അലയടികളൊന്നുമില്ലാത്ത പായല് പൊതിഞ്ഞു കിടന്ന കുളത്തിലേയ്ക്ക് ഒരു വഴിപോക്കൻ കാർക്കിച്ചൊന്നു തുപ്പിയാലോ? അങ്ങിങ്ങ് ചിന്നിചിതറി വഴുതി നീങ്ങുന്ന മീനുകൾ കഫം കൊത്തിവലിക്കാൻ മറനീക്കി കൂട്ടത്തോടെ മുകളിലെത്തും.  അർദ്ധപട്ടിണിക്കാർക്കുള്ള അന്നം, അതിൻ്റെ ഉത്സാഹം!  ഏറേക്കുറേ അതുപോലെയാണ്, ദിനപ്പത്രത്തിൻ്റെ തലക്കെട്ടുകളോ, രാഷ്ട്രത്തിൻ്റെ സാമ്പത്തിക നേട്ടകോട്ടങ്ങളോ, ആഗോളതാപനമോ ഒന്നും തന്നെ ചലനങ്ങൾ സൃഷ്ടിക്കാത്ത ആ ഗ്രാമത്തിന് അപ്രതീക്ഷിതമായി അന്ന് ഒരു  ഇര വന്നു വീണു കിട്ടിയത്. 

ഒറ്റ ദിവസം കൊണ്ട് ഒരു നാടിൻ്റെ മുഴുവൻ നെഞ്ചിടുപ്പിലും മജ്ജയിലും മാംസത്തിലും വരെ ജന്മമെടുത്ത് പടർന്നു പന്തലിച്ച അവൾക്കന്ന് മുപ്പത്തിമൂന്ന് വയസ്സ് പ്രായം. അയൽപക്ക ബന്ധങ്ങളിൽ രഹസ്യത്തിൽ നിലനിന്ന ചില നീരസങ്ങളെയും (അ)കാരണമായ മൗനങ്ങളെയുമൊക്കെ  മുക്കിക്കൊന്ന് പതഞ്ഞുപൊങ്ങിയ സ്നേഹസൗഹാർദ്ദങ്ങൾക്ക് അന്ന് അവർ അവളോട്  മാത്രം കടപ്പെട്ടിരിന്നിരിക്കണം! 

പാരമ്പര്യം പറയാനില്ലാത്ത കുടുംബത്തിൽ ജനിച്ചത് അവളുടെ ജന്മദോഷം തന്നെ. ക്വാറിയിൽ പണിക്കുപോയ ലോനപ്പൻ തനിക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ടെന്നത് മറന്ന് എപ്പോഴോ വഴിമാറിപ്പോയി. അതവളുടെ പിതൃദോഷം. 

‘ഇന്നൊരുത്തൻ, നാളെ വേറൊരുത്തി എന്ന കൂട്ടരാ.. അയ്റ്റിങ്ങളുടെ കൂടെ ഒന്നും കൂടാൻ നിക്കണ്ട.’

സ്കൂളിൽ പോയി മടങ്ങിയ ഒരുനാൾ സുജയുടെ അമ്മ മകളെ ഉപദേശിച്ച് അകത്തുകയറ്റി. അങ്ങനെ ആ കൂട്ടും ഇല്ലാതായി. ആകെ കൂട്ടായുള്ള അമ്മയ്ക്ക് കൂട്ടിനുള്ളത് ഒഴിയാത്ത ചുമയും ക്ഷയവും. അവൾക്ക് ഇരുപത്തിനാല് വയസ്സുള്ളപ്പോഴാണ് അമ്മയും മരിക്കുന്നത്. കുഞ്ഞിലേ തന്നെ പിടിവിട്ട പട്ടം പോലെ ബന്ധങ്ങളുടെ വേരറ്റ് ജേഷ്ഠൻ ലക്ഷ്യമില്ലാതെ ആടിയുലഞ്ഞ് പോയി. അന്തിയുറങ്ങാൻ മറ്റൊരിടം കിട്ടാത്ത ദിവസങ്ങളിൽ മാത്രം വീട്ടിലെത്തുന്ന അതിഥിയായിരുന്നു അയാൾ. 

‘ഇവളും ഇനിയിവിടുണ്ടാവും. നിനക്കൊരു കൂട്ടാവട്ടേന്ന് വച്ചാ.’

ജേഷ്ഠൻ ഒരുനാൾ ക്വാറിയിൽ നിന്നും അയാൾക്കുള്ള കൂട്ട് കണ്ടെത്തി കൊണ്ടുവന്നു. 

മകൾക്ക് തൻ്റെ ഒടുങ്ങാത്ത ചുമ കൂട്ടിന് കൊടുത്തിട്ടാണ് അമ്മ മടങ്ങിയത്. 

‘ക്വാറിയിലെ പണി പോയിട്ട്  എന്തേലും പണിക്ക് ഇതിനെ  കൊള്ളാമോ?’ ജേഷ്ഠത്തിയുടെ കുത്തുവാക്കുകളിൽ കൂരക്കുള്ളിൽ അവൾ കുറുകിപ്പോയി. 

സംസാരങ്ങളൊക്കെ തരക്കാർക്കിടയിൽ ആകണമെന്നാണല്ലോ. പക്ഷേ, തരത്തിൽപ്പെട്ടവരാണെന്ന തോന്നൽ ആരിലും ജനിപ്പിക്കാൻ അവൾക്ക് സാധിച്ചുമില്ല. അങ്ങനെയാണ് ദൈവത്തിൻ്റെ തരത്തിലേയ്ക്ക് ചേക്കേറാൻ പള്ളിയിൽ പോക്ക് തുടങ്ങിയത്. അവിടുത്തെ പിന്നാമ്പുറത്ത് അമ്മച്ചിയെങ്കിലും കിടപ്പുണ്ടല്ലോ എന്ന ഒരു ആശ്വാസവും വേറെ. 

പ്രായമായിട്ടും മിന്നുകെട്ടാത്ത പെണ്ണ് എന്നും കുറവുകളുടെ നീണ്ടു വളഞ്ഞ ഒരു ചോദ്യചിഹ്നമാണ്. തണുപ്പിലും ചൂടിലും ഒരുപോലെ സാരിത്തുമ്പ് മുന്നോട്ടെടുത്ത് വലിച്ചു മുറുക്കി പുതച്ചുമൂടി നടക്കുമ്പോൾ അവൾക്കത് ശരീരത്തിൻ്റെ നഗ്നതയ്ക്ക് എന്നതിനേക്കാൾ ആത്മാവിൻ്റെ ആലംബം കൂടിയായിരുന്നു. അമ്മനിഴലിൻ്റെ തണലിൽ നിന്ന് തഴയപ്പെട്ടതോടെ എന്നും വെളുപ്പിന് പള്ളിയിലോട്ടും പിന്നെ തിരിച്ചുമുള്ള നടപ്പിൽ അവൾ ആരുടെയും കണ്ണിൽ പെടില്ലാന്നൊരു ധൈര്യം ആ സാരിത്തുമ്പിൻ്റെ ആനുകൂല്യമായിരുന്നു. ആരുമില്ലാത്തോർക്ക് ദൈവമുണ്ടല്ലോ എന്ന പൊതുബോധത്തിൻ്റെ മറവിൽ കാഴ്ച്ചക്കാരാരും അവളെ കണ്ടതുമില്ല. 

പള്ളിയിലേയ്ക്കുള്ള നടപ്പുവഴിയിലെ ആളൊഴിഞ്ഞ പാടവരമ്പത്തുകൂടി നടക്കുമ്പോൾ അവൾ സാരിത്തുമ്പിൻ്റെ പിടിവിട്ട് ബന്ധനങ്ങളില്ലാതെ സ്വതന്ത്രയാകും.  ആകാശത്തിനും ഭൂമിക്കുമിടയിലെ ഏക മദ്ധ്യസ്ഥ താനാണെന്ന് അവൾക്ക് അപ്പോൾ തോന്നുന്നതുകൊണ്ടാവാം, മഴയില്ലാത്തപ്പോൾ അതിൻ്റെ, ഉണങ്ങി വിണ്ടുകീറിയ മണ്ണിൻ്റെ, മഴ കൂടുതലായാൽ അതിൻ്റെ, നെല്ല് തിന്നുന്ന കീടങ്ങളുടെ, കല്ലേറുകൊണ്ട് കാലൊടിഞ്ഞ കാക്കയുടെ, അങ്ങനെ താഴെക്കാണുന്ന സകലതിൻ്റെയും പോരായ്മകൾ അവൾ മുകളിലോട്ടെത്തിച്ചു. അവളുടെ വർത്തമാനങ്ങളൊക്കെതന്നെ താഴോട്ടും മുകളിലോട്ടും നോക്കി മാത്രമായിരുന്നു. പള്ളിയിലെ സെമിത്തേരിയിലാണ് പരിഭവങ്ങളുടെ കെട്ടഴിയുന്നത്.  ദൈവത്തോട് കലഹിക്കാനുള്ള അടുപ്പമില്ലാതിരുന്നതുകൊണ്ട്, തന്നെ തനിച്ചാക്കി ഒറ്റയ്ക്ക് പോയ അമ്മച്ചിയോടായിന്നു എന്നും ഒടുങ്ങാത്ത പിണക്കം. 

‘നീ എന്നും വരുന്നതല്ലേ, കുമ്പസാരിച്ച് കുർബാന സ്വീകരിച്ചാലെന്താ?’

അവളുടെ അനാഥത്വം തിരിച്ചറിഞ്ഞതുകൊണ്ടാവാം വൈദികൻ ഇങ്ങനൊരു മരുന്ന് കുറിച്ചു കൊടുത്തത്. 

കുഞ്ഞുനാളിൽ എപ്പോഴോ കുമ്പസാരിച്ചിട്ടുണ്ടെങ്കിലും പിന്നെയങ്ങോട്ട് ആരും ചോദിച്ചുമില്ല, പറഞ്ഞുമില്ല, ചെയ്തുമില്ല. 

‘ആ…’

അവളുടെ ശബ്ദം അവൾ തന്നെ കേട്ടത് കുറേ നാളുകൾക്ക് ശേഷമാണ്. ഒന്ന് തലകുലുക്കി കുംബസാരക്കൂട്ടിലേക്ക് കൊതിയോടെ നോക്കി. എന്നിട്ടും ഒരു മനുഷ്യജീവിയോട് അടുത്തിരുന്ന് സംസാരിക്കാനുള്ള അസാമാന്യമായ ധൈര്യക്കുറവിൽ  അങ്ങോട്ട് പോകാതെ മടങ്ങി. 

‘കുമ്പസാരത്തിൽ എന്താണ് പറയേണ്ടത്, പാപമൊക്കെ ഏതാണ്?’

അവൾ മറന്നുപോയതൊക്കെ ഓർക്കാൻ ശ്രമിച്ചു. അവിടെ ചെന്നാൽ എന്തു പറയണമെന്നത് ഒരു വലിയ പ്രതിസന്ധിയായി മാറി.

‘നിനക്കതൊരാശ്വാസമാകും കുഞ്ഞേ. നീ ആരോടും മിണ്ടുന്നത് ഞാൻ കണ്ടിട്ടേയില്ല.’

ആവർത്തിച്ചുള്ള അച്ഛൻ്റെ ആവശ്യത്തിനു മുന്നിൽ അവൾ കീഴടങ്ങി കുമ്പസാരിക്കാൻ ചെന്നു. ചുണ്ടുകൾ വിറച്ച്, കൈവിരലുകൾ തണുത്തുമരവിച്ചു. കാൽമുട്ടുകൾക്ക് ശരീരത്തെ താങ്ങാൻ ബുദ്ധിമുട്ടായി, അവൾ കുമ്പസാരക്കൂടിൽ തൂങ്ങിപ്പിടിച്ച് ചരിഞ്ഞമർന്നിരുന്നു. ഒരക്ഷരം പോലും പറയാതെ..

‘നീ പോയി സമാധാനമായിട്ട് നാളെ വാ. ആരുമില്ലാത്തവർക്ക് ദൈവമുണ്ട്.’

ധൈര്യം സംഭരിച്ച് പിറ്റേന്ന് ആളൊഴിഞ്ഞെന്നുറപ്പിച്ച് അവൾ കുമ്പസാരക്കൂടിനടുത്തെത്തി. ഒരു നീണ്ട മൗനത്തിനൊടുവിൽ 

‘എനിക്ക് ഒന്നും പറയാൻ പറ്റുന്നില്ലച്ചോ..’ 

എന്ന ഒറ്റവാക്കിൻ്റെ വിറയലിൽ എല്ലാം പറഞ്ഞു തീർത്തു. ഹൃദയഫലകങ്ങളുടെ ചലനത്തിൽ അവൾക്കുള്ളിലെ അഗ്നിപർവ്വതം പൊട്ടിപുറപ്പെട്ടു. കണ്ണുകളിലൂടെയുള്ള അനിയന്ത്രിതമായ ലാവപ്രവാഹത്തെ സാരിത്തുമ്പിന് തടുത്തുനിർത്താനായില്ല. അവളുടെ മൗനത്തിനും ഒരു ശ്രോതാവ് അനിവാര്യമാണെന്ന തിരിച്ചറിവിൽ ആ നിശ്ശബ്ദ കുംബസാരം അസാധാരണമായി നീണ്ടു. ഒടുവിൽ അന്ന് അല്പം ഭാരക്കുറവോടെ അവൾ വീട്ടിലേക്കും, എടുത്താൽ പൊങ്ങാത്ത ഭാരവുമായി അച്ഛൻ പള്ളിമേടയിലേയ്ക്കും മടങ്ങി. 

പിറ്റേന്നും അവൾ പ്രതീക്ഷയോടെ കുമ്പസാരക്കൂട്ടിലെത്തി, ഒന്നും പറയാതെ തന്നെ എല്ലാം കേൾക്കാൻ ഒരാളെത്തിരഞ്ഞ്! അതുവരെ അതൊരു സങ്കല്പമായിരുന്നെങ്കിൽ അന്നതിന് അച്ഛൻ്റെ ജീവനുള്ള മുഖമായിരുന്നു.  തലേന്നത്തെ ചുമടിറക്കി വെക്കാൻ കൊതിച്ച അച്ഛനും അതൊരു അനുഗ്രഹമായി. അന്ന് അവൾ അല്പം കൂടി സംസാരിക്കാൻ ശ്രമിച്ചു. ആശ്വാസവാക്കുകളും ഉപദേശങ്ങളുമൊക്കെയായി തൻ്റെ അവനാഴിയിലെ അസ്ത്രങ്ങളൊക്കെയും അച്ഛൻ മാറി മാറി പ്രയോഗിച്ചു. ഒരാഴ്ച്ച തുടർച്ചയായി അവൾ കുമ്പസാരിച്ചു,  പറഞ്ഞതൊക്കെ കൃത്യതയില്ലാതെ പലയാവർത്തി വീണ്ടും വീണ്ടും പുലമ്പാൻ തുടങ്ങിയപ്പോൾ അച്ഛന് ആവർത്തന വിരസതയുടെ മടുപ്പും, കേട്ടു പഴകുന്നതിൻ്റെ മരവിപ്പും പിടികൂടി. കൂട്ടത്തിൽ അവളിതൊരു ശീലമാക്കുവാണല്ലോ എന്ന ഭയവും. ഔദാര്യത്തിൻ്റെ മുഖഛായ മങ്ങി നെറ്റിയിൽ ബാധ്യതയുടെ ചുളിവുകൾ പ്രത്യക്ഷപ്പെട്ടു.

‘നീ ഇങ്ങനെ എന്നും കുമ്പസാരിക്കണമെന്നില്ല. രണ്ടുമൂന്നാഴ്ച്ച കൂടുമ്പോ എല്ലാം ഓർത്തുവച്ച് ഒരുവട്ടം കുമ്പസാരിച്ചാ മതി.’ 

പറഞ്ഞു നിർത്തുന്നതിനു മുമ്പേ അച്ഛൻ മുഖം തിരിച്ച് തിടുക്കത്തിൽ നടന്നകന്നു.

കാലങ്ങളായി നനവ് എല്ക്കാതെ മനസ്സിൻ്റെ കോണിൽ ഉണങ്ങി കട്ടപിടിച്ചു കിടന്ന വിചാരങ്ങളെ പയ്യെ കുതിർത്തിയെടുത്തതുകൊണ്ടാവും ഹൃദയധമനികളിലേയ്ക്ക് അവ ഒലിച്ചിറങ്ങിയത്. അതുവരെ തോന്നാതെപോയ നിരാലംബത്വം അന്നവൾക്ക് അനുഭവപ്പെട്ടു. 

എങ്കിലും, ഇല്ലാത്തതൊന്ന് ഉണ്ടെന്ന് ധരിച്ച് ഉള്ളതുകൂടി നഷ്ടപ്പെട്ടതിൻ്റെ പിരിമുറുക്കം അവളുടെ കണ്ണീരിനെ വീണ്ടും കട്ടപിടിപ്പിച്ചു. മടക്കയാത്ര തീർത്തും നിർജ്ജീവമായിരുന്നു. തലേന്നത്തെ മഴയിൽ നനഞ്ഞുകിടന്ന വരമ്പിൽ മനസ്സുടക്കി ചെളിയിലേക്ക് വഴുതിവീണു. അത് അവളുടെ വീഴ്ച്ചകളിലേയ്ക്കുള്ള ആദ്യ പടിയിറക്കമായിരുന്നോ അതോ ഉയർത്തെഴുന്നേൽപ്പിനുള്ള ആദ്യത്തെ കാല് വെപ്പായിരുന്നോ എന്ന് കാലം തെളിയിക്കട്ടെ!

പുരോഗമനം മനുഷ്യനിൽ നിന്ന് മണ്ണിലേയ്ക്ക് ചുവടുവച്ചതിൻ്റെ തുടർക്കഥയെന്നോണം, അവറാച്ചൻ്റെ പാടത്ത് മണ്ണടിക്കാൻ ആദ്യ ലോറിയെത്തിയത് അന്നായിരുന്നു. മണ്ണിനൊപ്പം വന്ന മൂന്ന് മറുനാടൻ മൺവെട്ടുകാരിലൊരാളായ രാംദുലാരിയാണ് ആ വീഴ്ച്ച കണ്ട് ആദ്യം ഓടിയെത്തിയത്. തനിച്ച് എണീക്കാൻ അവളുടെ മനസ്സ് തീർത്തും അശക്തമായിരുന്നു. താങ്ങിയെടുത്തുകൊണ്ട് ബിഹാറി പറഞ്ഞതൊക്കെയും ഒന്നും മനസ്സിലാവാതെ തന്നെ അവളെ ആശ്വസിപ്പിച്ചു. അയാള് പോയി ലോറിയിൽ  നിന്ന് ഒരു കുപ്പി വെള്ളമെടുത്തുകൊണ്ടുവന്ന് അവൾക്ക് കുടിക്കാൻ കൊടുത്തു. എത്ര കുടിച്ചിട്ടും മനസ്സിൻ്റെ ദാഹം മാത്രം തീരാതെ കുറച്ചു നേരം കൂടി അവൾ ആ വരമ്പത്തു തന്നെ ഇരുന്നു.  ബാക്കി വെള്ളം കൊണ്ട്  കൈയും സാരിയിലെ  ചെളിയുമൊക്കെ അല്പമൊന്ന് കളയാൻ ശ്രമിച്ച് കുപ്പി തിരികെ നൽകുമ്പോഴുള്ള നന്ദിയുടെ ഭാഷ ബീഹാറിക്കും നന്നേ മനസ്സിലായി. 

പയ്യേ എഴുന്നേറ്റ് വരമ്പത്തുകൂടി നടന്ന അവൾക്ക് വീണ്ടുമൊരു വീഴ്ച്ചയെ തെല്ലും ഭയമില്ലായിരുന്നു. ഇത്തിരി ചെളി പുരണ്ടാൽ പിന്നെ ഒത്തിരി ചെളിയെ എന്തിന് പേടിക്കണം! 

കയറി വന്നതും ചേട്ടൻ്റെ തുറുപ്പിച്ചുള്ള നോട്ടം കണ്ട് ചോദിക്കാതെ തന്നെ പറഞ്ഞു

‘വരമ്പത്ത് കാല് തെന്നി പാടത്ത് വീണതാ..’

‘ആരെക്കാണിക്കാനാടീ എന്നും ഇങ്ങനെ കുത്തികെട്ടി പോണത്. വല്ല വഴീലും വീണ് കിടന്നാ നോക്കാൻ എന്നെ കിട്ടൂല്ല.’

ജേഷ്ഠത്തിയും തൻ്റെ പങ്ക് കൊടുക്കാൻ മടി കാണിച്ചില്ല.

‘ആരേങ്കിലും കണ്ട് ആ വഴിക്ക് അങ്ങ് പോയെങ്കി നമ്മള് ആയുഷ്ക്കാലം മുഴുവൻ ഇതിനെ ചുമക്കേണ്ടിയില്ലാർന്നു…. എവടെ!  കെട്ടിയോൻ പോലും കളഞ്ഞേച്ച് പോയ തള്ളേടെ മോളല്ലെ, ഇതൊക്കെ എൻ്റെ തലവിധീന്ന് പറഞ്ഞാ മതീലോ….’

ആദ്യമായി കേൾക്കുന്നതല്ലാത്തതുകൊണ്ടും പ്രതികരിക്കാനുള്ള അവകാശങ്ങൾ ഇല്ലാത്തതുകൊണ്ടും തിരിച്ച് പ്രതികരിച്ചില്ല. എങ്കിലും മനസ്സാകെ അസ്വസ്ഥമായിരുന്നു. കുപ്പിയിൽ നിന്നു തുറന്നുവിട്ട ഭൂതം കണക്കെ അവളുടെ ആത്മാവിൽ തളച്ചിട്ട നിഗൂഡതകൾ പുറത്തുചാടി ചിന്തകളിൽ ചുറ്റിത്തിരിയാൻ തുടങ്ങി. വിചാരങ്ങൾ വിശ്രമമില്ലാതെ അവളെ അലട്ടിക്കൊണ്ടിരുന്നു, ഉറക്കത്തിനു പ്രവേശനം നിഷേധിക്കപ്പെട്ടു. പിറ്റേന്നുള്ള പള്ളിയിൽ പോക്ക് മടങ്ങി. അന്വേഷിച്ചൊട്ട് ആരും വന്നുമില്ല. 

പയ്യേ ദിനചര്യകൾ വീണ്ടെടുത്തു. പള്ളിയിൽ നിന്നുള്ള മടക്കയാത്രയിൽ അവളെ കണ്ടതും രാംദുലാരി ക്ഷേമമന്വേഷിക്കാൻ വരമ്പത്തെത്തി.

‘റ്റീക് ഹെ ന? കൽ കുച് ഹുവാ തൊ നഹീ നാ ?’

ആദ്യമായി അവളെത്തേടി ഒരാൾ വന്നതിൻ്റെ നിർവൃതിയിൽ അന്നത്തെ വീഴ്ച്ച സുഖമുള്ളൊരു നോവായി പരിണമിച്ചു. 

പിന്നെ പിന്നെ മാങ്ങയും ചാമ്പക്കയും പേരക്കയുമൊക്കെയായി രാംദുലാരി  പ്രത്യക്ഷപ്പെടാൻ തുടങ്ങി. 

‘യെ ലേലോ.. എടുത്തിക്കോ’

ഹിന്ദിയിലും മലയാളത്തിലുമായി ചില്ലറ വർത്തമാനങ്ങൾ പറഞ്ഞ് അവൾക്ക് കൂട്ടായി അവളുടെ പുറകെ വരമ്പത്തുകൂടി വഴിയെത്തും വരെയുള്ള നടപ്പ് പതിവാക്കി. രാംദുലാരി അയാൾ കണ്ട സിനിമകളുടെ കഥകൾ വരെ പറഞ്ഞ് അവളെ ചിരിപ്പിക്കാൻ ശ്രമിച്ചു. കഥ തീരുവോളം അവൾ വരമ്പത്ത് നിന്ന്  അയാളുടെ കണ്ണുകളിലെ അത്ഭുതം നോക്കിക്കണ്ടു. 

പേരെന്താണെന്ന് പോലും അയാൾ അവളോട് ചോദിച്ചില്ല. തൻ്റെ കുടുംബ ചരിത്രം ചോദിക്കാൻ മുതിരാതെ തുറന്ന മനസ്സോടെ ചിരിക്കുന്ന ആദ്യത്തെ മനുഷ്യൻ! ആ ഒറ്റക്കാരണം കൊണ്ട് തന്നെ അവളിൽ അപകർഷത ഉളവാക്കാത്ത ഏക മനുഷ്യനും. പിന്നെ പിന്നെ രാംദുലാരിയെ കാണാൻ വേണ്ടി മാത്രമായി പള്ളിയിലേയ്ക്കുള്ള രാവിലത്തെ നടപ്പ് യാത്ര.

അന്ന് ആദ്യമായി അവൻ അവളുടെ കൈകളെ തൻ്റെ മാറോടു ചേർത്തു, പിന്നെ ആദ്യത്തെ സ്നേഹ ചുംബനം കൊണ്ട് അവളെ പൊതിഞ്ഞു. മഴ കൊതിച്ച വേഴാമ്പൽ പോലെ അവൾ മിഴികളുയർത്തി. മനുഷ്യസ്പർശത്തിൻ്റെ മാസ്മരികത അവളുടെ അസ്ഥികളെപ്പോലും പൊള്ളിച്ചു. അവളിലെ സ്ത്രീത്വത്തെ അവൾ തന്നെ തൊട്ടറിഞ്ഞ ആദ്യ നിമിഷങ്ങളായിരുന്നു അത്. രാംദുലാരിയുടെ കണ്ണുകളിലെ ആർദ്രതയിൽ അവൾ ജീവനുള്ള അവളെ കണ്ടു, കണ്ണാടിയിൽ കാണും പോലെ.

രണ്ടുമാസക്കാലത്തിനൊടുവിൽ അവറാച്ചൻ്റെ പാടം നികന്ന് പറമ്പായി, രാംദുലാരിക്ക് മറ്റൊരിടത്ത് പോകേണ്ട കാലവുമായി. അപ്രതീക്ഷിതമായിട്ടാണ് തൻ്റെ കൂടെ പോരുന്നോന്ന് ആംഗ്യത്തിൻ്റെ അകമ്പടിയോടെ മുറിഞ്ഞ മലയാളത്തിൽ അയാൾ ചോദിച്ചത്. അത് കേൾക്കാൻ കൊതിച്ചിരുന്ന അവൾക്ക് അനുവാദം ചോദിക്കാനോ അഭിപ്രായം ആരായാനോ മറ്റൊരു മുഖവും മനസ്സിലില്ലായിരുന്നു. ആകാശത്തെ സാക്ഷിനിർത്തി വരമ്പത്തുവച്ച് ഒരു തലയാട്ടലിൽ അവൾ മനസ്സമ്മതമറിയിച്ചു. കല്യാണത്തലേന്നത്തെ അത്താഴമൂട്ടും മധുരംവെയ്പ്പുമില്ലാതെ, ആ വീട്ടിൽ അവസാനമായി അന്തിയുറങ്ങുന്നതിൻ്റെ നീറ്റലുമില്ലാതെ അവൾ അന്നത്തെ രാത്രിനിമിഷങ്ങൾ എണ്ണിത്തീർത്ത് പറഞ്ഞുറപ്പിച്ചതു പോലെ രാവിലെ പള്ളിയിലേക്ക് പോകുന്നതിനു പകരം മൂന്ന് കിലോമീറ്റർ താണ്ടി പ്രധാന ബസ് സ്റ്റോപ്പിലെത്തി. അവൾക്ക് മുമ്പേ രാംദുലാരി അവിടെയെത്തിയിരുന്നു. ഒരു ഒളിച്ചോട്ടത്തിൻ്റെ ആശങ്കകളോ, പിടിക്കപ്പെടുമെന്ന ഭയമോ  അവളെ തീർത്തും അലോസരപ്പെടുത്തിയില്ല. ആദ്യം വന്ന ബസിലേയ്ക്കും തൻ്റെ

ജീവിതത്തിലേയ്ക്കും രാംദുലാരി അവളെ സ്നേഹപൂർവ്വം കൈപിടിച്ചു കയറ്റി. 

‘ചലോ .. ആവോ… ‘

ജീവിതത്തിൽ ആദ്യമായി ഒരു മനുഷ്യയായും അതിലുമുപരി ഒരു സ്ത്രീയായുമുള്ള അംഗീകരിക്കപ്പെടലായിരുന്നു അവൾക്കത്. അതുകൊണ്ട് തന്നെ, മറുചോദ്യങ്ങളൊന്നുമില്ലാതെ അവൾ അയാൾക്ക് പൂർണ്ണമായും വിധേയപ്പെട്ടു. 

അവളുടെ അഭാവം ആരും അറിഞ്ഞില്ല, അറിഞ്ഞവർക്ക് യാതൊരു ചനലവുമുണ്ടായില്ല. 

ആദ്യമായി ട്രെയിനിൽ തുറന്നിട്ട വാതിൽപ്പടിയിൽ അവർ തൊട്ടുരുമ്മിയിരുന്നു. തൻ്റെ ഗ്രാമത്തിന് പുറത്തുള്ള ലോകക്കാഴ്ച്ചകൾ അമ്പരപ്പോടെ നോക്കിക്കണ്ടു.

എന്നോ എപ്പോഴോ കൈവിട്ടു പോയ ആത്മാഭിമാനവും അസ്ഥിത്വവും വീണ്ടെടുക്കാൻ തുടങ്ങിയ ദിവസങ്ങളായിരുന്നു അതൊക്കെ. അവൾ കൂടുതൽ സുന്ദരിയായി കാണപ്പെട്ടുത്തുടങ്ങി. 

രാംദുലാരിയുടെ ഭാര്യയായി  വീട്ടിലേയ്ക്ക് വലതുകാൽ വച്ച് കയറാൻ അല്പം ദൂരം കൂടിയേ അവശേഷിച്ചിരുന്നുള്ളു. മുസ്സാഫർപൂർ ജംഗ്ഷനിൽ ട്രെയിനിറങ്ങുമ്പോൾ സമയം രാത്രി രണ്ടര. നേരം വെളുത്താൽ മാത്രമേ ഗ്രാമത്തിലേയ്ക്ക് ബസ് ഉള്ളൂ. റയിൽവേ സ്‌റ്റേഷനും അവർക്ക് അന്ന് പറുദീസ തന്നെയായിരുന്നു. പരിചിതമല്ലാത്ത തണുത്ത കാറ്റ് അലോസരപ്പെടുത്താതിരിക്കാൻ രാംദുലാരി ഹൃദയംകൊണ്ട് അവളെ പൊതിഞ്ഞു പിടിച്ചു. അവൻ്റെ മിടിപ്പ് അവളെ താരാട്ടുപാടി ഉറക്കി.  

എന്തോ അനക്കവും ബഹളവും കേട്ട് ഞെട്ടി എണീക്കുമ്പോൾ സമയം എത്രയായി എന്നവൾക്ക് ഒരു നിശ്ചയമില്ലായിരുന്നു. ഇരുട്ട് പൂർണ്ണമായും മാറിയിട്ടില്ല. രണ്ടുപേർ ചേർന്ന് രാംദുലാരിയെ വലിച്ച് എണീപ്പിക്കുന്നു, ഗർജ്ജിക്കുന്നു.

‘നായിൻ്റെ മോനെ, മലയാളികളെ പറ്റിച്ചിട്ട്  കടന്നു കളയാന്ന് കരുതിയോടാ… കുത്തേ കമീനേ…’

പിന്നെ ഹിന്ദിയും മലയാളവും ചേർന്ന പുതിയൊരു ഭാഷയിൽ അവർ മൂവരും തർക്കമായി. ആഗതരിൽ ഒരാൾ  അവൻ്റെ മുഖത്തടിച്ചതും രണ്ടാമത്തെയാൾ അവളെ വലിച്ച് എണീപ്പിച്ച് കൈകൾ പിന്നോട്ട് ചേർത്ത് പിടിച്ചു. വിറച്ച് വിറങ്ങലിച്ച് നിന്ന അവളിൽ നിന്ന് ഒരു നേർത്ത ശബ്ദം പോലും പുറത്തു വന്നില്ല. രാംദുലാരിയും അവളും പരസ്പരം ഒന്ന് നോക്കി. അവർക്ക് മാത്രം മനസ്സിലാകുന്ന ഭാഷയിൽ അവർ നിസ്സഹായത പങ്കുവെച്ചു.

തൊട്ടടുത്ത നിമിഷം, അവൻ തന്നെ വരിഞ്ഞു ചുറ്റിപ്പിടിച്ച കൈകളിൽ നിന്ന് എങ്ങനെയോ കുതറിയിറങ്ങി ഓടി. അങ്ങനൊന്ന് ആഗതനും പ്രതീക്ഷിച്ചിരുന്നില്ല. അയാളും പിന്നാലെ ഓടി. രാംദുലാരി അതിവേഗം പാളം കുറുകെച്ചാടി അവളുടെ കാഴച്ചകൾക്ക് അപ്പുറത്തേയ്ക്ക് എങ്ങോ ഓടിമറഞ്ഞു. അവൻ പിടി വിട്ട് ഓടിയതിൻ്റെ ശിക്ഷയായി രണ്ടാമനിൽ നിന്ന് അവളുടെ മുഖത്തും ശക്തമായ ആദ്യത്തെ പ്രഹരമേറ്റു. അവളുടെ തന്നെ സാരിതുമ്പ് കഴുത്തിലൂടെ ചുറ്റിയെടുത്ത് കൈകൾ പിന്നിലായി  ബന്ധിക്കപ്പെട്ടു. വായിൽ നിന്ന് ഒലിച്ചിറങ്ങിയ ചോര തുടച്ചെടുക്കാൻ അവൾ ശ്രമിക്കുക പോലുമുണ്ടായില്ല. അവരുടെ കണ്ണുകളിൽ രാംദുലാരി പെടരുതേയെന്ന് ആഗ്രഹിക്കുമ്പോഴും മനസ്സ് നാലുപാടും അയാളെ തിരഞ്ഞ് അലഞ്ഞു നടന്നു. 

ഒളിച്ചു പോയവൾ നാലാളറിയെ നാലാംനാൾ വീണ്ടും ഗ്രാമത്തിലെത്തി. 

അവറാച്ചൻ്റെ വീട്ടുമുറ്റത്തെ ആൾക്കൂട്ടത്തിന് നടുവിലായി പോലീസ് വണ്ടി നിന്നു. അല്പവസ്ത്രധാരിയായി തനിച്ച് തെളിവെടുപ്പിനായി വിലങ്ങിട്ട കൈകളോടെ ജീപ്പിൽ നിന്ന് വലിച്ച് അവളെ പുറത്തിറക്കി. 

കഥയില്ലാത്തവളുടെ കഥ നാട്ടുകഥയായി. 

ജീവിതത്തിൽ ആദ്യമായി അനുഭവിച്ച സ്നേഹത്തിൻ്റെ ചൂടുപറ്റി ഉറക്കമുണർപ്പോഴേയ്ക്കും കൈപിടിച്ചു നടന്നവനും അയാളുടെ സ്നേഹസ്പർശവും ഒരു സ്വപ്നം പോലെ യാഥാർത്ഥ്യങ്ങളിൽ നിന്ന് അകലങ്ങളിൽ എവിടേയ്ക്കോ മറഞ്ഞിരുന്നു. 

കലിതുള്ളി നിന്ന അവറാച്ചൻ നാട്ടുകാരോടായി വെറുതെ ചോദിച്ചു.

‘ഇവളാണോ അവൻ്റെ  വെപ്പാട്ടി?അസത്ത്!’

‘എൻ്റെ മുതല് മോഷ്ട്ടിച്ചോണ്ട്  അങ്ങനെ എവടേലും പോയി ജീവിക്കാന്ന് വിചാരിച്ചോടി നീയും നിൻ്റെ മറ്റവനും കൂടി….’

‘നിൻ്റെ പേരന്നാടി അഴിഞ്ഞാട്ടക്കാരി?’

അടിക്കാൻ കൈയ്യോങ്ങി വന്ന അയാളുടെ ഗർജ്ജനത്തിൽ ഭയന്ന് അവൾ അതോർത്തെടുത്തു പറഞ്ഞു,

‘കുഞ്ഞുമേരി….’

അന്നാണ് ആ ഗ്രാമത്തിൽ കുഞ്ഞുമേരി എന്ന പേരുകാരി ജന്മമെടുത്തത്. കൺമുന്നിലൂടെ നിത്യവും നടന്നപ്പോൾ കാണാതെ പോയവരൊക്കെ അവളെ ഒരു നോക്ക് കാണാൻ ഓടിയെത്തി, എത്തിനോക്കി, മതിലിൽ കയറി നോക്കി, പോലീസ് വണ്ടിക്ക് അകമ്പടി നടന്നു നോക്കി. ചുറ്റിപ്പിടിച്ച് സംരക്ഷിക്കാൻ ഒരു സാരിത്തുമ്പ്പോലും അവൾക്കന്ന് അന്യമായിരുന്നു. കൂട്ടച്ചിരിയും കൂക്കിവിളിയും അടക്കം പറച്ചിലും പരിഹാസവുമെല്ലാം അവൾ ഒറ്റയ്ക്ക് താങ്ങി. 

നാടിന് അഭിമാനമായി ചുറ്റും നിന്ന് ആർപ്പുവിളിച്ചുവരുടെ അറപ്പും വെറുപ്പും നിറഞ്ഞ കണ്ണുകളിലൊന്നും അവളെ കരയിക്കാൻ മാത്രമുള്ള തീക്ഷണതയുണ്ടായിരുന്നില്ല. അവൾ കരഞ്ഞുമില്ല. അതവളുടെ ഉളുപ്പില്ലായ്മയും അഹങ്കാരമായി വ്യാഖ്യാനിക്കപ്പെട്ടു.  

മുപ്പത്തിമൂന്ന് വർഷത്തെ മുരടിപ്പിൽ നിന്ന് തന്നെ കൈപിടിച്ചു കയറ്റിയ രാംദുലാരിയോട് ചേർന്നുള്ള രണ്ടുമാസക്കാലത്തെ ഓർമ്മകൾക്ക് മാത്രമാണ് അപ്പോഴും അവളുടെ മനസ്സിൽ എന്തെങ്കിലും ചലനങ്ങളുണ്ടാക്കാൻ സാധിക്കുമായിരുന്നുള്ളു. അതുമാത്രം ആരും അറിയാതിരിക്കാൻ അവളും ആഗ്രഹിച്ചു. സ്നേഹത്തിൻ്റെ ഭാഷ സംസാരിച്ചിരുന്ന രാംദുലാരിയെ വെറുപ്പോടെ ഓർത്തെടുക്കാൻ അവൾക്ക് പറ്റുമായിരുന്നില്ല. അവൻ അവളെ തിരയുന്നുണ്ടാകുമെന്നും കാണാതെ പരിഭ്രമിക്കുന്നുണ്ടാകുമെന്നുമൊക്കെ ഉള്ള ചിന്തകൾ പല വഴികളിലേയ്ക്ക് ചിതറി ഓടി.  തന്നേപ്പോലെ മറ്റേതോ ഗതികേടിൻ്റെ കയത്തിൽപ്പെട്ടപ്പോൾ രക്ഷപ്പെടാൻ മാത്രമായി തത്ക്കാലം കടന്നുകളഞ്ഞതാകാം അയാൾ എന്ന് അവൾ ആശ്വസിച്ചു. തന്നെ തേടി വരുമെന്ന് പ്രത്യാശിച്ചു. മറ്റൊരുവൻ്റെ ദൈന്യത എന്നത് അപ്പോൾ അവളുടെ മാത്രം ചിന്തകളിൽ അവശേഷിച്ച നന്മയായിരുന്നു. 

ക്ഷണിക്കാതെ വന്ന് സദ്യയുണ്ണുന്ന ശവംതീനികളെ അകറ്റി നിർത്താൻ പോലീസിനും ഇടയ്ക്ക് ബലം പ്രയോഗിക്കേണ്ടതായി വന്നു. ചരമക്കോളത്തിൽ പോലും പടം വരാൻ സാധ്യതയില്ലാതിരുന്നവളുടെ പടം ഒപ്പിയെടുക്കാൻ പത്രക്കാരുമെത്തി, നേരിട്ട് കാണാൻ സാധിക്കാതെ പോയവർക്കും വീണ്ടും വീണ്ടും കണ്ട് കൊതി തീർക്കേണ്ടവർക്കും വേണ്ടി തന്നെ. 

ദൈവത്തിനുള്ള ഞായറാഴ്ച്ചയായിരുന്നു അന്ന്. കുർബാനക്ക് അച്ഛൻ നല്ല സമരയാക്കാരൻ്റെ ഉപമ വായിച്ച് ഭംഗിയായി വിശദീകരിച്ചു, പിന്നെ തിരുശരീരം മുറിച്ച് പകുത്തു നൽകി.  കുർബാന കഴിഞ്ഞ് പുറത്തിറങ്ങിയ ജനം കൂട്ടം കൂട്ടമായി കുഞ്ഞുമേരിയുടെ നഗ്നത മുറിച്ച് പകുത്തെടുത്തു. തണുത്തുറച്ചു കിടന്ന പള്ളിമുറ്റവും പരിസരങ്ങളും സജീവമായി. അവളുമായി ബന്ധപ്പെട്ട സർവ്വതും അന്ന് കണ്ണുകൾക്കും കാതുകൾക്കും സുഖമുള്ളതായിരുന്നു.

‘ഇത് അവൾടമ്മേടെ കുഴിമാടമാ.. ‘

ആരോ പറയുന്നതു കേട്ട് അങ്ങോട്ടേയ്ക്കും ഒന്ന് എത്തിനോക്കി കുറേപ്പേർ. അന്ന് കരഞ്ഞ് കാണേണ്ടിയിരുന്ന ആ മുഖം പണ്ടേ മരിച്ചു മണ്ണടിഞ്ഞതിൽ ആദ്യമായി പലരും ദുഃഖിച്ചു. 

നാല് ദിവസങ്ങളിലെ അവളുടെ ഓരോ നിമിഷങ്ങൾക്കും അർത്ഥഗംഭീരമായ വ്യാഖ്യാനങ്ങൾ പലതും ഉണ്ടായെങ്കിലും  കുഞ്ഞുമേരി പിന്നിട്ട മുപ്പത്തിമൂന്ന് വർഷത്തെ ജീവിതത്തിൻ്റെ ഒരേട് പോലും അതിൽ സ്മരിക്കപ്പെട്ടില്ല. നാട്ടുകാർക്ക് അവകാശമുള്ളത് അവളുടെ നാലേനാല് ദിനങ്ങൾ മാത്രമായിരുന്നു. ആ നാട്ടിൽ കുരുക്കാനിരിക്കുന്ന വരും തലമുറകൾ ചിലതൊക്കെ ആവർത്തിക്കാതിരിക്കാനുള്ള താക്കീതായി ചരിത്രത്തിൽ കുഞ്ഞുമേരി എന്ന പേരുദോഷം അടയാളപ്പെടുത്തി. 

നാളുകൾക്കിപ്പുറം ആ ദുരന്തത്തിൽ നിന്ന്  ഉറക്കമുണർന്നപ്പോൾ മടങ്ങാനൊരിടമോ സഹായിക്കാൻ ആളോ ഇല്ലെന്ന തിരിച്ചറിവ് അവൾക്കുണ്ടായിരുന്നു.  പ്രതീക്ഷിക്കാനൊന്നുമില്ലാത്തവക്ക് നഷ്ടപ്പെടലുകളുടെ ആശങ്കയോ മരണത്തോടുള്ള ഭയമോ തോന്നില്ല. ആരോരുമില്ലാത്തവർക്ക് ദൈവമുണ്ടെന്ന് വിശ്വസിക്കുന്ന നാട്ടിലേക്ക് ഒരിക്കലും അവൾ മടങ്ങിയില്ല…..  

അന്വേഷിച്ച് ദൈവം പോലും ചെന്നുമില്ല.