പണ്ട് അപരിചിതൻ സിനിമ കണ്ടപ്പോൾ തോന്നിയ സംശയമാണ്.. ഈ പറയുന്നത് പോലെ ഓജോ ബോർഡ് ഒക്കെ വരച്ച് പ്രേതത്തിനെ ഒക്കെ വിളിച്ചാൽ വരുമോ എന്ന്.. ചെറുപ്പത്തിൽ ഒരു വരയിട്ട പേപ്പറിൽ ഇംഗ്ലീഷ് അക്ഷരങ്ങളും സംഖ്യങ്ങളും എസ് എന്നും നോ എന്നും എഴുതി മെഴുകുതിരി കത്തിച്ച് വെച്ച് ഞങ്ങൾ പരീക്ഷണം നടത്തിയിരുന്നു. ഞങ്ങൾ എന്ന് വെച്ചാൽ ഞാനും ജിമ്മിയും.. അന്ന് എനിക്ക് ഒരു 13 വയസ്സുണ്ടാകും.. 3 വയസ്സ് പ്രായമുള്ള ഡാഷ്ഹൻഡ് ഇനത്തിൽ പെട്ട പട്ടിയായിരുന്നു ജിമ്മി.. പപ്പയും അമ്മയും ഉറങ്ങിയതിന് ശേഷം ഏകദേശം 12 മണിക്ക് ഞങ്ങൾ 2 പേരും കൂടി പ്രാർത്ഥിക്കാൻ തുടങ്ങി.. “ഗുഡ് സ്പിരിറ്റ് കം.. ഗുഡ് സ്പിരിറ്റ് കം..” പുറത്ത് ഇടിവെട്ട് വന്നതല്ലതെ ഒന്നും സംഭവിച്ചില്ല.. ഒന്നും കൂടി കണ്ണടച്ച് പ്രാർത്ഥിച്ചു.. ജിമ്മി എൻ്റെ ഒപ്പം തന്നെ മെഴുകുതിരി വെട്ടം നോക്കി ഇരുന്നു.. പ്രാർത്ഥന ഒന്നുടെ ശക്തിയാക്കി.. പേപ്പറിൽ ഉള്ള നാണയം അനങ്ങുന്നില്ല.. വീടിന് പുറത്ത് മഴ ഒക്കെ പെയ്യുന്നുണ്ടായിരുന്നു.. പക്ഷേ ഒരു പ്രേതം പോലും വന്നില്ല.. അന്ന് മുതലേ ഭൂതം മറുത യക്ഷി.. ഈ വക കാര്യങ്ങൾ കേട്ടാൽ ചിരി വരും.. 

അന്ന് പക്ഷേ മറ്റൊരു സംഭവം കൂടി നടന്നു.. പെട്ടെന്ന് കറൻ്റ് പോയപ്പോൾ ജിമ്മിയെ കാണാനില്ല.. വീട് മുഴുവൻ നോക്കിയിട്ടും അവനെ കണ്ടില്ല.. ചിലപ്പോ ചില മൃഗങ്ങളിൽ ഇരുട്ടത്ത് ഒരുപാട് നേരം ഇരിക്കുമ്പോൾ വല്ല പേടി തട്ടിയതാകും എന്ന് കരുതി.. ജിമ്മിയെ കാണില്ല എന്ന വിവരം പപ്പയോടോ മമ്മിയോടോ മിണ്ടിയില്ല.. 

കുറെ കഴിഞ്ഞ് പപ്പയും മമ്മിയും ജിമ്മിയെ അന്വേഷിച്ചിറങ്ങി.. എൻ്റെ അടുത്ത് ചോദിച്ചെങ്കിലും കണ്ടില്ല എന്ന് മറുപടി പറഞ്ഞു.. എവിടെ എങ്കിലും ഓടി പോയിട്ടുണ്ടാകും എന്ന് ഞങൾ കരുതി.. കടയിലേക്ക് പോയ ഒരു ദിവസം വേറെ ഒരു പട്ടിയെ അവർ മേടിച്ച് കൊണ്ട് വന്നു..

ഞങൾ അവനെ ഷെല്ലി എന്ന് പേരിട്ടു.. 

2 ദിവസം കഴിഞ്ഞ് ജിമ്മിയെ വീണ്ടും കണ്ടൂ.. പറമ്പിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ എൻ്റെ അടുത്ത് വന്ന് നിന്നു.. എനിക്ക് ഒരുപാട് സന്തോഷം ആയി.. പക്ഷേ വീട്ടിൽ ഷെല്ലി ഉള്ളത് കൊണ്ട് ജിമ്മിയെ അകത്ത് കയറ്റാൻ പപ്പ സമ്മതിക്കില്ല.. 

അത് കൊണ്ട് ഞാൻ ജിമ്മിയെ വിറകു പുരയിലിട്ട് വളർത്തി.. വീട്ടിലെ ഭക്ഷണം കുറച്ച് മാറ്റി വെച്ച് അവന് എന്നും ആഹാരം കൊടുക്കും.. എന്നാൽ ഞാൻ നോക്കി നിൽക്കെ അവൻ കഴിക്കില്ല.. ഞാൻ പോയി കഴിഞ്ഞാൽ പാത്രം ഭക്ഷണം കഴിച്ച് കാലിയാക്കും..

ഒടുവിൽ ഒളിച്ചു നടത്തിയ ഈ കലാപരിപാടി അമ്മ ഒരു ദിവസം കണ്ട് പിടിച്ചു.. പല കള്ളം പറഞ്ഞെങ്കിലും സത്യം പറയേണ്ടി വന്നു.. പക്ഷേ അമ്മയുടെ മുഖം വല്ലാതെ അങ്ങ് മാറി.. അമ്മ എന്നെ കൂട്ടി വീടിൻ്റെ തെക്ക് വശത്തുള്ള മണ്ണിൻ്റെ കൂന ചൂണ്ടി കാണിച്ചു.. 2 ദിവസം മുന്നേ ജിമ്മി ചത്തു പോയെന്നും നിന്നെ അറിയിക്കാതെ ഞങ്ങൾ കുഴിച്ചിട്ടു എന്ന് പറഞ്ഞു..

ഞാനാകെ സ്തംഭിച്ച് പോയി.. ഞാൻ ഓജോ ബോർഡ് കളിച്ച പിറ്റെ ദിവസം ആണ് ജിമ്മി ചത്ത് കിടക്കുന്നതായി അമ്മ കണ്ടെന്ന് പറഞ്ഞപ്പോൾ ഞെട്ടി പോയി..ഇത്രെയും ദിവസം ഞാൻ കണ്ടത് ആരെയാണ് എന്ന് ഓർത്ത് നോക്കി.. അമ്മയെ കൂട്ടി വിറകു പുരയിലേക്ക് പോയപ്പോൾ അവിടെ ആരും കണ്ടില്ല.. അമ്മയെ വിശ്വസിപ്പിക്കാൻ ഞാൻ കുറച്ച് ചോറെടുത്ത് പാത്രത്തിൽ ഇട്ട് പുറത്ത് കാത്തു നിന്നപ്പോൾ എല്ലാം ബോധ്യമായി.. 

അപ്പുറത്തെ വീട്ടിലെ പൂച്ചയാണ് ഞാൻ പോയ തക്കത്തിൽ ഭക്ഷണം കഴിച്ചത് എന്ന് മനസിലായി.. പള്ളിയിലെ അച്ചനെ കൊണ്ട് വന്നു പ്രാർത്ഥിച്ചു വീട് മുഴുവൻ വെഞ്ചിരിച്ചു.. 

19 വർഷങ്ങൾക്ക് രോമാഞ്ചം സിനിമ കണ്ട് വീണ്ടും അതെ പോലെ പരീക്ഷണം നടത്താൻ ഞാൻ തീരുമാനിച്ചു… ഒരു കാരം ബോർഡിൽ അന്നത്തെ പോലെ അക്ഷരങ്ങളും മറ്റും വരച്ച് രാത്രി പ്രാർത്ഥിച്ചപ്പോൾ ബോർഡിലുള്ള നാണയം അനങ്ങി.. പേര് ചോദിച്ചപ്പോൾ ‘J’ എന്ന അക്ഷരത്തിലേക്ക് നീങ്ങി..