സമയം ഒരുപാടായി ആയി വീട്ടിലെ ആഘോഷങ്ങൾ എല്ലാം കഴിഞ്ഞു കാണും. ഒരനക്കവുമില്ല. ക്ഷീണം കാരണം എല്ലാവരും നേരത്തെ ഉറങ്ങിക്കാണും.

ഒരു വലിയ ഒച്ച കേട്ടാണ് ഞാൻ ഉണർന്നത് എൻറെ മുന്നിൽനിൽക്കുന്ന ആളിനെ എനിക്ക് എവിടെയോ കണ്ട നല്ല പരിചയം ഉണ്ടല്ലോ..

അതെ!! ഈ മുഖം ഇത് ഞാൻ ഇതിനുമുൻപ് കണ്ടിട്ടുണ്ടല്ലോ എന്നാലും ആരാണയാൾ??

ഇയാൾ എന്തിനാണ് എൻറെ അടുത്തേക്ക് വരുന്നത്?? ങേ!! ഇയാൾ എന്തിനാണ് എൻറെ മുറിയുടെ വാതിൽ അടയ്ക്കുന്നേ… വാതിൽ തുറക്ക്… അമ്മ എവിടെ??

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവിടെ ഒരു വെളിച്ചം കണ്ടു…. ആ വെളിച്ചം കണ്ട ഭാഗത്തേക്ക് ഞാൻ ഓടി. കുറേ ദൂരം ഓടിയ ശേഷമാണ് ആണ് എനിക്ക് സ്ഥലകാലബോധം വന്നത്. ഇത് ഏത് സ്ഥലമാണ്. ??

ഞാൻ ഇവിടം ഇതിനുമുമ്പ് കണ്ടിട്ടില്ലല്ലോ?? പതിവില്ലാതെ ഒരുപാട് ഓടിയത് കൊണ്ടാണോ അതോ ഉച്ചവെയിലിൻറെ കാഠിന്യം കൊണ്ടാണോ എന്നറിയില്ല ഒരു മരച്ചുവട്ടിലെ തണൽ കണ്ടപ്പോൾ ഞാൻപോലുമറിയാതെ എൻറെ കാലുകൾ അങ്ങോട്ടേക്ക് പോയി, ശരീരം തളർന്നു പോയി, കണ്ണുകൾ താനേ അടഞ്ഞു പോയി.

ഞാൻ ജനിച്ചത് ഒരു വലിയ വീട്ടിൽ ആയിരുന്നു. എൻറെ ഇതുവരെയുള്ള ജീവിതം വളരെ സന്തോഷം നിറഞ്ഞതായിരുന്നു ഒരു നഷ്ടം ഒഴികെ.

എൻറെ ചേച്ചിയുടെ യാത്രയായിരുന്നു അത്. ഞങ്ങൾ രണ്ടുപേരും തമ്മിൽ മണിക്കൂറുകളുടെ വ്യത്യാസം മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്നിട്ടും ഞങ്ങൾ രണ്ട് വ്യത്യസ്ത തരക്കാർ ആയിരുന്നു. രൂപത്തിലും സ്വഭാവത്തിലും ഒക്കെ വ്യത്യസ്തർ.

അവൾ ഒരു പാവമായിരുന്നു. ശാന്ത സ്വഭാവകാരി അധികം ആരോടും മിണ്ടാറില്ല, ബഹളമില്ല… അങ്ങനെ എന്നിൽനിന്നും നേർവിപരീത.

ആദ്യമൊന്നും അവർക്കു പറയത്തക്ക അസുഖങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ ഇടയ്ക്കെപ്പോഴോ അവൾ എൻറെ കൂടെ കളിക്കാതെ ആയി, പതിയെ ഒരു മൂലയിൽ പോയി ഇരിപ്പായി. എന്തിനാ ഭക്ഷണം പോലും കഴിക്കാതെയായി.

അങ്ങനെയിരിക്കെ ഒരു ദിവസം വെളുപ്പിന് അവൾ പതിവില്ലാതെ നേരത്തെ ഉണർന്നു കുറച്ച് പാലു മാത്രം കുടിച്ചു പിന്നെ വീണ്ടും ഒന്നും മിണ്ടാതെ പോയി കിടന്നു.പിന്നെ അവൾ ഉണർന്നില്ല….

അന്ന് ആദ്യമൊന്നും അവൾക്ക് എന്താണ് സംഭവിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല. അവളെ എല്ലാവരും കൂടെ എടുത്തു കൊണ്ട് പോകുന്നത് കണ്ടു പിന്നെ അവൾ തിരിച്ചു വന്നില്ല…..

പതിയെ അവളെ എല്ലാരും മറന്നു, ഈ ഞാനും!!

അവൾ എവിടെയാണെന്നോ എന്ത് ചെയ്യുകയാണെന്നോ ഞാൻ ആരോടും ചോദിച്ചില്ല കാരണം എനിക്ക് അറിയാമായിരുന്നു അവൾ ഇനി ഒരിക്കലും തിരിച്ചു വരാൻ പോകുന്നില്ലെന്ന്.

പതിയെ വീട്ടിൽ എല്ലാം പഴയ പോലെ ആയി…..

എല്ലാവർക്കും എന്നെ വലിയ കാര്യമായിരുന്നു!! ഒത്തിരി സ്നേഹം, സന്തോഷം…

അങ്ങനെ ഒരുപാട് നല്ല ദിവസങ്ങൾ കടന്നു പോയി….

ആയിടയ്ക്കാണ് വീട്ടിൽ ഒരു പാർട്ടി നടത്തുന്നതിനെപ്പറ്റി എല്ലാരും പറയുന്നത് ഞാൻ കേട്ടത്. വലിയ തയ്യാറെടുപ്പുകൾ ആയിരുന്നു അന്ന് വീട്ടിൽ. ഒത്തിരി പുതിയ തരം ഭക്ഷണങ്ങൾ, വർണ്ണ തോരണങ്ങൾ അങ്ങനെ ആകെ ഒരു മേളം തന്നെ.

ഇന്ന് വൈകുന്നേരമാണ് പാർട്ടി. അതിഥികൾ എല്ലാവരും എത്തുന്നത് യുള്ളൂ… ഒരു 7 മണി ആയപ്പോഴേക്കും പാർട്ടി തുടങ്ങി. എല്ലാവരും എന്നോട് വലിയ കാര്യമായിട്ടാണ് പെരുമാറിയത്. കുട്ടികൾ എല്ലാവരും ഒത്തിരിനേരം ഞാനുമായി കളിച്ചു. പിന്നെ ഞങ്ങൾ എല്ലാവരും ഭക്ഷണം കഴിച്ചു. ഒത്തിരി നേരം ഓടിക്കളിച്ച് കൊണ്ടാണെന്നു തോന്നുന്നു ഞാൻ ഒരുപാട് തളർന്നുപോയി വേഗം ഒന്നു കിടക്കാൻ പറ്റിയെങ്കിൽ എന്ന് ആഗ്രഹിച്ചു, പക്ഷേ അപ്പോഴും മുതിർന്നവർ എന്തൊക്കെയോ വിഷയങ്ങളിൽ ചർച്ചയിലായിരുന്നു.

അവരെപ്പോഴും ഇങ്ങനെ എന്താ ചർച്ച ചെയ്യുന്നത് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് എന്നാൽ ഉത്തരമൊന്നും കിട്ടാറില്ല അവരെല്ലാവരും ഒത്തുകൂടുമ്പോൾ എപ്പോഴും എന്തെങ്കിലും വിഷയങ്ങൾ കിട്ടാറുണ്ട് ചർച്ച ചെയ്യാൻ.

കുടുംബ വിഷയങ്ങളോ, രാഷ്ട്രീയ കാര്യങ്ങളോ, ലോക കാര്യങ്ങളോ, കായിക മോ, സൗന്ദര്യമോ, അങ്ങനെ എന്തിനെപ്പറ്റിയും അവർ ചർച്ച ചെയ്യാറുണ്ട്.

വീടുമുഴുവൻ ആളും തിരക്കും ആയതുകൊണ്ട് ഞാൻ എന്നും കിടക്കുന്നിടത്ത് നിന്നും മാറി ഒച്ചയും ബഹളവും ഇല്ലാത്ത ഒരു മുറിയിൽ കിടന്നാണ് ഉറങ്ങിയത്.ഇതുവരെ എല്ലാം എൻറെ ഓർമ്മയിൽ ഉണ്ട് എന്നാൽ കണ്ണുതുറന്നപ്പോൾ ഞാൻ കണ്ടതൊന്നും മുൻപേ എനിക്ക് പരിചയമുള്ളതായിരുന്നില്ല.

കണ്ണുതുറന്നപ്പോൾ ഇവിടെ മുഴുവനും ഇരുട്ട് പരന്നിരുന്നു. ഞാൻ കുറെനേരം വെറുതെ ആ വഴിയിലൂടെ നടന്നു. എനിക്ക് പരിചിതമായിരുന്നുതല്ല ഈ വഴികളൊന്നും, ഞാൻ കണ്ട വീടുകളോ ആൾക്കാരോ ഇവിടെയില്ല. എനിക്ക് അമ്മയെ കാണാൻ കൊതിയായി. എന്നും ഞാൻ ഒന്നുറക്കെ വിളിച്ചാൽ അമ്മ ഓടി വരുമായിരുന്നു എന്നാൽ ഇന്ന് ഞാൻ എത്ര വിളിച്ചിട്ടും അമ്മയുടെ മറുപടി വന്നില്ല. ഇനി എനിക്ക് എന്ന് എൻറെ വീടും വീട്ടുകാരെയും കാണാൻ പറ്റും. എൻറെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി. എനിക്ക് വല്ലാതെ വിശപ്പു തോന്നിത്തുടങ്ങി, ഇന്നലെ ഈ നേരത്ത് ഞാൻ അവസാനം ഭക്ഷണം കഴിച്ചത്. എനിക്ക് വിശപ്പ് വല്ലാതെ കൂടി വന്നു എന്നാൽ ഭക്ഷണം മാത്രം കാണുന്നില്ല. ഒത്തിരി ദൂരം കൂടി മുന്നോട്ടു നടന്നപ്പോൾ ഒരു പാത്രത്തിൽ കുറച്ച് വെള്ളം കണ്ടു. ദാഹം കാരണം മറ്റൊന്നും ചിന്തിക്കാതെ ഞാനാ വെള്ളം മുഴുവനും കുടിച്ചു.

തിരിഞ്ഞുനോക്കിയപ്പോൾ എൻറെ കണ്ണുതള്ളിപ്പോയി. ഒരു നിമിഷം ഞാൻ പകച്ചു പോയി, ഒരു മൂന്നുനാല് പട്ടികൾ… എനിക്ക് ജീവൻ പോയത് പോലെ തോന്നി, ഞാൻ സർവ്വശക്തിയുമെടുത്ത് ഓടി, ഓടിയോടി ഞാൻ രാവിലെ ചെന്ന് കയറിയ ആ മരത്തിൻറെ പിന്നിലായി നിന്ന് ഒരു കാറിൻറെ പുറകിൽ പോയി ഒളിച്ചു. ദൈവമേ അതുങ്ങൾ എന്നെ കണ്ടു കാണരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഞാൻ അവിടെത്തന്നെ ഒളിച്ചുനിന്നു. അന്നേരം എൻറെ മനസ്സിലൂടെ ഒരുപാട് ചിന്തകൾ പോയി, എന്നെ അന്വേഷിച്ച് എന്താ ആരും വരാത്തെ….. എന്നെ ആർക്കും വേണ്ടേ….. എൻറെ അമ്മ എന്നെ കാണാതെ വിഷമിച്ചു കാണുമോ….

ഇങ്ങനെയൊക്കെ ചിന്തിച്ചു വിഷമിച്ച് ഞാൻ അവിടെ ഇരുന്നു പ്രാർത്ഥിച്ചു എന്നെങ്കിലും എന്നെ എൻറെ അമ്മയുടെ അടുത്ത് തിരിച്ചെത്തികെണെന്ന്.

കുറച്ചു സമയം കഴിഞ്ഞപ്പോൾ പട്ടികളുടെ കുര നിന്നു. പക്ഷേ പുറത്ത് എന്തായെന്ന് ചെന്ന് നോക്കാനുള്ള ധൈര്യം വന്നില്ല, ഞാൻ അവിടെ ഇരുന്നു പതുക്കെ കണ്ണുകളടച്ചു.

ഒരു തണുത്ത കാറ്റ് വന്ന് കവിളിൽ തൊട്ടപ്പോളാണ് ഞാൻ കണ്ണുതുറന്നത്. ഇനിയൊരിക്കലും എനിക്ക് എൻറെ കുടുംബത്തിന് കാണാൻ കഴിയില്ലല്ലോ എന്ന് വിഷമിച്ചു എൻറെ വീടിനെ കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു ഒരു കുഞ്ഞു വിളി കേട്ടത്. ഈ വിളി!! ഇത് ഞാൻ മുൻപും കേട്ടിട്ടുണ്ടല്ലോ!! എന്നാലും എവിടെവച്ചാണ് എന്ന് ഓർമ്മ കിട്ടുന്നില്ല.

ങാ!!

ഈ ശബ്ദം ഞാൻ കേട്ടത് അന്ന് വീട്ടിൽ വച്ചല്ലേ…… ഇപ്പൊ വിളിച്ച് ആ പേര് അവിടെ എന്നെ എല്ലാരും ഇഷ്ടത്തോടെ വിളിക്കുന്നതല്ലേ……

ശബ്ദം കേട്ട ഭാഗത്തേക്ക് ഞാനൊന്ന് തലനീട്ടി നോക്കി. എനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി. ഞാൻ കാത്തിരുന്ന എൻറെ കൂട്ടുകാർ വന്നു എന്നെ തിരിച്ചുകൊണ്ടുപോകാൻ. ഞാൻ അവളെ കണ്ട് അവളുടെ അടുത്തേക്ക് ഓടിച്ചെന്നു, എന്നെ കണ്ട് ഉടനെ അവളും ഓടി വന്നെന്നെ കെട്ടിപ്പിടിച്ചു.

ഞങ്ങൾ കാറിനുനേരെ ഓടിച്ചെന്നു. ഹോ!!…. അങ്ങനെ രണ്ടുദിവസത്തിനുശേഷം അങ്ങനെ ഞാൻ തിരിച്ച് എൻറെ വീട്ടിലേക്ക്……

വഴിയിൽ മുഴുവനും ഞങ്ങൾ രണ്ടുപേരും കുറെ കാര്യം പറഞ്ഞു എന്തൊക്കെയാണെന്ന് സത്യം പറഞ്ഞാൽ എനിക്ക് പോലും ഓർമ്മയില്ല. ഇനി ഒരിക്കലും തിരിച്ചു പോകാൻ പറ്റില്ല എന്ന് കരുതിയതായിരുന്നു ഞാൻ എന്ന ദൈവം എന്ന് കൈവിടില്ല അങ്ങനെ LOST KITTEN തിരിച്ചു വീട്ടിലെത്തി.

ഇനിയും ഈ കഥയിൽ ആദ്യം പറഞ്ഞ ആ LOST KITTEN ആരാണെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ?? അത് ഞാനാണ്!! പക്ഷേ ഇപ്പോൾ ഞാൻ തിരിച്ച് വീട്ടിലെത്തി. ഒരിക്കലും മറക്കാൻ പറ്റാത്ത എൻറെ ജീവിതത്തിലെ ഒരു അനുഭവമാണ് ഞാൻ നിങ്ങളോട് പങ്കു വെച്ചത്.

വീട്ടിലെ പാർട്ടിക്ക് വന്നവരുടെ കാറിൻറെ bonnetൽ കയറി എവിടെയോ വന്നിറങ്ങിയ ഞാൻ ഭാഗ്യം കൊണ്ടാ തിരിച്ചു വീട്ടിൽ എത്തിയത്.