കണ്ണിന് രണ്ടു വശത്തും ബ്ലിങ്കറുകൾ, പന്തയക്കുതിരകളുടേതുപോലെ! മുന്നോട്ടു മാത്രമേ കാണാൻ കഴിയുന്നുള്ളു! എൻ്റെ മുന്നിൽ എന്നെപ്പോലെ നിറയെപ്പേർ, പിറകിലോ? കാണാൻ കഴിയുന്നില്ല. ഞാൻ സർവ്വശക്ത്തിയുമെടുത്ത് തലതിരിച്ചു.

“ഹമ്മേ”! കട്ടിലിൽ നിന്ന് പൊത്തോന്നു തറയിൽ വീണു.

ഓ, സ്വപ്നമായിരുന്നല്ലേ! എന്തായാലും വലുതായൊന്നും പറ്റിയില്ല. 6 മണിയായിരിക്കുന്നു. ഇനി കിടന്നാൽ ശരിയാകില്ല. ഓഫീസിൽ പോകണ്ടേ? ചുമ്മാ ഒന്ന് നടന്നു വരാം.

അല്ല, ഈ ഉറുമ്പുകൾ വരിവരിയായി എങ്ങോട്ടാണ്?

പഴയ പൂമ്പാറ്റയിൽ വായിച്ചതോർമ്മ വരുന്നു – ഉറുമ്പുകൾ സാമൂഹിക ജീവികളാണ്. ഉറുമ്പുകൾക്കും തേനീച്ചകൾക്കുമൊക്കെ റാണിമാരുണ്ട്. റാണിമാർ കൂട്ടിലെ സുരക്ഷിതസ്ഥാനങ്ങളിരുന്ന് മുട്ടയിട്ടുകൊണ്ടിരിക്കും. അവരാണ് പ്രൊഡക്ഷൻ ഹൗസ്. ജോലിക്കാർ ഇങ്ങനെ വരിവരിയായി പോകും.

ജോലിക്കാർ പലതരമുണ്ട്! ഭക്ഷണം ശേഖരിക്കുന്നവർ, ചുമട്ടുകാർ, ഇണചേരുന്നവർ, യോദ്ധാക്കൾ, അങ്ങനെ പോകുന്നു മനുഷ്യൻ തിരിച്ചറിഞ്ഞ ജോലികൾ! എന്തായാലും എണ്ണയിട്ട യന്ത്രങ്ങൾ പോലെ ഇവർ എന്തെല്ലാം ചെയ്യുന്നത് നമ്മൾ കണ്ടിരിക്കുന്നു? ചിലവ ആഹാര കണികകൾ ചുമന്ന് കൂട്ടിലെത്തിക്കുന്നു, കൂട്ടത്തിൽ ചത്ത ഉറുമ്പുകളെ ചിലവ വലിച്ചുകിണ്ടു പോകുന്നു, മുട്ടകൾ ചുമന്നു സുരക്ഷിതസ്ഥാനങ്ങളിലേക്കോടുന്നു, അങ്ങനെ എന്തെല്ലാം. വെള്ളമോ മറ്റു അപകടങ്ങളോ വന്നാൽ കൂട്ടിനെയും കൂട്ടരെയും സംരക്ഷിക്കാൻ ജീവൻ മറന്നും അവർക്കാവുന്നതെല്ലാം ഉറുമ്പുകൾ ചെയ്യുന്നത് ഞാൻ എത്ര തവണ കണ്ടിരിക്കുന്നു. ഉറുമ്പുകളിൽ തന്നെ പല ഇനങ്ങളുണ്ട്. ചിലവ പരസ്പരം യൂദ്ധം ചെയ്യുകയും തോൽക്കുന്നവരെ അടിമകളാക്കുകയും ചെയ്യുമത്രേ!

എന്തായിരിക്കും ഉറുമ്പുകളെ കമ്മ്യൂണുകളായി ജീവിക്കാൻ സഹായിക്കുന്നത്? അവർ കമ്മ്യൂണിസ്റ്റുകളാണോ? അവക്ക് രാഷ്ട്രബോധമുണ്ടാകുമോ? മതങ്ങളുണ്ടാകുമോ? ഏതെങ്കിലും സത്വബോധമുണ്ടാകുമോ? അതോ അവ ഏതെങ്കിലും തരം ലഹരിക്കടിമകളാണോ?

ഉറുമ്പുകളെ നോക്കിനിന്ന് എന്തൊക്കെയോ ആലോചിച്ചു കൂട്ടിയതല്ലാതെ നടക്കലൊന്നും നടന്നില്ല.

ക്ലോക്കിൽ എട്ടടിക്കുന്നു! ചടപടാന്ന് തയ്യാറായി ഓടാനുള്ള സമയമേ ഉള്ളൂ. “ഹറി അപ്പ് മാൻ”, സ്വയം ആവേശഭരിതനാക്കിക്കൊണ്ട് ഞാൻ ബാത്റൂമിലേക്കോടി.

ബസ്സ് ഏതാണ്ട് നിന്ന മട്ടാണ്. നേതാവിന്റെ ചിത്രങ്ങളും പേറി ഒരുകൂട്ടം ആൾക്കാർ. ഏതോ പ്രതിഷേധമോ അനുഭാവമോ മറ്റോ ആണ്. രാവിലത്തെ ഉറുമ്പുകൾ മനസ്സിലൂടെ ഇപ്പോഴും അരിച്ച് നടക്കുകയാണ്, ഉറുമ്പുകളുടെയത്ര അച്ചടക്കമൊന്നും അണികൾക്കില്ല, നേതാവ് മുട്ടയിടുന്നുമില്ല! ബസ്സ് ഓടിത്തുടങ്ങി.

ജോലിയിലേക്ക് ഞാൻ ധൃതിയിൽ കടന്നു. ഇതിൽ പിന്നെ സംശയങ്ങൾ ഒന്നുമില്ല, ഒന്നും ചിന്തിക്കേണ്ട. എന്നത്തേയും പോലെ ഇന്നും ചെയ്താൽ മതി, എല്ലാം നല്ല നിശ്ചയമാണ്. ഒരുവിധം പണി ഒതുങ്ങിയപ്പോൾ അമ്മയുടെ പഴഞ്ചൊല്ല് മനസ്സിലേക്ക് ഓടിയെത്തി – “നിത്യതൊഴിൽ അഭ്യാസം”. ശരിയാണ്, എല്ലാം നിസ്സംഗതയോടെ ചെയ്യാൻ കഴിയുന്നു, ഒരഭ്യാസം പോലെ. ഒരുപക്ഷെ ഇത് തന്നെ ആയിരിക്കുമോ ഉറുമ്പുകളും ചെയ്യുന്നത്?

ഒരു ക്വാർട്ടർലി അച്ചീവ്‌മെന്റ് അവാർഡിന്റെ മെയിൽ പൊങ്ങി വന്നു. അഭിനന്ദനങ്ങൾ! ശ്രീക്കുട്ടനാണ് ഇത്തവണത്തെ കറുത്ത കുതിര! എനിക്കും കിട്ടി ഒരു യൂണികോൺ! അതും ഒരു കുതിരയാണ്, ഒറ്റക്കൊമ്പൻ. ഫോക്കസ്, ഡെഡിക്കേഷൻ, കമ്മിറ്റ്മെന്റ് – അങ്ങനെ സാധാരണ കാണുന്ന വാക്കുകൾ എല്ലാം നിറഞ്ഞ ഒരു കുതിരപ്പത്രം.

രാവിലത്തെ സ്വപ്നത്തിലെ ബ്ലിങ്കറുകളും കടിഞ്ഞാണുകളും കുതിരയോടൊപ്പം മനസ്സിലേക്കോടിയെത്തി. ബ്ലിങ്കറുകൾ ഫോക്കസ് ഉറപ്പിക്കുന്നു! കടിഞ്ഞാണുകൾ കമ്മിറ്റ്മെന്റും! ഡെഡിക്കേഷന് പറ്റിയതൊന്നും സ്വപ്നത്തിലുണ്ടായിരുന്നില്ല. ലാടങ്ങളെ ഒരുപക്ഷെ സെക്യൂരിറ്റിയുമായി ബന്ധിപ്പിക്കാമായിരുന്നു. ഇന്നത്തെ ഓലയിൽ അത് വിട്ടുപോയെന്നു തോന്നുന്നു, വേറെ ആർക്കെങ്കിലും കൊടുത്തു കാണും.

ശക്‌തനായ കുതിര, ലാടങ്ങളും ബ്ലിങ്കറും കടിഞ്ഞാണും മറ്റാഭരണങ്ങളും അഭിമാനത്തോടെ ധരിച്ചിരിക്കുകയാണോ? അതോ അവയെല്ലാം ഒരു അടിമയുടെ അലങ്കാരങ്ങളാണോ?

ചിന്ത കാടു കയറേണ്ട എന്ന് കരുതി ന്യൂസ് പോർട്ടലുകളിൽ ഊളിയിട്ടു. ഇന്നും കുറേപ്പേരെ രാജ്യദ്രോഹികളായി പ്രഖ്യാപിച്ചിയ്ക്കുന്നു! രാജ്യഭക്തരെല്ലാം ഭയങ്കര സന്തോഷത്തിലാണ്! പിന്നെ കുറെ നിസ്സംഗരും.

എല്ലാത്തിനും ഒരു ഉറുമ്പിന്റെ മണം. രാവിലത്തെ ജാഥക്കാർക്കും, രാജ്യദ്രോഹികൾക്കും, രാജ്യഭക്തന്മാർക്കും,നിസ്സംഗർക്കും, യാന്ത്രികമായി ജോലി ചെയ്യുന്ന എനിക്കും എല്ലാം. ഉറുമ്പ് ഒരു സ്വാഭാവിക അടിമയാണ്. കുതിരയെ അടിമപ്പെടുത്തണം! ഉറുമ്പുകളും കുതിരകളും മനസ്സിലൂടെ വീണ്ടും ഓടുന്നു, ഇന്നിനി പണിയൊന്നും നടക്കില്ല. അകെ ഒരു ഓഫ് മൂഡ്.

ഉറങ്ങാൻ കിടന്നിട്ടും ഉറുമ്പുകളും കുതിരകളും വിടുന്ന മട്ടില്ല. ഉറുമ്പുകൾ ഒരു ലക്ഷ്യത്തിനു വേണ്ടി പാടുപെടുന്നു.കുതിരകളാകട്ടെ ചുറ്റുപാടുകളിലേക്ക് കുതിക്കുന്നു. ഉറുമ്പുകളെ നാം അടിമപ്പെടുത്തിയിട്ടില്ല, നാം അവയെ അനുകരിക്കാൻ ശ്രമിക്കുന്നു. കുതിരകളെ നാം അടിമപ്പെടുത്തുന്നു, അവക്ക് യാതൊരു ഉപയോഗവുമില്ലാത്ത പതക്കങ്ങളും പതാകകളും നൽകി ആദരിക്കുന്നു. ചിന്തകൾ എപ്പോഴോ ഉറക്കത്തിനു വഴി മാറി.

ഇന്നും വിയർത്തു കുറിച്ചാണ് ഉറക്കമെഴുന്നേറ്റത്. സ്വപ്നം തന്നെ!

കുറെ മഹാ സൈന്യങ്ങൾ യുദ്ധമുഖത്താണ്, സൈനികരെല്ലാം മൂഖംമൂടി വച്ചിരിക്കുന്നു. അവർക്കു പുറകിൽ വലിയ പ്രസ്ഥാനങ്ങൾ നിൽക്കുന്നു, അതിലെ സൈദ്ധാന്തികരെല്ലാം മുഖംമൂടി വച്ചിരിക്കുന്നു. ഒരു വലിയ കാറ്റിൽ മുഖംമൂടികളെല്ലാം പറന്നുപോയി, എല്ലാവര്ക്കും ഉറുമ്പുകളുടെ മുഖം! റാണി ഉറുമ്പുകളെ സർവ്വശക്തരായി വാഴ്ത്തിക്കൊണ്ട് അവർ ആരവത്തോടെ ഭക്തിയോടെ കറങ്ങിക്കൊണ്ടിരിക്കുന്നു.

ഇടയിൽ അതാ ഒരു കുതിര! അത് കിതക്കുന്നു, കുതറുന്നു! ഉറുമ്പുകൾ അതിനെ പൊതിയുകയാണ്. ചാട്ടവാറുകളും ബ്ലിങ്കറുകളും ഇപ്പോൾ ഉറുമ്പുകളും! കുതിച്ച കുതിര കാലിടറി ഒരു തടാകത്തിലേക്ക് വീണു.അവ്യക്തമായി അതിന്റെ മുഖം തടാകത്തിൽ തെളിഞ്ഞു.

അയ്യോ! ആ കുതിരക്ക് എന്റെ മുഖം! പിന്നെങ്ങിനെ വിയർക്കാതിരിക്കും?

മുഖം കഴുകിയിട്ട് ഞാൻ കണ്ണാടിയിലേക്ക് സൂക്ഷിച്ച് നോക്കി. എന്നിൽ കുതിരയുടെ ഛായയാണോ ഉറുമ്പിന്റെ ഛായയാണോ കൂടുതൽ? വേണ്ട, മുറ്റത്തിറങ്ങി ആകാശത്തേക്ക് നോക്കി നിൽക്കാം. പത്രം വരൻ ഇനിയും സമയമുണ്ട്. കുറച്ചു നേരം ചുമ്മാ നിൽക്കാം.

മതിലിൽ നിന്ന് ഒരു പൂച്ച ചാടി എന്റെ മുന്നിൽ വന്നു നിന്നു. അത് എന്റെ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കി. അപകടകാരിയല്ല എന്ന് ഉറപ്പു വരുത്തിയശേഷം എങ്ങോട്ടോ ഓടിപ്പോയി. അത് ആ സമയത്ത് എന്നെ അവിടെ പ്രതീക്ഷിച്ചില്ല എന്ന് തോന്നുന്നു.

നാമില്ലാത്ത സമയത്ത് എത്രയെത്ര ജീവികൾ ഇതുപോലെ നാം നമ്മുടേതെന്നു കരുതുന്ന സ്ഥലങ്ങളിലൂടെ അധികാരത്തെക്കുറിച്ച് വേവലാതിപ്പെടാതെ കടന്നുപോകുന്നുണ്ടാകും? മനുഷ്യൻ ഏറ്റവും വിഡ്‌ഡിയായ ജീവിയാണോ? പൂച്ചകളെയും നമ്മൾ അടിമപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു. എങ്കിലും പൂച്ചകൾ നമ്മോടൊപ്പം ജീവിക്കുമ്പോഴും സ്വതന്ത്രമായി വിഹരിക്കുന്ന ചുരുക്കം ജീവികളിലൊന്നാണ്.

പൂച്ചകളെ സ്വപ്നം കാണാൻ ഞാൻ എന്ത് ചെയ്യണം?