ധർമസ്ഥലിയിലെ മലമുകളിൽ ഉള്ള ക്ഷേത്രത്തെപ്പറ്റി ഗൗതമനോട് പറഞ്ഞത് ഗിതയാണ് ഒരിക്കൽ.
“പാറക്കെട്ടുകൾ കീറിയുണ്ടാക്കിയ കൽപ്പടവുകൾ കയറിപ്പോകുമ്പോൾ വശങ്ങളിലെ കൽമണ്ഡപങ്ങളോട് ചേർന്നുള്ള കുളങ്ങളിൽ ആമ്പൽപ്പുക്കൾ കാണാം”,അവൾ അവനോട് പറഞ്ഞു. അങ്ങനെ ഒരു സ്ഥലത്തെപ്പറ്റി ആദ്യമായി കേൾക്കുന്ന ലാഘവത്തോടെ അന്ന് അവൻ കേട്ടിരുന്നു.
കൽപ്പടവുകൾ പാതികയറി കാഷായ വേഷത്തിൽ പൊതിഞ്ഞിരുന്നു ഭിക്ഷാടകനായി സരസ്വതിയെ അവസാനമായി കണ്ട പകലിനെക്കുറിച്ച് അവൻ അവളോട് പറഞ്ഞില്ല.
വർഷങ്ങൾ കടന്ന് പോയിരിക്കുന്നു , വാക്കുകൾ മുറിഞ്ഞു പോയിരിക്കുന്നു.
ഉടുത്തുമങ്ങിയിട്ടില്ലാത്ത അമ്മയുടെ പഴയ സാരികളുടെയും പുസ്തകങ്ങളുടെയും സാനിധ്യംകൊണ്ടു മാത്രം തന്റേത് എന്ന് തോന്നിപ്പിക്കുന്ന മുറിയിൽ സ്വയം തടവിൽ കഴിഞ്ഞിരുന്നകാലത്ത് തന്റെ സന്ധ്യകൾക്ക് ചന്ദനത്തിന്റെ മണവും തണുപ്പും നൽകിയ സരസ്വതിയെപ്പറ്റി ഗൗതമൻ ഒരിക്കൽ ഗിതയോട് പറഞ്ഞിരുന്നു.
“പ്രിയതമയുടെ ജഡത്തിന്റെ അരികിലിരുന്ന് സഞ്ചിവനിരാഗം പാടി അവളെ ജീവിതത്തിലേക്കു മടക്കി വിളിച്ച ജയദേവന്റെ കഥയിലേത് പോലെ ,അവളെ ജിവിതത്തിലേക്ക് വിളിക്കാത്തത് എന്തേ ?”
ഗീത ചോദിച്ചു.
ഗൗതമന് അത്ഭുദം ആണ് തോന്നിയത്.
“എത്രയേറെ നിറക്കൂട്ടുകൾ ആണ് ഒരു സ്ത്രീയുടെ മനസ്സിൽ, എത്രയെത്ര ചായങ്ങൾ ,അവയിൽ വിരൽമുക്കി എത്രയെത്ര ചിത്രങ്ങൾ ആണ് അവർക്ക് വരയ്ക്കാൻ സാധിക്കുന്നത് ?”ഗൗതമൻ അത്ഭുതപ്പെട്ടു..
ഇല്ല ഞാൻ അവളെ ജീവിതത്തിലേക്ക് വിളിച്ചില്ല. എനിക്ക് സഞ്ചിവനിരാഗം വശമുണ്ടായിരുന്നില്ല.എന്റെ മുറിയുടെ ജനലിലൂടെ നോക്കിയാൽ കാണാവുന്നത്ര ഉയരം കുറഞ്ഞ കറുത്ത വെട്ടുകൽ മതിലിന്റെ അപ്പുറത്ത് ഉയർന്ന് നിന്നിരുന്ന നന്ദ്യാർവട്ടത്തിന്റെ പൂക്കൾ പറിക്കാൻ വീണമിട്ടുന്ന അവളുടെ വിരലുകൾ ഉയരുന്നതും കാത്തു തള്ളിനീക്കറുള്ള പകലറുതികളിൽ ഒന്നിലും തന്നെക്കൂടി വീണമിട്ടുവാൻ പാടിപ്പിക്കുമോ എന്ന് അവൻ ചോദിച്ചില്ല. പക്ഷേ അവൾ പാടുന്ന പാട്ടുകൾ എല്ലാം അവനുവേണ്ടിയുള്ളത് ആയിരുന്നു.അവയൊരുന്നും അവനെ ഓർമിപ്പിച്ചു.
“ഈ ലോകത്തിൽ ഞാൻ തനിച്ചല്ല..”
ഒരിക്കൽ പരിസരമെല്ലാം അസാധാരണമായ നീലവെളിച്ചത്തിൽ കുളിച്ചുനിന്ന ഒരു സന്ധ്യയിൽ കൽമതിലിന്റെ ഓരത്തെ സാർപ്പത്തറയിൽ വിളക്കവച്ചു വന്ന സരസ്വതിയുടെ വീണമിട്ടുന്ന വിരലുകളിൽ ഗൗതമൻ തൊട്ടു.
സർവ്വവിജയിയെപ്പോലെ അവൻ വിരലുകളിൽ ബലമായി അമർത്തി. ചിരാതിൽ നിന്ന് എരിയുന്ന തിരിപോലെ അവൾനിന്നുലഞ്ഞു. വേദനിച്ചെങ്കിലും അവൾകൈവലിച്ചില്ല.പക്ഷെ അവൾ ചോദിച്ചു.
“ഒരുപാട് അടുത്താൽ വേദനിക്കേണ്ടിവരും എന്ന് ഓര്മിപ്പിക്കയാണോ?”.
സംഗീതം കേട്ടാൽ തലകറങ്ങുന്ന ഒരു വ്യവസായിയുടെ പിൻപറ്റി മരിച്ചു മൂടിയ അവളുടെ വീണയും ആയി പടിയിറങ്ങി പോകുന്ന സരസ്വതിയെ കറുത്തകൽക്കെട്ടിന്റെ മറപറ്റി അവൻ നോക്കി നിന്നു.വെളിച്ചം നിറഞ്ഞ ലോകത്ത് നിന്നും പുറത്താക്കപ്പെട്ടു എന്ന് അവൻ മനസിലാക്കിയത് അന്ന് ആണ്.
ധർമസ്ഥലിയിലെ മലമുകളിലെ ക്ഷേത്രത്തിൽ വച്ചു വിവാഹം നടക്കവേ കൾപ്പടവുകൾ പാതികയറി കാഷായത്തിൽ മൂടി ഗൗതമൻ ഇരുന്നു. വർഷങ്ങൾ പഴക്കമുള്ള നാണയത്തുട്ട് എറിഞ്ഞിട്ട് അവർ അവനെ കടന്ന് പോയി.വർഷങ്ങൾ കടന്ന് അവനിൽ എത്തിയ ആ നാണയത്തുട്ട് അവൻ സുക്ഷിച്ചു വച്ചു.
ഇന്നിതാ ഗൗതമൻ വീണ്ടും എത്തിയിരിക്കുന്നു ധർമസ്ഥലിയുടെ അടിവാരത്തിൽ , കൽപ്പടവുകൾക്ക് മുന്നിൽ.
ഗീത പറഞ്ഞു..
“ഈ കൽപ്പടവുകൾ കാലത്തിന്റെ കോട്ടയാണ്, നമുക്കിത്തിന്റെ മറുപുറത്തേക്ക് പോകാം?”
ഗൗതമൻ പറഞ്ഞു..
“ഈ കൽപ്പടവുകൾ എനിക്കുള്ള മെത്തയാണ്‌, നിത്യതയിലേക്കുള്ള ഉറക്കത്തിനുള്ള മെത്ത.”
അവർ കൈകോർത്തു കൽപ്പടവുകൾ കയറാൻ തുടങ്ങി.
ഗൗതമൻ മനസ്സിൽ എണ്ണാൻ തുടങ്ങി.
“ഒന്ന് … രണ്ട്… മൂന്ന്…ഇന്നലെ …ഇന്ന്… നാളെ…ജന്മാന്തരങ്ങൾ”
കൽപ്പടവിന്റെ പാതിയിൽ അവരുടെ കയ്യിൽ നിന്ന് വീണ ആ പഴയ നാണയതുട്ട് താഴേക്ക് പടികൾ ഒരൊന്ന് ആയി ഇറങ്ങി…
“ജന്മാന്തരങ്ങൾ… നാളെ… ഇന്ന്… ഇന്നലെ.. മൂന്ന്…രണ്ട്… ഒന്ന്”