സീ സ്പേസ് ടെക്നോളജിസ്ന്റെ ഏഴാമത്തെ നിലയിലെ ഓഫീസിലെ മെയിൻ ഹാൾ മുതൽ മീറ്റിംഗ് റൂം വരെയുള്ള എല്ലാ സ്ഥലത്തും അന്വേഷിച്ചിട്ടും കാണാതെ വന്നപ്പോൾ അക്ഷിത തൻ്റെ  സഹപ്രവർത്തകയോട് നീ നവീനെ കണ്ടയിരുന്നോ? എന്ന് ചോദിക്കുന്നു! ഉടനെ ഒരു നിമിഷത്തെ ചിന്തയ്ക്ക് പോലും സമയം നല്‍കാതെ ഉത്തരം വന്നിരിക്കുന്ന, ആര്  നവീൻ ചന്ദ്രശേഖരനോ? അവൻ  കുറെ നേരമായി കഫ്റ്റീരിയിലെ  ഇരുപ്പുണ്ട്, ആരോടും  ഒന്നും മിണ്ടിയിട്ട് ഒന്നുമില്ല, , എടുത്തു വെച്ച കാപ്പി പോലും തണുത്തിരിക്കുന്നു, ചെക്കന് വട്ടയോടി അതോ ആരേലും അവനെ തേച്ചോ; തെല്ലു ഒരു പരിഹാസത്തോടെ പൂർണിമ പറഞ്ഞു നിർത്തി. നീ ഒന്ന് പോയേ, അക്ഷിത തൻ്റെ മറുപടി അതിൽ ഒതുക്കി നേരെ കഫെറ്റീരിയ  ലക്ഷ്യമാക്കി നടന്നു.

അക്ഷിത അവിടെ എത്തുമ്പോൾ, അവിടെ അവന് ഉണ്ട്! ചുറ്റും നടക്കുന്നത് എന്തെന്ന് പോലും അറിയാതെ നിസംഗനായി അലക്ഷ്യമായ ഒരു ചിന്തയിൽ എന്നപോലെ, അവളെ പോലും നോക്കാതെ മൊബൈലിൽ എന്തൊക്കയോ കാട്ടിക്കൂട്ടുന്നുണ്ട്. തേടി അലിഞ്ഞതിൻ്റെ ദേഷ്യമോ, തന്നെ പോലും നോക്കാതെയുള്ള അവൻറെ മനോഭാവത്തിനോടുള്ള നീരസം കൊണ്ടിട്ടാണോ എന്നറിയില്ല, ഒരല്പം കടിപ്പിച്ച് ശബ്ദത്തിൽ അക്ഷിത അവനോട് പറഞ്ഞു; നിൻറെ ആരേലും ചത്തോ! തലയൊന്നു ചെറുതായി ഉയർത്തി നവീൻ തൻ്റെ മറുപടി ഒരു ചെറു ചിരിയിൽ ഒതുക്കി; പിന്നെയും എന്തെന്ന് ഇല്ലാത്ത ദേഷ്യത്തിൽ അവൾ എന്തൊക്കെയോ പറഞ്ഞു, അവനാണെങ്കിൽ ഒന്നും കേൾക്കുന്നതായി പോലും ഭാവിക്കുന്നില്ല, ഒടുവിൽ ക്ഷമയുടെ അവസാനത്തെ അറ്റത്തുനിന്നു കൊണ്ട് അവൾ പറഞ്ഞു, നിന്നോട് സംസാരിക്കാൻ വന്ന എന്നെ തല്ലണം പൊട്ടി; അത്രേയും പറഞ്ഞു തിരിഞ്ഞ് നടക്കാൻ നേരം അവളുടെ കൈകളിൽ ഒന്ന് അമർത്തി പിടിച്ചു കൊണ്ട് അവന് പറഞ്ഞു നീ കേൾക്കുമെന്ന് എനിക്കറിയാം പക്ഷേ; പറഞ്ഞതിൻ്റെ തുടർച്ച വീണ്ടും ഒരു മൗനത്തിൽ അവൻ ഒതുക്കി.

ആ മൗനം അവളെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു, അത് കൊണ്ട് മാത്രം വളരെ താഴ്ന്ന സ്വരത്തിൽ അവൾ അവസാനമായി ഒരിക്കൽ കൂടി അവനോട് ചോദിച്ചു, ഒന്ന് പറയോടോ എന്താ കാര്യം, വല്ലാത്തൊരു വൈകാരികതയുടെ കൂടി അവൾ പറഞ്ഞു ഈ മൗനം എനിക്കും ബാധകമാണോ? അത്രയും തന്നെ പറഞ്ഞു അവൾ പതിയെ തിരിഞ്ഞ് നടക്കാൻ നേരം, നവീൻ; അവളോട് ആയി പറഞ്ഞു, നമുക്ക് ഒന്ന് പുറത്തേക്കിറങ്ങിയാലോ. അതിനു എന്താ വാ പോകാം എന്നായി അക്ഷിത! ഇപ്പൊ വേണ്ട ഓഫീസ് സമയം കളയണ്ട നമുക്ക് വൈകുന്നേരം ഇറങ്ങാം എന്ന് മാത്രം പറഞ്ഞു കൊണ്ട് നവീൻ നേരെ തൻ്റെ ഓഫീസ് ക്യാബിൻ  ലക്ഷ്യമാക്കി നടന്നു തുടങ്ങി. എടോ ഞാനും കൂടെയുണ്ട് എന്നുപറഞ്ഞ് അവളും പുറകെ പാഞ്ഞു, കേട്ടതോ കേൾക്കാത്തത് കൊണ്ടോ അയാളുടെ നടത്തത്തിന്റെ വേഗത ഒട്ടുംതന്നെ കുറയുന്നില്ല.

വൈകുന്നേരം കൃത്യം അഞ്ചുമണിക്ക്  തന്നെ അക്ഷിതക്ക് അ മെസ്സേജ് എത്തി താഴേക്ക് വാടോ! ഞാൻ പാർക്കിങ്ങിൽ ഉണ്ട്, കാരണം അറിയാം എന്നതിനോടൊപ്പം തന്നെ അവന് ഇന്ന് ഒന്ന് മനസ്സ് തുറക്കും എന്ന ആകാംക്ഷയിൽ അവൾ ബാഗും എടുത്തു കുട്ടുകാരികളോട് യാത്രയും പറഞ്ഞു നേരെ പാർക്കിംഗ് ഫ്ളോർ ലക്ഷ്യമാക്കി നടന്നു. അവിടെ നിന്നും അവർ ഇരുവരും കൂടി കാറിൽ യാത്ര തുടങ്ങി. ആ യാത്ര ചെന്നവസാനിക്കുന്നത്, കടൽ കരയോട് ചേർന്ന് കിടക്കുന്ന, ഒരു സെമി യൂറോപ്യൻ മോഡൽ കോഫി സെന്റർ സിറ്റി ബീച്ചിലെ തെ കോഫി മാജിക്കൽ , അവൾക്കായി ഒരു ഇറ്റാലിയൻ മാജിക് കോഫിയും, തനിക്കായി ഒരു നോർമൽ കോഫിയും വാങ്ങി നവീൻ കഫെറ്റീരിയുടെ ഓപ്പൺ ഹാളിലെ ഏറ്റവും അവസാനത്തെ ടേബിൾ ലക്ഷ്യമാക്കി അവളോടൊപ്പം നടന്നു.

ടേബിളിൽ ഇരുന്ന ഉടൻ തന്നെ, അക്ഷിത്ത അവനോട് ആയി പറയുന്നുണ്ട്, എപ്പോയതെയും പോലെ ആർക്കും മനസ്സിലാവാത്ത സാഹിത്യം പറയാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഞാനെന്റെ പാട്ടിന് ഇറങ്ങി പോകും, ഇത് പറയുമ്പോൾ പോലും അവൾ അവനിൽ നിന്നും മറ്റെന്തോ കേൾക്കാൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു ഉള്ളിൽ എവിടെയോ. ഒരു ചെറു ചിരിയോട് കൂടി നവീൻ അവളോട് പറഞ്ഞു; എടോ താനാദ്യം കോഫി കുടിക്ക്; അപ്പോഴേക്കും ഞാൻ പറഞ്ഞു തുടങ്ങും! താൻ ഓർക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല, വല്യച്ഛനെയും കൊണ്ട് കാർഡിയോ ചെക്കപ്പന് പോയ സമയത്ത് ഞാൻ ഒരു അശോകനെയും അമ്മയും  യാദൃശ്ചികമായി കണ്ടതും പരിചയപ്പെട്ടതും ഒക്കെ സൂചിപ്പിച്ചിരുന്നു ഓർമ്മയുണ്ടോ?

ഇന്ന് അസഹിഷ്ണുത അവളെ വല്ലാതെ അലട്ടുന്നത് കൊണ്ടായിരിക്കാം മറുപടി പെട്ടെന്നായിരുന്നു. എനിക്ക് ആരെ അറിയില്ല, ഒന്നും കേട്ടതായിട്ട് ഞാൻ ഓർക്കുന്നുമില്ല, ആശുപത്രി കഥ പറയാനാണോ നീ എന്നെ ഇത്രയും ദൂരം കൂട്ടിക്കൊണ്ടുവന്നത്. ചെറിയൊരു ദേഷ്യം അവളിലെക്ക് അവൾ പോലും അറിയാതെ വന്നു തുടങ്ങുന്നുണ്ട് എന്ന് സത്യം മനസ്സിലാക്കി തുടങ്ങിയ നവീൻ!  ഒന്നുകൂടി ഒന്ന് കേൾക്ക് നീ എന്ന് പറഞ്ഞുകൊണ്ട്  കണ്ടുമുട്ടലിന്റെ കഥ പറഞ്ഞു  തുടങ്ങി.

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു ഓഫീസിലെ പതിവ് ജോലിത്തിരക്ക് എല്ലാം കഴിഞ്ഞ് കാന്റീനിൽ ചായ കുടിച്ചു കൊണ്ടിരുന്ന സമയത്താണ് ഏട്ടൻറെ ഫോൺ വരുന്നത്, എടാ ഞാൻ വല്യച്ഛനുമായി ഹോസ്പിറ്റലിൽ ഉണ്ട്! നീ ഒന്ന് ഇതുവരെ വാ, എനിക്ക് അത്യാവശ്യമായിട്ട് ഓഫീസ് വരെ ഒന്ന് പോണം ഒരു രണ്ടുമണിക്കൂർ നീയൊന്ന് കൂട്ടിരിക്ക്. നീ ഓർക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല നിന്നോട് പറഞ്ഞിട്ടാണ് ഞാൻ ഹോസ്പിറ്റലിലേക്ക് പോകുന്നത് തന്നെ. ഇതിലെന്താ ഇത്ര വലിയ പുതുമ എന്ന് നിനക്ക് തോന്നുന്നുണ്ടാവാം, പക്ഷേ അവിടെ വച്ചാണ് ഞാൻ അശോകനെയും അമ്മയും കാണുന്നത്.  വല്യച്ഛന്റെ ചെക്കപ്പ് പതിവിലും കൂടുതൽ  സമയം എടുത്തത് കൊണ്ടും, രണ്ടുമണിക്കൂറിനുള്ളിൽ വരാമെന്ന് പറഞ്ഞിട്ട് പോയ ഏട്ടനെ കാണാത്തതിലും ഉള്ള ചെറിയ നീരസത്തിൽ എന്തൊക്കെയോ ഫോണിൽ കാട്ടിക്കൊണ്ടിരുന്ന നേരത്താണ്, വളരെ പതിഞ്ഞ ശബ്ദത്തിൽ ആ വിളിയും തുടർന്നുള്ള ചോദ്യവും; മോനെ! ഈ കുപ്പിയുടെ അടപ്പ് ഒന്ന് എടുത്ത് തരാമോ, അമ്മയ്ക്ക് കുനിയാൻ പറ്റുന്നില്ല, അത്രെയും പറഞ്ഞു നിർത്തിയ ആ സ്ത്രീയുടെ മുഖവും ശബ്ദവും ഒരളവോളം എന്റെ അമ്മയോട് തന്നെ സാദൃശ്യമുള്ളതായിരുന്നു. കുപ്പിയുടെ അടപ്പും എടുത്ത് നൽകി ഞാൻ അമ്മയെ നോക്കി നന്നായി തന്നെ ഒന്ന് ചിരിച്ചു, അമ്മയെനോടും ഒരു പുത്രതുല്യ വാത്സല്യത്തോടെ കൂടി തന്നെ നോക്കി ചിരിച്ചു.

കുറച്ചുനേരങ്ങൾ അങ്ങനെ തന്നെ കടന്നുപോയി, അപ്പോഴേക്കും അടുത്ത ചോദ്യം! മോൻ ഒറ്റക്കെ ഉള്ളൂ? ആരുടെയെങ്കിലും കൂടെ വന്നതാണോ! അതേ അമ്മേ, ഞാൻ വല്യച്ഛന്റെ കൂടെ ചെക്കപ്പിനു വന്നതാ! അമ്മ എന്താ ഒറ്റയ്ക്ക് എന്ന എന്റെ മറു ചോദ്യത്തിന്, ഒറ്റക്കല്ല മോനെ, മകനും അയാളുടെ അച്ഛനും കൂടെയുണ്ട് എന്തോ ഒരു കുറിപ്പും ആയി രണ്ടാളും കൂടി കുറച്ചു നേരത്തെ  റിസപ്ഷന്റെ അങ്ങോട്ട് പോയി, എനിക്ക് കുറച്ചു ദിവസമായി നല്ല തലവേദന ഇടയ്ക്കിടയ്ക്ക് ഇങ്ങനെ വന്നു പോകുന്നു,  ഒന്ന് കാണിച്ചപ്പോൾ എന്തൊക്കെയോ ടെസ്റ്റ് ഇവര് എഴുതി, ഇപ്പൊ കുറച്ചു ദിവസമായി ടെസ്റ്റും ആശുപത്രി സന്ദർശനവും ഒക്കെ തന്നെ. എന്താ പറയുക ഭഗവാനു തന്നെ അറിയാം എന്നും പറഞ്ഞു അമ്മ എന്നെ നോക്കിയ  നോട്ടത്തിൽ എവിടെയൊക്കെയോ ഒരു നിസ്സംഗത എനിക്ക് കാണാമായിരുന്നു.

ഒരു പത്തുമിനിറ്റ് തികച്ചായില്ല, അവർ രണ്ടുപേരും കൂടി തിരികെ അമ്മയുടെ അരികിൽ എത്തി, അവർ വന്നു അമ്മയുടെ അടുത്ത് ഇരുന്നു; എന്നെ നോക്കി ചെറുതായി അശോകും  അച്ഛനും ഒന്ന് ചിരിച്ചു, ഉടനെ തന്നെ ‘അമ്മ അവരോടായി; കുപ്പിയുടെ അടപ്പ് ഞാൻ എടുത്തു കൊടുത്തതും, നമ്മൾ പരസ്പരം സംസാരിച്ചതും ഒക്കെ പറഞ്ഞു തുടങ്ങി, സംസാരിച്ചു തുടങ്ങുമ്പോൾ വല്ലാത്തൊരു ആവേശം ഉണ്ട് അമ്മയ്ക്ക്, പക്ഷേ കേൾക്കുന്ന അശോക്ന് യാതൊരു അനക്കവുമില്ല ഒരുതരം നിർവികാരികത്ത. ഞാനൊരു നിമിഷം കരുതി ഇയാൾ ഇനി വലിയ  ജാഡകാരനാണോ ? എന്തായാലും അമ്മയുടെ സംസാരത്തിന് നടുവിൽ പരസ്പരം പേര് തിരിച്ചറിയാവുന്ന തരത്തിൽ നമ്മൾ പരിചയപെട്ടു, പതുകെ ഞാൻ തിരിച്ചറിഞ്ഞു തുടങ്ങി അയാളെ എന്തൊക്കെയോ അലട്ടുന്നുണ്ട്. കുറച്ചു നിമിഷങ്ങൾ കൂടി കഴിഞ്ഞപ്പോൾ, സ്കാനിംഗ് റൂമിൽ നിന്നും പുറത്തിറങ്ങി വന്ന ഒരു സിസ്റ്റർ അമ്മയെയും കൂടി അശോകന്റെ കയ്യിൽ കരുതിയിരുന്ന കുറിപ്പും വാങ്ങി നേരെ സ്കാനിംഗ് റൂമിന്റെ അകത്തളങ്ങളിലേക്ക് പതിയെ നടന്നു നീങ്ങി, തൊട്ടു പിന്നാലെ എത്തിയ ടെക്നീഷ്യൻ അശോകനോടായി പറഞ്ഞു, കുറച്ച് സമയം എടുക്കും കേട്ടോ, നിങ്ങൾക്ക് വേണമെങ്കിൽ പോയി ഭക്ഷണം ഒക്കെ കഴിച്ചിട്ട് വരാം, ചെറുതായി ഒന്ന് തലയാട്ടിയത് അല്ലാതെ അശോക വേറൊന്നും പറഞ്ഞില്ല.

പിന്നീട് ഒരു അരമുക്കാൽ മണിക്കൂറോളം ഞാനും അശോകവും അദ്ദേഹത്തിൻറെ അച്ഛനും ഒക്കെ ചെറുതായി നാട്ടു വിശേഷങ്ങളും, കുടുംബം ഇവയൊക്കെ പറ്റി സംസാരിച്ചു ഒന്ന് കൂടി അടുത്ത് തുടങ്ങിയ നേരത്ത് അശോക്; എന്നോട് ബ്രോ നമുക്കു പുറത്തേക്ക് ഒന്ന് ഇറങ്ങിയാലോ, ഒന്ന് വലിക്കണം അച്ഛൻ അറിയണ്ട! ശരി എന്ന് പറഞ്ഞു ഞാനും അശോകും കൂടി ആശുപത്രി കെട്ടിടത്തിന്റെ പുറകിലെ ചെറിയ ഇടവഴിയിലെ ഒരു ചെറിയ പെട്ടിക്കട ലക്ഷ്യമാക്കി നടന്നു, എത്തിയ പാടെ ഒരു സിഗരറ്റ് വാങ്ങി അദ്ദേഹം എന്നിൽ നിന്ന് ഒരു പത്തു അടി മാറി നിന്ന് വലിച്ചു തുടങ്ങി, കോളജ് കാലഘട്ടത്തിലേക്ക് ഒരുപാട് സുഹൃത്തുക്കൾ സിഗരറ്റ് വലിക്കുന്നത് കണ്ടിട്ടുണ്ട് ഞാൻ അതിൽ നിന്നും വ്യത്യസ്തമായി വല്ലാത്തൊരു വേഗതയുണ്ടായിരുന്നു, ഓരോ പുകയും അദ്ദേഹം ഉള്ളിലേക്ക് എടുത്ത് പുറത്തേക്ക് കളയാൻ ശ്രമിക്കുമ്പോഴും അദ്ദേഹം എന്തോ വല്ലാത്ത മാനസിക അവസ്ഥയിലായിരുന്നു.

ഞാൻ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയപ്പോൾ ആണെന്ന് തോന്നുന്നു, ഏകദേശം പുകഞ്ഞ് തീരാറായ സിഗരറ്റ് കുറ്റി നിലത്തേക്ക് എറിഞ്ഞ ശേഷം, അശോക് എന്നോട്, ഒരൊറ്റ വരിയിൽ അതങ്ങ് പറഞ്ഞു, അമ്മയ്ക്ക് തീരെ വയ്യടോ, ട്യൂമർ ആണ്, ഞാനടക്കം എല്ലാവരും കൂടി ആ പാവത്തിനെ പറഞ്ഞു പറ്റിച്ചു..,  പറ്റിച്ചു കൊണ്ടേയിരിക്കുന്നു! അശോകൻ്റെ കണ്ണുകൾ നിറയുന്നുണ്ട്, ഞാൻ എന്ത് പറയണം എന്ന് പോലും അറിയാതെ ഒരു നിമിഷം ഇരുട്ടിൽ ആയതു പോലെയായി.

കഥ തുടരുന്നു ഇടവേളയിൽ നവീൻ അക്ഷിതയോടു ചോദിച്ചു; എന്താടോ തനിക്ക് വിരസത അനുഭവപ്പെടുന്നുണ്ടോ, ഒരു ഇടവേള വേണോ! വേണമെങ്കിൽ ചെറുതായിട്ട് ഒന്ന് തിരമാലകളോട് ചേർന്ന് നടന്നിട്ടു വരാം.  എന്റെ മൗനം ഇപ്പോൾ തന്നിലേക്ക്  പ്രവേശിച്ചിട്ടുണ്ടോ? മുഖം ചെറുതായിട്ടൊന്നു മാറുന്നതു പോലെ തോനുന്നു.

അഷിത തന്റെ മറുപടി ഒറ്റ വരിയിൽ ഒതുക്കി; എല്ലാം തോന്നലുകൾ മാത്രമാണ് നവീൻ, ബാക്കി കൂടി പറയു കേൾക്കട്ടെ, കേൾക്കാൻ ആയിട്ടു കൂടിയാണല്ലോ വന്നത്: അത്രെയും പറഞ്ഞു നിർത്തി.

ശരി അങ്ങനെയാവട്ടെ എന്ന് പറഞ്ഞുകൊണ്ട്; നവീൻ താൻ പറഞ്ഞുകൊണ്ടിരുന്ന കഥ തുടരുന്നു;

അശോക് വീണ്ടും എന്നോട് ആയി ഒരു കാര്യം  പറയുന്നുണ്ട്; തനിക്ക് എത്രത്തോളം മനസ്സിലാവും എന്ന് എനിക്ക് അറിയില്ല നവീൻ ! ഒരു മെക്കാനിക്കൽ എൻജിനീയറായ ഞാൻ ഒരു മെക്കാനിസവും ഇല്ലാത്ത ഒരു മനസ്സും ശരീരവും ആയിട്ടാണ് നടക്കുന്നത്. ഒടുവിൽ അവർ കണക്കുകൾ കൂടി വിധി എഴുത്തും, എല്ലാത്തിനും അപ്പുറം ദൈവം ഉണ്ട് എന്നൊരു പ്രതീക്ഷയും നൽക്കും, ഇതിനു രണ്ടിനും ഇടയിൽ ദിവസങ്ങൾ കടന്നു പോകുന്തോറും യാഥാർഥ്യം എന്ന  സത്യം  എന്നെ വല്ലാതെ തളർത്തുന്നുണ്ട്, ഒരു കണക്കിന് അറിവില്ലായ്മ ആണ് നല്ലത് ഒന്നും തിരിച്ചറിയേണ്ടല്ലോ..!

ഞങ്ങൾ തിരിച്ച് ഹോസ്പിറ്റലിലെ സ്കാനിംഗ് റൂമിലേക്ക് തിരികെ പോകാൻ നേരം, എനിക്ക് ഏട്ടൻ്റെ കോൾ വന്നു ഡാ ഞാൻ എത്തി!  നി വിട്ടോ, വെറുതെ ലീവ് ആകണ്ട, ഞാൻ എട്ടനോടയി പറഞ്ഞു ചെക്കപ്പ് നടക്കുന്നെ ഉള്ളൂ ഞാൻ കൂടെ നിൽകാം, വേണ്ട ആവിശ്യം ഉണ്ടെങ്കിൽ വിളിക്കാം നീ ഓഫീസിലേക്ക് പോയ്ക്കോ ഏട്ടൻ മറുപടി പറഞ്ഞ് കോൾ അവസാനിപ്പിച്ചു.  പക്ഷേ പോകാൻ തോന്നിയില്ല കാരണം അശോകും, അമ്മയും എന്നെ വല്ലാതെ അവിടെ പിടിച്ചു നിർത്തുന്നുണ്ട്, കുറച്ചു സമയം കൂടി അവനോട് ചെലവഴിക്കാമെന്ന് കരുതി, ഞാൻ അവനോടൊപ്പം തന്നെ നടന്നു. സ്കാനിംഗ് റൂമിന്റെ മുന്നിലെത്തിയപ്പോഴേക്കും അശോകിൻ്റെ അച്ഛൻ കാത്  നിൽപ്പുണ്ടായിരുന്നു. അമ്മ ഇപ്പൊ ഇറങ്ങും ഇന്ന് ഇവിടെ കിടക്കേണ്ടി വരും നാളെയും എന്തൊക്കെയോ ഉണ്ട്, പാവം അവള് എന്ത് ചെയ്തിട്ട് ആണോ ഈ അനുഭവിക്കുന്നത്, അച്ഛൻ വല്ലാതെ ഇമോഷണൽ ആകുന്നുണ്ട്.

സിസ്റ്ററിന്റെ കൈയിൽ നിന്നും റൂം അലോട്ട്മെൻറ് ഉള്ള ഫോമും കൈപ്പറ്റി റിസപ്ഷൻ ലക്ഷ്യമാക്കി നടക്കുന്നു അശോകന്റെ മനസ്സ് അപ്പോഴും എവിടെയൊക്കെയോ ശൂന്യമായി നിൽപ്പുണ്ട് യാന്ത്രികമായി എന്തൊക്കെയോ അവൻ ചെയ്യുന്നുണ്ട്. ഒടുവിൽ റൂം കിട്ടി ഞങ്ങൾ അമ്മയും കൊണ്ട് നേരെ മുറിയിലേക്ക് പോയി. അവിടെ എത്തി ഒരല്പം കരിക്കിൻ വെള്ളം കുടിച്ചതിനുശേഷം, ഞാനൊന്ന് കിടന്നോട്ടെ മോനെ വല്ലാത്തൊരു ക്ഷീണം എന്ന് അമ്മ ഞങ്ങളോട് പറഞ്ഞു, ഞാൻ ഉടനെ തന്നെ അമ്മയോട് ആയി പറഞ്ഞു; അമ്മ വിശ്രമിച്ചോളൂ ഞാനും അങ്ങോട്ട് ഇറങ്ങുകയാണ്, ഓഫീസിലേക്ക് എത്താൻ നേരമായി, അമ്മയുടെ കൈകളിൽ നിന്ന് പിടിത്തം വിടാൻ നേരം ഒരു ഉപദേശം, മോനെ വിവാഹം കഴിക്കണം, അറിയാലോ എന്നെ പോലെ ഒരു അമ്മ അവിടെയും ഒറ്റയ്ക്കാണ്, ഇവനോട് ഞാൻ പറഞ്ഞു മടുത്തു അശോക് നെ ചുണ്ടി അമ്മ പറഞ്ഞു നിർത്തി.

അശോകനോടും അമ്മയോടും അച്ഛനോടും എല്ലാം ചെറുതായി ഒന്ന് യാത്ര പറഞ്ഞു, വീട്ടിലെ അഡ്രസ്സും വാങ്ങി തൊട്ടടുത്തൊരു ദിവസം തന്നെ വരാം അമ്മയും കൂടെ കൊണ്ടുവന്നു കുറെ നേരം സംസാരിക്കാം എന്നൊക്കെ വാക്ക് നൽകി ഞാൻ പതിയെ അവിടുന്ന് ഇറങ്ങി.

എൻറെ കൂടെ അശോക  നാലാം നിലയിലെ ലിഫ്റ്റിന്റെ അടുത്ത് വരെ വന്നു, അവിടെ വച്ച് ഞങ്ങൾ ഇരുവരും നമ്മുടെ വാട്സ്ആപ്പ് നമ്പർ ഷെയർ ചെയ്തു, ഞാൻ അവനോടു ഒന്ന് പറഞ്ഞു എന്ത് ആവശ്യമുണ്ടെങ്കിൽ വിളിക്കാം, കീപ് ഇൻ ടച്ച്, എല്ലാം ശരി ആവും എന്ന് പറഞ്ഞു തീർന്നപോയേക്കും ലിഫ്റ്റ് എത്തി ഞാൻ അതിൽ കയറി നേരെ പാർക്കിംഗ് ഏരിയയിൽ പോയി വണ്ടിയും എടുത്ത് ഓഫീസിലേക്ക് പോയി.

അത്രയും പറഞ്ഞു തീർന്നതും, വല്ലാത്തൊരു അസഹിഷ്ണുതയോടെ കൂടി അഷിത നവീൻ നോട് ചോദിക്കുന്നുണ്ട് തീർന്നോ കഥ !

അഷിത എന്തു പറ്റിയെടാ തനിക്ക് വിരസത അനുഭവപ്പെട്ടു തുടങ്ങിയോ! അങ്ങനെയൊന്നുമില്ല എന്തോ അങ്ങ് ചിന്തിച്ചപ്പോൾ ചോദിച്ചു പോയതാ, അല്ലേലും ചില കഥയിലും കഥാപാത്രങ്ങൾക്കിടയിൽ ഒരു അതിഥി വേഷം പോലും ചിലപ്പോൾ കിട്ടിയെന്നുവരില്ല എന്നൊരു സൂചിമുന പോലൊരു വാക്കോട് കൂടി അവൾ പറഞ്ഞവസാനിപ്പിച്ചു. അതേപ്പറ്റി തന്നെ കൂടുതൽ ചോദിക്കണമെന്ന് നവീന്റെ മനസ്സിലുണ്ടായിരുന്നു, ഒരുപക്ഷേ അത്  ഈ കഥയും കടന്ന് മറ്റൊരു കഥകളിലേക്ക് ആയിരിക്കും ചെന്നെത്തുക, ഇന്നത്തെ സാഹചര്യം ഒന്നിനോടും പൊരുത്തപ്പെടാത്ത ആയതു കൊണ്ട് നവീൻ പിന്നെയും  ആ പഴയ കഥയിലേക്ക് തന്നെ തുടരുന്നു…!

ഒരു രണ്ടാഴ്ചയ്ക്ക് അപ്പുറം ചുമ്മാ ഒരു ദിവസം സന്ധ്യക്ക് നവീന്റെ ഫോണിലേക്ക് വിളിച്ചിട്ട്, ഒരു അഞ്ചുമിനിറ്റ് നേരം അമ്മയോട് സംസാരിച്ചു, വല്ലാത്തൊരു അനുഭവം ആയിരുന്നു അത് . അശോകന്റെ അമ്മ വളരെ ലളിതമായ ഒരു വരി എന്നോട് പറഞ്ഞു, മോനെ ഞങ്ങൾ അമ്മമാരെ മരണത്തെക്കാൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് നിങ്ങൾ കുട്ടികൾ ഒറ്റയ്ക്കായി പോകുമോ എന്നുള്ള ചിന്തയാണ്, കാരണം ഞങ്ങളുടെ ഒക്കെ ലോകം തന്നെ നിങ്ങൾക്ക് ചുറ്റും ആയിരുന്നു. തുടർന്ന് സംസാരിക്കുന്ന സമയത്ത് ഞാൻ അശോക്നോടു ഈ കാര്യങ്ങൾ പറഞ്ഞു കൂട്ടത്തിൽ, ചോദിച്ചു അമ്മ അറിഞ്ഞോ! ചെറുതായിട്ട് ഒക്കെ അറിയാം , ഇനി മുഴുവനായി അറിഞ്ഞാലും അഭിനയിച്ചോളും ഒന്നുമില്ലാത്തതു പോലെ.  അമ്മമാർ അങ്ങനെ ആണല്ലോ അവർ പൊതിഞ്ഞു പിടിക്കുന്ന സത്യങ്ങൾക്ക് വല്ലാത്തൊരു  ആഴവും അർത്ഥവും ഉണ്ടായിരിക്കും, അശോക് അത്രയും തന്നെ പറഞ്ഞു വാക്കുകൾ അവസാനിപ്പിച്ചു.

ഇന്നലെ വൈകുന്നേരം ഒരു 7 മണി കഴിഞ്ഞു കാണും, അശോകൻ്റെ ഒരു ഫോൺ കോൾ ഉണ്ടായിരുന്നു, സാധാരണ അവൻ വിളിക്കുമെങ്കിൽ പോലും അതൊക്കെ അവധി ദിവസങ്ങളിലായിരുന്നു, ഞാൻ ഫോൺ എടുത്തു ഹലോ എന്ന് പറഞ്ഞു തീരുന്നതിനു മുന്നേ അവൻ എന്നോട് ഒരു വരി പറഞ്ഞു നിർത്തി!

അമ്മ ഇന്നലെ പോയി, നിന്നോടും എന്നോടും ഒന്നും യാത്ര പറയാതെ പോയി.

എന്താടാ നീ എന്താ പറയുന്നേ, എന്താ എന്ത് പറ്റി അശോക് നീ എവിടെ, അങ്ങനെ തുടങ്ങി ഞാൻ എന്തൊക്കെയോ ചോദിച്ചിട്ടും ഒരു മറുപടിയുമില്ല, ഒടുവിൽ ഒരു പത്തു നിമിഷത്തെ ഇടവേളക്ക് ശേഷം, അശോക് ഇങ്ങനെ കൂട്ടിച്ചേർത്തു; ഇനിമുതൽ അമ്മയെന്ന ആ വിളി ശൂന്യമാണ്! ഇനി ആ സത്യം ഓർമ്മകളിൽ മാത്രം, പാവം പൊയ്ക്കോട്ടെ, എന്നും ചേർത്തുപിടിച്ചായിരുന്നു നടത്തിയിരുന്നുത്, ഒറ്റയ്ക്കൊരുടത്തും തന്നെ പോയിട്ടില്ല! പക്ഷേ ഇന്നലെ എരിഞ്ഞു അടങ്ങിയപ്പോൾ കൂട്ടിന് ഞാൻ ഇല്ലായിരുന്നല്ലോടാ! ആ മറുപടി അവൻറെ അശബ്ദം അവിടെ വച്ച് പാതി മുറിഞ്ഞു നിന്നു.

രണ്ടു മണിക്കൂറിനുള്ളിൽ തന്നെ ഞാൻ അവനെ വീണ്ടും തിരിച്ചു വിളിച്ചു അവൻ ഫോണെടുത്തില്ല, അഞ്ചാറ് പ്രാവശ്യം ഞാൻ വിളിച്ചു ഫോൺ റിംഗ് ചെയ്തത് അല്ലാതെ എടുത്തില്ല. ഒടുവിൽ ഞാൻ അശോകൻ്റെ അച്ഛൻ്റെ നുമ്പർലേക്ക് വിളിച്ചു, അദ്ദേഹം ഫോൺ എടുത്തു, ഒരേറ്റ വാക്ക് മാത്രം പറഞ്ഞു; അറിഞ്ഞു അല്ലേ! ഒരു നിമിഷത്തെ മൗനത്തിനു ശേഷം അദ്ദേഹം വീണ്ടും തുടർന്നു; അവൾ സ്വസ്ഥമായി പൊക്കോട്ടെ, തന്നെ വലിയ ഇഷ്ടം ആയിരുന്നു ട്ടോ! ശരി ഞാൻ അശോകിന് കൊടുക്കാം.

ഫോൺ എടുത്ത് ഉടൻ ഞാൻ അവനോടു പറഞ്ഞു, ഡാ നാളെ രാവിലെ തന്നെ ഞാൻ വരാം , നിന്നോട് ഞാൻ എന്ത് പറയും, എനിക്ക്  അറിയില്ല, ഈ  ഒരു നിമിഷത്തേ  തരണം  ചെയ്യാൻ ഞാൻ ഇതുവരെ പഠിച്ച ഒരു വാക്കും ഒരു വാചകങ്ങളും എന്റെ സഹായത്തിന് ഇല്ല. നിശബ്ദനായി നിന്ന് എന്നോട് അവൻ പറഞ്ഞു ഡാ നീ വരണ്ട.

ഞാൻ അവനോട് ചോദിച്ചു എന്താ നീ പറയുന്നേ!

അതിനു മറുപടിയായി ഒന്നേ അവന് പറയാനുള്ളൂ എടോ ഞാന് ഇന്ന് എൻറെ ഏകാന്തതയെ വല്ലാതെ ഇഷ്ടപ്പെടുന്നു. നീ അതിലേക്ക് കയറി വന്നാൽ ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയായി പോകും, എനിക്ക് കുറച്ച് ദിവസങ്ങൾ ഒന്ന് താടോ ഞാൻ എൻ്റെ ഓർമകളിൽ മാത്രം കഴിയട്ടെ.

കോൾ അവസാനിക്കുന്നതിന് തൊട്ടുമുമ്പ്, അവൻ എന്നോട് ഒന്നുകൂടി പറഞ്ഞു; നന്നേ തിരിച്ചറിവുള്ള ഒരു ബുദ്ധിയും, അനുസരണക്കേട് മാത്രം കാണിക്കുന്ന ഒരു മനസ്സുമാണ് ഇന്ന് എൻ്റെ കൂടെ ഉള്ളത്, ഞാൻ ഒന്ന് ഉറങ്ങട്ടെ, നമുക്ക് കാണാം, കാണും! പക്ഷേ അതുവരെ എന്നെ തിരിച്ചറിയാതെ പോയവരുടെ കൂട്ടത്തിൽ നീ ഉണ്ടാവരുത്.

ഒരിക്കലും അങ്ങനെയൊന്നും ഉണ്ടാവില്ല എന്ന് എനിക്ക് നന്നായിട്ട് അറിയാം, കാരണം മറ്റാരെക്കാളും ഞാനിന്ന് അവനെ അറിയുന്നുണ്ട്, ഇന്നത്തെ എന്റെ തിരിച്ചറിവാണ് എന്റെ മൗനം.

അക്ഷിതെ തനിക്ക് അറിയാമോ എനിക്കറിയില്ല, എന്നിൽ ഒരു പന്ത്രണ്ടു വയസ്സുകാരൻ  ഉണ്ടായിരുന്നു. ഒരിക്കൽ അവൻ, അയാളുടെ അച്ഛന്റെ ചിത എരിഞ്ഞടങ്ങിയതിനു ശേഷവും നാളുകളോളം കാത്തിരുന്നിട്ടുണ്ട്, ക്ഷണിക്കപ്പെടാതെ അന്ന് കടന്നുവന്ന ആംബുലൻസിനെ അല്ല, മറിച്ച് കാത്തിരുന്നിട്ടുണ്ട് അച്ഛന്റെ സ്കൂട്ടർ ശബ്ദത്തെ , കൈയിലെ ആ കുഞ്ഞു മുട്ടായി പൊതിയെ, അമ്പലപ്പറമ്പിൽ തിടമ്പെടുത്ത ആനയോളം ഉയരത്തിൽ എന്നെ പൊക്കിനിർത്തിയ കൈകളെ, അത്രയും പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ നവീന്റെ കണ്ണുകൾ നിറയുന്നുണ്ട്. 

അശോക് പറഞ്ഞത് ശരിയാണ് നല്ല ബുദ്ധിയുണ്ട്, തിരിച്ചറിവ് എന്താണെന്നുള്ള യാഥാർത്ഥ്യബോധവും ഉണ്ട്, പപക്ഷേ ഇതൊക്കെയാണെങ്കിലും, ഇടയ്ക്കിടയ്ക്ക് ആ പന്ത്രണ്ട് വയസ്സുകാരൻറെ മനസ്സ് വല്ലാതെ അനുസരണക്കേട് കാണിക്കും. ഇന്നെൻറെ മൗനവും അതുപോലെ ഒരു അനുസരണ കേടാണ്, എൻറെ ബുദ്ധിയും മനസ്സും തമ്മിൽ മത്സരിച്ചപ്പോൾ ഒക്കെ ജയിച്ചത് എൻറെ മനസ്സ് ആണ്.

എടോ ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു, ഞാൻ കുറച്ചുനേരം കൂടി ഒന്നിവിടെ ഇരുന്നോട്ടെ ഞാനേ തനിക്ക് പോകാൻ ഒരു യൂബർ എടുത്തു തരാം; അധികം താമസിക്കേണ്ട വീട്ടിൽ അമ്മ കാത്തിരിപ്പ് ഉണ്ടായിരിക്കും നവീൻ പറഞ്ഞു നിർത്തുന്നു.

വേണ്ടടോ ഞാൻ തന്നെ ബുക്ക് ചെയ്തു പൊയ്ക്കോളാം, താൻ പറഞ്ഞത് ശരിയാണ് അമ്മ കാത്തിരിക്കും! മറ്റുചിലർക്കൊക്കെ കാത്തിരിക്കാനും കാവലാകാനും സമയമില്ലാതിരിക്കുമ്പോൾ പോലും. 

നവീൻ  എന്തേലും നീ എന്നോട് പറയാൻ വിട്ടു  പോയിട്ടുണ്ടോ?

ഒന്നുമില്ല! അഷിത, ഓർമയിൽ ഉള്ളതെല്ലാം പറഞ്ഞു, മറവിയുടെ ആഴത്തിൽ എന്തെങ്കിലും വിട്ടുപോയോ അറിയില്ല. 

അപ്പോ നാളെ കാണാം എന്നു പറഞ്ഞു കൊണ്ട് കസേരയിൽ നിന്ന് എണീറ്റ അഷിത, നവീനോട്, എടോ ഞാൻ ഒരു കാര്യം ചോദിക്കട്ടെ, നിന്റെ മറവിയുടെ ആഴത്തിൽ ഞാനും മാഞ്ഞു പോകുന്നുണ്ടോ!

എന്താ! അക്ഷിത ഇതു, ഇടയ്ക്കു ഇടയ്ക്കു നിൻറെ വാക്കുകളിൽ സൂചി മുന ഏറി വരുന്നുണ്ടല്ലോ!

എന്റെ മനസ്സും എന്റെ ബുദ്ധിയോടെ അനുസരണക്കേട് കാട്ടി തുടങ്ങിയിരിക്കുന്നു നവീൻ, പോട്ടേ ‘അമ്മ കാത്തിരിക്കുമല്ലൊ ! നാളെ കാണാം. അവൾ തന്റെ ബാഗുമെടുത്ത് പതിയെ നടന്നു നീങ്ങി.

ഒന്നു തിരിഞ്ഞു നോക്കും എന്ന് നവീനും കരുതി , ഒന്ന് തിരിച്ചു വിളിക്കുമെന്ന് അഷിതയും കരുതി, പക്ഷേ രണ്ടുഅറ്റത്തെയും മൗനം പ്രതീക്ഷകളിൽ നിഴലായി മാത്രം മാഞ്ഞുപോയി.

കഫേയുടെ പിൻവാതിലിലൂടെ പുറത്തേക്കു ഇറങ്ങി, തിരമാലകളുടെ ചേർന്നുള്ള മണൽത്തരികളിൽ ചവിട്ടി നടക്കുമ്പോൾ, നവീൻ മൗനമായി ഓർക്കുന്നത് രണ്ടുപേരെ കുറിച്ചാണ്. തിരിച്ചുവരില്ല എന്ന് ഉറപ്പായിട്ടും അമ്മയേ കാത്തിരിക്കാൻ തുടങ്ങുന്നു അശോക്, എല്ലാം കേട്ടിട്ടും തന്നോട് ഒന്നും പ്രത്യേകിച്ച് മിണ്ടാതെ മൗനമായി നടന്നു നീങ്ങിയ അക്ഷിത.

അപ്പോയെക്കും താൻ വാടകയ്ക്ക് എടുത്ത കാറിൽ കയറി വീട്ടിലേക്ക് പോകുന്ന അക്ഷിത തന്റെ മൊബൈൽ നിശബ്ദമാക്കി.

മൗനം പ്രതികരിക്കാൻ ഭയക്കുന്നവൻറെ മാത്രം വികാരമല്ല, മറിച്ച് ചിലപ്പോഴൊക്കെ പ്രതിഷേധിക്കാൻ മടിയുള്ളവന്റെ പ്രതിഷേധം കൂടിയാണ്.

എന്നും ഡയറി എഴുതുന്ന ശീലമുള്ള നവീൻ! അന്നത്തെ ദിവസത്തെ അവസാനം ഇങ്ങനെ എഴുതുകയുണ്ടായി. “ഇപ്പോഴും ഈ ലോകം പലരുടെയും മൗനത്തിൻറെ കാരണം തേടുകയാണ്, ഉത്തരം നൽകാൻ ആയില്ലെങ്കിലും കാരണം അറിയാനുള്ള മനുഷ്യന്റെ ജിജ്ഞാസ ഒട്ടുംതന്നെ കുറഞ്ഞിട്ടില്ല, നാൾക്ക് നാൾ അത് കൂടുന്നതേ ഉള്ളൂ…!