പൗർണ്ണമി തൻ നീല നിലാവിൽ
കുളിരണിഞ്ഞോരീ ആമ്പൽ പൊയ്‌ക
തൻ കുസുമങ്ങളും തീരത്തെ തേന്മാവിൽ
ചുറ്റിപ്പുണർന്നൊരാ മുല്ലവള്ളിയും
കാതോർത്തിരിപ്പൂ ഇളം തെന്നലിൻ
താരാട്ടു പാട്ടിൻ സ്വനത്തിനായ്
മന്ദം മന്ദം വന്നൊരാ തെന്നലും
തഴുകിയുണർത്തീ മുകുളങ്ങളെ
വിടർന്നു ദളങ്ങൾ ഓരോന്നായ്
സൗരഭ്യമേകി പൂങ്കാവനമാകെയും
മന്ദമാരുതനാൽ പുളകിതയാം
പൊയ്‌കയും നൃത്തമാടി ലാസ്യമായ്
ഗന്ധർവഗാനം മീട്ടും ഈണത്തിൽ
മൂളിപ്പാട്ടും പാടി ഇല്ലികളും
വിജനമാം വഴിയിലൂടെ നോക്കി
നിൽക്കയാണവളും ആരെയോ കാത്തു
കുശലം പറഞ്ഞവൾ മുല്ലവള്ളിയോടായ്
എൻ പ്രിയ തോഴൻ വരുമീ വീഥിയിൽ
സുഗന്ധം ചൊരിയേണം നീ ഇന്നും
പൊഴിയേണം നിൻ വെണ്മ പൂക്കൾ
മനോഹരമാം ഈ വഴി നീളെ..
ചൊല്ലിയവളും പൊയ്‌കയോടായ്
എൻ പ്രിയൻ വരും നേരമായ്
ഓളങ്ങളാൽ കളകളാരവും മീട്ടണം നീ
കേൾപ്പൂ ദൂരെ നിന്നായി
ആരോ വരുന്നൊരാ പദ സ്വനം
നിശ തൻ ഏകാന്ത യാമത്തിൽ
ഓടക്കുഴലിൻ നാദം കേൾക്കവെ
മതി മറന്നവൾ ആഹ്ലാദിച്ചവൾ
ആടിയും പാടിയും ഉല്ലസിച്ചവൾ
മകരം മഞ്ഞു പെയ്തോരാ നേരം
ചിറകു കുടഞ്ഞു വെൺ പ്രാവുകളും
തുടിക്കും അവൾ തൻ ഹൃദയം
താളം മുഴക്കി അപൂർവരാഗത്തിൽ
ഒരു മയൂരമായ് പീലിവിടർത്തീ മനം
നൃത്തമാടി നിശ്വാസത്തിനൊപ്പമായ്
ദൂരേക്ക് അകന്നു പോകയായ്
അവനുടെ കുഴലൂതും വേണുനാദം
നിദ്രയിൽ നിന്നുണർന്നു നോക്കവെ
കണ്ടില്ലവൾ തൻ കണ്ണനെ
കൺ തുറക്കവെ കൂരിരുൾ മാത്രമായ്
പെരുമ്പറ മുഴക്കി ഹൃദയ താളം
മിഥ്യയായൊരു സ്വപ്നമാണതെന്നു
തെല്ലൊട്ടുമേ അറിഞ്ഞില്ലവളും
മൗനത്തിൻ തീക്കനലിൽ വിതുമ്പി
നെഞ്ചകം കത്തിയെരിയവെ
മിഥ്യയാണതെന്നറിഞ്ഞതും
മന്ദസ്മിതം തൂകി നിന്നവൾ
ഓർമകളുടെ ഓരങ്ങളിൽ
ചേർന്ന് നനയുകയാണ് ഉള്ളം
ചുട്ടു പൊള്ളുമീ മഴയത്രയും
തൂലിക തുമ്പിനാൽ ഉതിർന്നു വീഴും
മഷിയിലൂടെ പുസ്തക താളുകളിൽ
നിശ്ശബ്ദമാം വാക്കുകളാൽ
കവിത കുറിക്കാനൊരുങ്ങിയവൾ
തൂലികയാൽ എഴുതിചേർത്തു
പുഞ്ചിരിക്കുമെൻ ഹൃദയ താളത്തിൽ
നൃത്തമാടി പെയ്തതും നീ....
നീറുമെൻ മനസ്സിൻ്റെ നൊമ്പരത്തിൽ
തേങ്ങലായ് പെയ്തതും നീ....