:ജാലകത്തിന്റെ തിരശ്ശീലനീക്കി ചിതറിത്തെറിക്കുന്ന മഴത്തുള്ളിയെ നോക്കി നിൽക്കുകയാണ് വിമല. ആ മഴയുടെ സ്വരം അവൾ ആസ്വദിച്ചുകൊണ്ടിരുന്നു. അവൾ അറിയാതെ അവളുടെ ചിന്തകൾ പിന്തിരിഞ്ഞു നടന്നു. തന്റെ വീടും നാടും എല്ലാം അവളുടെ ഓർമ്മയിൽ തെളിഞ്ഞുവന്നു. മഴപെയ്യുന്ന നേരം ഓടി ഒളിക്കാൻ മറന്നുപോയ ബാല്യത്തിലേക്ക്, അമ്മയുടെ താരാട്ട് പാട്ടിലേക്ക്. ഈ മഴയുടെ സൗന്ദര്യം എത്ര ആസ്വദിച്ചാലും മതിയാകില്ല കാരണം അവളുടെ ഓർമ്മകളിലെ മഴത്തുള്ളിക്ക് ബാല്യത്തിലെ നിഷ്കളങ്കതയുടെ സൗന്ദര്യം ഉണ്ടായിരുന്നു യൗവനത്തിലെ പ്രണയത്തിന്റെ തീവ്രവികാരം ഉണ്ടായിരുന്നു നഷ്ടമായി എന്ന് കരുതുമ്പോഴും നഷ്ടപ്പെടാത്ത ഓർമ്മകളുടെ സൗന്ദര്യം നഷ്ട പ്രണയത്തിലുണ്ട് . അമ്പലക്കുളത്തിലെ കൽപ്പടവുകളിൽ ഓടി നടക്കുന്ന നേരം മഴ പെയ്യുമ്പോൾ ആമ്പൽ കുളത്തിലെ വട്ടയില തലയിൽ കമിഴ്ത്തി ഓടുമ്പോൾ കൂടെ ഓടാനായി എന്റെ ചേച്ചി സുഗന്ധിയും ഉണ്ടായിരുന്നു.. കാണാൻ കൊതിക്കുമ്പോഴും അകലെ എവിടെയോ അവൾ മറഞ്ഞു പോയി… നന്നായി പാട്ടുപാടുന്ന നമ്മുടെ അമ്മ നമുക്കായി വാത്സല്യത്തോടെ പാടുന്ന താരാട്ട് പാട്ടിന്റെ രാഗം അതെ മഴയുടെ രാഗം നീലാംബരി… നാളുകൾ കടന്നുപോയി യൗവനം ബാല്യത്തെ കവർന്നു കൊണ്ടുപോയി.. സുഗന്ധിയുടെ പ്രണയം വിടർത്തിയ നാളുകൾ അവളുടെ തീവ്ര പ്രണയത്തിനൊടുവിൽ അവനുമായി അവൾ ജീവിതത്തിലേക്ക് തിരക്കുകളിലേക്ക് തിരിഞ്ഞു പോയി. ഞാനോ എന്റെ പ്രണയമോ അത് നോവായി അവശേഷിക്കുകയാണ്.. വിമല മന്ത്രിച്ചു. അതെ നഷ്ട പ്രണയം അത് തീവ്രമായ ഒരു വികാരമാണ് ഒരിക്കലും ആസ്വദിക്കാൻ കഴിയാത്ത എന്നും മധുരമാർന്ന പ്രണയത്തെ ഓർത്തു അതിന്റെ മാധുര്യം ആസ്വദിക്കുവാൻ ഞാൻ പ്രാപ്തി നേടി കഴിഞ്ഞിരിക്കുന്നു… ആരും അറിയാതെ കരയുമ്പോഴും മഴ കൂടിയുണ്ടായിരുന്നു നീലാംബരി രാഗത്തിന്റെ മായാജാലം കാട്ടി എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. നാളുകൾ കടന്നു പോയപ്പോൾ ഭാര്യ എന്ന കോമാളി വേഷവും ഞാൻ ധരിച്ചിരുന്നു അമ്മയായി മൂന്നു മക്കളായി പക്ഷേ ഇപ്പോഴും ഞാൻ ഒറ്റയ്ക്കാണ്. ഇപ്പോളും ഈ വൃദ്ധസദനത്തിൽ ആരെയോ പ്രതീക്ഷിച്ചുകൊണ്ട് കാത്തിരിക്കുകയാണ്. എന്റെ സുഗന്ധി യോ അതോ എന്റെ പ്രാണനോ ആരാണെങ്കിലും അവരും ഈ വഴി തേടി വരാതിരിക്കില്ല ഈ മഴയുടെ താളം മാത്രമാണ് എനിക്ക് ഇന്ന് ആശ്വാസം കാരണം എന്റെ പ്രണയത്തിന്റെ വാത്സല്യത്തിന്റെ മഹത്തായ രാഗം നീലാംബരി ഈ മഴയുടെ സ്വരത്തിലൂടെ ഞാനത് കേട്ടുകൊണ്ടിരിക്കുന്നു. ഓർമ്മകളുടെ മാധുര്യത്തിൽ ഈ മഴയുടെ സ്വരം ഞാൻ ആസ്വദിക്കുകയാണ് നിലയ്ക്കാതെ പെയ്യുന്ന മനസ്സിന്റെ നീലാംബരി രാഗം..