ഡിസംബർ 04, 1980. സമയം ഉച്ച കഴിഞ്ഞു മൂന്നു മണിയോടടുക്കുന്നു. ജോൺ പതിവില്ലാതെ മയക്കത്തിലായിരുന്നു. ടൈംപീസ് കൃത്യം മൂന്നുമണിക്ക്‌ അലാറം അടിച്ചു. ഇടത് കൈകൊണ്ട് ഓഫ് ചെയ്തു വീണ്ടും കണ്ണുകൾ അടച്ചു കിടന്നു. അപ്പാ…എണീക്ക്…തൊടുപുഴക്ക്‌ പോണമെന്നു പറഞ്ഞിട്ട്…പിന്നേം ഉറങ്ങിയോ.. ദേ , അമ്മ പിണക്കത്തിലാ…പോയിട്ട് വേഗം വാ… ജോൺ വേഗം എണീറ്റു. ഒരു കുളി പാസ്സാക്കി.പാന്റും ഷർട്ടും ഇട്ടു. വാതിൽ തുറന്നു പുറത്തിറങ്ങി. സൈക്കിൾ എടുത്തു. നേരെ കവലയിലേക്ക്. നാലരയുടെ KSRTC പിടിക്കണം. പാടം കടന്നു ചെറിയ ഒരു കവലയിലെത്തി. ഭാസ്കരന്റെ ചായക്കടയും ഒരു ക്ഷൗരക്കടയും പിന്നെ ഒന്ന് രണ്ടു പലവ്യഞ്ജന പീടികയും ആണ് കവലയെ പ്രധാന കേന്ദ്രമാക്കുന്നത്. ബസ് വരാൻ ഇനിയും നാല്പതു മിനിറ്റ് ഉണ്ട്. എന്തായാലും ഭാസ്കരന്റെ ചായക്കടയിലേക്ക് പോകാം. സമയം കിട്ടുമ്പോഴൊക്കെ ജോണും സുഹൃത്തുക്കളും ഭാസ്‌കരന്റെ ചായക്കടയിൽ കൂടാറുണ്ട്.

        പഴയ സഹപാഠികൾ. ജോൺ, ഭാസ്കരൻ , ബഷീർ, പിന്നെ അനന്ദൻ. ഭാസ്‌കരന്റെ അച്ഛൻ തുടങ്ങിയ ചായക്കട ഇപ്പോൾ അവൻ നടത്തുന്നു. പഠിക്കുന്ന കാലം തൊട്ടേ അവർ ചായക്കടയിൽ കൂടുമായിരുന്നു. അച്ഛന്റെ പെട്ടെന്നുള്ള മരണം ഭാസ്കരനെ  തെല്ലൊന്നുമല്ല തളർത്തിയത്. പഠിക്കാൻ മോശമല്ലാഞ്ഞിട്ടല്ല പക്ഷെ സാമ്പത്തിക ബുദ്ധിമുട്ട് അവനെ വീടിന്റെ ചുമതലകളിലേക്കു എടുത്തെറിയുകയായിരുന്നു. ബഷീർ അത്യാവശ്യം രാഷ്ട്രീയ പ്രവർത്തങ്ങളുമായി കഴിയുന്നു. സൈക്കിൾ ചായക്കടയുടെ അരികിലേക്ക് ചാരിവെച്ചു. കണ്ണാടിചില്ലിനകത്ത്‌ നിരത്തിയിരിക്കുന്ന വാഴയിലകളിൽ ബോണ്ടയും പരിപ്പുവടയും സുഖിയനുമെല്ലാം നിറച്ചിട്ടുണ്ട്. ജോൺ അകത്തേക്കുകയറി. പതിവുപോലെ ചായക്കടയുടെ ഒരു മൂലയിൽ ഭാസ്ക്കരനും അനന്ദനും ഇരിക്കുന്നു. അനന്ദൻ പത്രം വായനയിലാണ്. ഒപ്പം ചായയും ചൂടു പരിപ്പുവടയും. പാടത്തിനോട് ചേർന്നുള്ള കടയായതുകൊണ്ട് നല്ല കാറ്റുമുണ്ട്.ജോൺ ഒരു കസേര നീക്കിയിട്ട് അവരുടെ അടുത്തിരുന്നു.

ഭാസ്കരൻ : നിനക്ക് ചായ എടുക്കട്ടേ ?

ജോൺ : ആയിക്കോട്ടെ

മോനെ, ഒരു ചായ. ഭാസ്കരൻ അകത്തേക്കു വിളിച്ചുപറഞ്ഞു. അവർ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയ്ക്കു ടെലിഫോൺ ബെല്ലടിച്ചു. ഭാസ്കരൻ ഫോൺ എടുത്തു. എന്നിട്ട് ജോണിനോട് പറഞ്ഞു.

ടാ ജോണേ, നിനക്കാ, ബഷീറാണ്.ബഷീറിനോട് സംസാരിച്ചിട്ട് ജോൺ കസേരയിൽ വന്നിരുന്നു.

ഭാസ്കരൻ : അപ്പൊ എങ്ങനാ, ബഷീർ അവിടെ കാണുമോ നീ എത്തുമ്പോൾ?

ജോൺ : ഇല്ല, അവനു ഹൈറേഞ്ചിൽ എന്തോ പരിപാടിയുണ്ട്. അവന്റെ മോനോട് എല്ലാം പറഞ്ഞു റെഡി ആക്കിയിട്ടുണ്ട്.ഭാസ്കരൻ : എന്നത്തേക്കാ മടക്കം ?

ജോൺ : പറ്റിയാൽ നാളെത്തന്നെ. അല്ലെങ്കിൽ മറ്റന്നാൾ.

ബസിന്റെ ശബ്ദം അടുത്തുവരുന്നു. ജോൺ പതിയെ ചായക്കടയിൽ നിന്നിറങ്ങി. ഭാസ്കരനും അനന്ദനും പുറത്തേക്കു അനുഗമിച്ചു. ചായക്കടയിൽനിന്നും ഒരു മുപ്പതടി മാറിയുള്ള സ്റ്റോപ്പിൽ ജോൺ നിന്നു. ബസ് സ്റ്റോപ്പിൽ വന്നു നിന്നു. ജോൺ ബസിൽ കയറി. വാതിലിലൂടെ തലപുറത്തിട്ട് അവരെ നോക്കി. ബസ് പതിയെ അകന്നു.

ഏകദേശം ഏഴു മണിയോടടുപ്പിച്ചു ബസ് തൊടുപുഴയിലെത്തി. പുറത്തിറങ്ങി ചുറ്റും നോക്കി. അങ്ങുദൂരെ ബസ്സ്റ്റാൻഡിനു എതിർവശത്തായി ഒരു ടയറു കടയും അതിനടുത്ത്‌ ഒരു ഇരുപത് ഇരുപത്തിരണ്ട് വയസ്സ് പ്രായമുള്ള ഒരാളും നിന്നിരുന്നു. അതെ , അത് ബഷീറിന്റെ മോൻ തന്നെ.

ജോൺ ചെന്ന് അവനെ കെട്ടിപ്പിടിച്ചു.

യാത്ര എങ്ങനെ ? അവൻ ചോദിച്ചു.

ജോൺ : സുഖമായെത്തി.

അവൻ കാറിന്റെ താക്കോൽ ജോണിനെ ഏൽപ്പിച്ചു. ഒപ്പം ഒരു തോക്കും. തിരിച്ചുവന്നു ഈ കടയിൽത്തന്നെ താക്കോൽ ഏല്പിച്ചാമതി. എന്നെ കടക്കാരനറിയാം. ഇനി രാത്രി വൈകിയാണ് എത്തുന്നതെങ്കിൽ ബസ് സ്റ്റാൻഡിലെ ബൂത്തിൽ നിന്ന് ഒന്ന് വിളിച്ചാമതി. ഞാൻ ഒരു അര മണിക്കൂറിൽ എത്തിക്കോളാം.

ജോൺ : ശരി

ഞാനുംകൂടെ വരണോ ? അവൻ ചോദിച്ചു.

ജോൺ : വേണ്ടടാ,ഞാൻ പോയിട്ട് വരാം.

ജോൺ നേരെ കാറിനടുത്തേക്ക് നടന്നു. ഒരു കടുംനീല നിറത്തിലുള്ള അംബാസിഡർ കാർ ആയിരിന്നു അത്. വണ്ടി സ്റ്റാർട്ട് ചെയ്തു നേരെ മുതലക്കോടം ലക്ഷ്യമാക്കി നീങ്ങി. ഒരു നാലഞ്ചു കിലോമീറ്റർ കഴിഞ്ഞുകാണണം. ഓടിച്ചിരുന്ന കാറിന്റെ മഞ്ഞ വെളിച്ചമില്ലാത്ത വഴിയിൽ കാര്യമായ വെട്ടമൊന്നുമില്ല. വഴി എന്നു പറയാമെന്നു മാത്രം. കുണ്ടും കുഴിയും നിറഞ്ഞ കാട്ടുപാത. അല്പംകൂടെ മുമ്പോട്ടു പോയപ്പോൾ വഴിയിൽ വെളിച്ചം കണ്ടു. ഇടതുവശത്തു ഒരു കട. അല്ല അത് കള്ളുഷാപ്പാണ്. ബഷീർ പറഞ്ഞ കള്ളുഷാപ്പ്. കാർ അല്പംകൂടെ മുന്പോട്ടെക്കെടുത്തു വലതുവശത്തുള്ള മരക്കൂട്ടങ്ങൾക്കിടയിൽ നിർത്തി. ജോൺ പുറത്തിറങ്ങി. പതിയെ കള്ളുഷാപ്പിലേക്ക് നടന്നു. തണുപ്പ് അരിച്ചിറങ്ങിയിരുന്നു. ഷാപ്പിലെ ഒരു ബെഞ്ചിൽ ചെന്നിരുന്നു. ഒരു മീശക്കാരൻ വന്നു ജോണിനോട് ചോദിച്ചു. എന്താ വേണ്ടത് ?

ജോൺ : തണുപ്പ് സഹിക്കാൻ വയ്യ. പെട്ടെന്ന് എന്തെങ്കിലും എടുത്തോ. അയാൾ അകത്തേക്കുപോയി ഒരു കുപ്പിയുമായി വന്നു. പിന്നെ ഒരു കിണ്ണത്തിൽ അല്പം അച്ചാറും.

എവിടുന്നാ ? മീശക്കാരൻ ചോദിച്ചു.

ജോൺ : ഓ, ഞാൻ അങ്ങ് എറണാകുളത്തൂന്ന. ഇവിടെ പാർട്ടിടെ ഒരു പരിപാടിക്കുവന്നതാ. അല്പം വൈകി. നമ്മുടെ സഖാവ് ബഷീർനെ അറിയായിരിക്കുമല്ലോ.

മീശക്കാരൻ : പിന്നെ.. ബഷീറിനെ അറിയാം. പക്ഷെ ആള് ഇപ്പോ സ്ഥലത്തില്ലല്ലോ.

ജോൺ : അതെ , സഖാവ് ഹൈറേഞ്ചിലേക്ക് പോകുമെന്ന് പറഞ്ഞിരുന്നു. ഒരുമിച്ചു പോവാൻ പറ്റിയില്ല. ഇനീപ്പോ നേരം വെളുത്തിട്ട് പോവാമെന്നു വിചാരിക്കുന്നു.

മീശക്കാരൻ : അപ്പൊ ഇന്നിനി എവിടെ കൂടും?

ജോൺ : അതിപ്പോ , കാർ ഉണ്ട് . അതുതന്നെ ശരണം.

മീശക്കാരൻ : ആയിക്കോട്ടെ , എന്താ അടിക്കുന്നില്ലേ ? കുപ്പി അതുപോലെ തന്നെ ഇരിക്കുന്നു.

ജോൺ : ഞാൻ കാറിൽ ഇരുന്നു കഴിച്ചോളാം. കുഴപ്പമില്ലല്ലോ ?

മീശക്കാരൻ : ഹേയ് , എന്ത് കുഴപ്പം.

അപ്പോഴാണ് പുറത്തു ഒരു ശബ്ദം കേട്ടത്

ഡാ, ദാമു.. കുപ്പി എടുക്കടാ…

മീശക്കാരൻ അകത്തുചെന്ന് ഒരു കുപ്പി കള്ളെടുത്തുകൊണ്ട് പുറത്തേക്കുപോയി. തിരിച്ചുവന്നിട്ട് ജോണിനോടായി പറഞ്ഞു. അത് നമ്മടെ സ്ഥിരം കുറ്റിയാ.

ജോൺ : ശരി, എന്നാ

ഞാൻ പോട്ടെ.. ഇതാ പൈസ .

ജോൺ പുറത്തേക്കിറങ്ങി.നല്ല തണുപ്പ്. മുളങ്കുട്ടങ്ങൾക്കിടയിൽ കാറ്റടിക്കുന്ന ശബ്ദം. ജോണിന്റെ നടത്തത്തിന്റെ വേഗത കൂടി. അല്പം മുൻപ് ഷാപ്പിന്റെ പുറത്തുകേട്ട ആ ശബ്ദം ആയിരുന്നു മനസ്സിൽ. വര്ഷങ്ങളോളം ഞാൻ തപ്പി നടന്നവൻ ഇതാ എന്റെ തൊട്ടു മുൻപിൽ നടന്നു പോകുന്നു.ആരോ തന്നെ പിന്തുടരുന്നുണ്ടെന്നു അവനു മനസായിലായി. അവൻ പതിയെ തിരിഞ്ഞു നോക്കി. ഉറക്കെ ചോദിച്ചു

ആരാടാ അത് ?

ജോൺ : ഞാനോ ? ഓ , ഞാൻ ഷാപ്പിനകത്ത് ഉണ്ടായിരുന്നു.

നിങ്ങളെന്തിനാ എന്റെ പുറകെ വരുന്നത് ? എന്താ കാര്യം ?

ജോൺ : ഞാനൊരു വേട്ടക്കിറങ്ങിയതാ..കുറെ നാളായി എന്തെങ്കിലും ഒന്നു തടഞ്ഞിട്ട്. എന്നാൽ ഇന്നൊരു പ്രതീക്ഷയുണ്ട്. കൂടെ ഒരു ചിരിയും…

താനേതാ , എന്താ വേണ്ടേ ?

ഒരു പേരു കൂടെ പറഞ്ഞാൽ നീ അറിയും.. ജെയ്‌സി…ഒരു പാവം കുട്ടി.. എന്റെ മോൾ… നീ ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കിയ….ബാക്കി പറയുന്നതിന് മുൻപ് ജോൺ തോക്കെടുത്തു …

ബെന്നി ജോണിനെ തള്ളിമാറ്റി ഓടി. ജോൺ പുറകെയും. കുറെ ഓടിക്കഴിഞ്ഞപ്പോൾ ജോൺ ഒരു അലർച്ച കേട്ടു. തന്റെ മുൻപിൽ ഓടിയ ബെന്നി എന്തിലോതട്ടി ഒരു വലിയ കുഴിയിലേക്കു പതിച്ചിരിക്കുന്നു.അതൊരു വാരിക്കുഴിയായിരുന്നു. ബെന്നി വേദനകൊണ്ട് പുളയുന്നത് ജോണിന് കേൾക്കാമായിരുന്നു. വാരിക്കുഴിയുടെ ഓരത്തു നിന്ന് ജോൺ പറഞ്ഞു

ഞാൻ നിന്നോട് പറഞ്ഞില്ലേ…എന്റെ വേട്ടയിൽ എനിക്ക് പ്രതീക്ഷയുണ്ടെന്ന്.. നാട്ടുകാർ ആനക്ക് വെച്ച കെണിയാ… വീണത് ഒരു പന്നിയും…കുറെ ആയി നിനക്ക് വലവിരിച്ചിട്ട്.. ഇന്ന് നീ രക്ഷപ്പെടില്ല.. ഞാൻ അതിനു സമ്മതിക്കില്ലടാ….

ജോൺ വേഗം തിരിച്ചുനടന്നു. ജോണിന് ഉറപ്പായിരുന്നു അവൻ ജീവനോടെ തിരിച്ചുകേറില്ല എന്ന് . എന്തായാലും തോക്ക് വേണ്ടിവന്നില്ല. കാറിൽ കേറി നേരത്തെ കൊണ്ടുവെച്ച കള്ളെടുത്തു കുടിച്ചു.

സമയം എത്രയായി എന്നറിയില്ല.കുറേക്കഴിഞ്ഞു ജോൺ ചാടി എഴുന്നേറ്റു. കാർ എടുത്ത് തിരിച്ചിറങ്ങി. ബഷീറിന്റെ മോൻ പറഞ്ഞപോലെ കാറിന്റെ താക്കോൽ ടയറുകടയിൽ ഏൽപ്പിച്ചു. അടുത്ത ബസിനു വീടെത്തി.വാതിൽ തുറന്നു അകത്തുകേറി. ജനലിനരികിൽ മേശയുടെ താഴെ ഇട്ടിരുന്ന കസേരയിൽ ചെന്നിരുന്നു. ജോൺ അവിടെയിരുന്നു മയങ്ങി. മോളുടെ ശബ്ദം.. അപ്പാ…അമ്മേടെ പിണക്കമൊക്കെ മാറിട്ടോ …

കുറേകഴിഞ്ഞു ജോൺ കണ്ണുതുറന്നു. മേശയുടെ മുകളിൽ ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ജെയ്‌സി യുടെയും മോൾ തന്നെ വിട്ടുപോയി ഒരാഴ്ച കഴ്ഞ്ഞു ആത്മഹത്യ ചെയ്ത ഭാര്യയുടെയും ഫോട്ടോയിലേക്ക് നോക്കിയിരുന്നു.

ഡിസംബർ 06

പതിവുപോലെ ഭാസ്കരന്റെ ചായക്കടയിൽ അവർ ഒത്തുകൂടി.. ഇന്ന് ബഷീറും ഉണ്ട്. അന്നത്തെ പത്രത്തിൽ രണ്ടു പേജുകളിലായി വന്ന വാർത്ത അനന്ദൻ വായിക്കുകയായിരുന്നു അപ്പോൾ.

തൊടുപുഴയിൽ മുതലക്കോടത്തു വാരിക്കുഴിയിൽ വീണു മരിച്ചനിലയിൽ ആളെ കണ്ടെത്തി. കുഴിയുടെ ഒരു ഭാഗത്തായി കള്ളുകുപ്പിയും കണ്ടെടുത്തു. കള്ളുഷാപ്പിൽ നിന്നും പോകുന്ന വഴി അബദ്ധത്തിൽ കാൽ വഴുതി വീണതായി നിഗമനം.

രണ്ടാമത്തെ വാർത്ത ഇങ്ങനെയായിരുന്നു….

അടുത്ത മാസം വിരമിക്കാനിരിക്കുന്ന പോലീസ് ഇൻസ്‌പെക്ടർ ജോണിന് നാട്ടിലെ പൗരസമിതി വക സ്വീകരണം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.