അജ്മീറിലെ ദർഗയിലേക്ക് യാത്രതിരിക്കുമ്പോൾ, കൈയിലൊന്നുംതന്നെ കരുതിയിട്ടുണ്ടായിരുന്നില്ല! ജീവിതത്തോടുള്ള അമർഷം, മനസ്സിന്റെ മരച്ചില്ലയിൽ; ഒരു വലിയ കടന്നൽക്കൂടായി വളർന്നിട്ടുണ്ടായിരുന്നു! എത്രതന്നെ സൂക്ഷിച്ചാലും, ചിലപ്പോഴൊക്കെ ആ കൂടൊന്നിളകും! പിന്നെ, കടുത്തശോകരാഗവും മൂളിക്കൊണ്ട്, നൈരാശ്യം; അതിന്റെ സൂചിമുനകൾകൊണ്ട് ആക്രമിക്കാൻ തുടങ്ങും! അപ്പോഴൊക്കെ, കുത്തുകൊണ്ടു പുളയുന്ന മനസ്സ്, സ്വയംരക്ഷക്കായി ഓടുന്ന ഓട്ടമാണ് ഇത്തരം യാത്രകൾ!

യാത്രമംഗളങ്ങൾ നേർന്നുകൊണ്ടു, ചൂളം വിളിച്ചോടുന്ന തീവണ്ടി; ഇതിനകം ഏതെല്ലാം സ്റ്റേഷനുകൾക്ക് കൈകൊടുത്തുവെന്നറിയില്ല…തുരുമ്പിന്റെ രൂക്ഷഗന്ധവും, ചായയും മറ്റു ഭക്ഷണപദാർത്ഥങ്ങളുടെയും പേരുകളെ ഉറക്കെവിളിച്ചുകൊണ്ടു കടന്നുപോകുന്ന റെയിൽവേജീവനക്കാരും അതാതു സാന്നിദ്ധ്യമറിയിക്കുന്നുണ്ടെങ്കിലും, ഇപ്പോളിതൊന്നുമൊരു അലോസരമായിരുന്നില്ല!

പ്രകാശം വിഴുങ്ങുന്ന വലിയതുരങ്കങ്ങൾ കടക്കുമ്പോൾ, അതുവരെ ഒളിവിലിരുന്ന കണ്ണുനീർത്തുള്ളികൾ, ആശ്വാസത്തോടെ പുറത്തുചാടും! കഠിനഹൃദയമെന്ന മുഖമൂടിയെടുത്തിട്ടതിന്റെ പേരിൽ, കള്ളനാകേണ്ടി വന്ന പാവം കണ്ണുനീർതുള്ളികൾ …അവർ രക്ഷപെടട്ടെ! ആളില്ലാത്ത ലെവൽക്രോസ്സിലെ ഓപ്പറേറ്റർമാറെക്കാണുമ്പോൾ , ഒരു കൂട്ടുകിട്ടിയതിന്റെ സന്തോഷമാണ്! കൈകഴുകിയൊഴിയുന്ന ബന്ധങ്ങൾക്കും, കടന്നുപോകുന്ന ട്രെയിനുകൾക്കും സിഗ്നൽകാണിച്ചുമടുക്കുന്നവർക്കു മാത്രം മനസ്സിലാകുന്ന കെമിസ്ട്രി!

കുറ്റിക്കാടുകൾക്ക് ഭീതിയുടെ നിറമാണ്… ചെറുജീവികൾക്കും, കിളികൾക്കും വശ്യമായിത്തീർന്ന അവളുടെ താരുണ്യം; ഇനിയും മനുഷ്യർ കണ്ടിട്ടില്ലെന്നു തോന്നുന്നു… കണ്ടാൽ……!! പെട്ടെന്ന്, ഒരു പച്ചപ്പട്ടുപുടവയുടെ അരികുകൾ കാറ്റിലടർന്നതുപോലെ, കുറച്ചു പുളിയിലകൾ പറന്നുവന്നെന്റെ മുഖത്തു ചുംബിച്ചു!!

ഓടിത്തളർന്നതുകൊണ്ടാകണം തീവണ്ടിയിപ്പോൾ, ഒരു ചെറുപട്ടണത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ കുറച്ചു നേരംമായ് നിറുത്തിയിട്ടിരിക്കുന്നു! പരസ്പരം ഒട്ടിപ്പിടിച്ചു നില്ക്കുന്ന കടമുറികൾ, തലയുയർത്തി നില്ക്കുന്ന ആലുകൾ… അതിനുകീഴിലെ തറയിൽ ഒരുകൊച്ചു കൽപ്രതിഷ്ഠ… അവിടെ; വല്ലപ്പോഴും വീണുകിട്ടുന്ന പൈസക്കുവേണ്ടി വായപിളർന്നിരിക്കുന്ന ഭണ്ഡാരപ്പെട്ടിയിൽ, കൈകുത്തിനിന്നു സൊറപറയുന്ന സംഘത്തെ കാണാൻ കൗതുകമായിരിക്കുന്നു.. അവരുടെ വാക്കുകൾക്കു കാതോർത്തുകൊണ്ടു, അരികിലായിത്തന്നെ നാക്കുംനീട്ടിക്കിടക്കുന്ന ശുനകന്റെ കണ്ണുകളിൽ ഒരു വജ്രത്തിളക്കമുണ്ട്! സർവ്വവ്യാപിയായ ചവറുകൂനകളിൽനിന്ന് ദുർഗന്ധം വമിക്കുന്നു!! അതിൽനിന്നൊക്കെ, ബന്ധം വിച്ഛേദിച്ചു നില്ക്കുന്ന മതിലുകൾ…അതിന്റയുള്ളിൽ കെട്ടിനിർത്തപ്പെട്ട വീടുകൾക്കു മിഴിവേകുന്ന നിറച്ചാർത്തിനൊപ്പം അളവുകോലിന്റെ പെർഫെക്ഷനും!! പക്ഷേ, അതിനുള്ളിൽ കഴിഞ്ഞുകൂടുന്നവരുടെ….. മനുഷ്യരുടെ മനസ്സളക്കാനുള്ള മീറ്റർ ഇപ്പോഴും അജ്ഞാതമാണല്ലോ! ഒരുപക്ഷേ അങ്ങനെയൊരു യന്ത്രമുണ്ടായിരുന്നെങ്കിൽ, തനിക്കും ഈ ഗതി വരില്ലായിരുന്നു…..

ജനൽക്കമ്പിയിൽനിന്നു പിടിവിട്ടുകൊണ്ട്, സീറ്റിലേക്കു മെല്ലെ ചാരിയിരുന്നു കണ്ണുകളടക്കുമ്പോൾ മനസ്സിൽ, കണ്ടകാഴ്ചകളുടെ മിന്നലാട്ടം! മുൻപോട്ടുപോകുംതോറും പുറകിലേക്കോടി മറയുന്ന കാഴ്ചകൾ… പിറകോട്ടോടി മറയുമ്പോഴൊക്കെ, സർവ്വശക്തിയോടെ ആ കാഴ്ചകളെ തിരികെപ്പിടിക്കുന്ന മനസ്സ്, ഒരു മായാജാലം തന്നെ! ഇതുപോലൊരു തീവണ്ടിയാത്രയിൽ, തൊട്ടുമുൻപിലിരിക്കുന്ന പെൺകുട്ടിയുടെ സ്വരംകേട്ടു കുളിരുകോരിയ അന്ധകഥാപാത്രം, അവന്റെ അന്ധതമറയ്ക്കാൻവേണ്ടി എത്ര വിദഗ്ദ്ധമായാണ് കാഴ്ചകളെ വിവരിക്കുന്നത്..ഒടുവിൽ, ആ പെൺകുട്ടിയും ഒരു അന്ധയായിരുന്നു എന്നറിയുമ്പോഴുള്ള അയാളുടെ മാനസികാവസ്ഥയെ ഭംഗിയായിതന്നെ, റസ്ക്കിൻ ബോൻഡ്സ് വിവരിച്ചിരിക്കുന്നു.. സാധാരണ ഏതുയാത്രപോകുമ്പോഴും, ഒരു തോൾസഞ്ചിയും കുറച്ചു പുസ്തകവും കരുതുന്ന കൂട്ടത്തിൽ, ‘ഐയ്‌സ് ആർ നോട്ട് ഹിയർ’ എന്ന ആ കഥാപുസ്‌തകം കരുതാറുള്ളതാണ്!

ശരീരത്തിൽ, ഈർപ്പമുള്ള കാറ്റുത്തട്ടിയപ്പോഴാണ്, പേരറിയാത്ത ഏതോ പുഴയുടെ മുകളിലൂടെയാണ് തീവണ്ടിയപ്പോൾ സഞ്ചരിക്കുന്നതുയെന്ന്‌ മനസ്സിലായത്. മുൻപൊക്കെ, അങ്ങനെയൊരു കാഴ്ചകാണാനുള്ള ധൈര്യമുണ്ടായിരുന്നില്ല..പക്ഷേ ഈയിടെയായി, ആ നിറജലാശയം നോക്കിയിരിക്കുന്നത് ഒരു സുഖമാണ്! ജീവിതത്തിലെ, ചില സുന്ദരമായ മുഹൂർത്തങ്ങളുടെ ദൃശ്യങ്ങൾ ആ പ്രതലത്തിൽ തെളിഞ്ഞുവരുന്നതുപോലെ തോന്നും. അപ്പോൾ, മനസ്സു ശാന്തം…..!!

അടുത്തുള്ള യാത്രികൻ തട്ടിയുണർത്തിയപ്പോഴാണ്, തീവണ്ടി അജ്മീറിലെത്തിയ വിവരം മനസ്സിലാക്കുന്നത്. ഒരു രാപ്പകൽ കഴിഞ്ഞുപോയതിന്റെ ആലസ്യം നല്ലപോലെയുണ്ട്! റെയിൽവേസ്റ്റേഷനിലെ ഒരു പെട്ടിക്കടയിൽനിന്ന് അത്യാവശ്യസാധനങ്ങൾ വാങ്ങിയതിനുശേഷം, വെയ്റ്റിംഗ്റൂമിലെ കുളിമുറിയിൽനിന്ന് കുളിച്ചുശുദ്ധനായപ്പോൾ, ഒരു പുത്തനുണർവു തോന്നി…ഒരു സുഗന്ധം, പകൽവെട്ടത്തെ വരിഞ്ഞുപുൽകുന്നുണ്ടായിരുന്നു!

സ്റ്റേഷനപ്പുറത്തുള്ള ലോകം, ഒരു അത്ഭുതദ്വീപുതന്നെയായിരുന്നു! തെരുവിന്റെ ഇരുവശത്തായി ചായക്കടകൾ, വലിയ വർണ്ണാക്ഷരങ്ങളിൽ പേരുകൾവെളിപ്പെടുത്തുന്ന പരസ്യബോർഡുമായി നില്ക്കുന്ന സത്രങ്ങൾ, ദർഗയിൽ അർപ്പിക്കാനുള്ള റോസാപൂക്കൾ വില്ക്കുന്ന കൊച്ചുകടകൾ, അത്തറുശാലകൾ….എല്ലാം കണ്ണഞ്ചിപ്പിക്കുന്ന മനോഹാരിതതന്നെ!

സൂഫിവര്യനായ ഖാജാ മോയിനുദീന്‍ ചിസ്തിയുടെ കബറിടം ലക്ഷ്യമിട്ടുകൊണ്ടു പോകുന്ന ജനക്കൂട്ടത്തിന്റെ മുഖത്ത്, ഭക്തിലഹരി മാത്രം!
സ്റ്റേഷനിനു തൊട്ടടുത്തുള്ള ‘വഴികാട്ടി ദർഗയിൽ’നിന്ന് ദിക്കറ്* കേൾക്കുന്നുണ്ടായിരുന്നു. മുന്പോട്ടുള്ള യാത്ര സുഖകരമാകാൻ,
ആദ്യം തുടങ്ങേണ്ടത് അവിടെ നിന്നാണെന്നാണ് വിശ്വാസവും! സിയാറത്ത്‌* നടത്തി പുറത്തിറങ്ങിനടക്കുമ്പോൾ, കണ്ണുകളെന്തിലോ ഉടക്കി…

അല്ലതല്ലുന്ന തിരമാലകൾക്കിടയിൽ നിശ്ചലനായി നില്ക്കുന്ന തിരുവള്ളുവുടെ പ്രതിമപോലെ, നടന്നുനീങ്ങുന്ന ജനസാഗരത്തിനിടയിൽ ഒറ്റപ്പെട്ടുനില്കുന്ന ഒരു കരിനിഴൽ.. അടുത്തുചെന്നു നോക്കിയപ്പോൾ , അതൊരു കറുത്ത പർദാധാരിണിയാണ്!

നിറച്ചുപീലിയുള്ള ആ കരിനീലകണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന അശ്രുകണങ്ങൾ കണ്ടപ്പോൾ ഉള്ളിലെന്തോ കൊളുത്തിവലിക്കുന്നപോലേ ! എന്നെക്കണ്ടപ്പോഴേക്കും, യൗവനമാർന്ന ആ കണ്ണുകളിൽ ഒരു പ്രതീക്ഷമിന്നി….. പക്ഷേ, നേർത്ത വിരലുകൾകൊണ്ടുള്ള ആംഗ്യങ്ങളും, തേങ്ങൽനിറഞ്ഞ ശബ്ദവുംകൊണ്ട് അവൾ പറഞ്ഞതൊന്നും മനസ്സിലാക്കാൻ സാധിച്ചില്ല.

അപ്പോഴാണ് തൊട്ടടുത്ത്, കടയിലെ കൊച്ചുപയ്യൻ മിടുക്കനായി ഹിന്ദി സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്… അവനെ കൈത്തട്ടിവിളിച്ചു, രണ്ടുപ്ലേറ്റ് പാനിപൂരി ആവശ്യപ്പെട്ടിട്ടു, അവളോടു കാര്യങ്ങൾ ചോദിച്ചുമനസ്സിലാക്കാൻ പറഞ്ഞു. ഉള്ളിൽ കുറച്ചുഭക്ഷണം ചെന്നപ്പോൾ, അവളുടെ അവശത മാറിയെന്നു തോന്നുന്നു… എന്തൊക്കെയോ അവൾ പുലമ്പി.. ഏകദേശം ഇരുന്നൂറു കിലോമീറ്റർ അപ്പുറമുള്ള ഉദയ്പൂരിലെ ഒരുഗ്രാമത്തിൽനിന്നു ബന്ധുക്കളോടൊപ്പം ഇവിടേയ്ക്ക് തീർത്ഥയാത്ര വന്നതാണെന്നും, തിരക്കിനിടയിൽ അശ്രദ്ധമൂലം തനിക്കു കൂട്ടംതെറ്റിപോയിയെന്നും, അവൾ പറഞ്ഞു. സ്വന്തമായൊരു ഫോണോ, കൈയിൽ പൈസയോയില്ലാത്തതുകൊണ്ട് എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചുനില്ക്കുമ്പോഴാണ് ഞാൻ അടുത്തേക്കു ചെന്നതെന്നും എനിക്ക് വ്യക്തമായി……..

റെയിൽവേസ്റ്റേഷനിൽനിന്ന് അവളേയും വഹിച്ചുകൊണ്ട്, ആ തീവണ്ടി മെല്ലെ നീങ്ങിയകലുമ്പോൾ, തന്നെ ഉറ്റുനോക്കുന്ന ആ കരിനീലക്കണ്ണുകളിൽ എന്തായിരുന്നു?? നന്ദിയോ സ്നേഹമോ…അതോ പ്രണയമോ… അറിയില്ല..!!അവളുടെ നിസ്സഹായവസ്ഥ മനസ്സിലായതിൽപിന്നെ, ദർഗയിലേക്കുപോകാതെ…തിരികെ റെയിൽവേസ്റ്റേഷനിലെത്തി… ആ പയ്യന്റെ സഹായത്തോടെ, ഉദയ്പൂരിലേക്കുപോകേണ്ട തീവണ്ടിയിൽ, അവളെ കയറ്റിയിരുത്തുന്നതിന്റെ ഇടയിൽ, ഒരുപാടു വട്ടം ഞങ്ങളുടെ നോട്ടമുടക്കിയപ്പോളൊക്കെ അവളുടെ കണ്ണുകളിൽ ഇതേ ഭാവമായിരുന്നു…!!

ഇനിയെന്റെ പഴ്സിൽ എന്തുണ്ടാകുമെന്നുപോലും നോക്കാതെ, കുറച്ചു കാശെടുത്തു ആ കൈയിലേക്കു വച്ചുകൊടുത്തപ്പോൾ അവൾ പറഞ്ഞ ഒരു ഖുർആൻസൂക്തം മാത്രമാണിപ്പോൾ മനസ്സിൽ……

“വഹുവ മഅക്കും ഐനമാകുന്തും,വല്ലാഹു ബിമാ തഅ്മലൂന ബസീര്‍”….എല്ലാം കാണുന്ന ദൈവം, നമ്മുടെ കൂടെയെന്നുമുണ്ട്! നഷ്ടപ്രതീക്ഷളുടെ നിരാശയിൽ, ജീവിതത്തിൽനിന്ന് പലപ്പോഴും പലായനം ചെയ്തിരുന്ന ഞാൻ, മറന്നുപോയ മഹത്തായസത്യം! ഒന്നുമില്ലാത്തപ്പോഴും, ഒറ്റപെട്ടുനിന്നപ്പോഴും അവൾക്ക് ദൈവത്തിൽ വിശ്വാസമുണ്ടായിരുന്നു! എല്ലാമുണ്ടായിട്ടും ഞാൻ….

ജഡജീർണ്ണമായ ചിന്തകളിലേക്ക്, വെളിച്ചം വീശിയ ആ കരിനീലകണ്ണുകൾ…. അതാരുടെയായിരുന്നു?? അവളുടെ പേരെന്തായിരുന്നു…അവൾ പറഞ്ഞില്ല, ഞാൻ ചോദിച്ചതുമില്ല!! ആ തീവണ്ടിയപ്പോൾ, ഒരു ചൂളം വിളിയോടെ കാഴ്ചയിൽനിന്ന് മായ്ഞ്ഞുതീർന്നിരിക്കുന്നു!

അവളും… ഇതുപോലെ തന്നെക്കുറിച്ചു ചിന്തിക്കുന്നുണ്ടാവുമോ?എങ്കിൽ..എങ്കിൽ ആ കരിനീലകണ്ണുകൾ ഇപ്പോൾ വീണ്ടും നിറഞ്ഞുകാണും! ഒരു നെടുവീർപ്പോടെ, അയാൾ അവിടെനിന്നു നടന്നുനീങ്ങി…

അപ്പോൾ, ആ ട്രെയിനിൽ, ഒരു ദീർഘശ്വാസത്തോടെ അവൾ സീറ്റിലേക്ക് ചാരിയിരുന്നു… പെട്ടെന്ന്, പൊട്ടിപ്പൊട്ടിച്ചിരിച്ചുകൊണ്ട് തൊട്ടടുത്തുള്ള ആളുടെ ചുമലിലേക്ക്‌ അവൾ ചായ്ഞ്ഞപ്പോൾ; അയാളുടെ കണ്ണുകൾ വന്യമായ ഒരു നോട്ടത്തോടെ, കൈയിലിരിക്കുന്ന പത്രത്തിലെ ആ വാർത്തായിലേക്കു തറച്ചു…
” കഷ്ടപ്പാടിന്റെ കഥപറഞ്ഞു, ആളുകളില്നിന്നു പണം തട്ടിയെടുക്കുന്ന യുവമിഥുനങ്ങളെ പോലീസ് തിരയുന്നു”

===================================
(ദിക്കറ് – ദൈവത്തിന്റെ മഹത്വം വിളിച്ചുപറയുന്ന സൂക്തങ്ങൾ

സിയാറത്ത് – ദർശനം)