ചുരുട്ടി പിടിച്ചിരിക്കുന്ന ഇടം കൈ നിവർത്തി അയാൾ ആ പഴയ ഫോട്ടോയിലേക് നോക്കി. കാഴ്ച മങ്ങി തുടങ്ങിയ അയാളുടെ കണ്ണടയ്ക് പക്ഷെ കാലപ്പഴക്കം ബാധിച്ച ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ വ്യക്തമായി കാണാമായിരുന്നു. കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി ഇത് ഒരു പതിവാണ്.
മാഞ്ഞു തുടങ്ങിയിരുന്ന ആ ഫോട്ടോയിൽ മുഴുവനായി പാടുകൾ വീണിരുന്നു. ഒറ്റ നോട്ടത്തിൽ മഞ്ഞ് പാളികൾ ചിതറികിടക്കുന്നതുപോലെ. വിയർപ്പിന്റെ നനവിൽ അലിഞ്ഞിട്ടെന്നോളം ചുളുക്ക് വീണ ഭാഗങ്ങളിലെ വിള്ളലുകൾ മെല്ലെ കീറാൻ തുടങ്ങിയിരുന്നു.
പത്തു നാൽപ്പതു കൊല്ലം പുറകിലേക്കുള്ള അയാളുടെ തന്നെ കുടുംബ ചിത്രത്തിലേക്കാണ് സൂക്ഷ്മമായ ഈ നോട്ടം.
അടുത്ത പരിചയക്കാർക് പോലും മനസിലാകാൻ ബുദ്ധിമുട്ടുന്നവിധത്തിൽ ഭാര്യയുടെ ചിത്രം പൂർണമായി മാഞ്ഞിരുന്നു. കുട്ടികളുടെ ഓമനത്തം കണ്ടിട്ടെന്നപോലെ മാഞ്ഞു തുടങ്ങാൻ നിറങ്ങൾക് ചെറുതായി മടിയുണ്ടെന്ന് പറയാം.
ഏകദേശം ഈ സമയത്താണ് സർക്കാർ വക സ്‌ഥാപനത്തിൽ ദിവസക്കൂലിക് അയാൾ നിയമിതനാകുന്നത്.
കംപ്യൂട്ടറുകളുടെ ഉപയോഗം വിരളമായിരുന്ന കാലത്തു പരാതികളും പരിഭവങ്ങളുമായി എത്തിയിരുന്നവരുടെ വിവരങ്ങൾ ശേഖരിച്ചു ഫയലുകളാക്കി വെയ്ക്കുന്നതായിരുന്നു നിയമപ്രകാരം ഉള്ള അയാളുടെ ജോലി . മേലുദ്യോഗസ്ഥന്മാർ ഏല്പിക്കുന്ന ഫയലുകളുമായി മറ്റ് ചില ഉദ്യോഗസ്ഥരെ ചെന്ന് കാണാനും സമയാസമയങ്ങളിൽ അവർക്കു ചായ എത്തിച്ചുകൊടുക്കാനും മിക്കപ്പോഴും ഈ മേലുദ്യോഗസ്ഥന്മാരുടെ വീടുകളിൽ ആവശ്യ സാധനങ്ങൾ എത്തിച്ചുകൊടുക്കുന്നതും വരെ അയാളുടെ ജോലിയോട് ചേർത്തുവെയ്ക്കപ്പെട്ടിരുന്നു.
ദിവസം മുഴുവൻ ചിലപ്പോൾ ഉറക്കം പോലുമില്ലാതെ ജോലി തീർക്കാനുള്ള അയാളുടെ ഉത്സാഹം വല്ലപ്പോഴുമെങ്കിലും മേലുദ്യോഗസ്ഥരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
രാത്രികളെ പകലുകൾ ആക്കാനുള്ള മന്ത്രം അയാളിൽ അതിനോടകം അലിഞ്ഞു ചേർന്നിരുന്നു.
———————————————————————————————-
“ഗോവിന്ദൻ…” പരിശോധനയ്ക് എത്തിയ പുതിയ ഡോക്ടർ പേരു വിളിച്ചിട്ടും അയാൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.

                      "സർ അദ്ദേഹത്തിനു അൽഷിമേഴ്‌സ് ആണ്. പേരൊക്കെ  പണ്ടേ മറന്നിരിക്കുന്നു." വൃദ്ധസദനത്തിന്റെ നടത്തിപ്പുകാരൻ പെട്ടന്ന്  ഉത്തരം നൽകി.
                              അയാൾ മെല്ലെ കട്ടിലിലേയ്ക് കിടന്നു. മാഞ്ഞു തുടങ്ങിയ ബ്ലാക്ക് ആൻഡ് വൈറ്റ് ഓർമകൾ ഇടം കൈയിൽ ഇതിനോടകം ചുരുണ്ടുകഴിഞ്ഞിരുന്നു.