...
എന്നോട് ചേർത്തിട്ടുണ്ടിത് വരെ
ചുണ്ടോട് കോർത്തിട്ടുണ്ടിത് വരെ
നട്ടെല്ല് വളക്കാതെ മുഖവും കുനിക്കാതെ
വീടിന്റെ നാടിന്റെ എതിർപ്പുകൾ
പകപ്പുകൾ എല്ലാമവഗണിച്ചും.
നട്ടെല്ല് തകർന്നൊരീ കിടപ്പിന്റെ കിതപ്പിലും
പുതപ്പായി ഉണ്ട് നീ ഇത് വരേക്കും..
ഇനി നീ അറിയുക ഇനി നീ മടങ്ങുക
മറ്റൊരു പ്രണയക്കരയിലേക്ക്
സ്നേഹസാന്ത്വന ദ്വീപിലേക്ക്..
മിഴിനീർ ചുരത്തുന്ന കണ്ണുകളും
ഒട്ടുമേ തളരാത്ത ഹൃത്തടവും
അഭിമാനമായ് കൂടെയുണ്ട് പക്ഷെ
ബാക്കിയില്ലൊട്ടുമേ എൻ മേനിയിൽ
ദൃഢമാം അവയവചങ്ങലകൾ
നീയെന്ന നഷ്ടമാംവിങ്ങലുകൾ...
നിന്നെ പോറ്റുവാൻ നിന്നെ അറിയുവാൻ,
ഒത്തൊരുമിച്ചൊരു യാത്രകൾ പോകുവാൻ,
ഒത്തുപിടിച്ചൊരു ജീവിതം കെട്ടുവാൻ
നിന്നെ പുണരുവാൻ, നിന്നിൽ അലിയുവാൻ
കെട്ടിപ്പിടിച്ചൊരു രതിയിൽ അമരുവാൻ,
കുഞ്ഞിക്കാലുകൾ കാണുവാൻ,
കുട്ടിക്കൊഞ്ചൽ കേൾക്കുവാൻ,
തൊട്ടിലിൽ ആട്ടുവാൻ താരാട്ട് പാടുവാൻ
നിന്നവകാശമാം ആ നിമിഷങ്ങളത്രയും
സമ്മാനം നൽകുവാനാവില്ല,
ആവില്ലെനിക്കെന്നറിഞ്ഞു കൊൾക.
ഈ മുറിയും കട്ടിലുമല്ലാതെ
മുറിയുമാം നിന്നോർമ്മകൾ അല്ലാതെ
ഇനിയൊരു ലോകവും
പുതിയൊരു കാലവും
എനിക്കില്ല എന്നൊന്ന് ഓർക്കുക നീ.
കേൾക്കണം സഖി നീ ഉൾക്കൊള്ളുക
ഞാനിതാ പറയുന്ന തീരുമാനം
തടയാതെ തളരാതെ പിടയാതെ നീ...
പിരിയണം നമ്മൾ ഇന്ന് തന്നെ
ഇനി എന്നുമൊരുനാളുമൊരുമിക്കാതെ
എന്നെന്നേക്കുമായി കരതലം വിടുവിച്ച്
ഒരു നോക്ക് നൽകി നീ ഒരു വാക്ക് പറയാതെ
മടങ്ങൂ മറന്നു നീ പടിയിറങ്ങൂ...
മടങ്ങൂ മറഞ്ഞു നീ പടവിറങ്ങൂ...
കേൾക്കണം സഖി നീ ഉൾക്കൊള്ളുക
ഞാനിതാ പറയുന്ന തീരുമാനം
ഞാനിതാ പറയുന്ന തീരുമാനം...