“എത്ര ടി ഷർട്ട്കൾ ഉണ്ടെന്നു അറിയുമോ,എന്നാലും അവനു ഈ രണ്ടു ടി ഷർട്ട്കൾ മതി, ഒരു റോക്കറ്റും,ഒരു നീരാളിയും..3 വയസുള്ള കുട്ടന്റെ അമ്മയുടെ വാക്കുകളാണിത് . കുട്ടന് ഡ്രെസ്സുകൾ ഇലാഞ്ഞിട്ടല്ല , പക്ഷെ അവനു ഇടാൻ ഇഷ്ടം ഈ രണ്ടു ടി ഷർട്ട്കൾ മാത്രമാണ് , ഭാഗ്യത്തിന് പുറത്തേക് പോവുമ്പോൾ മാത്രം വേറെ ഡ്രെസ്സുകൾ ഇടാൻ സമ്മതിക്കും , എന്നാലും വീട്ടിൽ ഇരിക്കുമ്പോൾ ഇത് മാത്രം ഇട്ടോണ്ട് എങ്ങനെയാ , ഇത് തന്നെ എലാ ദിവസവും അലക്കി എന്നും ഇടാൻ പറ്റുമോ? സകീർ ഭായിക് അത് പറ്റുമോ എന്ന് അറിയില്ല പക്ഷെ കുട്ടന് പറ്റും ! ഇനി ഇട്ടോണ്ട് ഇരിക്കുമ്പോൾ അറിയാതെ എങ്ങാനും ഇത്തിരി വെള്ളം ഡ്രെസ്സിലായാലോ ?? അത് മതി പിന്നെ അന്നത്തെ കരച്ചിലിന്റെ സ്കോർ അപ്ഡേറ്റ് ചെയാൻ . ഒരു തുള്ളി വെള്ളത്തിന്റെ വില എന്താണെന്നു കുട്ടന്റെ അച്ഛനും അമ്മക്കും നന്നായി അറിയുമായിരുന്നു. കല്യാണത്തിന് മുമ്പും , ശേഷവും ഡ്രെസ്സുകൾ ഇസ്തിരി ഇടാൻ താല്പര്യമില്ലാത്ത (അത് ചെയാൻ അറിയില്ല എന്നുളത് വേറെ ഒരു സത്യം), കുട്ടന്റെ അച്ഛന് ഇപ്പോ ഒരു പുതിയ സ്‌കില്ലായെന്നു പറയാം , ഒരു തുള്ളി വെള്ളം കുട്ടന്റെ ഡ്രെസ്സിലായാൽ പിന്നെ അച്ചനാണ് പണി , അതിലെ വെള്ളം ഉണങ്ങാൻ ഇസ്തിരി ഇടണം. രാത്രികളിൽ അത്താഴം കഴിക്കാൻ വിട്ട് പോയാലും , കുട്ടന്റെ അച്ഛൻ കുട്ടന്റെ ടി ഷർട്ട് കഴുകി ഇടാൻ മറക്കില്ല..(റോക്കറ്റ് അല്ലെങ്കിൽ നീരാളി പിറ്റേ ദിവസം ഉണങ്ങിയില്ലെങ്കിൽ, ഏറ്റവും നല്ല കരച്ചിലിനുള്ള ദേശിയ അവാർഡ് കുട്ടന്റെ വീട്ടിൽ ഇരിക്കും !!)..

 അങ്ങനെ ഇരിക്കെ ഒരു ദിവസം,അച്ഛനും അമ്മയും  തീരുമാനിച്ചു .ഇത് ഇങ്ങനെ വിട്ടാൽ ശെരിയാവില്ല . ഒരു പുതിയ റോക്കറ്റ് ഓർ നീരാളി ടി ഷർട്ട്  വാങ്ങിച്ചേ പറ്റു, കാര്യം ശെരിയാണ് അതേ ഡിസൈനിലും , കളറിലും എവിടെ കിട്ടാനാ ?? .."നിങ്ങൾ ഒരു കാര്യം അതി തീവ്രമായി ആഗ്രഹിച്ചാൽ അത് നിങ്ങൾക് നേടിതരാൻ വേണ്ടി ഈ പ്രപഞ്ചം മുഴുവൻ ഗൂഢാലോചന നടത്തും .." പൗലോ അണ്ണാ , ഇന്ന് അറിയാം ഇതിലൊക്കെ വല്ല  സത്യമുണ്ടോന്ന് ? അച്ഛൻ മനസിലാലോചിച്ചു . സമയം കളയാനില്ല , കുട്ടന്റെ അച്ഛന്റെ ഉറ്റ ചങ്ങാതിയായി അജിത്തുമുണ്ട് ഈ  പ്രോജക്ടിന് . കുട്ടന്റെ ഡ്രസിങ് സെൻസ് നാട്ടിൽ പാട്ടായതു കൊണ്ട് പ്രേതേകിച് അജിത്തിനോട് ഒന്നും പറയേണ്ട ആവശ്യമില്ല.

അധികം കടകൾ ഒന്നുമില്ലാത്ത ഒരു കൊച്ചു ടൗണിലാണ് അവരുടെ താമസം..രണ്ട് പേരും ടൗണിലെ ഏറ്റവും നല്ല കടയിലേക്കു തന്നെ പോവാമെന്നു ഉറപ്പിച്ചു , അവിടെ കിട്ടിയില്ലെങ്കിൽ പിന്നെ വേറെ എവിടെയും ഇണ്ടാവില്ല എന്ന് ഉറപ്പാ!

“എന്താ സർ വേണ്ടത് ?” സല്സ്മാന് കുട്ടന്റെ അച്ഛനോട്.

“3 വയസുള്ള ആൺകുട്ടികൾക്ക് പറ്റിയ ഒരു ടി ഷർട്ട് വേണമായിരുന്നു.”

“ഞങ്ങൾക്ക് ഒരുപാട് പുതിയ സ്റ്റോക്‌സ് വന്നിട്ടുണ്ട് സർ ,നിങ്ങൾ കൃത്യ സമയത്താ വന്നത് .ദാ ഇതൊക്കെ നോക്കൂ..ഏതു ടൈപ്പ് വേണം സർ?” സ്ലെസ്മാന്റെ ഉന്മേഷം കണ്ടപ്പോൾ അവർക്കും ഒരു ആത്മവിശ്വാസമൊക്കെ തോന്നി.. പൗലോ അണ്ണാ!! അപ്പൊ ഇയാളാണ് ആ പറഞ്ഞ പ്രപഞ്ചം അല്ലെ! അച്ഛൻ മനസ്സിൽ ആലോചിച്ചു . പക്ഷേ കുറേ നേരം നോക്കിയെങ്കിലും അവർക്കു ഒന്നും കിട്ടീലാ.

“ചേട്ടാ, ചേട്ടൻ ആ സൈഡ് നോക്കിക്കോ , ഞാൻ ഈ സൈഡ് ഏറ്റു” അജിത് ഇന്ന് വാങ്ങിച്ചേ പോവുള്ളുവെന്ന് ഉറപ്പിച്ചിട്ട്‌ തന്നെയാ, പക്ഷേ കുറേ നോക്കിയിട്ടും ഒന്നും കണ്ട് കിട്ടിയില്ല ..

“സർ ..നിങ്ങൾ ഏത് ടൈപ്പാണ് നോക്കുന്നതെന്നു പറഞ്ഞാൽ അതനുസരിച്ചു നമുക്ക് നോക്കാം ..”

“അത്, അതിപ്പോ ..ഈ റോക്കറ്റ് ഡിസൈനൊക്കെയുള്ള ..അല്ലെങ്കിൽ ഒരു നീരാളിയുള്ള പടമുള്ള ടി ഷർട്ട് ഇണ്ടാവുമോ ?? “

“നീരാളിയോ?? ..ഒരു കുതിരയുണ്ട് ,അത് മതിയോ??” എന്ന് നമ്മുടെ സല്സ്മാന്

“കുതിര ..കുതിര പറ്റില്ല,നീരാളി തന്നെ വേണം.അല്ലെങ്കിൽ റോക്കറ്റ്” . .എന്ന് അച്ഛൻ

“സർ .ഇതൊക്കെയാണ് നമ്മുടെ കളക്ഷൻസ് , ഇതിൽ കൂടുതൽ ..കിട്ടാൻ ബുദ്ധിമുട്ടാ ..സോറി സർ..” പ്രപഞ്ചത്തിന്റെ ഗൂഢാലോചനയുടെ തീവ്രത ഒന്നു മങ്ങി തുടങ്ങിയിരുന്നു.

നിരാശരായി തിരിച്ചു പോവാൻ തുടങ്ങുമ്പോഴാണ് അജിത്തിന്റെ കണ്ണുകൾ അതിൽ പതിഞ്ഞത്.കുട്ടനെ പോലെ ഇരിക്കുന്ന ഒരു കൊച്ചു പൈയ്യൻറെ ഡമ്മിയിൽ ഒരു ടി ഷർട്ട് . “ചേട്ടാ , അത് റോക്കറ്റ് അല്ലേ!! ” കാന്താരയിലെ നായകനെ പോലെ അച്ഛൻ അലറി !! വൗ !! അതെ ..ഒടുവിൽ അവർ അത് കണ്ടെത്തി.ഒരു റോക്കറ്റ് ടി ഷർട്ട് .കുട്ടൻ ഇടുന്ന പോലത്തെ സെയിം ഡിസൈനും,കളറുമലെങ്കിലും ഇത് കുട്ടന് ഇഷ്ടപെടുമെന്നു അവരുടെ രണ്ട് പേരുടെയും മനസ് പറഞ്ഞു.ഒന്നും നോക്കാനില്ല,അച്ഛൻ അത് വാങ്ങി . വാങ്കഡേയിൽ ധോണിയുടെ ആ സിക്സിൽ ഇന്ത്യ വേൾഡ് കപ്പ് നേടിയ ദൃശ്യത്തിന് ശേഷം അജിത് ഒരു പക്ഷേ കണ്ടതിൽ വെച്ച് ഏറ്റവും വല്യ ഒരു മോമെന്റ്റ് ഇതായിരിക്കും,ആ വേൾഡ് കപ്പ് മോമെന്റിനെക്കാളും വലുത്.

 "കുട്ടന്റെ അച്ഛന്റെ കൈയിൽ ഒരു  റോക്കറ്റ് ടി ഷർട്ട് !!"

പതിവ് പോലെ പിറ്റേ ദിവസവും കുട്ടന്റെ നീരാളിയും,ഓൾഡ് റോക്കറ്റ് ഡ്രെസ്സും വീടിന്റെ മുറ്റത്തു അയയിൽ ഉണങ്ങി കിടക്കുകയാണ് . കുട്ടന്റെ അമ്മയുടെ കൂടെ ഡെലിവറി റൂമിൽ നിന്ന അതേ മാനസികാവസ്ഥയിലാണ് അച്ഛൻ! കുട്ടന് പുതിയ റോക്കറ്റ് ഡ്രസ്സ് ഇഷ്ടപ്പെടുമോ ? അവൻ എണീറ്റിട്ടില്ല , എണീക്കുമ്പോൾ കാണിച്ചു കൊടുക്കാം …

*________*

കുട്ടന് ഇപ്പോ വയസ്സ് 5 ..പഴയ ആ നീരാളിയും , റോക്കറ്റും അവൻ മറന്നിരിക്കുന്നു . അവനു കൂട്ടായി ഇപ്പോ പുതിയ ഡ്രെസ്സുകളുണ്ട്.ഗൂഗിൾ ഫോട്ടോസിന്റെ മെമ്മറീസിൽ ആ പഴയ കാല നീരാളിയും , റോക്കറ്റ്റും അച്ഛനെ നോക്കി ചിരിക്കും.അച്ഛൻ അത് കുട്ടന്റെ അമ്മക്കു കാണിച്ചു കൊടുക്കും.കുട്ടൻ ഇപ്പോഴും അന്ന് കടയിൽ നിന്ന് വാങ്ങിയ ആ ടി ഷർട്ട് ഇടുന്നുണ്ട്.അവൻ അറിഞ്ഞോ അറിയാതെയോ കുറച്ചു ഓർമ്മകൾ കൂടി അവന്റെ അച്ഛനും അമ്മക്കും സമ്മാനിക്കുന്നതാവാം..അതിലൊക്കെ ഉപരി ആ ഡ്രെസ്സിൽ അവർക്കു അജിത്തിനെയും കാണാം..കാരണം ..പൗലോ അണ്ണൻ പറഞ്ഞ അവരുടെ, ആ പ്രപഞ്ചം.. ഇന്ന് അവരുടെ ഇടയിലില്ല..