“കാരുണ്യവാനായ കർത്താവേ അങ്ങയുടെ ഈ ദാസൻ മാർക്കോസിനെ അവിടുത്തെ കരങ്ങളിൽ ഇതാ ഞങ്ങൾ സമർപ്പിക്കുന്നു. അങ്ങയുടെ ഈ മകൻറെ പാപങ്ങൾ പൊറുത്തു നിത്യശാന്തി നൽകണമേ എന്ന് താഴ്മയായി കേണു ഞങ്ങൾ പ്രാർത്ഥിക്കുന്നു ആമേൻ”

ഇടവക വികാരി തോമസ് ചക്കാലയിൽ ഇപ്രകാരം പ്രാർത്ഥിച്ചു മാർക്കോസിന്റെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ചു. രോഗശയ്യയിൽ ആയിരിക്കുന്ന മാർക്കോസ് തന്നോട് എന്തോ പറയാൻ ശ്രമിക്കുന്നത് പോലെ ഫാദർ തോമസിന് തോന്നി.

മുറിയിലുള്ള എല്ലാവരോടും പുറത്തോട്ട് ഇറങ്ങി നിൽക്കൻ പറഞ്ഞിട്ട മാർക്കോസ് വികാരിയച്ചന്റെ ചെവിയിൽ ഒരു രഹസ്യം പറഞ്ഞു.

“അച്ചോ, ഈ പാപിയായ എനിക്ക് ഒരിക്കലും സ്വർഗത്തിൽ പ്രവേശനം ലഭിക്കുകയില്ല. കൊലപാതികൾക്ക് പറഞ്ഞിട്ടുള്ളതല്ല സ്വർഗ്ഗം. നാലഞ്ചു വർഷമായി ഞാൻ ഇതേ കിടപ്പാണ്. വീടിനും വീട്ടുകാർക്കും ഒരു ഭാരമായി. അച്ഛൻ എനിക്കുവേണ്ടി ഒന്ന് മുട്ടിപ്പായി പ്രാർത്ഥിക്കണം, ഈ നരകയാതന ഒന്ന് തീർന്നു കിട്ടാൻ”

വികാരിയച്ചനോട് ഇത്രയും പറഞ്ഞു തീരുന്നതിനു മുൻപേ തന്നെ മാർക്കോസിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

ഒരു പുരോഹിതന്റെ ഭവന സന്ദർശനം ആയതിനാൽ, കൊച്ചുത്രേസ്യ മൂന്നുകൂട്ടം പലഹാരങ്ങൾ കരുതിയിരുന്നു.

ഉപ്പേരി വറുത്തത് ഓരോന്നായി കഴിക്കുമ്പോഴും, ഫാദർ തോമസിന്റെ മനസ്സിൽ ഒരൊറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളൂ.കൊലപാതകം എന്ന് മാർക്കോസ് പറഞ്ഞത് ശരിക്കും ഉള്ളത് തന്നെ ആയിരിക്കുമോ?

പ്രായാധിക്യത്താൽ ഓർമ്മയില്ലാതെ പിച്ചും പേയും പറയുന്നതായിരിക്കും!

മാർക്കോസിനെയും കുടുംബത്തിനെയും തൻറെ പ്രാർത്ഥനകളിൽ ഓർക്കും എന്നാശ്വസിപ്പിച്ചു ഫാദർ തോമസ് കപ്യാരോടൊപ്പം പള്ളിമേടയിലേക്ക് മടങ്ങി.

കൊച്ചുത്രേസ്യ അന്ന് ഉച്ചത്തേക്കുള്ള അരി കഴുകി വെള്ളത്തിലിടുമ്പോഴാണ് വികാരിയച്ചൻ പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ച് ഭവന സന്ദർശത്തിനായി എത്തിയത്.ഉച്ചയൂണ് പതിവിലും വൈകിയതിനാൽ മാർക്കോസ് കഴിക്കാൻ കൂട്ടാക്കിയില്ല.

ഉച്ച മയക്കത്തിനുശേഷം മാർക്കോസിന് കഴിക്കാനായി കൊച്ചുത്രേസ്യാ ബണ്ണും പാലുമായി എത്തിയപ്പോഴാണ്, ഉച്ചഭാഷിണിയിൽ ഗീവർഗീസ് പുണ്യാളന്റെ നാമധേയത്തിലുള്ള ഇടവക പള്ളിയുടെ ആണ്ടു പെരുന്നാളിന്റെ അനൗൺസ്മെൻറുമായി വീടിനു മുന്നിൽ കൂടെ റപ്പായി ചേട്ടൻറെ ജീപ്പ് കടന്നുപോയത്.

കൃത്യം ഇന്നേക്ക് മുപ്പത് വർഷം മുമ്പ്, അതായത് കൊല്ലവർഷം 1146 ൽ, ഒരു പെരുന്നാളിനാണ്,പള്ളിപ്പറമ്പിലെ പൊട്ടക്കിണറ്റിൽ ഒരു ഏഴ് വയസ്സുകാരൻ ബാലന്റെ ചേതനയറ്റ ശരീരം കണ്ടെത്തിയത്.

പാലിൽ ബൺ മുക്കി കൊച്ചുത്രേസ്യ, മാർക്കോസിന് വായിൽ വച്ചു കൊടുത്തു. നല്ല മധുരമുള്ള പാലായിരുന്നിട്ട് കൂടി മാർക്കോസിന് അത് കൈപ്പുള്ളതായി തോന്നി.

കൊല്ലവർഷം 1145 ഇടവ മാസത്തിലെ ഒരു ദിവസം.

ഇടവപ്പാതി തകർത്തു പെയ്യുകയാണ്. മാർക്കോസും കൊച്ചുത്രേസ്യയും മൂന്ന് പെൺമക്കളും, അവരുടെ ഭാവിയെ കുറിച്ച് ഓർത്ത് വരാന്തയിൽ ഉൽകണ്ഠയോടെ ഇരിക്കുകയായിരുന്നു.

ഒരു അരമണിക്കൂറെങ്കിലും ആയി കാണും, അഞ്ചുപേരും കൂടി ഇരിപ്പ് തുടങ്ങിയിട്ട്.

കൊച്ചുത്രേസിയാണ് ആദ്യം ഈ മൗനത്തിന് വിരാമം ഇട്ടത്.ഒരു നെടുവീർപ്പോടെ കൊച്ചുത്രേസ്യ പറഞ്ഞു,

” എന്നാ സന്തോഷത്തിൽ കഴിഞ്ഞ കുടുംബമായിരുന്നു നമ്മളുടേത്, ഇവറ്റകൾക്ക് രണ്ടുനേരത്തെ ഭക്ഷണത്തിനുള്ള വക പോലും കണ്ടെത്താൻ സാധിക്കുന്നില്ല. ഇങ്ങനെ പോയാൽ നമ്മൾ എവിടെ ചെന്ന് നിൽക്കും”

“ഇതുങ്ങളെ കൊള്ളാവുന്ന ഏതെങ്കിലും കുടുംബങ്ങളിലേക്ക് കെട്ടിച്ചു വിടണ്ടേ? എൻറെ കർത്താവേ നീ തന്നെ ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരണമേ!!!!”

മാർക്കോസ് ഒന്നും മിണ്ടിയില്ല. കൊച്ചുത്രേസ്യ പറയുന്നതിലും കാര്യമുണ്ട്, ഒന്ന് രണ്ട് കൊല്ലങ്ങൾക്കിടയിലാണ് കാര്യങ്ങൾ എല്ലാം കീഴ്മേൽ മറഞ്ഞത്.

” ഹല്ലേലൂയ…. ഹലേലൂയ… പ്രൈസ് ദ് ലോർഡ്…” . കോരിച്ചൊരിയുന്ന മഴയ്ക്കിടയിലും പാസ്റ്റർ ഗ്രിഗറി കൊക്കാപറമ്പിലിന്റെ ഫെയ്ത്ത് ഹോമിലെ വചനപ്രഘോഷണം ഇങ്ങു വീട്ടിലിരുന്ന് മാർക്കോസിന് കേൾക്കാമായിരുന്നു.

മാർക്കോസിന്റെ കുടുംബം പരമ്പരാഗതമായി പൗരസ്ത്യ ക്രിസ്തീയ സഭയുടെ ഭാഗമായി മധ്യകേരളത്തിൽ വേരുറപ്പിച്ച ഒന്നായിരുന്നു. വറീത് മാപ്പിളയുടെയും കുഞ്ഞന്നാമ്മയുടെയും ഏഴു മക്കളിൽ ഇളയവൻ ആയിട്ടായിരുന്നു മാർക്കോസിന്റെ ജനനം.

മാർക്കോസ് ജനിക്കുന്നതിന് മുന്നേ തന്നെ വറീത്മാപ്പിള തീരുമാനിച്ചു വച്ചിരുന്നു, ജനിക്കുന്നത് ആൺകുഞ്ഞ് ആണേൽ അവനെ പള്ളി സെമിനാരിയിൽ ചേർക്കുമെന്ന്.

വറീത് മാപ്പിള താൻ പറഞ്ഞ വാക്ക് പാലിച്ചു. കൗമാരപ്രായത്തിൽ തന്നെ മാർക്കോസിനെ പാലായിലുള്ള സെമിനാരിയിൽ കൊണ്ട് ചേർത്തു.

വൈദിക പഠനത്തിൻറെ നാലാം വർഷം പൂർത്തിയാകും മുന്നേ തന്നെ മാർക്കോസ് മടങ്ങി വീട്ടിലെത്തി. സഭയുടെയും കുടുംബത്തിന്റെയും മാനം ഒരുപോലെ കളഞ്ഞു കുളിച്ച മാർക്കോസിന്റെ ഈ പ്രവർത്തി വറീത് മാപ്പിളക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

കുടുംബക്കാരുടെയും, നാട്ടുകാരുടെയും, പള്ളിക്കാരുടെയും മുന്നിൽ ഇത്രയും നാൾ തലയുയർത്തിപ്പിടിച്ച് നടന്ന വറീത് മാപ്പിളക്ക് ജീവിതത്തിൽ ആദ്യമായി തലകുനിച്ചു നിൽക്കേണ്ടി വന്നു.

എന്ത് കാരണത്താലാണ് വൈദിക പഠനം മതിയാക്കി വന്നതെന്ന് മാർക്കസിനോട് ചോദിക്കാൻ ആരും മെനക്കെട്ടതുമില്ല. മാർക്കോസ് ഒന്നും പറഞ്ഞതുമില്ല.

സെമിനാരിയിൽ നിന്നും മടങ്ങിവന്നു ഒരു മാസം തികയും മുന്നേ മാർക്കോസിനോട് മാപ്പിള ഒരു ദിവസം പറയുകയുണ്ടായി” അപ്പൻറെ ചെലവിൽ കഞ്ഞിയും കുടിച്ച് ഇവിടെ കഴിയാമെന്ന് പൊന്നുമോൻ കരുതണ്ട, പെട്ടിയും കിടക്കയും എടുത്ത് എങ്ങോട്ടാണെന്ന് വെച്ചാൽ ഇറങ്ങിക്കോ, എനിക്ക് ഇങ്ങനെ ഒരു മകൻ ഇനി ഇല്ല”

ഈ ആട്ടി പുറത്താക്കൽ ഏത് നിമിഷവും സംഭവിക്കുമെന്ന് മാർക്കോസിന് തീർച്ചയായിരുന്നു. ഒട്ടും താമസിക്കാതെ മാർക്കോസ് വീട് വിട്ടിറങ്ങി. പിന്നീടങ്ങോട്ട് ഒറ്റയാൾ പോരാട്ടം ആയിരുന്നു ജീവിതം. ഒരുപാട് നാളുകൾ അലഞ്ഞുതിരിഞ്ഞതിന് ശേഷമാണ് മാർക്കോസ് വൈരികോട് ഗ്രാമത്തിൽ എത്തിച്ചേരുന്നത്.

കുന്നും മലയും പുൽമേടുകളുമായി സമ്പുഷ്ടമായ ഒരു മലയോര പ്രദേശമായിരുന്നു വൈരികോട്. ഭൂരിഭാഗം ആൾക്കാരും പല കാലങ്ങളിലായി ഇവിടെ എത്തിച്ചേർന്ന കുടിയേറ്റ കർഷകരായിരുന്നു. സ്വന്തമായി കൃഷിയിടങ്ങൾ ഇല്ലാത്ത കുടിയേറ്റക്കാർ തേയില തോട്ടങ്ങളിലും റബർ പ്ലാന്റേഷനുകളിലും മറ്റുമായി വേല ചെയ്തു ജീവിച്ചു. മാർക്കോസും അവരിൽ ഒരാളായി മാറി.

നാലുവർഷം സെമിനാരിയിൽ പഠിച്ചതുകൊണ്ടാവം മാർക്കോസിനോട്, വൈരികോടിലെ ജനങ്ങൾക്കെല്ലാം ഒരു പ്രത്യേക സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നു. പ്രാർത്ഥനാ കൂട്ടായ്മകളിലെ ഒരു നിറസാന്നിധ്യമായിരുന്നു മാർക്കോസ്. മാർക്കോസിൻറ്റെ ബൈബിൾ പരിജ്ഞാനവും, പ്രസംഗത്തിൽ ഉള്ള പാഠവും, മലയോര കർഷകർക്കിടയിലെ നസ്രാണി കുടുംബങ്ങളിൽ അയാളെ സ്വീകാര്യൻ ആക്കി മാറ്റി.

ഓരോ പ്രാർത്ഥന കൂട്ടായ്മകൾക്കും ശേഷo, പണവും മറ്റു പാരിതോഷികങളും നൽകി അവർ മാർക്കോസിനോടുള്ള സ്നേഹം പ്രകടിപ്പിച്ചു.

ആന്റപ്പൻ അമ്മിണി ദമ്പതികളുടെ ഏക പുത്രി ആയിരുന്നു കൊച്ചുത്രേസ്യ. മാർക്കോസിന്റെ കുട്ടിക്കാലത്തെ ജീവിതത്തിൻറെ നേർവിപരീതമായിരുന്നു കൊച്ചുത്രേസ്യയുടെ ബാല്യകാലം. ഉടുതുണിക്ക് മറുതുണിയില്ലാത്തത്ര ദാരിദ്ര്യത്തിലാണ് ആ കുടുംബം ഓരോ ദിവസവും കഴിച്ചു കൂട്ടിയത്.

അതുകൊണ്ടുതന്നെയാവാം മാർക്കോസിന്റെ ആലോചന വന്നപ്പോൾ, മകളെ വിവാഹം ചെയ്തു കൊടുക്കുന്നതിൽ ആന്റപ്പനും അമ്മിണിക്കും ഒന്നുകൂടി ആലോചിക്കേണ്ട വന്നില്ല. ആന്റപ്പനെ സംബന്ധിച്ച് തൻറെ മകൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ സൗഭാഗ്യം തന്നെയായിരുന്നു മാർക്കോസ് കെട്ടുന്ന മിന്ന്.

ആന്റപ്പൻ തൻറെ ബന്ധുമിത്രാദികളോട് എന്നും പറയാറുണ്ടായിരുന്നു” തമ്പുരാൻ എൻറെ മകളെ കനിഞ്ഞ് അനുഗ്രഹിച്ചതാണ്, അവൾക്ക് നല്ലതേ വരൂ”.

വർഷങ്ങൾ കടന്നുപോയി, മാർക്കോസിനും ഭാര്യക്കും മൂന്ന് പെൺകുട്ടികൾ ജനിച്ചു. മൂത്തവൾ ഡെയ്സി, രണ്ടാമത്തേത് ലില്ലി, ഏറ്റവും ഇളയവൾ ജെസിയും.

ഡെയ്സിയുടെ പതിനഞ്ചാം പിറന്നാളിന്റെ അന്നാണ്, വൈരികോട് ഗവൺമെൻറ് സ്കൂളിൻറെ കിഴക്കുവശത്തായി ഒഴിഞ്ഞുകിടന്ന ഓഡിറ്റോറിയം ബോംബെയിൽ നിന്നും വന്ന ഒരു ഗ്രിഗറി കൊക്കാപറമ്പിലിന്റെ പേർക്ക് ആധാരമാക്കിയത്. അതിൻറെ പിറ്റേ ആഴ്ച മക്കളെ സ്കൂളിൽ വിട്ട് മടങ്ങി വരുമ്പോൾ ആണ് മേൽപ്പറഞ്ഞ ഓഡിറ്റോറിയത്തിന്റെ മുൻ വശത്തായി ഒരു ബോർഡ് കെട്ടി തൂക്കിയിരിക്കുന്നത് മാർക്കോസിനെ ശ്രദ്ധയിൽപ്പെട്ടത്. ആ ബോർഡിൽ വലിയ അക്ഷരങ്ങളിൽ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു.

” സൺഡേ ശാലോം ഫെയ്ത്ത് ഹോം”

       പാസ്റ്റർ:ഗ്രിഗറി കൊക്കാപറമ്പിൽ

മാർക്കോസ് മടങ്ങി വീട്ടിലെത്തിയപ്പോൾ, മുറ്റത്ത് വർണ്ണശബളമായ നോട്ടീസ് പേപ്പറുകൾ നിലത്ത് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.

പാസ്റ്റർ:ഗ്രിഗറി കൊക്കാപറമ്പിൽ നേതൃത്വം നൽകുന്ന രോഗശാന്തി ശുശ്രൂഷയും വചനപ്രഘോഷണവും എല്ലാ ശനിയാഴ്ചകളിലും വൈകിട്ട് അഞ്ച് മണി മുതൽ പഞ്ചായത്ത് സ്കൂളിന് സമീപമുള്ള ഓഡിറ്റോറിയത്തിൽ വച്ച്. എല്ലാ വിശ്വാസികളെയും ഈ സ്വർഗ്ഗീയ വിരുന്നിലേക്ക് ദൈവനാമത്തിൽ ക്ഷണിച്ചുകൊള്ളുന്നു.

നോട്ടീസിലെ അച്ചടിച്ച ഈ വരികൾ വായിച്ചു കഴിഞ്ഞപ്പോൾ മാർക്കോസിന് തൻറെ സുഷുമ്ന നാടിയെ ഒരു ചാട്ടുളി വലിഞ്ഞു കൊളുത്തിയ പോലെ തോന്നി.

പാസ്റ്ററുടെ ഈ വരവ് തന്റെ കഞ്ഞിയിൽ പൂഴിമണ്ണ് വാരി ഇടുമോ എന്ന് മാർക്കോസ് ഭയന്നു.

മാർക്കോസിന്റെ ഭയം അസ്ഥാനത്തായിരുന്നില്ല. അയാൾ ഭയന്നതുപോലെ തന്നെ വൈരികോട് ഗ്രാമത്തിലെ പാസ്റ്റർ ഗ്രിഗറിയുടെ വളർച്ച കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു, ഒപ്പം മാർക്കോസിന്റെ വൻ വീഴ്ചയും.

പ്രാർത്ഥന കൂട്ടായ്മകളിലും ആത്മീയ യോഗങ്ങളിലും പാസ്റ്റർ നിറസാന്നിധ്യമായി മാറി, പല സന്ദർഭങ്ങളിലും മാർക്കോസിനെ വൈരിക്കോടിലെ ജനങ്ങൾ വിസ്മരിച്ചു.

പ്രീമിയർ പത്മിനി കാറിലുള്ള വരവും, തൂവെള്ള നിറത്തിലുള്ള ഷർട്ടും ട്രൗസറും, ഒപ്പം ആരെയും ആകർഷിക്കുന്ന വ്യക്തിത്വവും ശരീരഘടനയും ആയിരുന്നു ഗ്രിഗറി പാസ്റ്ററുടേത്. വൈരിക്കോടിലെ ഇടയഗണങ്ങൾക്ക്, ദൈവത്തിൻറെ പ്രതിപുരുഷനും ആത്മീയ ആചാര്യനും ആയി പാസ്റ്റർ മാറി.

പ്ലാന്റേഷനിൽ ജോലി ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ മാർക്കോസ് നന്നേ പാടുപെട്ടു. മഴക്കാലമായാൽ പിന്നെ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമേ പ്ലാന്റേഷനിൽ പണി ഉണ്ടാകു.

കഴിഞ്ഞ ഒരാഴ്ചയായി മാർക്കോസിന് പണിയൊന്നുമില്ല, അരിയും പലചരക്ക് സാധനങ്ങളും എല്ലാം തീർന്നിരുന്നു. മുറ്റത്ത് നട്ടിരുന്ന നൂറുമൂട് കപ്പയിൽ കുറച്ച് കിളച്ചെടുത്തു.ഒപ്പം എരുത്തിലിനോട് ചേർന്ന് നിന്ന വരിക്ക പ്ലാവിലെ ചക്കയുമാണ്, ഒരാഴ്ചക്കാലമായി മാർക്കോസിന്റെ കുടുംബത്തിൻറെ പട്ടിണി അകറ്റിയത്.

മഴ പെയ്തു തോർന്നിരുന്നു.

അങ്ങ് ഓഡിറ്റോറിയത്തിൽ നിന്നുള്ള പാസ്റ്ററുടെ ശബ്ദത്തിലുള്ള ഗാനം മാർക്കോസിന്റെ കാതുകളിലേക്ക് ഒഴുകിയെത്തി.

” കണ്ണുനീർ താഴ്വരയിൽ ഞാൻ ഏറ്റവും വലിഞ്ഞിടുമ്പോൾ, കണ്ണുനീർ വാർത്തവൻ എൻ കാര്യം നടത്തിത്തരും””””…….

ആഴ്ചകൾ കടന്നുപോയി, മഴമേഘങ്ങൾ പെയ്തൊഴിഞ്ഞു, കന്നിക്കൊയ്ത്തും, ശേഷം ഗ്രീഷ്മ കാലവും, ഒടുവിൽ അതാ വേനലും.

കൊല്ലവർഷം1146- മേട മാസത്തിലെ ഗീവർഗീസ് സഹദായുടെ പെരുന്നാൾ ദിവസം പാസ്റ്ററും ഭാര്യ ദീനാമയും മദ്രാസിൽ വച്ച് നടക്കുന്ന കൺവെൻഷനായി രാവിലെ പുറപ്പെട്ടു. തലേന്ന് ചെറിയൊരു പനിയുടെ ലക്ഷണം കാട്ടിയതിനാൽ മകൻ ജേക്കബിനെ കൂടെ കൊണ്ടുപോവാൻ അവർ മടിച്ചു.

ബംഗ്ലാവിൽ മകന് കൂട്ടിനായി ദീനാമയുടെ അപ്പനും അമ്മയും ഉണ്ടായിരുന്നതുകൊണ്ട് മദ്രാസിലോട്ടുള്ള യാത്രക്ക് അതൊരു തടസ്സമായില്ല.

വൈരിക്കോട് മറ്റ് സ്കൂളുകൾ ഒന്നുമില്ലാത്തതിനാൽ ഗത്യന്തരമില്ലാതെ പാസ്റ്റർ ഗ്രിഗറി, മകൻ ജേക്കബിനെ ഗവൺമെൻറ് സ്കൂളിൽ തന്നെ ചേർത്തു.

പണി ഇല്ലാതിരുന്ന ദിവസങ്ങളിൽ എല്ലാം മാർക്കോസ് തൻറെ പെൺമക്കളോടൊപ്പം സ്കൂളിൽ വരെ പോയി വരുന്നത് ഒരു ശീലമായിരുന്നു. ഈ മടക്കയാത്രകളിൽ പല വേളകളിലും ഗ്രിഗറി പാസ്റ്റർ, മകനെയും കൊണ്ട് തൻറെ കാറിൽ സ്കൂളിലേക്ക് എത്തുന്നത് പതിവ് കാഴ്ചയായിരുന്നു.

മാർക്കോസിനെ വഴിയിൽ വച്ച് കണ്ടാൽ പാസ്റ്റർ വണ്ടി നിർത്തി അല്പനേരമെങ്കിലും സംസാരിക്കാതെ പോവുകയില്ല. ഇത്തരം കണ്ടുമുട്ടലുകളിൽ കൂടി മാർക്കോസ് അങ്കിൾ കുട്ടി ജേക്കബിന് പരിചിതനായി.

പാസ്റ്ററും കൊച്ചമ്മയും പോയിക്കഴിഞ്ഞ് ഉച്ചനേരമായപോൾ പള്ളിയിലെ ഉച്ചഭാഷിണികൾക്കൊപ്പം ബാൻഡ് മേളക്കാരും കൊട്ടിത്തുടങ്ങി. ദീനാമയുടെ അപ്പനായ അവറാച്ചനോട്, തന്നെ പള്ളി പെരുന്നാൾ കാണാനായി കൂട്ടിക്കൊണ്ടുപോണമെന്ന് ജേക്കബ് വാശി പിടിച്ചു. ഗത്യന്തരമില്ലാതെ ഉച്ച വെയിൽ ആറുമ്പോൾ ജേക്കബിനെയും കൂട്ടി പള്ളിപ്പെരുന്നാളിന് കൊണ്ടുപോകാമെന്ന് അവറാച്ചൻ ഏറ്റു.

വൈകിട്ട് ഒരു അഞ്ചുമണിയോടടുത്തപ്പോൾ അവറാച്ചൻ കൊച്ചുമകൻ ജേക്കബിനെയും കൂട്ടി പള്ളിയിലേക്ക് യാത്ര തിരിച്ചു. പള്ളിയുടെ പ്രവേശ കവാടത്തിൽ വച്ച് താൻ സ്കൂളിൽ പോകുമ്പോൾ എപ്പോഴും കാണാറുള്ള മാർക്കോസ് അങ്കിളിനെയും മക്കളെയും കണ്ടു. മാർക്കോസിനെ കണ്ടപാടെ ജേക്കബ് ഒരു ചെറു പുഞ്ചിരിയിൽ പരിചയം പുതുക്കി, മനസ്സില്ലാ മനസ്സോടെ മാർക്കോസും ചിരിച്ചു.

വൈകിട്ട് ഏഴ് മണിയോടടുപ്പിച്ചാണ് പുണ്യാളന്റെ രൂപവും വഹിച്ചുകൊണ്ടുള്ള റാസ പള്ളിയിൽ നിന്ന് പുറപ്പെടുന്നത്.

കേരളത്തിൽ പാശ്ചാത്യ സഭക്കാർ റാസക്ക് പൊതുവേ പിരുസമെന്നോ പ്രദക്ഷിണമെന്നോക്കയാണ് പറയാറ്. ഏത് പേരിലാണെങ്കിലും വർണ്ണശബളവും ദീപാലംകൃതമായ ആഘോഷങ്ങൾ മനുഷ്യർക്ക് എന്നും പ്രിയപ്പെട്ടതാണല്ലോ.

റാസ ഇറങ്ങുന്നതിന്റെ തിക്കിലും തിരക്കിലും ജേക്കബിനെ ശ്രദ്ധിക്കാൻ അവറാച്ചൻ വിട്ടുപോയി.

നാട്ടിലെ പ്രമാണിമാർക്കൊപ്പം പെരുന്നാൾ വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്ന അവറാച്ചൻ, കളിക്കോപ്പുകളും ബലൂണുകളും വിൽക്കുന്ന കച്ചവടക്കാർ ഉള്ള പള്ളി മൈതാനത്തേക്ക് ജേക്കബ് ഓടിപ്പോയത് അറിഞ്ഞില്ല.

മൈതാനത്ത് നിരന്ന വില്പന സ്റ്റാളുകളിൽ കണ്ണോടിച്ചു നടന്ന ജേക്കബ് അപ്പോഴാണ് തൻറെ അപ്പച്ചൻ ഈ പരിസരത്ത് ഒന്നുമില്ല എന്ന കാര്യം മനസ്സിലാക്കിയത്. എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്നപ്പോഴാണ് സ്വൽപ്പം അകലെ മാറി ഉള്ള ഒരു ഏറുമാടക്കടയില് മാർക്കോസിനെ കണ്ടത്. ഒട്ടും മടിച്ചു നിൽക്കാതെ ജേക്കബ് മാർക്കോസിന്റെ അടുത്തേക്ക് ഓടിച്ചെന്നു.

ജേക്കബിനെ കണ്ടപാടെ മാർക്കോസ് ചോദിച്ചു

” ജേക്കബ് മോൻ എന്നാ ചെയ്യുവാ ഇവിടെ, അപ്പച്ചനും അമ്മച്ചിയും എന്തിയെ??”

“പപ്പയും മമ്മിയും മദ്രാസിൽ പോയതാ, ഞാൻ വല്യപ്പച്ചന്റെ കൂടെയാ വന്നത്”

“എന്നിട്ട് മോന്റെ വല്യപ്പച്ചൻ എവിടെ?” മാർക്കോസ് ചോദിച്ചു. എവിടെയാണെന്ന് അറിയാത്ത മട്ടിൽ ജേക്കബ് തലയാട്ടി.

ആ പള്ളിപ്പറമ്പിൽ വല്യപ്പച്ചൻ അല്ലാണ്ട് തനിക്ക് ആകെ അറിയാവുന്ന വ്യക്തി മാർക്കോസ് അങ്കിളായിരുന്നു. ജേക്കബ് മെല്ലെഅയാളുടെ അരികിലേക്ക് ചേർന്ന് നിന്നു, ശേഷം പല കടകളിലായി തൂക്കിയിട്ടിരുന്ന കളികോപ്പുകളിലേക്ക് കണ്ണുംനട്ട് ജേക്കബ് ആകാംക്ഷയോടെ നിന്നു.

” ജേക്കബ് മോന് കളിപ്പാട്ടം വല്ലോം വേണോ” മാർക്കോസ് ചോദിച്ചു,

മാർക്കോസിനെ ഒന്ന് നോക്കിയശേഷം ജേക്കബ് അവിടെ ഒരു കടയിൽ തൂക്കിയിട്ടിരുന്ന ചുവന്ന പന്തിലേക്ക് കണ്ണോടിച്ചു.

തന്റെ കയ്യിൽ ആകെ അവശേഷിച്ചിരുന്ന ഇരുപത് രൂപയുടെ മുഷിഞ്ഞ നോട്ട് ജുബൈയുടെ വലതു പോക്കറ്റിൽ കയ്യിട്ടു മാർക്കോസ് എടുത്തു ചുരുട്ടി പിടിച്ചു. തൻറെ മൂന്നു പെൺമക്കൾക്കുമായി കൺമഷിയോ ചാന്തോ പൊട്ടുവളകളോ മേടിക്കാം എന്ന ചിന്തയിൽ കയ്യിൽ കരുതിയതാണ്.

മാർക്കോസ് പന്ത് മേടിച്ച് ജേക്കബിന് നൽകി. കുറച്ചുനേരം പന്തിൽ തട്ടി കളിച്ചതിനു ശേഷം ജേക്കബ് മാർക്കോസിനോട് ചോദിച്ചു

“അങ്കിളേ എന്റെ കൂടെ കളിക്കോ”

സമ്മതിച്ചു കൊണ്ട് മാർക്കോസ് തലയാട്ടി.

മാർക്കോസ് അങ്കിളിന്റെ കയ്യും പിടിച്ച്, ജേക്കബ് ആളൊഴിഞ്ഞ ഒരു കോണിലേക്ക് നടന്നു.

മാർക്കോസ് അങ്കിൾ തട്ടി കൊടുക്കുന്ന പന്ത് ഓടിച്ചെന്ന് പറക്കിയെടുത്ത് തിരിച്ചു ഓടിയെത്തി ജേക്കബ്. കളിക്കിടയിൽ മാർക്കോസ് തട്ടിക്കൊടുത്ത പന്ത് റാന്തലുകളുടെ വെട്ടം എത്തിച്ചേരാത്ത ഒരു കോണിലേക്ക് ഉരുണ്ടു നീങ്ങി.

പന്തിനൊപ്പം ആവേശത്തിൽ ഓടിച്ചെന്ന ജേക്കബ് കാലുവഴുതി മൂടിയില്ലാത്ത ഒരു പൊട്ടക്കിണറ്റിലേക്ക് വീണു.ഒരു നിമിഷത്തേക്ക് മാർക്കോസ് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാതെ സ്തംഭിച്ചു പോയി. തൻറെ മനോനില വീണ്ടെടുത്ത് മാർക്കോസ് പൊട്ടക്കിണറ്റിന് അരികിലേക്ക് ഓടി.ഇരുപത് അടിയോളം താഴ്ച വരുന്ന ആ പൊട്ടക്കിണറ്റിൽ ജേക്കബ് അനക്കം ഇല്ലാണ്ട് കിടന്നു.

എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന മാർക്കോസ് ആളെ കൂട്ടാനായി സ്റ്റാളുകൾ ലക്ഷ്യമാക്കി ഓടി.

തന്റെ ഓട്ടത്തിനിടയിൽ പൊടുന്നനെ മാർക്കോസിന്റെ ചിന്തയിൽ ഒരു ഭയം നിറഞ്ഞു..

ആ കുഞ്ഞിനെ തള്ളി ഇട്ടത് താനാണെന്ന് പള്ളിപ്പടമ്പിൽ തടിച്ചു കൂടിയിരുന്നു ജനങ്ങൾ കരുതുമോ? തന്നെ ഒരു കൊലപാതകിയായി എല്ലാവരും മുദ്രകുത്തുമോ? താൻ പറയുന്നത് ആരേലും മുഖവിലക്ക് എടുക്കുമോ?

കിതച്ചുകൊണ്ട് ഓടിയ മാർക്കോസിന്റെ കാലുകൾക്ക് വേഗത കുറഞ്ഞു.

മാർക്കോസ് അവിടെ നിന്നു!

ഏറെ നേരം അവിടെ നിന്ന് എന്തൊക്കെയോ ആലോചിച്ചു കൂട്ടി, കുറ്റബോധത്തോടു കൂടി തൻറെ കണ്ണുകൾ തുടച്ച് മാർക്കോസ് ഇരുട്ടിലേക്ക് നടന്നകന്നു..

മുപ്പത് വർഷങ്ങൾക്കിപ്പുറം പുണ്യാളന്റെ റാസ തൻറെ വീട് മുറ്റത്തുകൂടി കടന്നു പോയപ്പോൾ മാർക്കോസ് അനങ്ങാൻ മേലാണ്ട് രോഗശയ്യയിലായിരുന്നു. മുറ്റത്ത് പുണ്യാളന്റെ രൂപo മെഴുകുതിരികളും മറ്റും കൊണ്ട് അലങ്കരിച്ച് കൊച്ചുത്രേസ്യ വിശ്വാസത്തോടുകൂടി കൈകൾ കുപ്പി നിന്നപ്പോൾ, മറ്റാർക്കും അറിയാത്ത തന്റെ ഓർമ്മകളെ ഓരോന്നായി അയവിറക്കി മാർക്കോസ് തേങ്ങി.

ഏക മകൻ നഷ്ടപ്പെട്ടതിന്റെ വേദനയിൽ പാസ്റ്ററും കുടുംബവും വൈരിക്കോട് ഗ്രാമത്തിലെ ബംഗ്ലാവും ഓഡിറ്റോറിയവും മറ്റെല്ലാ സ്വത്തു വകകളും ഉപേക്ഷിച്ച് തിരിച്ചു ബോംബെയിലേക്ക് മടങ്ങി. പാസ്റ്ററുടെ അഭാവത്തിൽ ജനങ്ങൾ വീണ്ടും മാർക്കോസിനെ തേടിയെത്തി.

മാർക്കോസിന്റെ കഷ്ടകാലവും അതിനോടൊപ്പം മാറികിട്ടി. തൻറെ മൂന്ന് മക്കളെയും മാർക്കോസ് നല്ല നിലയിൽ വിവാഹം കഴിപ്പിച്ചയച്ചു. പക്ഷേ ഇന്നേക്ക് മുപ്പത് വർഷമായI മാർക്കോസ് മനസമാധാനത്തോടെ ഉറങ്ങിയിട്ടില്ല.

റാസ കടന്നുപോയ ശേഷം വല്ലാത്തൊരു ശൂന്യത അനുഭവപ്പെട്ട് മുറിയിലേക്ക് മടങ്ങിയെത്തിയ കൊച്ചുത്രേസ്യ നോക്കുമ്പോൾ, മാർക്കോസ് ഉറങ്ങിയിരുന്നു എന്നെന്നേക്കുമായി മനസ്സമാധാനമില്ലാതെ……