പഠിക്കാൻ മിടുക്കനായിരുന്നു രാമുണ്ണി… എല്ലാത്തിനും ക്ലാസ്സിൽ ഒന്നാമൻ… എണ്ണക്കറുപ്പുള്ള അഴകുള്ള മുഖം, എണ്ണമയമുള്ള മുടി വശത്തേക്ക് ചീകി ഒതുക്കി, വിടർന്ന കണ്ണുകൾ… ലോകം മുഴുവൻ അറിയാനുള്ള ജിജ്ഞാസ ആ കണ്ണുകളിൽ കാണാമായിരുന്നു.

കായിക മത്സരങ്ങളിൽ സമ്മാനം വാരിക്കൂട്ടുമ്പോൾ ഹെഡ്മാഷാണ് ആദ്യമത് പറഞ്ഞത്. “എന്തിനാ എല്ലാത്തിനും കൊളുത്തി പിടിക്കുന്നത്. രാമുണ്ണിക്ക് ക്ക് നീന്തല് നോക്കിയാ പോരെ ” തന്റെ മകന് രണ്ടാം സ്ഥാനം ആയതുകൊണ്ട് ഹെഡ്മാഷ് പറഞ്ഞതാണെന്ന് ആണ് ആദ്യം കരുതിയത്.

ഒരിക്കൽ പിറന്നാളിന് മിട്ടായി കൊടുക്കാൻ ചെന്നപ്പോ കൂട്ടുകാർ കളിയാക്കി ചോദിച്ചു, “ചാളയോ ചെമ്മീനോ പൊതിഞ്ഞു കൊണ്ട് വന്നതാണോടെ “അപ്പോളും കെട്ടു ചുറ്റിലും പൊട്ടിച്ചിരി.

താനൊരു വള്ളക്കാരന്റെ മകനായതു കൊണ്ടാനിതെന്നു അവനു പോകെ പോകെ മനസ്സിലായി. എന്ത് പഠിച്ചാലും നേടിയാലും താനും മീൻവലയെന്തേണ്ടവനാണെന്നുള്ള മുൻവിധിയാണിത്.

പാഠപുസ്തകവും കൊണ്ട് സ്കൂളിലേക്ക് ഓടുന്ന അവനെ കണ്ടു വള്ളത്തിലുള്ള കൂട്ടുകാർ ഉറക്കെ കൂവുന്നത് പതിവായിരുന്നു. ഒരിക്കൽ രാമുണ്ണി സ്കൂളിൽ നിന്നും തിരിച്ചു വരുമ്പോൾ അടുത്ത വീട്ടിലെ ദാമുവേട്ടൻ വള്ളത്തിൽ നിന്നും വിളിച്ചു പറഞ്ഞു, “രാമുണ്ണി… ഈ മീനൊന്നു വീട്ടിൽ കൊടുക്കാമോ “

“ആയ്യിയോ കയ്യിൽ പുസ്തകമാണല്ലോ ദാമുവേട്ടാ “

“എന്ന അതിന്നു രണ്ടു കടലാസ് കീറിക്കോ.. മീൻ പൊതിയാൻ “

രാമുണ്ണി അതു സമ്മതിച്ചില്ല, “പരീക്ഷ കഴിഞ്ഞില്ല ദാമുവേട്ടാ “

“ഹോ ഒരു പരൂക്ഷ! എടാ ചെക്കാ നമ്മുടെ കൂട്ടത്തിന് പള്ളിക്കൂടത്തിൽ പോയി മജിസ്‌ട്രേറ്റ് ആയവർ ആരേലുമുണ്ടോ. നീ വെറുതെ ആ ബാലന്റെ കാശ് കളയാതെ, വള്ളത്തിൽ വന്നു അവനൊരു കയ്യ്താങ്ങാവാൻ നോക്ക്. കടലമ്മ തരുന്നതാ നമുക്ക് അന്നം “

രാമുണ്ണിക്ക് നിരാശയായി. അവൻ അച്ഛനോട് കാര്യങ്ങൾ പറഞ്ഞു.

വളരെ അധികം പുരോഗമന ചിന്തകളുള്ള ആളായിരുന്നു ബാലൻ. അദ്ദേഹം മകനെ ആശ്വസിപ്പിച്ചു. ” മോനെ പറയുന്നവർ പലതും പറയും. നീ മിടുക്കനാണ്. ഒരുപാട് ദൂരം സഞ്ചരിക്കേണ്ടവൻ. ഒരിക്കൽ ഈ പരിഹസിച്ചവർ തന്നെ നിന്നെ തിരുത്തി പറയും ” രാമുണ്ണിക്ക് ഉത്സാഹമായി. അച്ഛനോളം അവൻ ആരെയും വിശ്വസിച്ചിരുന്നില്ല. അവൻ തുടർന്നും നന്നായി പഠിച്ചു. കളിയാക്കലുകൾ അവനെ നോവിച്ചില്ല. മറച്ചു മനസ്സിന് ശക്തി കൂട്ടി.

പക്ഷേ വിധിയുടെ കണക്കുകൂട്ടലുകൾ മറിച്ചായിരുന്നു. രാമുണ്ണി പത്തിൽ പഠിക്കുമ്പോളാണ് ആകസ്മിതമായി അച്ഛനൊരു നെഞ്ചുവേദന വന്നത്. പക്ഷേ അതു അച്ഛന്റെ ജീവനെടുക്കുമെന്ന് ആരും കരുതിയില്ല.

അതുവരെ ചിരിച്ചു നിന്നവരുടെ മുഖം മൂടി അഴിഞ്ഞു വീണു. ബാലൻ കടം കൊടുത്തു സഹായിച്ചവരാരും കാശ് മടക്കി കൊടുത്തില്ല. വീട് ആകെ പ്രതിസന്ധിയിലായി . ഒടുക്കം വള്ളത്തിലെ കൂട്ട് പങ്കാളികൂടെ കയ്യ് മലർത്തിയതോടെ രാമുണ്ണിയുടെ കണ്ണിൽ ഇരുട്ട് കയറി. “ബാലൻ കൂടെ വള്ളത്തിൽ പണിയെടുത്തത് കൊണ്ടാണ് വള്ളം അല്ലലില്ലാതെ പോയിക്കൊണ്ടൊരുന്നത്. വള്ളം ഇപ്പൊ വിറ്റാൽ മുടക്കിയ കാശിന്റെ മൂന്നിലൊന്നുപോലുമാവില്ല. വള്ളത്തിൽ കേറാൻ ആള് വേണം “. ചതിയുടെ നേരിപ്പോടുകൾ ചുറ്റിലും പുകയുന്നത് രാമുണ്ണി തിരിച്ചറിഞ്ഞു. ഒടുക്കം അച്ഛൻ വള്ളം വാങ്ങുമ്പോൾ കൊടുത്ത വാക്ക് പാലിക്കാനും, കുടുംബത്തിന്റെ സ്ഥിതി കാറ്റിൽ ഉലയാതിരിക്കാനും രാമുണ്ണി അതു തീരുമാനിച്ചു. അച്ഛന് പകരം വള്ളത്തിൽ പോവാൻ!

വലയുടെ അറ്റം നടുക്കടലിൽ ചാടി വള്ളവുമായി ബന്ധിക്കുന്ന ജോലിയാണ് അവനു കിട്ടിയത്. ഓരോ അലയും അവന്റെ ചെവിയിൽ മന്ത്രിക്കുന്നതായി അവനു തോന്നി ” വള്ളക്കാരന്റെ മകൻ “
ചെറുപ്പം മുതൽ കേട്ട പരിഹാസങ്ങളൊക്കെയും ആ കടലിന്റെ അടിത്തട്ടിൽ അവൻ വീണ്ടും കേട്ടു. എങ്കിലും ആ ആഴം അവനു വലിയ ഒരു ആശ്വാസമായിരുന്നു.. തന്റെ തേങ്ങലുകൾ തന്നെപോലെ ഉള്ളിലൊതുപ്പിക്കുന്ന സാന്ത്വനം… ഒരു അച്ഛന്റെ വാത്സല്യം… എത്ര ഉറക്കെ കരഞ്ഞാലും പുറത്തറിയാതെ കാക്കുന്ന കരുതൽ….
രാമുണ്ണി പഠിത്തതിലെന്ന പോലെ ജോലിയിലും മിടുക്കനായിരുന്നു.എന്നും പിടയുന്ന മീനുകൾ കുട്ടയിലാക്കി ചന്തയിൽ എത്തിക്കും, കിട്ടാവുന്നതിൽ വെച്ച് ഏറ്റവും നല്ല വിലയ്ക്ക് വിൽക്കും. എങ്കിലും സ്കൂളിൽ പോവുന്ന കൂട്ടുകാരെ കാണുമ്പോൾ രാമുണ്ണിക്ക് ഉള്ളിലൊരു നീറ്റൽ ആയിരുന്നു..
രാമുണ്ണി വൈകുന്നേരങ്ങളിൽ ഒറ്റയ്ക്കു കടപ്പുറത്തു പോയിരിക്കുക പതിവായിരുന്നു .. കടലിന്റെ ആഴവും, തിരയുടെ താളവും ,തീരത്തിന്റെ വിശാലതയും അവനു മനപാഠമായിരുന്നു. ഒരിക്കൽ തന്റെ സ്കൂളിലെ കുറച്ചു പെൺകുട്ടികൾ കടപ്പുറത്തു കളിക്കാനെത്തി..
രാമുണ്ണി കൗതുകത്തോടെ ആ കാഴ്ച നോക്കി നിന്നു.രെ കടൽ ചിലർക്കു വിനോദവും മറ്റു ചിലർക്ക് വിജ്ഞാനവും നൽകുന്നു…കുട്ടികൾ എല്ലാരും കൈ കോർത്തു പിടിച്ചു നീളത്തിൽ നിന്നു… തിരയെ തോൽപ്പിക്കുകയാണ് ലക്ഷ്യം എന്ന് തോനുന്നു . തിര അടുത്തെത്തുമ്പോൾ എല്ലാരും ഒരുമിച്ച് ചാടി.. ചിലർ തിരിഞ്ഞോടി… പക്ഷേ പെട്ടെന്നൊരു തിര കുറച്ചു ഉയരത്തിൽ പൊങ്ങി വന്നത് കുട്ടികൾ പ്രതീക്ഷിച്ചില്ല .. എല്ലാവരും പേടിച്ചോടി… എന്നാൽ കുഞ്ഞിപ്പെണ്ണിന് മാത്രം വെപ്രാളത്തിൽ ഓടി രക്ഷപെടാൻ പറ്റിയില്ല..
അവൾ തിരമാലയിൽ പെട്ടു ഒഴുകി പോയി..കുട്ടികൾ പേടിച്ചു നിലവിളിച്ചു ..
രാമുണ്ണി മറുത്തൊന്നും ആലോചിക്കാതെ ഓടി കടലിൽ ചാടി, കുഞ്ഞിപ്പെണ്ണിനെ പൊക്കിയെടുത്തു കരയ്ക്കെതിച്ചു,വേണ്ട പ്രാഥമിക ശുശ്രൂഷ നൽകി… കുഞ്ഞിപ്പെണ്ണിന് ബോധം വന്നു. കുഞ്ഞി രമുണ്ണിയോട് നന്ദി പറഞ്ഞു.രാമുണ്ണി ഒന്നും മിണ്ടാതെ തിരികെ നടന്നു…
കുഞ്ഞിപ്പെണ്ണ് രാമുണ്ണിയെ കാണാണെന്നോണം കരയിൽ വരുന്നത് പതിവാക്കി…
നല്ലതൊന്നും ജീവിതത്തിൽ സംഭവിക്കാനില്ലെന്ന് ഉറപ്പുള്ള രാമുണ്ണി ആ നോട്ടം അവഗണിച്ചു.. ഒരിക്കൽ കുഞ്ഞിപ്പെണ്ണ് മീൻ വാങ്ങാനെന്നോണം രാമുണ്ണിയുടെ അടുത്തു വന്നു .
“രാമുണ്ണി എന്നാ പേര് അല്ലെ?”

“ഏതു മീനാണ് വേണ്ടത്?” രാമുണ്ണി ചോദ്യത്തെ അവഗണിച്ചു.

അന്ന് രാമുണ്ണി വന്നിലായിരുന്നെങ്കിൽ ഞാൻ ഇപ്പോ.. ഓർക്കാനെ വയ്യ…”

“ഓരോരുത്തർക്കും ഓരോ ആയുസ്സ് ഈശ്വരൻ വിധിച്ചിട്ടിട്ടുണ്ട് .. കുഞ്ഞിപ്പെണ്ണിന് സമയമായിട്ടില്ല ..”

രാമുണ്ണി ഗൗരവത്തിൽ പറഞ്ഞു..

“എന്റെ പേരെങ്ങനെ അറിയാം? “
കുഞ്ഞിക്ക് സന്തോഷമായി. രാമുണ്ണി വെപ്രാളപ്പെട്ടു കയ്യിൽ കിട്ടിയ കുറച്ചു മീൻ പൊതിഞ്ഞു കുഞ്ഞിക്ക് കൊടുത്തു . അതു വാങ്ങി പോവുമ്പോൾ കുഞ്ഞിപ്പെണ്ണിന്റെ മുഖത്ത് ഒരു കടലിന്റെ നീലിമ മുഴുവൻ തങ്ങി നിന്നു…

അവൾ പിറ്റേന്നും വന്നു…

രാമുണ്ണി പറഞ്ഞൊപ്പിച്ചു “കുഞ്ഞി.. നിന്റെ ഉള്ളെനിക് മനസ്സിലാവുണ്ട്… പക്ഷെ സ്വപ്നം കണ്ടതൊന്നും കിട്ടാൻ ഭാഗ്യം ഇല്ലാത്തവനാണ് ഞാൻ .. എന്റെ എല്ലാ സ്വപ്നങ്ങളും കടലിന്റെ ആഴത്തിൽ ഞാൻ എപ്പോളോ ഉപേക്ഷിച്ചു കളഞ്ഞു …”

“കടലിന്റെ ആഴത്തിലാണ് മുത്തുള്ളത്… ആ ആഴമറിഞ്ഞവന് മുത്തു ലഭിക്കുക തന്നെ ചെയ്യും “കുഞ്ഞി ചിരിച്ചു കൊണ്ട് പറഞ്ഞു .

രാമുണ്ണി പഠിക്കാൻ എന്താ വരാത്തത്?വള്ളത്തിൽ പോയി വന്നിട്ട് എന്നും പഠിപ്പിക്കട്ടെ? സംശമുള്ളത് നമുക്ക് അച്ഛനോട് ചോദിക്കാം “

“നീയെന്തൊക്കെയാ കുഞ്ഞി ഈ പറയുന്നത്?”

ഒന്നും പറയണ്ട, വള്ളക്കാരുടെ കഥയെല്ലാം അച്ഛൻ വീട്ടിൽ വന്നു പറഞ്ഞു.. അച്ഛനോട് പറഞ്ഞപ്പോ അച്ഛൻ തന്നെയാണ് രമുണ്ണിയോട് എന്നും വൈകിട്ട് വീട്ടിൽ വരാൻ പറഞ്ഞത്.പരീക്ഷ എഴുടാനുള്ള ഏർപ്പാട് അച്ഛൻ ചെയ്യും.. അച്ഛൻ അവിടട്ടെ റിട്ടയേർഡ് മാഷ് ആണലോ.
വീണ്ടും സ്വപ്‌നങ്ങൾ തളിർക്കുമ്പോൾ രാമുണ്ണിയുടെ മനസ്സിൽ പേടിയാണ്…

വിജയൻ മാഷ് രാമുണ്ണിക്ക് അന്നെന്നെടുക്കുന്ന പാഠങ്ങൾ പഠിപ്പിച്ചു കൊടുത്തു .. രാമുണ്ണി എല്ലാം ഒറ്റ കേൾവിയിൽ ഹൃദിസ്തമാക്കും..
.. ഒടുക്കം പരീക്ഷയെത്തി… രാമുണ്ണിയെ കണ്ടു കൂട്ടുകാർക്കൊക്കെ അത്ഭുദ്ധമായി… ഇവനെന്താ മീൻ കണക്കു എഴുതാൻ വന്നതാണോ?.. രാമുണ്ണിയെ അതൊന്നും തളർത്തിയില്ല.. നടുക്കടലിൽ പങ്കായം പിടിക്കുന്നവന്റെ ചങ്കുറപ്പിനു മുന്നിൽ എല്ലാവരും നിശബ്‍ദരായി ..

“രാമുണ്ണി റിസൾട്ട്‌ വന്നു…” ഒരു ദിവസം കുഞ്ഞിപ്പെണ്ണ് ഓടിവന്നു പറഞ്ഞു… “നീയാണ് ക്ലാസ്സിൽ ഒന്നാമൻ… ഹെഡ്മാഷ് വിളിക്കുന്നുണ്ട്…” രാമുണ്ണി സന്തോഷം കൊണ്ട് വിങ്ങി പൊട്ടിപ്പോയി …. പിറ്റേന്ന് കുളിച്ചൊരുങ്ങി അവൻ സ്കൂളിലേക്ക് പോയി.. അപ്പോളേക്കും കാരക്കാരു മുഴുവൻ അവന്റെ വിജയം അറിഞ്ഞിരുന്നു… എല്ലാവരും അവനെ എടുത്താണ് സ്കൂളിലെത്തിച്ചത് …. ഹെഡ്മാഷ് അവനെ വാരി പുണർന്നു.. അസ്സമ്ലിയിൽ വെച്ച് അവനു സ്വർണമെഡൽ സമ്മാനിച്ചു… കടലാഴങ്ങളിൽ മുങ്ങിപോയവന്റെ നോവിന് നിറം പകർന്ന കുഞ്ഞിപ്പെണ്ണ് നിർത്താതെ കയ്യടിക്കുന്നുണ്ടായിരുന്നു … അവനും അവളെ നോക്കി ചിരിച്ചു… രാമുണ്ണിയെ അവന്റെ ഇഷ്ടത്തിനനുസരിച്ചു പഠിപ്പിക്കാൻ സ്കൂളും പഞ്ചായത്തും ചേർന്നു തീരുമാനിച്ചു.. പഠിച്ച ജോലി കിട്ടിയിട്ട് ബാക്കി കാശു അടച്ചാൽ മതിയെന്ന് വള്ളക്കാരും സമ്മതിച്ചു… രാമുണ്ണി പഠിച്ചു … ഓരോ അക്ഷരത്തിന്റെയും വില അവനറിയാമായിരുന്നു ..
എല്ലാവരും പ്രതീക്ഷിച്ച പോലെ രാമുണ്ണി മിടുക്കനായി വളർന്നു.. നാടിനു അഭിമാനമായി അവനൊരു ഡോക്ടർ ആയി…. കുഞ്ഞിപ്പെണ്ണിന്റെ കൈ അവനു പിടിച്ചു കൊടുക്കാൻ വിജയൻമാഷിന് ബുദ്ധിമുട്ടുണ്ടായില്ല….
ഒരു കടുക് മണിയോളം കുഞ്ഞു സ്വപ്നം ഉള്ളിലെവിടെയെങ്കിലും അണയാതെ കിടക്കുന്നുണ്ടെങ്കിൽ .. കാലം അതിനെ ഒരു തീ ജ്വാലയാക്കി മാറ്റുകതന്നെ ചെയ്യും… ഒരിക്കലും അണയാത്ത ജ്വാല….