നാൽപ്പത്തിയഞ്ച് വർഷങ്ങൾക്കു മുമ്പുള്ള ഒരു ഫെബ്രുവരി മാസം ഒമ്പതാം തീയതി, ഈ കഥയുടെ തുടക്കം അന്നാണ് . അന്ന് അർബാസ് ആറാം ക്ലാസ്സിൽ പഠിക്കുന്നൊരു കുട്ടിയാണ് .

ഒരിക്കൽ റസിയ ഡോക്ടറോട്  അർബാസിക്ക ഈ ദിവസത്തെ കുറിച്ച് പറഞ്ഞത് , മഴ പെയ്യും മുന്നേയുള്ള  തണുത്ത കാറ്റ്  പോലെ സുഖകരമായിരുന്നു  ആ ദിവസമെന്നാണ് .

അന്ന്  അർബാസ് സേറയെ കണ്ടിട്ടുണ്ടായിരുന്നില്ല , ഇംഗ്ലീഷ് മീഡിയത്തിൽ നിന്ന് ഇങ്ങോട്ടേക്കു മാറി വന്ന സേറയെ കുറിച്ച് തന്റെ കൂട്ടുകാരി നിലൂഫറിൽ നിന്ന് കേട്ടിട്ടേയുണ്ടായിരുന്നുള്ളു . നല്ല കാപ്പികുരുവിന്റെ നിറമുള്ള കണ്ണുകൾ , നല്ല തുടുതുടുത്ത കവിളുകൾ , എല്ലാ പെണ്ണുങ്ങൾക്കും അസൂയ തോന്നുന്നത്ര  മൊഞ്ചുള്ള പല്ല് കാട്ടിയുള്ള വിടർന്ന ചിരി , പട്ടു പോലെ മിനുസമുള്ള മുടിനാരുകൾ , പിന്നെ നല്ല ഈണമുള്ള  താളമുള്ള  ഉഗ്രൻ  ശബ്ദവും . അവൾ പാടുന്ന പാട്ട് കേട്ടാൽ ആരും ആ ശബ്ദത്തോടും  അതിന്റെ ഉടമയോടും മൊഹബത്തിലാകുമത്രേ . നിലൂഫറിന്റെ ഈ വർണ്ണനകൾ കേട്ട ഉടനെ തന്നെ അവിടെയുള്ള എല്ലാ ചെക്കന്മാരും അവളോട്‌ സേറയെ പരിചയപ്പെടുത്തി തരാൻ അവളോട്  കെഞ്ചി. അർബാസ് മാത്രം ചോദിച്ചില്ല ,അവന്  വേണ്ടാഞ്ഞിട്ടല്ല ,നിലൂഫർ വർണിച്ച പോലൊരു പെണ്ണിനെ  അവൻ ഇന്നേ വരെ കണ്ടിട്ടില്ല , ഒരിക്കലും കാണുമെന്നു കരുതീട്ടുമില്ല , അങ്ങനെ ഒരാളുണ്ടെന്ന് അറിഞ്ഞ സ്ഥിതിക്ക് ഇനി  എങ്ങനേലും കണ്ടേ പറ്റൂ, അതെങ്ങനെ  സാധിക്കും  എന്ന അഗാധമായ ആലോചനകളിൽ  മുഴുകിപ്പോയത് കാരണം നിലൂഫറിന്റെ സംസാരം തീർന്നത് അവൻ അറിഞ്ഞിരുന്നില്ല .

“അയ്യടാ ,മണ്ടിക്കോ എല്ലതും ഇവിടുന്ന് , ഇങ്ങളെ പോലുള്ള വെടക്കൂസ്സുകളിൽ  നിന്ന് ഓളെ രക്ഷിക്കണം , അതാണ് ഇനിയങ്ങോട്ട് എന്റെ പ്രധാന കടമ  , ഒറ്റ ഒരെണ്ണത്തിനെയും അടുപ്പിക്കൂല്ലങ്ങോട്ടേക്ക് “

അവിടെയുള്ള എല്ലാ ചെക്കന്മാരുടെയും ഹൃദയം തകർത്തു കൊണ്ട് നിലൂഫർ ഇതും പറഞ്ഞ് അവളുടെ ക്ലാസ്സിലേക്ക് തിരിച്ചു പോയി .അർബാസിന് അപ്പോഴും എങ്ങനേലും ഓളെ ഒന്ന് കാണണം എന്ന ചിന്തയിലായിരുന്നു , അന്ന് വൈകുനേരം  സ്കൂൾ വിടുമ്പോൾ  അവളുടെ ക്ലാസിന് മുന്നിൽ  ഓടി ചെന്ന് അവളെ കാണാമെന്നതായിരുന്നു അവന്റെ ഐഡിയ . ജനഗണമന കഴിയും മുന്നേ ഓടിയതിന് ഇട്ടൂപ്പ് മാഷിന്റെ ചീത്തയും കേട്ടിട്ട് അർബാസ് ഓൾടെ ക്ലാസിനു മുന്നിൽ എത്തുമ്പോഴേക്കും ഓൾ പോയി കഴിഞ്ഞിരുന്നു .അന്ന്  അവളെ കാണാൻ പറ്റിയില്ലെല്ലോ എന്നോർത്ത് ഇട്ടൂപ്പ് മാഷിനെ മനസ്സിൽ  കൊറേ ചീത്ത വിളിച്ചു അവൻ . ആ നിമിഷം തൊട്ടാണ് സേറ എന്ന തണുത്ത കാറ്റ് അർബാസിനെ തഴുകി തുടങ്ങിയത് . അർബാസിന് അന്ന്  മുതൽക്കേ അവളുടെ പേര് കേൾക്കുമ്പോൾ  ഒരു കുളിര്  വന്നു മൂടിയ പോലൊരു സുഖം അനുഭവിച്ചു തുടങ്ങിയിരുന്നു . എങ്ങനേലും അവളെ ഒന്ന്  കാണണം എന്ന അതിയായ ആഗ്രഹം അവനിൽ കയറി കൂടി . അന്ന് രാത്രി മുഴുക്കെ നാളെ അവളെ കാണുന്നത് മാത്രമേ അർബാസ് കിനാവ് കണ്ടുള്ളു . 

അടുത്ത ദിവസം കട്ടിലിൽ നിന്ന് എണീക്കാൻ നോക്കിയ അർബാസിന് തീരെ വയ്യ , മേലാസകലം നല്ല  വേദന , വേദന സഹിക്കവയ്യാതെ  അവൻ ഉമ്മച്ചിയെ വിളിച്ചു , ഉമ്മച്ചി അടുത്ത് വന്ന് അർബാസിനെ തൊട്ട് നോക്കിയപ്പം തൊട്ട കൈ പൊട്ടും പോലത്തെ ചൂടുള്ള പനി.കഴിഞ്ഞ ദിവസം  ഇട്ടൂപ്പ് മാഷിനെ വിളിച്ചതിനേക്കാൾ ചീത്ത അവൻ അന്ന് പടച്ചോനെ  വിളിച്ചു . എങ്ങനേലും ഓളെ ഒന്ന് കാണണം എന്നല്ലേ  താൻ ആഗ്രഹിച്ചിട്ടുള്ളു , അതിനെന്തിനാണ്  ഇത്ര വിഘ്നങ്ങൾ എന്ന് അവൻ പടച്ചോനോട് ചോദിച്ചു.

അവളെ കാണുന്ന  ആ അനർഘ നിമിഷത്തിനായുള്ള അവന്റെ കാത്തിരിപ്പ് വീണ്ടും നീണ്ടു പോയി. 

അങ്ങനെ പതിനൊന്ന് ദിവസങ്ങൾക്ക് ശേഷമാണ്   അസുഖം മാറി അർബാസ് കട്ടിലിൽ നിന്ന് എഴുന്നേറ്റത് ,കട്ടിലിൽ നിന്ന് എഴുന്നേറ്റെങ്കിലും വേറൊന്നും ചെയ്യാൻ അവൻ ഉത്സാഹം കാണിച്ചില്ല , അവന്റെ മോന്തയിലാണെങ്കിൽ  പനി ഇന്ന് ശരിയാകണ്ടായിരുന്നു എന്ന് അർഥം വരുന്ന ഒരു  ഭാവവും , ആ ഭാവം എല്ലാ വർഷവും അവർ കുടുംബമായി പങ്കെടുത്തിരുന്ന തലക്കടത്തൂരിലെ പള്ളി പെരുന്നാളിന്  പോയപ്പോളും അർബാസിന്റെ മുഖത്ത്‌ നിന്ന് വിട്ട് മാറിയിട്ടില്ലായിരുന്നു. അന്ന് ഞാറാഴ്ചയായതു കൊണ്ട് സ്കൂളിൽ പോകാൻ പറ്റില്ലെല്ലോ എന്ന സങ്കടം ആയിരുന്നു അവന്റെ ഉള്ള് മൊത്തം . അത് കൊണ്ട് തന്നെ എങ്ങനെയെങ്കിലുമൊന്നു  തിങ്കളാഴ്ച  ആവാനുള്ള  അടങ്ങാത്ത കാത്തിരിപ്പിലായിരുന്നു അർബാസ് .

എന്നാൽ പടച്ചോൻ അവന് വേണ്ടി പടച്ച് വച്ചത് അർബാസിന് തന്റെ അവസാനം ശ്വാസമിടിപ്പ്‌ വരെ മറക്കാൻ സാധിക്കാത്ത ഒരു പെരുന്നാളായിരുന്നു എന്ന കാര്യം അവൻ അറിഞ്ഞിരുന്നില്ല. തീവ്രമായി ആഗ്രഹിക്കുന്നതെന്തും പടച്ചോൻ  നമ്മുടെ മുന്നിൽ എത്തിച്ചു തരും എന്ന് അർബാസ് തന്റെ ജീവിതത്തിൽ ആദ്യമായി തിരിച്ചറിയുന്നത് അന്നാണ്. ജീവിതത്തിൽ പിന്നീട് അർബാസിന് പല നഷ്ടങ്ങൾ സംഭവിച്ചെങ്കിലും ഈ  വിശ്വാസം മാത്രം  പിന്നൊരിക്കലും അർബാസ്  നഷ്ടപെടുത്തിയിട്ടില്ല . ഇന്നും തനിക്ക് വേണ്ടത് തന്റെ മുന്നിൽ പടച്ചോൻ ഇങ്ങു ഇട്ട് തരുമെന്ന തോന്നൽ അതേ  കനത്തിൽ അതേ ഉറപ്പോടെ അയാളുടെ  മനസ്സിൽ ഒരു മൂലയിൽ ഇങ്ങനെ  താമസിക്കുന്നുണ്ട് . കഴിഞ്ഞ നാൽപ്പത്തിയഞ്ച് വർഷത്തെ ജീവിതത്തിൽ പല തരാം യാതനകളുണ്ടാഴപ്പോഴും  ഉള്ളിലേക്ക് ഇരുട്ട് കേറാതെ കയ്ച്ചിലാക്കി തന്ന  രണ്ടു പ്രധാന കാര്യങ്ങളായി അർബാസ് റസിയയോട് പിന്നെ പറഞ്ഞത് ഇവ രണ്ടുമായിരുന്നു – ഒന്ന് സേറയോടുള്ള ഇഷ്ടവും , മറ്റൊന്ന് ആ ഇഷ്ടത്തോടൊപ്പം  മനസ്സിൽ കേറി കൂടിയ  ഈ വിശ്വാസവും .

അന്ന് പെരുന്നാളിന് വന്ന  അത്രയും ജനങ്ങളും അവരുടെ സന്തോഷങ്ങൾക്കിടയിലായിരുന്നു  അർബാസ് എങ്കിലും  മനസ്സ് നിറയെ സേറയെ ഒന്ന്  കണ്ട് സംസാരിക്കാൻ പറ്റിയില്ലെല്ലോ  എന്ന സങ്കടമായിരുന്നു. അന്നേ ദിവസം എന്ത് സങ്കടമുണ്ടെങ്കിലും തലക്കടത്തൂരിലെ  നാട്ടുകാർ അത് ഒക്കെ പെരുന്നാൾ നടക്കുന്ന പറമ്പിന് പുറത്തു വച്ച് സന്തോഷത്തോടെ മതിമറന്നു ആഘോഷിക്കാറാണ് പതിവ് .  പക്ഷെ സങ്കടം കൊണ്ട് അന്ന്  അങ്ങനെ ആഘോഷിക്കാൻ അർബാസിനെ കൊണ്ട്  പറ്റുന്നുണ്ടായിരുന്നില്ല  , പള്ളിപ്പറമ്പിൽ നിലൂഫറിനെ കാണുന്നത് വരെ !!!. 

ആൾ കൂട്ടത്തിനിടയിൽ നിലൂഫറിനെ കണ്ടതോടെ അർബാസിന് പകുതി ജീവൻ വച്ചു. ആ ജീവൻ മുഴുമിപ്പിക്കാൻ  നിലൂഫറിന്റെ കൂടെയുള്ള പെൺക്കൂട്ടത്തിൽ അവൻ സേറക്കായി പരതി. അതിൽ പക്ഷെ അവൾ ഇല്ലായിരുന്നു .

 ശ്ശേ .. നിരാശ , പിന്നെയും പിന്നെയും നിരാശ . 

എന്നാലും സാരല്യ , നിലൂഫറിനോട് നാളെ സേറയെ  പരിചയപ്പെടുത്തി തരാൻ ആവശ്യപെടാമെല്ലോ എന്ന് കരുതി  അവൻ അവളുടെ അടുത്തേക്ക് വേഗം  നടന്ന് തുടങ്ങി . അങ്ങനെ അവരുടെ അടുത്തെത്തുന്നതിന് തൊട്ട് മുന്നെയാണ് അർബാസ് ഏറെ കാത്തിരുന്ന ആ  അനർഘനിമിഷം സംഭവിച്ചത് . അവന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും കാമുകിയെ തലക്കടത്തൂരിലെ പള്ളിപ്പറമ്പിൽ വച്ച് അന്നാദ്യമായി  കണ്ടു , ജീവിതാവസാനം വരെ അവന്റെ മനസ്സിൽ  നിലനിൽക്കുന്നത്രയും മനോഹരമായ ആദ്യത്തെ കൂടിക്കാഴ്ച . കാണുന്ന ഏതൊരാളിലും പ്രസരിപ്പുണ്ടാക്കുന്ന ചിരിയുമായി , പാറി പറക്കുന്ന മുടിയുമായി , കൈയിൽ ചങ്ങാചിമാർക്ക് വേണ്ടി മേടിച്ച മുട്ടായികളും പിടിച്ച് ഓടി വരുന്ന സേറ , ആ മനോഹര  കാഴ്ച  അർബാസിന്റെ മനസ്സിൽ വികാരവിക്ഷേപങ്ങളുടെ കോളിളക്കം ഉണ്ടാക്കി . ലോകത്തിലെ ഏറ്റവും മനോഹരമായ കണ്ണ് എന്ന് പിന്നെ എപ്പോഴും  അർബാസ് വിശേഷിപ്പിക്കുന്ന  അവളുടെ കണ്ണുകളെ അന്ന് ഇടവിടാതെ കൊതിയോടെ അവൻ അങ്ങനെയേ നോക്കി നിന്നു . ഓളെ കണ്ടപ്പം ഉള്ളിലെ അവസാന കടുക് മണി വീര്യവും ചോർന്ന് അർബാസ് ആ ആൾക്കൂട്ടത്തിനിടയിൽ നിശ്ചലമായി. നൂറേ നൂറ്റിയിരുവതിൽ പായുന്ന ഹൃദയം , വിറയ്ക്കുന്ന  കൈകൾ , കാലുകൾ ഒക്കെ മണ്ണിൽ നിന്ന് വിടാതെ പറ്റിപ്പിടിച്ച പോലെ  , മുമ്പെങ്ങും  അവന് ഇങ്ങനെ ഒരു അനുഭവം  ഉണ്ടായിട്ടില്ല . അവളുള്ള കൂട്ടത്തിനടുത്തേക്ക് പോകണം എന്ന അടങ്ങാത്ത ആഗ്രഹം അവനിലുണ്ടായിരുനെങ്കിലും പരവശവും വെപ്രാളവും ഭയവും എല്ലാം കലർന്ന് ഒരു അടി പോലും മുന്നോട്ടു വെക്കാൻ പറ്റാത്ത ഒരു അവസ്ഥയിലായിരുന്നു അവൻ . പിന്നെ അർബാസ് ഒന്നും നോക്കിയില്ല ,പടച്ചോനെ മനസ്സിൽ വിളിച്ച് , സേറയെ ലക്ഷ്യമാക്കി ഒരു നടത്തം അങ്ങോട്ട് വച്ച് കൊടുത്തു  , തന്റെ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ വീരകൃത്യമായി അർഭാസിക്ക സ്വയം കാണുന്നത് അന്നത്തെ തന്റെ  സേറയുടെ അടുത്തേക്കുള്ള  ആ നടത്തം ആണ് . 

“മോളെ ജീവിതത്തിൽ , നമ്മൾ ഒരിക്കലെങ്കിലും നമ്മളെ കൊണ്ട് പിന്നീടൊരിക്കലും  അതിനു മുന്നെയോ ശേഷമോ  സാധിച്ചെടുക്കാൻ പറ്റില്ല എന്ന് തിരിച്ചറിയുന്ന ഒരു കാര്യമെങ്കിലും നമ്മൾ ചെയ്യും , പടച്ചോൻ ചെയ്യിക്കും . എന്റേത് അതായിരുന്നു  , എങ്ങനെയാ എന്താണെന്നും ഒന്നും അറിയില്ല , ഉള്ളിലെ  ധൈര്യം കൊണ്ടാണെന്നും ഒന്നും ഞാൻ പറയില്ല , കാരണം അന്ന് പേടിച്ചത്ര പിന്നെ ഞാൻ ജീവിതത്തിൽ പേടിച്ചിട്ടില്ല . പക്ഷെ ആ പേടിയേക്കാൾ എന്റെ ഉള്ളിൽ ഇണ്ടായിരുന്നത് ഓളോടൊന്നു  മിണ്ടാനുള്ള കൊതിയാ , ആ കൊതിയാണ്  എന്നെ കൊണ്ട് അന്നങ്ങനെ  ചെയ്യാൻ തോന്നിപ്പിച്ചത്  .”

അങ്ങനെ നൂറേ നൂറ്റിഇരുവതിൽ തുടിക്കുന്ന ഹൃദയവുമായി അർബാസ് ഓൾടെ അടുത്തേക്ക് നടന്നു ചെന്നു  . അവൻ അവനെ സ്വയം പരിചയപ്പെടുത്തി , അവൾ തിരിച്ചും .

വിടർന്ന കണ്ണുകളും വശ്യത നിറഞ്ഞ പുഞ്ചിരിയോടെയും അവൾ അവളുടെ പേര് പറഞ്ഞു , 

“സേറ …”

ഓൾടെ മൊഞ്ചുള്ള ചുണ്ടുകൾ മതിമറന്ന് ആസ്വദിക്കുകയായിരുന്നു ഓൻ .ആ വർത്താനം ഇനിയുള്ള കാലമൊക്കെയും  കേൾക്കുന്നത് കിനാവ് കണ്ടു ഓൻ . ഈ നിമിഷം അങ്ങനെയെ നിശ്ചലമായിരുന്നെങ്കിൽ  എന്ന് ഏറെ കൊതിച്ചു ഓൻ .

ഓന്റെ എല്ലാം സന്തോഷവും കളഞ്ഞു കൊണ്ട് ആണ് നിലൂഫർ സേറയോട്  അവിടുന്ന് പോവണ്ടേ എന്ന് ചോദിച്ചത്. ഈ നിലൂഫറിന് സ്വന്തം കാര്യം നോക്കി നടന്നാ പോരെ എന്നോർത്ത് മനസ്സിൽ അവൻ  നിലൂഫറിനെ കൊറേ  ശപിച്ചു  . സേറ അവനോടു  യാത്ര പറഞ്ഞ് അവരുടെ കൂടെ തിരിച്ചു നടന്നുപോയി  . ആ സങ്കടത്തിൽ ഇങ്ങനെ നിൽക്കുമ്പോഴാണ് നൂറ്റിയിരുവതിൽ പായുന്ന ഹൃദയത്തെ നൂറ്റിയമ്പതിലേക്കു എത്തിക്കുന്ന  ആ കാഴ്ച അർബാസ് കാണുന്നത് . കൊറേ മുന്നിലെത്തിയ  ആ പെൺകൂട്ടത്തിൽ നിന്ന് സേറ അവന്റെ അടുത്തേക്ക് നടന്ന് വരുന്നു , അവൾ തന്റെ അടുത്തെത്തിയ  ആ ഒരു നിമിഷത്തിൽ ഒരായിരം ചിന്തകൾ റോക്കറ്റ് കണക്കെ അവന്റെയുള്ളിലൂടെ  പാഞ്ഞു പോയി . നടക്കുന്നതൊന്നും വിശ്വസിക്കാൻ പറ്റാതെ അന്തംവിട്ട് കുന്തം പോലെ നിൽക്കുന്ന അർബാസിന്റെ അടുത്ത്  അവൾ  ഇങ്ങനെ ചോദിച്ചു .

“അർബാസ് ഞങ്ങളുടെ കൂടെ പെരുന്നാൾ കൂടാൻ  വരുന്നോ ,നമുക്ക് യന്ത്ര ഊഞ്ഞാലിൽ ഒക്കെ കേറാം “

അത്  കേട്ട് തന്നിലുണ്ടായാ അതിയായ സന്തോഷം അവളെ കാണിക്കാതെ കുന്തം പോലുള്ള അർബാസ് തന്റെ അന്തം  തിരിച്ചെടുത്ത് അതിനു മറുപടി കൊടുത്തു .

“ആ ഞാൻ ഉണ്ട്, ബാപ്പാനോടും ഉമ്മാനോടും പറഞ്ഞിട്ട് ഇപ്പം വരാ“

അർബാസ് അവിടുന്ന് വേഗം ബാപ്പാന്റെ അടുത്തേക്ക് ഓടിപ്പോയീട്ടു കാര്യം പറഞ്ഞു , അവരുടെ സമതത്തിന് കാത്തു നിൽക്കാതെ വന്നതിനേക്കാൾ വേഗത്തിൽ അർബാസ് അവിടുന്ന്  സേറയുടെ അടുത്തേക്ക് ഓടി പോയി .വർഷത്തിൽ വല്ലപ്പോഴും ഇങ്ങനെ എല്ലാരും ഒന്നിച്ചു കൂടുന്ന പെരുന്നാളിൽ നിന്ന് അർബാസ് ഒഴിഞ്ഞു പോകുന്നതിൽ ഉമ്മാക്ക് ചെറിയൊരു ഇഷ്ടക്കുറവ് ആദ്യമുണ്ടായിരുന്നെങ്കിലും  , കുറച്ചു നിമിഷം മുന്നേ വരെ ഉണക്കകമ്പ് പോലുണ്ടായിരുന്ന തന്റെ മോൻ ഈ കാണുന്ന പ്രസരിപ്പിലേക്കു എത്താനുള്ള പാകത്തിൽ എന്തോ അവിടെ സംഭവിച്ചു കാണണമെന്നും , അങ്ങോട്ടേക്ക് ആണ്  അവൻ ഈ തിരിച്ചു പോകുന്നതെന്നും  മനസിലാക്കിയ നിമിഷം ആ ഇഷ്ടക്കുറവ്  അവരുടെയുള്ളിൽ  നിന്നില്ലാതായി .

അർബാസിന് അന്നേ ദിവസം താൻ കിനാവ് കണ്ടതൊക്കെയും സഫലമാകുന്ന ദിവസം ആയിരുന്നു , അവർ ഇരുവരും കൊറേ സംസാരിച്ചു ,ഒരുപാടു മിട്ടായികൾ കൊതിയോടെ കഴിച്ചു , കൊറേ പാട്ടും കേട്ട് കൂടെ പാടി , ഡാൻസും കണ്ടു കൂടെ ആടി ,അങ്ങനെ കൊറേ കൊറേ കാര്യങ്ങൾ അന്ന് സംഭവിച്ചു  . പിന്നീട് യന്ത്ര ഊഞ്ഞാലിൽ കേറി സന്തോഷം കൊണ്ട് എല്ലാം മതിമറന്നു ആർത്തുവിളിക്കുന്ന സേറയും ആയി അർബാസ്‌ വീണ്ടും പ്രണയത്തിലായി , പ്രണയം എന്നത് ഒരിക്കൽ തോന്നുന്നതല്ലെന്നും  പിന്നെയും പിന്നെയും  ഉള്ളിൽ ഇങ്ങനെ വിടരുന്നതാണ് എന്നും അർബാസ് അന്നേ ദിവസം തിരിച്ചറിഞ്ഞു .

“സേറ എന്ന പേരിന്റെ അർഥം എന്താ ?”

യന്ത്ര ഊഞ്ഞാൽ ആകാശത്തിന്റെ ഉച്ചിയിൽ എത്തിനിൽക്കുമ്പോ അർബാസ് അവളോട്  ചോദിച്ചത് കേട്ട് സേറയുടെ മുഖത്തു ഒരു ചെറുപുഞ്ചിരി .

“വാപ്പ പറഞ്ഞത് സേറ എന്ന വാക്കിന്റെ അർഥം സ്വർഗ്ഗത്തിലെ പൂവ് ആണെന്നാണ് “

“ വാപ്പാക്ക് അന്നേ അറിയാം ആയിരുന്നു അപ്പം വളർന്നു വലുത് ആകുമ്പോ സ്വർഗ്ഗത്തിലെ പൂവിന്റെ അത്ര തന്നെ മൊഞ്ചുള്ള ഒരു കുട്ടിയാകുമെന്നു ഈ സേറ  “

സേറ ഇത് കേട്ട് തനിക്കു വരുന്ന ചിരി അത്രയും ചെറുപുഞ്ചിരിയിൽ തന്നെ ഒതുക്കിനിർത്താനുള്ള തത്രപ്പാടിലാണ് .

“അല്ല അർബാസിന്റെ അർഥം എന്താ ?” .

സേറയും കണ്ണുകൾ അവനിൽ നിന്ന് എടുക്കാതെ തിരിച്ചു ചോദിച്ചു .

“ ആവോ ഞാൻ ബാപ്പയോട് ഒരിക്കൽ ചോദിച്ചതാ ,ബാപ്പക്ക് അറിയില്ല , പിന്നെ  ഞാൻ ചോദിച്ചിട്ടില്ല “

“എന്നാ നാളെ സ്കൂളിലേക്ക് വരുമ്പോൾ  അത് ചോദിച്ചറിഞ്ഞു എന്നോട് പറയണം “.

“ചോദിച്ചിട്ടു അറിഞ്ഞില്ലെങ്കിലോ ‘

“ എന്നാലും എന്നോട് സ്കൂളിൽ വച്ച് സംസാരിക്കണം , ഇല്ലെങ്കിൽ നല്ല ഇടി വച്ച് തരും ട്ടാ ഞാൻ “

അർബാസിന് ഇത് കേട്ട് സന്തോഷമായി , സ്കൂളിലും തന്നോട് വന്നു സംസാരിക്കണം എന്നല്ലേ സേറ ആ പറഞ്ഞതിന് അർഥം .

സേറ ഇത് പറഞ്ഞിട്ട് തന്റെ അടക്കിവച്ച ചിരി അവന്റെ മുന്നിൽ പിന്നെ  ഒളിച്ചില്ല , കാപ്പിക്കുരു കണ്ണുകൾ നല്ലോണം വിടർത്തി അവൾ ഉറക്കെ ചിരിച്ചു . യന്ത്ര ഊഞ്ഞാലിൽ കറങ്ങുമ്പോ പാറിപ്പറക്കുന്ന മുടിനാരുകൾ കൂടി ചേർന്നപ്പോൾ അവളുടെ ചിരി അത്രമേൽ മനോഹരമായി .

“യാ അള്ളാഹ് ,എനിക്ക് ഈ ചിരി എന്നും കാണണം”   എന്ന് അർബാസ് മനസ്സിൽ മന്ത്രിച്ചു .

അന്ന്  പെരുന്നാൾ  തീരും വരെ അവർ കഥകൾ പറഞ്ഞു കൊണ്ട് തലക്കടത്തൂരിലെ പള്ളിപറമ്പിന്  ചുറ്റും ആർത്തുല്ലസിച്ചു നടന്നു . അന്നത്തെ രാത്രി  അവൻ സംതൃപ്തിയോടെ  കിടന്നുറങ്ങി . അന്ന് മുതൽ അവളെ ഒന്ന് കാണാനുള്ള കാത്തിരിപ്പിൽ നിന്ന് അവളുടെ കൂടെ ഒന്നിച്ചു ഒരു ജീവിതത്തിനുള്ള കാത്തിരിപ്പിലായി അവൻ .

പിന്നെയങ്ങോട്ട് പതുകെ പതുകെ അവർ കൂടുതൽ അടുത്തു , സ്കൂളിലും ട്യൂഷൻ ക്ലാസ്സിലുമൊക്കെ ഒന്നിച്ചായി നടപ്പും വർത്തമാനവും ഒക്കെ .ഒരിക്കൽ സേറയുടെ വീട്ടിൽ കയറി ചെന്നപ്പോളാണ്  അവർ തമ്മിൽ ഉള്ള അന്തരതയുടെ ഭീകരത എത്രത്തോളം ഉണ്ടെന്നു അർബാസ് ആദ്യമായി മനസ്സിലാക്കുന്നത് . തന്റെ വീടിന്റെ പത്തിരട്ടി വലിപ്പമുള്ള ഒരു  വീട് , സേറക്ക് സ്വന്തമായി ഒരു മുറിയൊക്കെ ഉണ്ടെന്നു അറിഞ്ഞപ്പോൾ  അർബാസിന്റെ മനസ്സിൽ അവൾ തന്നിൽ നിന്ന് എത്രത്തോളം വ്യത്യസ്തമാണ് എന്ന തിരിച്ചറിവ്  വന്നു . പെങ്ങൾമാരുടെ കൂടെ മുറി പങ്കിടുന്ന അർബാസിന്  അത് പോലും സ്വപ്നം കാണാൻ പറ്റാത്തത്രയും  ആഡംബരമാണ് . പക്ഷെ സേറ ഒരിക്കലും അവർക്കിടയിൽ അങ്ങനെ ഒരു വ്യത്യാസം കാണിച്ചിരുന്നില്ല   . അങ്ങനെ ക്ലാസുകൾ പടി പടി ആയി ജയിച്ചു കേറുന്നതോടൊപ്പം  അവരുടെ  അടുപ്പവും കൂടി , ഇഷ്ടം തുറന്നു പറഞ്ഞില്ലെങ്കിലും അവർ ഒന്നിച്ചൊരു ജീവിതം സ്വപ്നം കാണുന്നുണ്ടെന്ന്  രണ്ട് പേർക്കും പരസ്പരം  അറിയാമായിരുന്നു. അങ്ങനെ രണ്ടു പേരും പഠിച്ച്‌  പഠിച്ച്‌  പത്താം ക്ലാസ്സിൽ എത്തി .

 ഈ കണ്ട വർഷങ്ങളത്രയും  ശ്രമിച്ചിട്ടും സേറക്ക്  മലയാളവാക്കുകൾ  അക്ഷരതെറ്റുകൾ ഇല്ലാതെ എഴുതാൻ സാധിച്ചിരുന്നില്ല  , എട്ടാം ക്ലാസ്സിൽ സേറക്ക് ഇങ്ങനെ ഒരു പ്രശ്നമുണ്ടെന്നു അറിഞ്ഞപ്പോൾ  തൊട്ട് അർബാസ് അവളെ മലയാളം  പഠിപ്പിക്കാൻ ശ്രമിക്കുന്നതാണ്  ,എന്നിട്ടും സേറയെ കൊണ്ട് അത് നേരെയാക്കാൻ സാധിച്ചിരുന്നില്ല . 

“ അയ്യേ എന്നാലും മലയാളം നേരാംവണ്ണം എഴുതാൻ അറിയൂലെല്ലോ , അയ്യേ അയ്യേ “. അർബാസ് ഇതും പറഞ്ഞ് സേറയെ എപ്പോഴും കളിയാക്കുമായിരുന്നു .

“അയ്യടാ ആരാ ഈ പറയുന്നേ , എനിക്ക് മലയാളം വായിക്കാൻ അറിയാ  ,കേട്ടാലും മനസിലാകും , നിന്റെ  ഇംഗ്ലീഷ് പോലെ അല്ല , ഇംഗ്ലീഷ് അറിയാത്തതിന് നമ്മുടെ സത്യൻ സർ ആർക്കാ  ചീത്ത പറഞ്ഞ് നല്ല അടി വച്ച് തന്നത് , എനിക്ക് അല്ല എന്തായാലും .” 

രണ്ടു പേരും അത് കേട്ട് പൊട്ടിച്ചിരിച്ചു .

അങ്ങനെയിരിക്കെ പത്താം ക്ലാസ് അവസാനിക്കുന്ന ദിവസം സത്യൻ സാറിന്റെ ക്ലാസ്സിൽ വച്ചാണ്  സേറ അവന്റെ നോട്ട്ബുക്കിൽ “ഐ വാണ്ട് ടു മാരി യു” എന്ന് ഇംഗ്ലീഷിൽ എഴുതി വച്ചത് അവൻ ശ്രദ്ധിക്കുന്നത്  ഉടനെ തന്നെ അവന്റെ കണ്ണുകൾ സേറക്കായി പരതി , കുറച്ചു മുന്നിലായി ഒരു കള്ളചിരിയോടെ തന്നെ നോക്കുന്ന അവളുടെ കണ്ണുകൾ അവൻ കണ്ടു . സത്യൻ സാറും ക്ലാസ്സിലെ പിള്ളേരുമൊക്കെ ആ നിമിഷം അവന്റെ ചുറ്റിലും നിന്ന് അപ്രത്യക്ഷമാകുന്ന പോലെ അവന്  തോന്നി , മുന്നിൽ സേറ മാത്രം , അവൾ ആഗ്രഹിച്ച പോലെ ജീവിതവാസം വരെ  അവർ  ഒന്നിച്ചുള്ള  അവരുടെ  ജീവിതം മാത്രം , അന്ന് ആ ക്ലാസ്സിൽ അത്രയും ആളുകൾക്കിടയിൽ വച്ച്   അർബാസ് സേറക്കു തന്റെ കണ്ണുകൾ കൊണ്ട്  ഒരു ഉറപ്പു നൽകി , എന്നും എപ്പോഴും അവളെ സ്നേഹിച്ചു അവളുടെ കൂടെ തന്നെ കാണുമെന്ന ഒരു ഉറപ്പ് . ആ ഉറപ്പാണ്  അർബാസിന് പിന്നീട് മുന്നോട്ടേക്കുള്ള തന്റെ ജീവിതത്തിലെ യാത്രയിലുടനീളം  ഊർജം നൽകിയത് .  പത്താം ക്ലാസ്സിൽ അവന്  മാർക്ക് കുറഞ്ഞ്  അവർ വേറെ വേറെ കോളേജുകളിലായിരുന്നപ്പോഴും , തന്റെ ബാപ്പ മരിച്ച്‌  കുടുംബത്പ്രാരബ്ധം കാരണം  പഠിത്തം നിർത്തുമ്പോളും അന്ന് ഇംഗ്ലീഷിൽ ഡിഗ്രി പഠിക്കുന്ന സേറക്ക് വീണ്ടും ആ ഉറപ്പ്  അർബാസ് നൽകി , ഒപ്പം അവളുടെ  ചുണ്ടിൽ ഒരു മുത്തവും .

നാട്ടിൽ ചെറിയൊരു ജോലിയുമായി തന്റെ കുടുംബത്തെ എങ്ങനെയൊക്കെയോ അർബാസ്  താങ്ങി നിർത്തി . അർബാസും സേറയും   തമ്മിലുള്ള  കണ്ടുമുട്ടലുകൾ കുറഞ്ഞു തുടങ്ങി , എന്നാലും കിട്ടുന്ന അവസരങ്ങളിലൊക്കെയും സേറയും അർബാസും  പരസ്പരം കണ്ടു . ഉമ്മറിക്കയുടെ ചായക്കടയിലും , കോളേജിന്റെ ബസ് സ്റ്റോപ്പിലും , പുതുതായി വന്ന സന്ധ്യ കൊട്ടകയിലും അങ്ങനെ പലയിടത്തും വച്ച്  അവർ കണ്ടുമുട്ടി .

 ഉമ്മറിക്കയുടെ ചായക്കടയിലെ  അങ്ങനെയുള്ള ഒരു കൂടിക്കാഴ്ചയിൽ ആണ് സേറ അർബാസിനോട്  അത് ചോദിച്ചത് 

“അർബാസ് മോനെ അന്റെ പേരിന്റെ അർത്ഥം പിന്നെ നീ കണ്ടുപിടിച്ചായിരുന്നോ ?” .

സേറയുടെ ഈ ചോദ്യം അവനെ പഴയ യന്ത്ര ഊഞ്ഞാലിന്റെ ഓർമ്മകളിലേക്ക്  കൊണ്ട് പോയി .

“ ഇല്ല ,എന്തെ .”

“ ആ എന്നാ ഞാൻ കണ്ടു പിടിച്ചു , അർബാസ് എന്ന് വച്ചാ പരുന്ത് എന്നാണ് “

“ ഓഹ് , കൊള്ളാമെല്ലോ “ 

“ എന്നാണ്  നീ ഇനി  എന്നെ അന്റെ ജീവിതത്തിലേക്ക് ഇവിടുന്ന്  റാഞ്ചി കൊണ്ട് പോവാ ? , ഞാൻ വാപ്പനോട് പറയാൻ പോകാ നമ്മളുടെ കാര്യം , ഇനി എനിക്ക് നിന്റെ ഭാര്യ ആയി ജീവിച്ചാ മതി , അല്ലെങ്കിലേ മനസ്സ് കൊണ്ട്  ഇപ്പോഴേ ഭാര്യ തന്നെ , എന്നാലും നമുക്ക് ഒരു പരിപാടി ഒക്കെ നടത്തി ബിരിയാണി ഒക്കെ വിളമ്പി  നാട്ടുകാരെയൊന്ന്  അറിയിക്കാം .”

സേറ ഇത് പറഞ്ഞ് അർബാസിന്റെ കൈ മുറുക്കി പിടിച്ചിട്ടു അവന്റെ  കവിളത്തു ഒരു ഉമ്മ വച്ചു കൊടുത്തു  , ഉമ്മറിക്കക്കു ഈ സമയം കൊണ്ട്  തന്റെ ചായക്കടയിൽ  പരിചിതമായ ഒരു കാഴ്ചയായി  മാറി കഴിഞ്ഞിരുന്നു അത് .

അർബാസ് എത്രയോ നാളായി  കേൾക്കാൻ ആഗ്രഹിച്ച ഒരു കാര്യമായിരുന്നു  സേറ അന്ന് പറഞ്ഞത് , അന്നേരം അവന്  അത് കേട്ടപ്പോൾ , സന്തോഷത്തേക്കാൾ ഉപരി എന്തോ ഒരു ഭീതിയാണ് അവനിൽ ഉണ്ടായത് , എന്നാലും അവൻ  സേറയെ അത് കാണിക്കാതെ മുഖത്തു ഒരു ചിരി കൊണ്ട്  അത് മറച്ചു പിടിച്ചു   .

അന്ന് രാത്രി തന്നെ സേറയുടെ വാപ്പ അവനെ കണ്ട് കാര്യം പറഞ്ഞു 

“മോനെ എനിക്കിഷ്ടാ , ചെറുപ്പം തൊട്ടേ അറിയുന്നതാ , അതിനെക്കാൾ എന്റെ മോളെയും എനിക്ക് നന്നായി അറിയുന്നതാ , അത് കൊണ്ട് തന്നെ  എനിക്ക് താല്പര്യമില്ല എന്ന് പറഞ്ഞത് കൊണ്ട് ഇത് നടക്കാതിരിക്കില്ല , അവൾക്കു വാശി കേറും . പക്ഷെ മോൻ എന്റെ സ്ഥാനത്തു നിന്ന് ഒന്നാലോചിച്ചു  നോക്ക്, അവളെ ഞാൻ എങ്ങനെ  നിന്റെ  വീട്ടിലേക്കയക്കും , കെട്ടിച്ചു വിടാൻ പെങ്ങൾമാരും , തീർക്കാൻ കൊറേ കടങ്ങളുമായി   പ്രാരബ്ധവും കഷ്ടപ്പാടുകളും അത്രയ്ക്കുമില്ലേ  അവിടെ   . അത് കൊണ്ട് മോൻ ഒരു കാര്യം ചെയ്യ്, അവളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്ക് ‘

ഈ വാക്കുകൾ  അവളുടെ വാപ്പയിൽ നിന്ന് കേട്ടപ്പോളാണ് അർബാസിന് മുന്നേ സേറയുടെ സംസാരം കേട്ടപ്പോൾ  അവന്റെ മനസ്സിലുണ്ടായ  ഭീതിയെന്താണെന്നു മനസിലായത് . പണ്ട് അവളുടെ വീട് കണ്ടപ്പോൾ  അവൻ തിരിച്ചറിഞ്ഞ അന്തരം , ഇത്രയും നാൾ സേറയുടെ സ്നേഹം കൊണ്ടും , ആ സ്നേഹം എന്നും  വേണമെന്ന അവന്റെ  സ്വാർത്ഥമായ ആഗ്രഹവും കൊണ്ടും അവൻ സ്വയം  കാണാതെ പോയ ആ  അന്തരം , അന്ന് ജീവിതം വീണ്ടും അവനെ ആ അന്തരം ക്രൂരമായി ഓർമിപ്പിച്ചു .

സേറയോട് അർബാസ് കാര്യം പറഞ്ഞെങ്കിലും , അർബാസിനെ കാര്യം മുഴുവൻ പറഞ്ഞു തീർക്കാൻ പോലും സമ്മതിക്കാതെ കെട്ടിപിടിച്ചു ഉമ്മ വെക്കുകയാണ് അവൾ ചെയ്തത്  , ഒപ്പം അവളെ അന്ന് തന്നെ നിക്കാഹ് കഴിക്കാനും  ആവശ്യപ്പെട്ടു . താനും കൂടി ജോലിക്കു കയറി അവർക്കു ഒന്നിച്ചു ഒരു ജീവിതം തുടങ്ങാം എന്ന്  സേറ അവനോട്  കരഞ്ഞ് പറഞ്ഞു .അവസാനം എങ്ങനെയൊക്കെയോ  താൻ കൊൽക്കത്തയിലേക്ക് ഉയർന്ന ജോലിക്ക് പോവുകയാണെന്നും , രണ്ടു വർഷത്തിനുള്ളിൽ  അവർക്ക് ഒന്നിച്ചു ജീവിക്കാമെന്നും  അർബാസ്  അവളെ  പറഞ്ഞു സമ്മതിപ്പിച്ചു .

അങ്ങനെ യാത്ര പുറപ്പെടുന്നതിനു കുറച്ച് ദിവസങ്ങൾക്ക് മുന്നേ ഉമ്മറിക്കയുടെ ചായക്കടയിൽ വച്ച് അർബാസ് അടുത്ത സുഹൃത്തുക്കളോട്  ഈ കാര്യം പറയുന്നത് ഉമ്മർക്ക  കേട്ടു .

“കണ്ടോടാ മക്കളെ , ഓൻ തളരാതെ ഓന്റെ പെണ്ണിനെ സ്വന്തമാക്കാൻ  ജീവിതത്തോട് പോരടിക്കുന്നെ , ഓൻ വീരൻ ആണ് , നല്ല ഒന്നാന്തരമൊരു വീരൻ “

അങ്ങനെ ഉമ്മർക്ക അവന്  ചാർത്തി കൊടുത്ത പേരാണ്   വീരൻ അർബാസ് എന്ന്  .

തലക്കടത്തൂർ വിട്ട് കൊൽക്കത്തയിൽ എത്തുമ്പോഴേക്കും സേറ നാട്ടിൽ നിന്ന് അയച്ച പ്രേമലേഖനം അവന്റെ വിലാസത്തിൽ  നേരത്തെ തന്നെ  അവിടെയെത്തി  കിടപ്പുണ്ടായിരുന്നു .

“പ്രിയ്യപ്പെട്ട അർബാസ്  ,

അവിടെ സുരക്ഷിതമ്മായി എത്തിയാൽ എല്ലാം ഷരിയായ ഉടനെ കത്ത് അയക്കണം . നാൻ  കാത്തു ഇരിക്കും  “

അർബാസ്‌ അവിടെ എത്തി എല്ലാം ശരിയായ  ശേഷം ഉടൻ തന്നെ അവൾ അയച്ച  കത്തിനുള്ള മറുപടി എഴുതി .

“ പ്രിയപ്പെട്ട സേറ മോൾ 

എനിക്ക് ഇവിടെ സുഖമാണ്  . നീ കൂടെയില്ലാത്തതിന്റെ  ഒരു സുഖക്കുറവ് ഉണ്ട് .ഇവിടെ  എത്തിയ ഉടൻ തന്നെ നിന്റെ കത്ത് കണ്ടത് സന്തോഷമുള്ളൊരു കാര്യമായിരുന്നു . സേത്തിന്റെ അവിടെ ജോലിക്ക് കയറിയിട്ടുണ്ട് , ശമ്പളം തുച്ഛമാന്നെങ്കിലും നാട്ടിലുള്ളതിനെക്കാൾ മെച്ചമാണ്  .പിന്നെ ഇവിടെ എന്റെ കൂടെ ഒരു മിഖായേൽ സായിപ്പുണ്ട് , ആൾക്ക് മലയാളം സംസാരിക്കാനറിയാം , അത് കൊണ്ട് എന്റെ മോൾ ഇനി  മലയാളത്തിൽ കത്തെഴുതി കഷ്ടപ്പെടേണ്ട , ഇംഗ്ലീഷിൽ എഴുതി അയച്ചാൽ  അത് എനിക്ക് മിഖായേൽ സായിപ്പു തർജമ ചെയ്തു തരും , ഇനി സായിപ്പു അറിയാൻ പാടില്ലാത്ത കാര്യമുണ്ടേൽ അത് മാത്രം മലയാളത്തിൽ എഴുതിയാൽ  മതി . എന്റെ കൂടെ കൊറേ കഷ്ടപ്പാടുകൾ അനുഭവിക്കാൻ ഇറങ്ങി തിരിച്ചവൾ  അല്ലേ നീ , മലയാളത്തിൽ എഴുതി അക്ഷരതെറ്റുകൾ വരുത്തുന്ന  കഷ്ട്ടപാടിൽ നിന്നെങ്കിലും നിന്നെയൊന്ന് രക്ഷിക്കട്ടെ ഞാൻ . ഉമ്മർക്കയോടും നിലൂഫറിനോടും  നമ്മളെ അറിയാവുന്ന എല്ലാവരോടും എന്റെ അന്വഷണം പറയണം .

എന്ന്   നിന്റെ സ്വന്തം 

അർബാസ്   “

പിന്നീടുള്ള ദിവസങ്ങളിൽ അവരുടെ സംസാരം  കത്തുകളിലൂടെയായിരുന്നു  . സേറ ഇംഗ്ലീഷിൾ എഴുതുന്ന  കത്തുകൾക്ക് അർബാസ്‌ മലയാളത്തിൽ മറുപടി അയക്കും , അങ്ങനെയായിരുന്നു  അതിന്റെയൊരു രീതി . 

വർഷം ഒന്ന് അങ്ങനെ കടന്നു പോയി . അർബാസ് വിചാരിച്ചത്ര പണം അയാളെ കൊണ്ടുണ്ടാക്കാൻ സാധിച്ചില്ല , അത് അയാളുടെ മനസ്സിൽ ഏറെ വ്യാകുലതകൾ ഉണ്ടാക്കുന്നുണ്ടായിരുന്നു .  കൊൽക്കത്തയിലേക്കുള്ള കത്തിൽ സേറ അർബാസിനോട് സേത്തും ആയി നല്ല ബന്ധമുള്ളത്  കൊണ്ട് ശമ്പളം കൂട്ടി ചോദിക്കാനും  നാട്ടിൽ വന്നു ഉടൻ തന്നെ അവളെ   കെട്ടാനും ആവശ്യപ്പെട്ടു , എന്നിട്ട് അവരിരുവർക്കും കൂടി ചേർന്ന് അവന്റെ പെങ്ങളുമാരുടെ കല്യാണം നടത്താമെന്നും പറഞ്ഞു . ഇതേ കത്തിൽ തന്നെ ചെറുതെങ്കിലും ഒരു ഇംഗ്ലീഷ് പ്രണയലേഖനം അർബാസിൽ നിന്ന് കിട്ടാൻ താൻ ഏറെ ആഗ്രഹിക്കുന്ന കാര്യവും സേറ അറിയിച്ചു .

അതിന് അർബാസിന്റെ മറുപടി ഈ പ്രകാരമായിരുന്നു 

“ പ്രിയപ്പെട്ട സേറ മോൾ 

ഒരു നാൾ ഞാൻ  ഇംഗ്ലീഷിൽ എന്റെ പ്രിയപെട്ടവൾക്ക് വേണ്ടി കത്തെഴുതുന്നതായിരിക്കും. ഇന്റർനെറ്റ് ഉപയോഗിച്ചുള്ള  ഇംഗ്ലീഷ് പഠനത്തിന് എന്നെ മിഖായേൽ സായിപ്പു സഹായിക്കുന്നുണ്ട് . ഞാൻ ആദ്യം ഇന്റർനെറ്റിൽ തിരഞ്ഞത് സേറ എന്ന വാക്കിന്റെ അർത്ഥമായിരുന്നു , അതിൽ പറയുന്നത് സേറ എന്നതിന്റെ അർത്ഥം നക്ഷത്രം ആണെന്നത്രെ , അങ്ങനെയാണെങ്കിൽ നക്ഷത്രങ്ങളിൽ ഏറ്റവും മൊഞ്ചുള്ള നക്ഷത്രം എന്റെ സേറ തന്നെ . ഒരു സംശയവും വേണ്ട , ഈ പരുന്ത് ഉടനെ തന്നെ ഈ നക്ഷത്രത്തെ റാഞ്ചുന്നതായിരിക്കും . എനിക്ക് ഒരു വർഷം കൂടി സമയം തന്നാൽ എല്ലാം ഞാൻ ശരിയാക്കാം , നമുക്ക് നമ്മുടെ ജീവിതം ഒന്നിച്ചു തുടങ്ങുകയും ചെയ്യാം . പിന്നെ ശമ്പളം ഞാൻ കൂട്ടി  ചോദിച്ചിട്ടുണ്ട് സേറ മോൾ  , അറിയാവുന്നവരോട് കെഞ്ചുന്നതാണ്  സേറ മോൾ  ഏറ്റവും ബുദ്ധിമുട്ട് , അറിയാത്തവർ ആണെങ്കിൽ ഒന്നും നോക്കാതെ എത്ര വേണമെങ്കിലും കെഞ്ചാം .ഞാൻ എന്നെ കൊണ്ട് പറ്റുന്നതൊക്കെയും ചെയ്യുന്നുണ്ട്  , എന്ത് തന്നെയായാലും ഒരു വർഷം കൂടി നീ കാത്തിരിക്കൂ .നമ്മുടെ പ്രശ്നങ്ങളെല്ലാം  അതിനുള്ളിൽ അവസാനിക്കും . നാട്ടിൽ വന്നു നിന്റെ  കൂടെ ഒട്ടിപ്പിടിച്ചു കെട്ടിപിടിച്ചു കിടന്നിട്ടു കവിളത്തു കൊറേ ഉമ്മ തരാൻ  കൊതിയാകുന്നു . ഉമ്മ്മമ്മമമാ …….

എന്ന് നിന്റെ സ്വന്തം 

അർബാസ്‌              “

അങ്ങനെ ഒരു വർഷം കൂടി  വീണ്ടും കടന്നു പോയി , അർബാസിന്റെ വരവിനായി സേറ ഏറെ കാത്തിരുന്നു , സേറക്ക് അവളുടെ വീട്ടിൽ ബാപ്പയുടെ നിക്കാഹ് കഴിക്കാനുള്ള നിർബന്ധം പറച്ചിൽ ഒഴിവാക്കുന്നതായിരുന്നു  ഈ  കഴിഞ്ഞ കഴിഞ്ഞ വർഷത്തെ പ്രധാന പണി , ഇപ്പോൾ ഉള്ള പണിയേക്കാൾ മെച്ചപ്പെട്ട ഒന്ന് കണ്ടുപിടിക്കാൻ നോക്കുന്നതായിരുന്നു  അർബാസിന്റെ പണി , രണ്ടു പേരും അവർ ഉദ്ദേശിച്ച കാര്യങ്ങളിൽ വലിയ വിജയമൊന്നും  കണ്ടില്ല . സേറ അർബാസിന് അയച്ച കത്തിൽ ഉടനെ തന്നെ നാട്ടിലേക്കു വന്നു തന്നെ  കെട്ടി കൊണ്ടുപോകണം എന്ന് അർബാസിനോട് ആവശ്യപ്പെട്ടു , അതിന് വന്ന മറുപടി കത്ത് ഈ പ്രകാരം ആയിരുന്നു 

“പ്രിയപ്പെട്ട സേറ മോൾ 

നിന്റെ ബാപ്പ പറഞ്ഞതാ ശരി , എന്റെ കൂടെ നീ ജീവിക്കുകയാണെങ്കിൽ നീ ഏറെ കഷ്ടപ്പെടും  , അത് കൊണ്ട് നീ എന്നെ മറക്കണം .”

സേറ പക്ഷെ  അങ്ങനെയങ്ങ്  അവരുടെ ബന്ധം ഉപേക്ഷിക്കാൻ തയ്യാറല്ലായിരുന്നു . പിന്നീട് അങ്ങോട്ടുള്ള ഓരോ ദിവസവും സേറ അർബാസിന് കത്തുകൾ നിർത്താതെ അയച്ചു കൊണ്ടേയിരുന്നു  , ഒന്നിനും അർബാസ് അവൾക്ക് മറുപടി നൽകിയില്ല . അങ്ങനെ ആറാമത്തെ മാസം സേറ തന്റെ  അവസാനത്തെ കത്ത് അയച്ചു , ഈ കത്തിന് ഒരു മാസത്തിനുള്ളിൽ മറുപടിയില്ലെങ്കിൽ  അവന്റെ ആഗ്രഹം പോലെ താൻ വേറെ നിക്കാഹ് കഴിച്ചു കൊള്ളാമെന്നായിരുന്നു  അതിലെ സാരം .

അന്ന്  രാത്രി സേറ തന്നെ മറന്നു മുന്നോട്ടു നീങ്ങാൻ തീരുമാനിച്ചു എന്ന് അറിഞ്ഞ സമാധാനത്തിൽ ഉറങ്ങാം എന്ന ചിന്ത ആണ് ആ കത്ത് വായിച്ചു കഴിഞ്ഞപ്പോൾ അർബാസിന്റെ മനസിലൂടെ കടന്നു പോയത് . നമ്മുടെ സന്തോഷത്തേക്കാൾ  ഉപരി  നമ്മുടെ ഇഷ്ടപെട്ടവരുടെ  സന്തോഷം ഉറപ്പു വരുത്തുന്നത് കൂടിയാണ് പ്രണയം എന്ന് അർബാസ് അന്ന് മനസ്സിലാക്കി . ഇനി ഓൾക്ക് കഷ്ട്ടപാടുകൾ ഉണ്ടാവൂല്ല എന്ന സമാധാനത്തിൽ അവൻ ആ കത്തിൽ സ്നേഹത്തോടെ ഒരു മുത്തം നൽകി  അവൻ അത് അവനോടു ചേർത്ത് പിടിച്ചിരുന്നു  .

അന്ന് രാത്രി പക്ഷെ അർബാസിന് വിചാരിച്ച പോലെ ഉറങ്ങാൻ കഴിഞ്ഞില്ല , ഉടനെ തന്നെ നാട്ടിൽ പോകണം എന്നും അവളെ തന്നെ കെട്ടിയെ പറ്റു എന്ന് അവന്റെ മനസ്സ് അവനോടു ഉരുവിടും പോലെ അവന് തോന്നി . ഉടനെ തന്നെ കട്ടിലിൽ നിന്നെഴുന്നേറ്റ്  അവൾക്കുള്ള മറുപടി കത്ത് എഴുതി .

“പ്രിയപ്പെട്ട സേറ മോൾ 

ഞാൻ അടുത്ത മാസം നാട്ടിലേക്കു വരും ,നിന്നെ കെട്ടി നമുക്ക് ഇവിടെ കൂടാം , നീ പറഞ്ഞ പോലെ നമ്മൾ രണ്ടു പേരുടെ ജോലി വച്ച് നമുക്ക് സന്തോഷത്തോടെയും സ്നേഹത്തോടെയും ഒന്നിച്ചു ജീവിക്കാം .

എന്ന് നിന്റെ സ്വന്തം 

അർബാസ്    “

അടുത്ത ദിവസം ഈ കത്ത് പോസ്റ്റ് ചെയ്യാൻ റോഡ് മുറിച്ചു കടക്കെ അർബാസിനെ പിന്നിൽ നിന്ന് ഒരു വണ്ടി ഇടിച്ചു . ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായിരുന്നു  , അർബാസ്‌ കോമയിലേക്കു വഴുതി വീണു , വണ്ടി ഓടിച്ച ആൾ നല്ലൊരു  മനുഷ്യൻ ആയിരുന്നതു കൊണ്ട്   എത്ര വർഷമെടുത്താലും അർബാസിന്റെ എല്ലാ ചികിത്സ ചെലവും താൻ ഏറ്റെടുത്തു കൊള്ളാം എന്ന് അയാൾ ഡോക്ടർമാരോട് പറഞ്ഞു .

അങ്ങനെ ആ കത്ത് പോസ്റ്റ് ചെയ്യാൻ പറ്റാതെ ,സേറയെ ഒന്ന് കാണാൻ പറ്റാതെ ജീവിതത്തിന്റെയും മരണത്തിനുമിടയിലെ നൂൽപാലത്തിലേക്കു അർബാസ്‌  വീണു പോയി .

ജീവിതം അവനോടു കാണിച്ച മറ്റൊരു ക്രൂരമായ തമാശ , അവളെ ഏറ്റവും കാണാൻ ആഗ്രഹിച്ച നിമിഷത്തിൽ , സ്വയം തന്നെ പോലും  തിരിച്ചറിയാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് ജീവിതം അവനെ ഉന്തി വിട്ടു  .

വർഷം അഞ്ച് അങ്ങനെ കടന്നു പോയി . അർബാസ് അവസാനം കോമയിൽ നിന്ന് തിരിച്ചു വന്നു , തന്നെ ഇടിച്ച ആളോട്  നന്ദി പറഞ്ഞിട്ട് അർബാസ്‌ തലക്കടത്തൂരിലേക്കു നേരെ  വച്ച് പിടിച്ചു . അഞ്ച് വർഷം കൊണ്ട് ഒരുപാടു കാര്യങ്ങൾ  മാറി പോയിരുന്നു , അങ്ങാടിയിലേക്ക് ബസിൽ  നിന്നിറങ്ങിയ  അർബാസിനെ പലരും തിരിച്ചറിഞ്ഞില്ല .ചായക്കടയിൽ ഉമ്മർക്കക്ക് പകരം മൂപ്പരുടെ മോനാണ് ഇപ്പോൾ കാര്യങ്ങൾ നോക്കുന്നത്  ,സന്ധ്യ കൊട്ടക ആൾ കയറാതെ നഷ്ടത്തിലായി അടച്ചു പൂട്ടിയിരുന്നു . കാര്യങ്ങൾ തിരിച്ചറിയാനുള്ള ബോധം ഈ അടുത്ത് കിട്ടിയ അർബാസിന് തീരെ  തിരിച്ചറിയാൻ പറ്റാത്ത വിധം തലക്കടത്തൂർ ഒരുപാട് മാറി പോയിരുന്നു .

താനില്ലാതായതു കൊണ്ട് തന്റെ വീട്ടിലെ അവസ്ഥയെത്രത്തോളം ദാരുണമായിക്കാണുമെന്ന ഭയത്തോടെയാണ് അയാൾ തന്റെ വീട്ടിലേക്കുള്ള ഓരോ കാലടികളും എടുത്ത് വച്ചത് .എന്നാൽ അർബാസിനെ കാത്തിരുന്നത് ജീവിതത്തിന്റെ മറ്റൊരു തമാശ ആയിരുന്നു. വീട്ടുമുറ്റത്തെത്തിയപ്പോൾ  അയാളൊന്ന് ഞെട്ടി ,അവന്റെ വീട് തന്നെയാന്നോ എന്ന് സംശയിപ്പിക്കും വിധം ഭംഗിയുള്ളൊരു വീട് , മുറ്റത്ത് ഉമ്മച്ചി ഒരു കൊച്ചിനെ കളിപ്പിക്കുന്നത് അവനു കാണാം , ഉമ്മാക്ക് ആദ്യത്തെ കാഴ്ചയിൽ തന്നെ അവനെ മനസിലായി , അല്ലെങ്കിലും ഉമ്മമാർ അങ്ങനെയാന്നെല്ലോ . കഴിഞ്ഞ അഞ്ചു വർഷത്തെ എല്ലാ സങ്കടവും അർബാസ്  ഉമ്മാനെ കെട്ടിപിടിച്ച് കരഞ്ഞു കൊണ്ട്  തീർത്തു . ഉമ്മ അർബാസിനെ സമാധാനിപ്പിച്ച്ച്‌ വീടിനകത്തേക്ക് കയറ്റി . അടുക്കളയിലേക്കു നടക്കും വഴി രണ്ടു പെങ്ങൾമാരുടെയും കല്യാണ ഫോട്ടോകൾ ചുമരിൽ കിടക്കുന്നത് അർബാസ് ശ്രദ്ധിച്ചു . വീടിന്റെ പുറം പോലെ തന്നെ അകവും ഒരുപാടു മെച്ചപ്പെട്ടിരുന്നു . അർബാസിന് തന്റെ കണ്മുന്നിൽ കാണുന്നതൊക്കെയും  എങ്ങനെ സംഭവിച്ചെന്ന് എത്രയാലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടിയില്ല. അർബാസിനെ സ്നേഹത്തോടെ  തീൻ മേശയിൽ ഇരുത്തി ഉമ്മ അവിടെയുള്ള ഭക്ഷണം മുഴുവനും  അവന്  മുന്നിൽ വിളമ്പി . ഭക്ഷണം കഴിപ്പിനിടയിൽ കഴിഞ്ഞ അഞ്ചു വർഷത്തെ കാര്യങ്ങൾ ഉമ്മ അവന്  വിശദീകരിച്ചു കൊടുത്തു.

സേറ അവന് വേണ്ടി പിന്നെയും ഒരു വർഷം കാത്തിരുന്നു , അവസാനം അവളുടെ വാപ്പയുടെ നിർബന്ധം സഹിക്കവയ്യാതെ അവൾ വേറൊരാളെ  കെട്ടി . അവൾ ജോലി ചെയ്തിരുന്ന സ്കൂളിലെ സുഹൈൽ മാഷിനെ  , അയാൾ നല്ലൊരു മനുഷ്യനായിരുന്നു  , അവളെ പൊന്നു പോലെ തന്നെ നോക്കി . കല്യാണം കഴിഞ്ഞും സേറ ഇവിടെ വന്നു ഉമ്മയോടു അർബാസിന്റെ വിവരം  അന്വഷിക്കുമായിരുന്നു. ഉമ്മാക്ക് ആവശ്യമുള്ള പണം നിർബന്ധിച്ച് അവരുടെ കയ്യിൽ കൊടുക്കും. പെങ്ങൾമാരുടെ നിക്കാഹ് നടന്നത് ഒക്കെ സേറയൊരാളുടെ സ്നേഹവും കരുതലും ഒന്ന് കൊണ്ട് മാത്രമാണ്  . 

സുഹൈലിനും സേറക്കും ഈ കാലയളവിൽ രണ്ടു മക്കളുണ്ടായി , ഒരു മോനും മോളും .അവർ  അങ്ങനെ ഒരു സന്തുഷ്ടകുടുംബമായി  ഇങ്ങനെ മുന്നോട്ടു പോകുമ്പോളായിരുന്നു  ആ അത്യാഹിതം സംഭവിച്ചത് , സുഹൈൽ ഒരു വർഷം മുന്നേ ഒരു കാറപകടത്തിൽ മരണപെട്ടു . പിന്നെ അവളും ആ  രണ്ടു പിഞ്ചു മക്കളും മാത്രമായി  അവളുടെ  വീട്ടിൽ. എന്നാലും ഇവിടെ  വന്നു അർബാസിന്റെ വിവരം വല്ലതും കിട്ടിയോ  എന്ന് അന്വഷിക്കും . സേറ രണ്ടു കുട്ടികളുടെയും അവന്റെ വീടിന്റെയും ചെലവുകൾ ഒക്കെ അവളുടെ ടീച്ചർ പണി വച്ച് ഇവിടെ വരെയെത്തിച്ചത് ആലോചിച്ച്‌ അവന്  അഭിമാനം തോന്നി , അവനോടു പണ്ട്  അവൾ പറഞ്ഞ വാക്കുകൾ അവന്റെ ഓർമ്മയിലേക്ക് വന്നു, അവൾ പറഞ്ഞ പോലെ തന്നെ ചെയ്തിരിക്കുന്നു . അവനില്ലാതെ തന്നെ അവൾ എല്ലാവർക്കും വേണ്ടതൊക്കെയും ചെയ്തിരിക്കുന്നു .

 ഭക്ഷണം കഴിച്ചു കഴിഞ്ഞയുടനെ  തന്നെ അവളുടെ വീട് ലക്ഷ്യമാക്കി അവൻ നീങ്ങി. സേറയെ കാണാനുള്ള അടങ്ങാത്ത ആഗ്രഹം അവനിൽ വല്ലാതെ കൂടി , പണ്ട് തലക്കടത്തൂർ പള്ളി പെരുന്നാളിലെ കുട്ടി  അർബാസിനെ പോലെ ആയെന്നൊരു  തോന്നൽ അവനിലുണ്ടായി  . വീടിനടുത്തെത്തിയപ്പോൾ വീട് അടച്ചിട്ടിരിക്കുകയാണ്  . ഈ കഴിഞ്ഞ അഞ്ച് വർഷം  ജീവിതം അവനോടു കാണിച്ച ക്രൂരതയെ കുറിച്ചോർത്ത്  അവൾ പിള്ളേരെയും കൊണ്ട്  ആ വീട്ടു മുറ്റത്തെത്തും വരും അവൻ  കൊറേ ദണ്ണിച്ചു . പക്ഷെ ഒന്ന് ആലോചിച്ചപ്പോൾ തന്നെക്കാൾ വലിയ  യാതനകൾ അനുഭവിക്കേണ്ടി വന്നവളാണ് സേറ എന്ന സത്യം അവൻ തിരിച്ചറിഞ്ഞു. ഇഷ്ടമുള്ളൊരാളെ പിരിഞ്ഞു ഒരു അപരിചിതനെ കെട്ടുക , അപരിചിതൻ ഒന്ന് പരിചിതമായി കഴിഞ്ഞ്  രണ്ടു പൊന്നോമന പോലുള്ള മക്കളുണ്ടായതിന് ശേഷം കെട്ട്യോനെ നഷ്ടപെടുക , എന്തോരം കഷ്ട്ടപാടുകൾ ആണ്  ഈ കാലം കൊണ്ട്  അവൾക്കു അനുഭവിക്കേണ്ടി വന്നത്   . താനുൾപ്പടെയുള്ള എല്ലാവരും അവളെ ഒറ്റപെടുത്തിയിട്ടേ ഉള്ളു , എന്നിട്ടും അതിലൊന്നും തളരാതെ ജീവിച്ച സേറയെ കുറിച്ചോർത്തു അവന് വീണ്ടും അവളോട്‌ അടങ്ങാത്ത പ്രണയം തോന്നി .

അർബാസിനെ കണ്ടയുടനെ തന്നെ സേറ ഒരു ചിരിയോടെ അവനെ  വീടിനകത്തേക്ക്  ക്ഷണിച്ചു . സെറ  ഇട്ടു കൊടുത്ത ചായ കുടിച്ചു കൊണ്ട് അവൻ ആ രണ്ടു മക്കളേ സ്നേഹത്തോടെ നോക്കി. 

 അർബാസും സേറയും പരസ്പരം നോക്കി ചിരിച്ചു , രണ്ടു പേരും ഒന്നും മിണ്ടിയില്ല , അല്ലെങ്കിലും ഇനി എന്ത് മിണ്ടാനാണ്  .

വർഷം ഇരുപത്തിയഞ്ച്  പിന്നെയും അങ്ങനെ കടന്നു പോയി . ഇർഷാദ് പെണ്ണ് കെട്ടി  സേറ ഇപ്പം ഒരു ഉമൂമ്മ ആണ് , സഹ്‌റ കോളേജിലുമെത്തി  . ഈ കഴിഞ്ഞ കാലമത്രയും  സേറയും അർബാസും അവരുടെ സൗഹൃദം തുടർന്നു . അർബാസ്‌ പിന്നീട്  തലക്കടത്തൂരിൽ  തന്നെ കൂടി , വിവാഹം ഒന്നും കഴിച്ചില്ല .  നാട്ടിലുള്ള ചിലർ  സ്നേഹിച്ച പെണ്ണിന് അന്യനിൽ ഉണ്ടായ മക്കളേ നോക്കുന്ന ശൂരനാണ്  വീരൻ അർബാസ് എന്ന് പറഞ്ഞ്  അയാളെ കളിയാക്കുമായിരുന്നു . അതൊന്നും പക്ഷെ അർബാസ് വക വച്ചില്ല . പെങ്ങളുമാരുടെ കുട്ടികളെയൊക്കെ നോക്കി ,ഉമ്മയുടെ അവസാനം വരെ അവനെ കൊണ്ട് പറ്റും വിധം ഒക്കെ അവരെ സന്തോഷിപ്പിച്ച്‌  , സേറയുടെ കൂടെ ഒഴിവു സമയങ്ങളിൽ കഥകൾ പറഞ്ഞ് ചായ കുടിച്ച് അങ്ങനെയങ്ങ് അയാളുടെ ഇരുപത്തിയഞ്ചു വർഷങ്ങൾ കടന്നു പോയി .

 ഒരു വൈകുനേരം ഇപ്പോൾ  ഉമ്മറിക്കയുടെ  മോൻ നടത്തുന്ന ചായക്കടയിൽ അങ്ങനെ ഇരിക്കുമ്പോഴാണ് സേറ അവനോട് ആ ചോദ്യം  ചോദിച്ചത് 

“ എടാ ഇത്രയും വർഷം , നീയെന്തേ എന്നോട് ഞാൻ നിന്നെ കെട്ടിക്കോട്ടെ എന്ന് ചോദിക്കാഞ്ഞത് , ഒരിക്കൽ പോലും അങ്ങനെയൊരു  ചിന്ത നിന്റെ  മനസ്സിലൂടെ കടന്നു പോയിട്ടില്ലേ “

“ ഇരുപത്തഞ്ചു വർഷം  മുന്നേ നീ ഇർഷാദിനെയും സഹ്‌റാനെയും  കൊണ്ട്  വീട്ടിലേക്കു നടന്നു വരുന്നത് കണ്ട നിമിഷം തൊട്ടു ഈ നിമിഷം വരെ  എന്റെ മനസ്സിലൂടെ ആ  ചിന്ത കടന്നു പോകാത്ത ഒരു ദിവസം പോലുമില്ല , പക്ഷെ അങ്ങനെ ചോദിച്ചാൽ നിനക്ക് അത് ബുദ്ധിമുട്ടു ആകുമെന്ന് നീയെന്നോട്  പറയാതെ പറയും പോലെ തോന്നി എനിക്ക്  , അത് കൊണ്ടാ ഞാൻ പിന്നെ “

അർബാസ് സേറക്ക് മുഖം കൊടുക്കാതെ തന്റെ ചായകുടി തുടർന്നു . സേറ അർബാസിനെ തന്നെ കണിമ്മ ചിമ്മാതെ നോക്കി കൊണ്ടേയിരുന്നു  . അർബാസ്‌ അത് കാണുന്നുണ്ടായിരുന്നെങ്കിലും , സേറക്ക് പിടി കൊടുക്കാതെ അവൻ അവന്റെ  ചായ കുടി തുടർന്നു .

“ അത് ശരിയാ , അന്ന് ചോദിച്ചിരുന്നെകിൽ ഞാൻ സമ്മതിക്കുല്ലെർന്നു  , പക്ഷെ ഇന്ന് ചോദിച്ചാൽ ഞാൻ സമ്മതിക്കില്ല എന്ന് നീ  കരുതുന്നുണ്ടെങ്കിൽ  , അത് തെറ്റാന്ന്ട്ടാ .”

അർബാസ് ഇത് കേട്ട് ഞെട്ടി തന്റെ ചായ കുടി നിർത്തി സേറയെ നോക്കി , കേട്ടത് മാറി പോയില്ലെല്ലോ എന്ന് അവൻ ഉറപ്പു വരുത്തി , സേറയോട് വീണ്ടും താൻ കരുതുന്നത് തന്നെ അല്ലെ സേറ കരുതുന്നത് എന്ന് അവൻ  ചോദിച്ചു ഉറപ്പ് വരുത്തി  .

“ നമ്മൾ ചെറുപ്പം തൊട്ട് എന്താന്നോ കരുതിയത് അത് തന്നെ ഞാനും കരുതുന്നത് , മക്കൾ ഒക്കെ വളർന്നു വലുത് ആയില്ലേ , ഓരേ നോക്കാനുള്ള ശേഷി ഓർക്ക്  ആയി , ഇനിയുള്ള കുറച്ചു കാലം നമുക്ക് നമ്മുടെ ജീവിതം ജീവിക്കണ്ടേ അർബാസ് മോനെ , നാളെ നമുക്ക് നിക്കാഹ് ചെയ്യാ “

“ മക്കൾ എന്ത് പറയും , നാട്ടുകാർ എന്ത് വിചാരിക്കും ?”

സേറ ഇതിനു മറുപടി ഒന്നും പറഞ്ഞില്ല , ആ ചോദ്യത്തിൽ കഴിഞ്ഞു സേറയുടെ തണ്ട് എന്ന് അവൻ കരുതി. സേറ പക്ഷെ അടുത്ത നിമിഷം അവനെ വീണ്ടും ഞെട്ടിച്ചു ,  അവൾ അവനെ കൂടുതൽ അടുത്തേക്ക് ചേർത്ത് പിടിച്ച്‌ അവന്റെ കവിളിൽ ഒരു കലക്കൻ ചുംബനം  നൽകി . ഈ തവണ ഉമ്മർക്കയുടെയും മോനും അവിടെയിരുന്നവരും  ഒക്കെ  ഞെട്ടി .മുപ്പതു വർഷം  മുന്നേ കണ്ടു മറന്ന കാഴ്ച വീണ്ടും കണ്ടതിന്റെ ഞെട്ടൽ , പക്ഷെ അർബാസിനു സ്വർഗം കണ്ട പോലൊരു അനുഭവം ആയിരുന്നു ആ മുത്തം , ഉടനെ തന്നെ  അവിടെ നിന്നിറങ്ങി അർബാസ് അടുത്ത ദിവസത്തിനായുള്ള തയാറെടുപ്പുകൾ തുടങ്ങി , രജിസ്റ്റർ ഓഫീസിലേക്ക് പോകുമ്പോൾ തനിക്കും സേറക്കും ധരിക്കാൻ പുതിയ വസ്ത്രങ്ങൾ മേടിച്ചു  , അടുത്ത ഒന്ന് രണ്ടു സുഹൃത്തുക്കളെ കാര്യം വിളിച്ചറിയിച്ചു  . അങ്ങനെ എല്ലാമൊരുക്കി  ആ  രാത്രിയൊന്ന് കടന്നു കിട്ടാനുള്ള അവന്റെ കാത്തിരിപ്പ് ആരംഭിച്ചു .തന്റെ മുറിയിലുള്ള പഴയ കത്തുകളിലൂടെ പരതിയപ്പോൾ അർബാസ് താൻ പണ്ട് മിഖായേൽ സായിപ്പിന്റെ അടുത്ത് നിന്ന് പഠിച്ച തട്ടിക്കൂട്ട് ഇംഗ്ലീഷ് കൊണ്ട് അവൻ സേറക്ക് അന്നെഴുതി  അവൾക്ക് അയക്കാതെ വച്ച കത്ത് കണ്ടു .അത് കൈകളിൽ എടുത്തിട്ട് പുതിയൊരു പേപ്പറിലേക്കു താൻ കഴിഞ്ഞ ഇരുപത്തിയഞ്ചു കൊല്ലം കൊണ്ട് പഠിച്ച ഇംഗ്ലീഷ് കൂടി ചേർത്ത് അവൻ ആ രാത്രി ഉറങ്ങാതെ അവൾക്ക് ഒരു കത്തെഴുതി .

“നിക്കാഹ് കഴിഞ്ഞിട്ട് എന്റെ സേറക്ക് ഞാൻ കൊടുക്കുന്ന ആദ്യത്തെ സമ്മാനം ഇത് തന്നെയാകട്ടെ “

ഇതും പറഞ്ഞു ,കത്തിൽ ഒരു മുത്തം വച്ച് അത് മടക്കി തന്റെ പോക്കറ്റിൽ വച്ചിട്ട് നാളെ കഴിഞ്ഞുള്ള സേറയുടെ കൂടെയുള്ള മനോഹരമായ ജീവിതം കിനാവ് കണ്ട്  അവൻ കിടന്നു .

അങ്ങനെ പിറ്റേന് സൂര്യൻ ഉദിച്ചു  ,അർബാസ് എഴുന്നേറ്റു ,സേറ അവനെ അവളുടെ വീട്ടിലേക്കു വിളിച്ചു , അർബാസ് അങ്ങോട്ടേക്ക് വണ്ടി ഓടിച്ചു ചെന്നു . അണിഞ്ഞൊരുങ്ങി സുന്ദരിയായ സേറയെ മക്കൾ ചേർന്ന് അർബാസിന്റെ കാറിന്റെ അടുത്തേക്ക്  ആനയിച്ചു .

 അർബാസിന് താൻ  എത്രയോ വർഷങ്ങളായി  കാണാൻ ആഗ്രഹിച്ച ആ കാഴ്ച കണ്ടു തന്റെ സന്തോഷം പിടിച്ചു വെക്കാനായില്ല , ഈ നിമിഷം തന്റെ ജീവിതത്തിൽ ഒരുക്കിയതിനു അവൻ പടച്ചോനോട് തോനെ നന്ദി പറഞ്ഞു .

സേറ  കാറിന്റെ വാതിൽ തുറന്ന് അകത്ത്  കയറുന്നതിനു തൊട്ടു മുന്നെയാണ് അത് സംഭവിച്ചത് . കൈകൾ വിറച്ചു കൊണ്ട്   അവൾ നിലത്തേക്ക് കുഴഞ്ഞു വീണു  . എന്താ സംഭവിച്ചതു  എന്ന് ആർക്കും മനസിലായില്ല , ഉടനെ തന്നെ അർബാസിന്റെ വണ്ടിയിൽ ആശുപത്രിയിലേക്കു കുതിച്ചു . അപ്പോഴും ഇത് ക്ഷീണം കൊണ്ടുള്ള ബോധക്ഷയം ആകുമെന്നും , ഇന്ന് തന്നെ തനിക്കും സേറക്കും നിക്കാഹ് കഴിക്കാമെന്ന ശുഭപ്രതീക്ഷയിലായിരുന്നു അർബാസ് . പക്ഷെ വൈകാതെ തന്നെ ജീവിതം തനിക്കു കാത്തു വച്ച അടുത്ത പരീക്ഷണമാണ് ഇതെന്ന്  അർബാസ് തിരിച്ചറിഞ്ഞു .  സേറക്ക് പക്ഷാഘാതം വന്നതാണെന്നും , കഴുത്തിന് കീഴെ ഉള്ള ശരീരം മുഴുവൻ തളർന്നെന്നും അവരെ റസിയ ഡോക്ടർ അറിയിച്ചു . അങ്ങനെ വീണ്ടു അർബാസിന് അവളെ തന്റെ ഭാര്യയാക്കാൻ സാധിച്ചില്ല.

കുറച്ചു മാസങ്ങളുടെ ആശുപത്രിവാസത്തിനു ശേഷം സേറയെ വീട്ടിലെത്തിച്ചു , അർബാസ്  പക്ഷെ ആ വീട്ടിലേക്കു കയറിയില്ല ,അവളുടെ അസുഖം ഒക്കെ  മാറിയിട്ടേ ഇനി  ആ വീട്ടിലേക്കു കയറുന്നുള്ളു എന്ന് അവൻ  തീരുമാനിച്ചു .  പിന്നീടുള്ള എല്ലാ ദിവസവും അർബാസ് അവളുടെ റൂമിനു   ചേർന്നുള്ള ബസ് സ്റ്റോപ്പിലിരുന്ന് , അവൾക്കു കഥകൾ വായിച്ചു കൊടുക്കയും , അവളോട്‌ എല്ലാ വിശേഷങ്ങളും പറയുകയും  ചെയ്യും . ബസ് സ്റ്റോപ്പിൽ വരുന്ന എല്ലാവർക്കും  എപ്പോഴും അർബാസിനെ അവിടെ സ്ഥിരം കാണാം എന്ന നിലയായി . 

സഹ്‌റ ഉമ്മയുടെ ഈ ഗതിക്ക് പടച്ചോനെ ചീത്ത വിളിക്കുമ്പോ അർബാസ്  അത് തടയും 

“ മോളെ തളരല്ലേ  നീ , ഓൾക്ക് വേഗം സുഖം ആകും “

“ ഇങ്ങളെ സമ്മതിക്കണം അർബാസിക്ക , ഇത്രയും വർഷങ്ങൾ ആയിട്ട് പടച്ചോൻ നിങ്ങൾക്കു നല്ലൊരു കാര്യം തന്നിട്ടില്ല , എന്റെ ഉമ്മാന്റെ കൂടെ ഒരു ദിവസം പോലും നിങ്ങൾക്കു ഒന്നിച്ചു നിൽക്കാൻ പറ്റിയിട്ടില്ല , എന്നിട്ടും ഇങ്ങള് ഈ വിശ്വാസം കൈവിടുന്നില്ലെല്ലോ “

“ആര് പറഞ്ഞു മോളെ ,ഞാൻ ആഗ്രഹിച്ചത് പടച്ചോൻ തന്നിട്ടില്ലെന്ന് , അന്റെ ഉമ്മാനെ കണ്ട  അന്ന് മുതൽക്കേ ഞാൻ ഒരു കാര്യമേ ആഗ്രഹിച്ചിട്ടുള്ളു  ,ജീവിതാവസാനം വരെ അന്റെ  ഉമ്മാക്ക് കൂട്ടായി നിൽക്കാനുള്ള ഭാഗ്യം എനിക്ക് തരണമേ എന്ന് , കൊൽക്കത്തയിൽ പോയ ഏഴ്  വർഷമൊഴിച്ച്  , ബാക്കി ഈ കണ്ട ജീവിതത്തിൽ അത്രയും അവളുടെ കൂടെ തന്നെ നിൽക്കാൻ പറ്റിയില്ലേ എനിക്ക് , പിന്നെ കൂടെ നിൽക്കാ എന്ന് വച്ചാ നല്ല കാലത്തു മാത്രമല്ലെല്ലോ , വയ്യാത്ത കാലത്തും  കൂടെ നിൽക്കണ്ടെ , അതിനുള്ള അവസരം കൂടി ഒരുക്കി തരല്ലേ പടച്ചോൻ ചെയ്തേ .”

അന്നേരം സഹ്റാക്ക്  തന്റെ ഉമ്മയെ അർഭാസിക്ക സ്നേഹിച്ച പോലെ വേറെ ആരും അവരെ ഈ ലോകത്തു അങ്ങനെ സ്നേഹിച്ചിട്ടില്ല എന്ന തിരിച്ചറിവുണ്ടായി   .

വർഷം പത്ത്  അങ്ങനെ വീണ്ടും  കടന്നു പോയി .  കോരിച്ചൊരിയുന്ന മഴയുള്ള ഒരു രാത്രിയിൽ  റസിയ ഡോക്ടർ സേറാമ്മയെ ചികിൽസിക്കുന്നത്  പുറത്തു നിന്ന് കാണുകയാണ് അർബാസ് , അർബാസിനു ഏകദേശം കാര്യങ്ങൾ വ്യകതമായി കഴിഞ്ഞിരുന്നു , എന്നാലും എന്തെങ്കിലും അത്ഭുതം ഉണ്ടായാലോ എന്ന ഒരൊറ്റ പ്രതീക്ഷയിൽ അർബാസ്  സേറയുടെ ഹൃദയമിടിപ്പുകൾ വീണ്ടും തുടിക്കാൻ തീവ്രമായി ആഗ്രഹിച്ചു . പക്ഷെ റസിയ നിരാശയോടെ അയാളെ നോക്കിയപ്പോൾ അർബാസിനു തന്റെ പ്രാർത്ഥനകൾ വെറുതെയായെന്ന്   മനസ്സിലായി കഴിഞ്ഞിരുന്നു . തന്റെ പ്രതീക്ഷ തെറ്റിച്ചു സേറ ഈ ലോകം വിട്ടു പോയിരിക്കുന്നു . അർബാസ് ബസ് സ്റ്റോപ്പിലെ ജനൽ പാളികൾക്കിടയിലൂടെ  നിശ്ചലമായ സേറയെ തന്നെ  നോക്കിയിരുന്നു .

അടുത്ത ദിവസവുവും  അർബാസ് ആ ബസ് സ്റ്റോപ്പിൽ അങ്ങനെ തന്നെ ഇരിക്കുകയായിരുന്നു . അവളുടെ മയ്യത്ത്  പെണ്ണുങ്ങൾക്കും വളരെ അടുത്ത കുടുംബത്തിനും കാണും പാകത്തിൽ വീടിനകത്ത് വച്ചിരിക്കുന്നത് ബസ് സ്റ്റോപ്പിനോട് ചേർന്നുള്ള ജനൽ പാളികളിലൂടെ അയാൾക്ക്‌ കാണാമായിരുന്നു  . ഇന്നലെ ഇട്ട അതേ ഡ്രെസ്സിൽ പുറത്തിരിക്കുന്ന അർബാസിക്കയെ സഹ്‌റാ നിർബന്ധിച്ചു കൊണ്ട് അകത്തേക്ക് കൂട്ടി  കൊണ്ട് പോയി .അകത്തു ചെന്ന് പൊട്ടി കരഞ്ഞു കൊണ്ട് അർബാസ്  സേറക്ക് ഒരു മുത്തം കൊടുത്തു . എന്നിട്ട് തന്റെ പോക്കറ്റിലുള്ള ഇംഗ്ലീഷ് കത്ത് തന്നാലാവും വിധം കരച്ചിൽ പിടിച്ചു വച്ച് സേറ കേൾക്കാനായി ഉറക്കെ   വായിച്ചു . പണ്ട് എട്ടാം ക്ലാസ്സിൽ അവന് ചുറ്റിലുമുണ്ടായിരുന്ന സത്യൻ സാറും കുട്ടികളും അപ്രത്യക്ഷ്യമായ പോലെ  അന്ന് ആ വീട്ടിലുണ്ടായിരുന്ന ബന്ധുക്കളും നാട്ടുകാരും അവന് അപ്രത്യക്ഷ്യമായി , തന്റെ പ്രിയപെട്ടവൾക്കു വേണ്ടി താൻ എഴുതിയ കത്ത് അയാൾ ലോകം കേൾക്കെ വായിച്ചു .ജീവിതത്തിൽ ഇന്നേ വരെ പുസ്തകത്തിലുള്ള ഇംഗ്ലീഷ് അല്ലാതെ വേറെ ഒന്നും പഠിക്കാത്ത അർബാസ് തന്റെ പ്രിയപെട്ടവൾക്കു വേണ്ടി വർഷങ്ങൾ എടുത്തു  കഷ്ടപ്പെട്ട് പഠിച്ചു കൊണ്ട് സ്വയം എഴുതിയ കത്ത് അവളുടെ മൃതശരീരത്തിനു അടുത്ത് നിന്ന് വായിക്കുന്ന   കാഴ്ച തലക്കടത്തൂരിലെ നാട്ടുകാരുടെ  മനസ്സിൽ നിന്ന് ഇനി ഒരിക്കലും മായാത്ത വിധം പതിഞ്ഞു പോയിരുന്നു .ആ നിമിഷം  അവർക്കു അർബാസ്  വിധി അവനു മുന്നിൽ സമർപ്പിച്ച ക്ലേശങ്ങൾ എല്ലാത്തിനോടും പോരാടി തന്റെ പ്രിയപ്പെട്ടവളെ ചേർത്ത് പിടിച്ച വീരൻ അർബാസ് ആയിരുന്നു .