ഏപ്രിലിനെ ഓർത്തുള്ള ഭയം , ആ മാസം എനിക്ക് സമ്മാനിച്ച ഓർമ്മകളുടെ കുത്തൊഴുക്ക്, അതിന്റെ പിടിയിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന  അവസരങ്ങളുടെ അവസാനത്തിൽ ഈ മെന്റൽ ഹോസ്പിറ്റലിലെ ഏതെങ്കിലും ഒരു വാർഡിന്റെ ഏതേലും ബെഡിൽ clonazepam എന്ന മരുന്നിന്റെ ആലസ്യത്തിൽ ഞാൻ ഉറങ്ങുന്നുണ്ടാകും.

ഉണരുകുകയും ഉറങ്ങുകയും ചെയ്യുന്നതാവർത്തിച്ചു, സമയാ സമയങ്ങളിൽ കിട്ടുന്ന ആഹാരങ്ങൾ പാതിമയക്കത്തിൽ വയറിലേക്ക് ആനയിച്ചു വീണ്ടും ദിവസങ്ങളെ മുന്നോട്ടു കൊണ്ടു പോകും.

ദിവസങ്ങൾ കടന്നു പോകുന്നതോ ആഴ്ചകൾ അവസാനിക്കുന്നതോ അറിയില്ല. ഫോണുമായോ പത്രവുമായോ സോഷ്യൽ മീഡിയയുമായോ യാതൊരു തരത്തിലുള്ള ബന്ധവും പാടില്ലെന്നുള്ള കർശന നിർദ്ദേശമുണ്ടാകും.

വല്ലപ്പോഴുമൊരിക്കൽ വാർഡിൽ നിന്നും തൊട്ടടുത്തുള്ള സെല്ലിലേയ്ക്ക് കണ്ണുകളെ കടത്തി വിടും.. അറയ്ക്കുന്ന ചില കാഴ്ചകൾ.. ആദ്യമൊക്കെ അറയ്‌ക്കുകയും ഛർദിക്കുകയുമൊക്കെ ചെയ്തിരുന്നുവെങ്കിലും ഇന്നത് പഴകിയിരിക്കുന്നു. ആ കാഴ്ചകളൊക്കെയും കണ്ണുകൾക്ക് ശീലമായിരിക്കുന്നു. അവനവന്റെ മാലിന്യം വാരി കഴിക്കുന്നവരും, പൂർണ നഗ്നരായി സെല്ലിൽ നടക്കുന്നവരും, കേട്ടാൽ അറയ്ക്കുന്ന തെറി വിളിക്കുന്നവരും തുപ്പലുകൊണ്ട് മനുഷ്യരെ സ്വാഗതം ചെയ്യുന്നവരും, സെല്ലിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കുന്ന കാഴ്ചകളിലൊന്നുമിപ്പോൾ പുതുമ തോന്നില്ല…

ഓ, ഞാൻ വീണ്ടും ചിന്തിച്ചു കൂട്ടുകയാണെന്ന് തോന്നുന്നു. ഡോക്ടർ പറയാറുണ്ട് നിനക്കു ചിന്ത ഇത്തിരി കൂടുതലാണെന്ന്. ഇവിടെ എന്താണ് ചെയ്യാനുള്ളത് വെറുതെ ചിന്തിച്ചു സമയം കളയുക എന്നുള്ളതല്ലാതെ.

കയ്യിലെ മുറിവുകളൊക്കെ വേദനയുണ്ട്. സ്വയം ഈ മുറിവുകളൊക്കെ ഏൽപ്പിക്കുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു ആനന്ദം ഉള്ളിൽ നിറയുന്നുണ്ടായിരുന്നു. അപ്പോൾ എന്തൊക്കെയോ ഡയറിയിൽ കുത്തികുറിക്കുകയും ചെയ്തു.

എന്തായിരുന്നത്,

ഓർക്കുന്നില്ല…

ഈ മരുന്നുകൾ, അത് വീണ്ടും വീണ്ടും ഉറക്കത്തിലേക്ക് എന്നെ കൊണ്ടുപോകുന്നു. ഒന്നും ഓർക്കാൻ കഴിയുന്നില്ല…..

………….          ………

ആത്മഹത്യ ചെയ്തൊരു അമ്മയുടെ

ആത്മഹത്യ ചെയ്യാത്തൊരു മകളാകാൻ

എനിക്ക് കഴിയുന്നില്ല..

ഏപ്രിൽ അവസാനിക്കുമ്പോൾ സ്വയം ഹത്യയിലേക്ക് ചിന്തകളെ സ്വാഗതം ചെയ്യുന്നു……….!!!!!!!!!!!

ഞാൻ അവസാനിക്കുന്നു

ഞാൻ മാത്രമവസാനിക്കുന്നു

അതെ ഞാൻ,

ഇപ്പോൾ സെൽ നമ്പർ 213 ലെ താമസക്കാരി

ദുർഗന്ധം വഹിക്കുന്ന ഈ സെല്ലിലെ ആളൊഴിഞ്ഞ തീരത്ത്, വസ്ത്രങ്ങളുടെ യാതൊരു തടസവുമില്ലാതെ തീർത്തും സ്വതന്ത്രമായി ഞാൻ എന്റെ മലം കഴിച്ചു തീർക്കുന്നു……

ഇനി ഇത് കഴിയട്ടെ, വീണ്ടും ചിന്തകൾക്ക് അവസരമുണ്ട്..