നമ്മളില്ലാത്ത കുറെ ഋതുക്കൾ പൊഴിഞ്ഞു പോയി 

ഉണങ്ങിയ അക്ഷരങ്ങൾ പറഞ്ഞു.

നെറ്റു തീർന്നപ്പോൾ കേറി വന്നതാവും 

വെള്ളിമീശകൾ വിറപ്പിച്ചു പുസ്തകപ്പുഴു പരിഹസിച്ചു .

 

 

മഷിയുടെ മണം കൊണ്ടാൽ കൂമ്പു വിടർത്താൻ 

പാകത്തിൽ കിടന്നിരുന്ന താളുകൾ 

കുനിഞ്ഞിരുന്നയെന്റെ  പേനയെ ഭൂതകാലത്തിൽ നിന്നുറ്റു  നോക്കി 

 

രണ്ടാണ്ടു മുൻപു കോറി വച്ച, മുഴുമിക്കാത്തൊരാത്മ കവിതയായിരുന്നുവത്.

അന്യ ദേശത്തെ വാടക വീട്ടിൽ, ഒരൊഴിവു ദിന മടുപ്പിൽ വിയർക്കേ 

പൊടുന്നനെയടർന്നു വീണ പേമഴയും

മുൻകോപിയമ്മാവനെ പോലത്തെ കാറ്റും, വാതിലും ജനലും 

വാരിയടച്ചെന്നെ ഏകാന്ത തടവിലിരുത്തിയപ്പോൾ 

നാട്ടിലെ ഇറയത്തൂർന്നിറങ്ങുന്ന മഴനൂൽ മണികളെക്കുറിച്ചോർത്തെഴുതിയത് .

 

പരദേശത്തെ മഴ ഭൂമിയുടെ പൊക്കിൾക്കൊടികളാണ്.

കനിവുള്ള സ്പർശമോടെയത് വീട്ടിലെ മഴമണത്തിലേക്ക് 

നമ്മെ അരുമയോടെ ചേർത്തണക്കും.

അതിരുകൾ മായ്ച്ച് മായ്ച്ച് നമ്മെ ഒരൊറ്റ ദേശത്തെ 

ആദിമ ജനതയാക്കും, ഒറ്റ ഗോത്രമായ് ഒരിടത്തിരുത്തും.

മഴയുടെയാദി താളത്തിൽ നമ്മളൊരു രാഗമാകും.

 

വെയിൽചെക്കൻ വറുത്തു പൊട്ടിക്കുന്ന റബ്ബർക്കായകളുടെ ഞരക്കം പോലെ 

ഫോണിൽ നോട്ടിഫിക്കേഷൻ ടോണുകളുയർന്നപ്പോൾ 

പേനയിൽ നിന്നും അക്ഷരങ്ങൾ സ്മൃതിയറ്റു വീണു.

 

വരിവെള്ളം പോലൊലിച്ചു വന്ന മെസ്സേജുകളെ തേവാൻ വിരലുകൾ 

പേന വെടിഞ്ഞോടിയപ്പോൾ ബാക്കിയക്ഷരങ്ങൾ 

താളിന്റെ പാതി വിജനതയിൽ ഒറ്റപ്പെട്ടു.

 

മെസ്സേജുകളുടെ കൈത്തോടുകളിലേക്കൊലിച്ചു പോയ വിരലുകൾ 

പഴയ എഴുത്തു പുസ്തകം തേടി വന്നതിന്ന്.

ഡാറ്റാ ലിമിറ്റ് തീർന്ന പകലിൽ, വിരസതയുടെ മേഘങ്ങളുരുണ്ടു കൂടവേ.

 

അലമാരയിൽ, ഇരുണ്ട നിശബ്ദത വാടകയ്‌ക്കെടുത്തൊരറയിൽ,

ഇന്നലെകളുടെ സ്മൃതികളാൽ വിശപ്പാറ്റി കിടന്ന പുസ്തകം  

ധൂർത്ത പുത്രന്റെ അമ്മയെ പോലെ, വിരലുകളെ വരവേറ്റു.

അച്ഛനെ പോലെ, പുസ്തകപ്പുഴു ഒരരികിലേക്ക് പിൻവാങ്ങി.

 

ഉണങ്ങിയ അക്ഷരങ്ങളിലേക്കിത്തിരി വെള്ളവും വെളിച്ചവും 

തളിക്കാനാവതില്ലാതെ, വിരലുകൾ  വാതിൽപ്പടിയിൽ തന്നെ 

നിശബ്ദം തല കുനിച്ചു നിൽക്കുകയാണിപ്പോൾ
                               ———-