“ജനനവും മരണവും കടന്ന് മോക്ഷപ്രാപ്തിയിലേയ്ക്കുള്ള പ്രയാണമാരംഭിക്കാൻ തയ്യാറായി നിൽക്കുന്ന മകനേ നീ അറിയുക. കടന്നുവന്ന വഴികളിൽ നീ അവശേഷിപ്പിച്ച ഇരുണ്ട കാല്പാടുകൾ തുടച്ചു മാറ്റുന്നതിന് നിന്റെ വരുംതലമുറകൾ കൊടുംപീഡനമനുഭവിക്കാൻ ഇടയാകുമാറാകട്ടെ . അതു വരെ നീ ഭൂമിയിൽ വീണ്ടും പ്രാണിയായും മൃഗമായും മനുഷ്യനായും മറ്റും പുനരവതരിച്ചു കൊണ്ടേയിരിക്കുമാറാകട്ടെ. “

“അയ്യോ !!! ഇതിൽ നിന്നും എന്റെ കുഞ്ഞുങ്ങളെയും അവരുടെ തലമുറകളെയും രക്ഷിക്കാൻ എനിക്ക് ഒന്നും ചെയ്യാനാകില്ലെ?… പറഞ്ഞു തരു ചൈതന്യമേ ?”

“നിന്റെ തുടർയാത്രക്കിടയിൽ നിനക്കെപ്പോഴെങ്കിലും ഭൂമിയുടെ നിഗൂഢതയിൽ ആണ്ടുകിടക്കുന്ന പൊൻചിമിഴിൽ മൂടിവെക്കപെട്ട മുക്തിമണി നേടിയെടുക്കാൻ സാധിച്ചാൽ നിനക്കും നിന്റെ പിന്തലമുറക്കാർക്കും ഈ ശാപത്തിൽ നിന്നും കരകയറാം.”

“അതെവിടെയുണ്ട് ?”

“7 കടലും 7 മലകളും താണ്ടി അറിവിനും, അടുപ്പത്തിനും അപ്പുറമുള്ള പൊരുൾ കണ്ടെത്തുക. അവിടെ ഇതിന് നിനക്കുത്തരം ലഭിക്കും.”

ഇത്രയും പറഞ്ഞ് ആ ചൈതന്യം അപ്രക്ത്യക്ഷമാവുകയും ഞൊടിയിടയിൽ അവൻ ഒരു പക്ഷിയായി പുനർജ്ജനിക്കുകയും ചെയ്തു.

സിറ്റിയുടെ കേന്ദ്രഭാഗത്തു സ്ഥിതിചെയ്യുന്ന ഫ്ളാറ്റിന്റെ പിന്നാമ്പുറത്തായുള്ള ഒരു പറമ്പിലെ മരത്തിലാണ് അവനും കൂട്ടാളികളും കൂടുകൂട്ടിയിരുന്നത്. കുറച്ചപ്പുറത്തെ ആൾപ്പാർപ്പില്ലാത്ത ഒഴിഞ്ഞ മൈതാനത്തിലെ അഴുക്കു കൂമ്പാരം അവർക്കു് നിത്യ ഭക്ഷണം നല്കിപ്പോന്നു. അതിലെ പൊട്ടും പൊടിയും വേണ്ടതും വേണ്ടാത്തതുമെല്ലാം കൊത്തിപ്പെറുക്കി ആനന്ദത്തിൽ ജീവിക്കുകയായിരിരുന്നു അവൻ. അവിടെയെങ്ങാനും മുക്തിമണിയെപ്പറ്റി ആർക്കെങ്കിലും അറിവുണ്ടോ എന്നന്വേഷിക്കാൻ അവൻ മറന്നില്ല. പക്ഷെ ആർക്കും അതേപ്പറ്റി അറിയില്ലായിരുന്നു. ദേശാടനക്കിളികൾ ഇപ്പോൾ ദേശാടനത്തിനു പോകുന്നത് കുറച്ചുവത്രെ. അവയ്ക്ക് ആവശ്യത്തിനുള്ള ഭക്ഷണവും സൗകര്യവും ഇവിടെത്തന്നെയുള്ളപ്പോൾ എന്തിനു വെറുതെ പാറിനടക്കണം.

അങ്ങനെ നാളുകൾ കഴിക്കവേ അവന്റെ പ്രിയകൂട്ടുകാരി അവനോടു പറഞ്ഞു ഒരു വീട്ടിനുള്ളിൽ ഒരു സ്വർണ ചിമിഴു കണ്ടെന്ന്. അതെടുക്കാൻ പോയപ്പോൾവീട്ടുകാർ ജനാല കൊട്ടിയടച്ചെന്ന്. അല്പം കഴിഞ്ഞു് അങ്ങോട്ട്ക്ക് വീണ്ടും പോയി നോക്കാമെന്നവർ തീരുമാനിച്ചു. എന്നാൽ പെട്ടെന്ന് അവൾക്കു് വല്ലാത്ത ഒരസ്വാസ്ഥ്യം അനുഭവപെട്ടു. അവൾ ക്ഷീണിതയായി കാണപ്പെട്ടു. ദാഹിച്ചു വലഞ്ഞ അവൾ ഇടയ്ക്കിടെ ഛർദ്ദിക്കുകയും, സദാ കൊക്കുകൊണ്ട് ശരീരം ചൊരിഞ്ഞു മുറിക്കുകയും ചെയ്തു കൊണ്ടിരുന്നു. ഒടുവിൽ നുരയും പതയും ഒലിപ്പിച്ച് അവൾ അവസാന ശ്വാസം വലിച്ചു. ഈ സംഭവം അവനെ വല്ലാതെ വിഷമിപ്പിച്ചു.

അങ്ങനെയിരിക്കെ ഒരു ദിവസം കുപ്പക്കൂമ്പാരത്തിനിടയിൽ ഒരു ചെറിയ തിളക്കം അവന്റെ ശ്രദ്ധയിൽപ്പെട്ടു. അത് സ്വർണ്ണച്ചിമിഴാണെന്ന് അവനു ബോധ്യമായി. അവൻ തന്റെ കൊക്കുകൾ കൊണ്ട് ചികഞ്ഞു. ഏറെ നേരം പരിശ്രമിച്ചു. പെട്ടെന്ന് എന്തോ ഒരു മറ അവന്റെ മേൽ വന്നു പതിച്ചു. അവനൊന്നും കാണാനായില്ല. ശ്വാസമെടുക്കാനുമായില്ല. മാലിന്യത്തിലുണ്ടായിരുന്ന ആ പ്ലാസ്റ്റിക് കൂടിനുള്ളിൽപ്പെട്ട പക്ഷി പിടഞ്ഞു മരിച്ചു…..

“അല്ലയോ ചൈതന്യമേ! ഒരല്പം പ്രാണൻ എനിക്ക് കടം തന്നിരുന്നെങ്കിൽ ഞാനാ ചിമിഴ് തുറന്നു മുക്തിമണി നേടിയെടുക്കുമായിരുന്നില്ലേ ?”

“എടുക്കുമായിരുന്നു… പക്ഷെ നീ തന്നെയാണ് ആ പ്രാണനും കൂടെ ഊറ്റിയെടുത്ത്”

“ഞാനോ ? അതെങ്ങനെ ?”

“പറഞ്ഞു തരാം. നിൻറെ ഫ്ലാറ്റിൽ നിന്നും നീ അശ്രദ്ധമായി പുറംതള്ളിയ കുപ്പക്കൂമ്പാരത്തിലെ കൂടാണ് നിന്നെ ശ്വാസം മുട്ടിച്ചു കൊന്നത്. അതിലുണ്ടായിരുന്ന വിഷപദാർദ്ധം ഭക്ഷിച്ചാണ്‌ നിന്റെ കൂട്ടുകാരി മരണമടഞ്ഞത്”

ഇതു പറഞ്ഞ ചൈതന്യം വീണ്ടും അപ്രത്യക്ഷമായി. പൊടുന്നനെ അവനൊരു മത്സ്യമായി കടലിൽ പുനർജ്ജനിച്ചു.

കടലിനടിയിലെ മത്സ്യ ജീവിതത്തിൽ അവൻ ഒരുപാട് സുഹൃത്തുക്കളുണ്ടാക്കി. അവരിൽ അടുപ്പമുള്ളവരോട് അവൻ മുക്തിമണിയെ കുറിച്ച് തിരക്കി. ആഴക്കടലിലെ ഇളം ചൂടുള്ള പ്രദേശങ്ങളിലെ പവിഴപ്പുറ്റുകളിൽ (Tropical coral reefs) ഇത്തരം അസാധാരണത്വം തോന്നുന്ന ഒരു ചെപ്പു പണ്ടെപ്പോഴോ കണ്ടതായി മത്സ്യ മൂപ്പൻ പറഞ്ഞു. എന്നാൽ ഇന്ന് അങ്ങോട്ടേയ്ക്ക് തനിക്കു നീന്തിപ്പോവാനുള്ള ശക്തിയില്ലെന്നും, അവിടങ്ങളിൽ പണ്ടു താമസിവച്ചിരുന്ന തന്റെ സുഹൃത്തുക്കൾ അവിടം വിട്ടു മറ്റൊരിടത്തേക്ക് പോയെന്നും, പിന്നെയും തങ്ങിയവർ മരണപ്പെട്ടെന്നും മത്സ്യമൂപ്പൻ പറഞ്ഞു. ഇത് മനസ്സിലാക്കിയ അവൻ ആ പറഞ്ഞ സ്ഥലത്തേയ്ക്ക് ഒറ്റയ്ക്ക് നീന്താൻ തുടങ്ങി. ചൂടുകൂടിയ മേഘലയിലേക്കെത്തിച്ചേർന്നതായി അവനു മനസ്സിലായി. ഇരുട്ടും വല്ലാത്തൊരസ്വസ്ഥതയും അവനനുഭവപ്പെടാൻ തുടങ്ങി. ഒരു പവിഴ പുറ്റു പോലും കണ്ടെത്താനായില്ല. ശ്വാസമെടുക്കാൻ സാധിക്കാത്ത അവസ്ഥ. വല്ലാത്ത വിശപ്പും. മറ്റു മത്സ്യങ്ങളോ പ്ലവകങ്ങളോ ഒന്നും തന്നെ കണ്ടെത്താൻ അവനു സാധിച്ചില്ല. കുറേ സമയത്തിനു ശേഷം അതാ അവിടെ ഒരു നേരിയ വെളിച്ചം. അതെ! അതു ഒരു സ്വർണ ചിമിഴല്ലേ ? അവൻ ആവേശത്തോടെ നീന്തി. എന്നാൽ വിശപ്പും ക്ഷീണവും ശ്വാസമില്ലായ്മയും അവനെ തളർത്തി. പക്ഷെ സന്തതി പരമ്പരകളെ രക്ഷിക്കാനായി അവൻ ആഞ്ഞു നീന്തി. പറ്റുന്നില്ല. ശരീരത്തിൽ എന്തൊക്കെയോ പറ്റിപ്പിടിക്കുന്ന പോലെ. ഒടുവിൽ ശേഷിച്ച അല്പം ശ്വാസം വലിച്ചെടുത്തു അവൻ തൻ്റെ ശ്രമത്തിന് അടിയറ പറഞ്ഞു……

“ചൈതന്യമേ!! ഇത്തവണയും എനിക്ക് അവസരം നിഷേധിക്കപ്പെട്ടു”

” നിന്റെ കമ്പനിയിൽ നിന്നും കൊണ്ടുവന്ന് തള്ളിയിരുന്ന മാലിന്യങ്ങളാണ് ആ കടലിന് ഈയവസ്ഥയുണ്ടാക്കിയത്. മാത്രമല്ല നിന്റെ പല സ്ഥാപനങ്ങളിൽ നിന്നും പുറംതള്ളിയ മാലിന്യങ്ങൾക്ക് കൃത്യമായ നിയന്ത്രണങ്ങൾക്കനുസൃതമായ അതിർ രേഖകൾ (ലൈനിങ് ) തീർക്കുന്നതിൽ നീ വീഴ്ച വരുത്തി. അങ്ങനെ അതിലൂടെ ഊർന്നു വരുന്ന അമോണിയ
അടങ്ങിയ leachate പല ജല സ്രോതസ്സുകളെയും മലിനമാക്കി. നീന്തുമ്പോൾ നീ അനുഭവിച്ച ശ്വാസമിലായ്മ നിന്റെ ഈ പ്രവൃത്തി കൊണ്ടുണ്ടായ oxygen ക്ഷയം കാരണമാണ്. നിനക്ക് താമസിക്കാനുള്ള പവിഴപ്പുറ്റുകൾ പോലും നീ നശിപ്പിച്ചു. കഴിക്കാനുള്ള ഭക്ഷണവും ഇല്ലാതാക്കി. ഇതൊന്നും പോരാഞ്ഞ് പക്ഷിയായിരുന്ന കാലത്തു് നീ അപകടകരമായ വസ്തുക്കൾ കൊത്തിപ്പെറുക്കി പല തടാകങ്ങളിലും പുഴകളിലും എറിഞ്ഞു. അവ ഇവിടെ എത്തിച്ചേർന്നു. അത് നിന്റെമേൽ കുമിഞ്ഞു കൂടിയ വിഷത്തിനാക്കം കൂട്ടി.”

ഇത്തവണ അവനൊരു ഹിമക്കരടിയായി രൂപാന്തരപ്പെട്ടു. ആർട്ടിക് സൂര്യന്റെ ഇളം വെയിലേറ്റു മദിച്ചും, കടൽമഞ്ഞിന്റെ ആഴങ്ങളിൽ നിന്നും കടൽനായകളെ വേട്ടയാടിയും, മഞ്ഞിന്റെ മൂടുപടം സുന്ദരമാക്കിയ ഹിമരാജഭൂവിൽ അവൻ ആനന്ദിച്ചു നടന്നു.നാളുകൾ കഴിയവേ അവന്റെ വാസസ്ഥലത്തെ ചൂട് ക്രമാതീതമായി ഉയർന്നതിന്റെ ഭാഗമായി മഞ്ഞിൻപാളികൾ പലയിടങ്ങളിലും ഉരുകിയൊലിക്കാൻ തുടങ്ങി. അവനു് യഥേഷ്ടം കിട്ടിക്കൊണ്ടിരുന്ന സീലുകളുടെ എണ്ണത്തിലും കുറവ് നേരിട്ടു. അങ്ങനെ ജീവിതം ദുഷ്ക്കരമായി മുന്നോട്ടു പൊയ്കൊണ്ടിരിക്കവേ ഒരിക്കൽ മഞ്ഞുമലകൾക്കിടയിൽ ഒരു നേരിയ മിന്നലാട്ടം അവൻ ശ്രദ്ധിച്ചു. അതെ! സ്വർണ്ണച്ചിമിഴ്! അവൻ അങ്ങോട്ടേക്ക് കുതിച്ചു. എന്നാൽ അവനനങ്ങാൻ കഴിഞ്ഞില്ല, കാലുകൾ വിറയ്ക്കുന്നു, ശ്വാസ്സമെടുക്കാൻ പ്രയാസം. ഒടുവിൽ അന്ത്യനിദ്രക്കു തയാറായി അവൻ മരണത്തിനു കീഴടങ്ങി.

ചൈതന്യം പറഞ്ഞത് കേട്ട് അവൻ ഞെട്ടി. “നീയും കുടുംബവും നിന്റെ സ്ഥാപനവും കൊണ്ടുവന്നുതള്ളിയ മാലിന്യങ്ങളിൽ നിന്നും വമിച്ച മീതേൻ ഗ്യാസ് കാർബണെക്കാൾ 84 പ്രാവശ്യം കൂടുതൽ സൂര്യതാപം വലിച്ചെടുക്കാൻ കെല്പുള്ളവയാണ്. അതുകൊണ്ടുതന്നെ അതുയർത്തുന്ന കാലാവസ്ഥ വ്യതിയാനം ഏറെ വലുതാണ്. ഈ വ്യതിയാനം ആർട്ടിക് മേഖലയിലെ നിന്റെ ആവാസ മേഖലയെ ബാധിച്ചു. അങ്ങനെ അവിടുത്തെ ആവാസവ്യവസ്ഥ തടികംമറിഞ്ഞു. നിനക്കു ഭക്ഷണവും താമസവും നഷ്ടപ്പെട്ടു . ഇതൊന്നും പോരാഞ്ഞിട്ട് വിഷലിപ്തമായ ആഹാരം ഭക്ഷിച്ച് മരണം പ്രാപിച്ച മത്സ്യമായിരുന്ന നീ സമുദ്രപ്രവാഹം വഴി ഇവിടെ എത്തിച്ചേരുകയും അതിനെ ഹിമക്കരടികൾ ‘ഭക്ഷിക്കുകയും അവ രോഗബാധിതരാവുകയും ചെയ്തു അങ്ങനെ മരണപെട്ടു.

പിന്നെയവൻ ഒരു പട്ടിയായി ജനിച്ചു. യജമാനനു മുന്നിൽ വാലാട്ടി, അനുസരണയ്ക്കും വിശ്വസ്തതയ്ക്കുമപ്പുറം ഒരു ചിട്ടയുള്ള നായയായി അവൻ ജീവിതം ആസ്വദിച്ചു വരികയായിരുന്നു. ആയിടയ്ക്കാണ് തന്നെ ഏറ്റവും ലാളിച്ചു പോറ്റിയ യജമാനന്റെ മൂത്ത മകൾ മേരിക്കുട്ടി മഹാമാരി പിടിപെട്ടു മരണമടഞ്ഞത്. ദുരന്തങ്ങൾ ഒന്നിനു പുറകെ ഒന്നായി വന്നെത്തി. അപ്പോഴാണ് അവിടമാകെ പ്രളയം താണ്ഡവമാടിയത്. യജമാനനും കുടുംബവുമൊത്ത് ഒരു രക്ഷാ ബോട്ടിൽ കയറി രക്ഷപ്പെടാൻ തുനിയവേ തൻ്റെ കൂടിന്റെ ഒരു വശത്ത് ഇന്നു വരെ ശ്രദ്ധിക്കാത്ത ആ കോണിൽ ഒരു വെളിച്ചം അവൻ കണ്ടു. ഒരു മാത്ര യജമാനനെ ഭക്തിപുരസ്സരം നോക്കിയശേഷം അവൻ ആ കൂട്ടിലേക്ക്‌ തിരിഞ്ഞോടി. എന്നാൽ അവന്റെ ദുർബലമായ കാലുകൾക്ക് എതിർക്കാൻ കഴിക്കുന്നതിനേക്കാൾ ശക്തമായിരുന്നു ജലപ്രവാഹം. അതിനോടു മല്ലിട്ടു തളർന്ന ശരീരം ചേതനയറ്റ് ജലത്തിനു മേലെ മലച്ചു പൊന്തി.

“നീയും നിന്നെപോലെയുള്ളവരും കൊണ്ടു തള്ളിയ മാലിന്യങ്ങൾ ക്രമാതീതമായി ഉയരുകയും അത് ചെറിയ തോടുകളിലും പൊഴികളിലും മറ്റും വന്നടിയുകയും ചെയ്തപ്പോൾ വെള്ളത്തിന്റെ സാധാരണ ഒഴുക്ക് നിലയ്ക്കുകയും അതു കെട്ടിക്കിടക്കാൻ തുടങ്ങുകയും ചെയ്തു. ഇതു കാരണം ഒരു ചെറിയ മഴയിൽപ്പോലും നാട് വെള്ളത്തിനടിയിലാവാൻ തുടങ്ങി. കൂടാതെ മഹാമാരികൾക്കും വഴി വെച്ചു. നിനക്കറിയുമോ രോഗബാധിതനായി മരിച്ച ഹിമക്കരടിയിൽ നിന്നും രോഗം മനുഷ്യരിലേക്ക് സംക്രമിക്കുകയും അതു് നിരവധിയാൾക്കാരുടെ ജീവനെടുക്കുകയും ചെയ്തു. അങ്ങനെയാണ് നിനക്ക് നിന്റെ പ്രിയപ്പെട്ട മേരിക്കുട്ടിയെ നഷ്ടമായത്”

അങ്ങനെ യാത്രകൾ പലതും ചെയ്തു് ഒടുവിൽ അവനൊരു മനുഷ്യനായി ജനിച്ചു. മാലിന്യങ്ങളെ കൃത്യമായി നിർമ്മാർജനം ചെയ്യാൻ കെല്പുള്ള integrated waste management system സംബന്ധിച്ച് അവൻ ഗവേഷണം നടത്തി. മാലിന്യങ്ങൾ ഉണ്ടാകുന്നത് കുറയ്ക്കുകയും (reduce), വസ്തുക്കൾ പരമാവധി പുനരുപയോഗിക്കുകയും (resuse ), പുനഃചംക്രമണം (recycle), എന്നിവ പ്രോത്സാഹിപ്പിക്കുകയും. മാലിന്യത്തിൽ നിന്നും ഊർജം ഉണ്ടാക്കിയെടുക്കുന്ന പ്രക്രിയകൾ വികസിപ്പിച്ചെടുക്കുകയും ചെയ്തു. ഊർജ ഭദ്രത ഉറപ്പുവരുത്തന്നതിനുള്ള ഒരു മാർഗ്ഗമായി ഇത്തരം സംരംഭങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഗ്രൂപുകളിൽ അവൻ സജീവ സാന്നിധ്യമായി . സബ് സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ ഇതിനു വേണ്ടി അവൻ പ്രവർത്തിച്ചു.

അങ്ങനെ നാളുകൾ കഴിഞ്ഞു . ഒടുവിൽ മരണക്കിടക്കയിൽ അയാൾ ആസന്നമായ നിമിഷത്തെയും കാത്തുകിടക്കവേ ദൂരെ ആകാശത്തുനിന്നും വന്ന സ്വർണർഥത്തിൽ നിന്നിറങ്ങി വന്ന ദേവത ഒരു സ്വർണച്ചെപ്പ് അയാൾക്ക് വെച്ച് നീട്ടി. അത് തുറന്നു നോക്കിയ അയാൾ ആശ്വാസത്തിന്റെ നെടുവീർപ്പുകളോടെ കണ്ണുകൾ കൂട്ടിയടച്ചു. സ്വർണ്ണച്ചെപ്പ് തുറന്നടയുന്ന പോലെ !