തോൽപ്പിക്കുവാനെൻ മുന്നിൽ
മുഖങ്ങൾ ഏറയുണ്ടെങ്കിലും തോൽക്കില്ല ഞാൻ..
കൂട്ടുകാരാണെന്നു നടിച്ചു എൻ
ചുറ്റിലും കൂടിയവരൊക്കെ തോറ്റുമടങ്ങി
പടവെട്ടിപ്പിടിച്ചൊരു ജീവിതവഴിയിലൂടെ
തിരിഞ്ഞു നടക്കാൻ എൻ മനസ്സ് വെമ്പുന്നു.
വന്നവഴി ഓർത്തോർത്തു നടക്കണം
കാരമുള്ളു പതിച്ച ഇടവഴികളിലൂടെ നടക്കണം.
പണ്ട് കണ്ടതൊക്കെയും ഒന്നൊന്നായി കാണണം.
അതിൻ മനോഹാരിത നുകരണം
പിച്ചവച്ചു നടന്നൊരു ബാല്യത്തിലൂടെ
ഒന്ന് തിരികെപോകണം.
അമ്മതൻ തോളിലേറി നടന്ന തൊടികളിലൂടെ ഒന്നുനടക്കണം..
സായാനങ്ങളിൽ കടൽകാറ്റേറ്റ്
തിര എണ്ണി ഇരിക്കണം..
കതിർ ചൂടിയാടും വയലേലകളിലൂടെ
ഇളം തെന്നലേറ്റ് മതിമറക്കണം..
നീതിക്ക് വേണ്ടി പൊരുതും സ്ത്രീത്വത്തിൽ സിരയിൽ ഒരു തീജ്വാലയാകണം..
വൃദ്ധസദനങ്ങൾക്ക് ആശ്രയമായി മാറണം.
എന്നെ ഞാൻ ആക്കിയ ഗുരുവിൻവാക്കുകൾ ഒരിക്കൽ കൂടി ശ്രവിക്കണം.
നെഞ്ചോടു ചേർത്ത് വളർത്തിയ അച്ഛന്റെ മടിത്തട്ടിലൊന്നിരിക്കണം..
മരണഭയത്തിൽ നിന്നെന്നെ കൈപിടിച്ചുയർത്തിയ ദൈവങ്ങൾക്ക് നന്ദി പറഞ്ഞീടണം..
കൂടെ നടക്കുവാനാരുണ്ട് എന്റെ കൂടെ ജരാനരകൾ ബാധിച്ചൊരു ശരീരവും
കുതിര വേഗത്തിലോടുന്നൊരു മനസും
തോൽക്കില്ല ഞാനൊരിക്കലും ഈ ജീവിതസായാഹ്നത്തിൽ.
ഒറ്റപ്പെട്ടാലും മനസ്സെന്ന പടുകുതിരയോടൊപ്പം കുതിക്കും ഞാൻ.