അറിയില്ല നിന്നെക്കുറിച്ചെനിക്കൊന്നുമേ
അറിയാൻ ശ്രമിച്ചതുമില്ല ഞാനെന്നാലും
അറിയാൻ തുടങ്ങുന്നു, ഇന്നു ഞാൻ നിന്നെയും
നീയെന്ന ജീവന്റെ സ്പന്ദ താളങ്ങളും...
മോഹങ്ങളെല്ലാം മുരടിച്ചു പോയൊരെൻ
ജീവനിലെന്നോ വസന്തമായ് വന്നു നീ...
സ്വപ്നങ്ങൾക്കായിരം വർണ്ണങ്ങൾ ചാർത്തി നീ...
മോഹങ്ങൾ തൻ പുതുനാമ്പുകൾ കൊണ്ടെൻറെ
മനസവാടിയെ പൂരിതമാക്കി നീ...
എങ്കിലുമെന്നിൽ സമസ്യയാണിന്നും നീ...
തേടുന്നു ഞാനിതിനുത്തരം, എന്നോടു
പറയൂ നീയാരാണ്? നീയെനിക്കാരാണ് ?
എൻ നേർക്കുമായെന്തിനീ നോട്ടമെന്നെത്രയോ
ചിന്തിച്ചുപോയി ഞാനെങ്കിലും
കിട്ടീല്ലതിനുമുത്തരം ഇപ്പോഴും
ചിന്തകളങ്ങോട്ടുമാത്രം ചരിയുന്നു...
വെറുതെയാണെങ്കിലും ആശിച്ചിരുന്നു ഞാൻ
ഒരുനാളിൽ നിന്റെയാ പുഞ്ചിരിപ്പൂവുകൾ
അറിയാതെയെങ്കിലും നിന്റെയാ ചിരിയിലെൻ
ദുഃഖങ്ങളെല്ലാമലിഞ്ഞുപോയ് തീരുന്നു
നിൻ മൗനമെന്നിലൊരു ഗാനമായ് അലിയുമ്പോൾ
മരവിച്ച സ്വപ്നങ്ങൾക്കറുതി വന്നീടുന്നു
നിറമാർന്ന സ്വപ്‌നങ്ങൾ എന്നിൽ ജനിക്കുന്നു…
ഒരു വാക്കുപോലും പറഞ്ഞതില്ലെങ്കിലും
ഒരുമാത്രപോലും നീ കൂടെയില്ലെങ്കിലും
ഒരുപാടു ജന്മങ്ങളൊന്നിച്ചപ്പോലെയും
ഒരുപാടു മോഹങ്ങൾപ്പങ്കിട്ടപ്പോലെയും
ഹൃദയത്തിലെവിടെയോ നിറയുന്നോരനുഭൂതി
പകരുന്ന ചിന്തതൻ മായാപ്രകാശവും
ഒരുനോക്കുകാണുമ്പോഴും, പിന്നെ നിന്റെയാ
ചിരിമുത്തു പൊഴിയുമ്പോഴും എന്റെയുള്ളിലൊരു
മുജ്ജന്മ പ്രണയത്തിന്റേതാമോർമ്മകൾ
എങ്ങോ വിലോലമായലയടിക്കുന്നപോൽ
വിധിയുടെ കറുത്ത കൈക്കുള്ളിൽ പിടഞ്ഞിന്നു
സ്വപ്നങ്ങളെല്ലാം തുരുമ്പിച്ചു തീർന്നിട്ടും
ഓർമ്മകൾ മാത്രം മരിക്കാതിരിക്കുന്നു
അറിയാമെനിക്കിന്ന്;
നീയിന്നു തന്നൊരാ പുഞ്ചിരിപ്പൂക്കളും
തരുവാനിരിക്കുന്നുമായിര മോർമ്മതൻ
അനുഭൂതി പകരുന്ന മധുരമാം ഗീതികൾ
അതിനായിമാത്രം മറഞ്ഞുപോയീടുനീ
ഓർമ്മയായ് നാളെ പുനർജ്ജനിക്കേണ്ടയോ?